ആമുഖം


'കത്തോലിക്കസഭയെ വിമര്‍ശിക്കുന്നത് കര്‍ത്താവീശോമിശിഹായെ വിമര്‍ശിക്കുന്നതിന് തുല്യമാണ്' എന്ന് ഗോവാക്കാരനായ ഒരു യാഥാസ്ഥിതിക കത്തോലിക്കന്‍ (Averthanus L. D'Souza) ഒരു ലേഖനത്തില്‍ എഴുതിയിരിക്കുന്നത് വായിക്കുവാനിടയായി. കത്തോലിക്കസഭയെ വിമര്‍ശിക്കുക എന്ന പ്രയോഗംകൊണ്ട് കത്തോലിക്കസഭാധികാരികളെ വിമര്‍ശിക്കുക എന്നാണ് ലേഖകന്‍ വിവക്ഷിക്കുന്നത് എന്നുള്ളതിന് രണ്ടു പക്ഷമില്ല. ഒരു കണ്ണുകൊണ്ടു നോക്കിയാല്‍ എന്റെ പുസ്തകങ്ങളിലെല്ലാം ധാരാളം വിമര്‍ശനങ്ങള്‍ കണ്ടെന്നിരിക്കും. എന്നാല്‍ തുറന്ന രണ്ടു കണ്ണുകളോടെ നോക്കിയാല്‍ ഇതു വിമര്‍ശനമല്ലെന്നും ഈ ആധുനികകാലത്ത് സഭയില്‍ വരുത്തേണ്ട പരിഷ്‌കരണത്തെ അഥവാ നവീകരണത്തെ മുന്നില്‍ കണ്ടുകൊണ്ട് സഭാസ്‌നേഹിയായ ഞാന്‍ നടത്തിയിട്ടുള്ള മായമില്ലാത്ത പഠനമാണെന്നും വ്യക്തമാകും. അതുകൊണ്ട് സഭാവിമര്‍ശനം എന്ന ആരോപണത്തില്‍നിന്ന് എനിക്ക് മുന്‍കൂര്‍ ജാമ്യം നല്കണമെന്ന് ഒരപേക്ഷയുണ്ട്. ഇനിയും എന്റെ പുസ്തകങ്ങള്‍ വായിക്കുന്ന ആരെങ്കിലും അങ്ങനെ തെറ്റായി ധരിച്ചാല്‍ ഞാന്‍ നിസ്സഹായനാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ ''കാലത്തിന്റെ അടയാളങ്ങള്‍ സൂക്ഷ്മനിരീക്ഷണം ചെയ്ത് സുവിശേഷ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ സഭ എല്ലായ്‌പ്പോഴും ബാധ്യസ്ഥയത്രേ'' എന്നു രേഖപ്പെടുത്തിയിട്ടുള്ളതാണ് എന്റെ രചനകള്‍ക്കെല്ലാം പ്രചോദനം നല്കുന്നത് (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, സഭ ആധുനിക ലോകത്തില്‍).


സഭാപരിഷ്‌കരണം അഥവാ നവീകരണം കൗണ്‍സിലുകളില്‍ കൂടി സാധ്യമാകുക എന്നത് പുതിയ ഒരാശയമല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം രൂപവത്കരിച്ച മെത്രാന്‍ സിനഡുകള്‍ സഭാനവീകരണത്തിന് സഹായകമാകുന്നില്ല. കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്. പോപ്പിനോടും റോമന്‍കാര്യാ ലയങ്ങളോടും മെത്രാന്‍ സിനഡുകള്‍ അമ്പേ പരാജയപ്പെട്ടിരിക്കുക യാണ്. ഇന്ന് സഭാനവീകരണം ഒരു പൊതുകൗണ്‍സില്‍ (General Council) വഴിയാണ് സാധിക്കേണ്ടത്. മാര്‍പാപ്പാ, കര്‍ദിനാളന്മാര്‍, മെത്രാന്മാര്‍, ഈ സ്ഥാനികളുടെ ഉപദേശകര്‍, സന്ന്യാസീസന്ന്യാസിനി സഭാപ്രതിനിധികള്‍, ദൈവശാസ്ത്രജ്ഞര്‍, എല്ലാ ശാസ്ത്രങ്ങളുടെയും വിദഗ്ധര്‍, അല്മായപ്രതിനിധികള്‍ (സ്ത്രീകളും പുരുഷന്മാരും), മറ്റ് ക്രിസ്ത്യന്‍സഭാവിഭാഗപ്രതിനിധികള്‍, മറ്റ് മതപ്രതിനിധികള്‍ തുടങ്ങി യവര്‍ പൊതുകൗണ്‍സിലിലെ അംഗങ്ങളായിരിക്കണം. വമ്പിച്ച ഈ സമ്മേളനത്തിന്റെ ഫലമായിട്ടായിരിക്കണം സഭാനവീകരണം സാധി ക്കേണ്ടത്. ഈ സമ്മേളനത്തിലെ തീരുമാനങ്ങള്‍ സഭയില്‍ പ്രാബല്യ ത്തില്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആധികാരികമായ ഒരു കമ്മറ്റി യെയും ഈ പൊതുകൗണ്‍സില്‍ തെരഞ്ഞെടുക്കേണ്ടതാണ്. ഈ കമ്മറ്റി യുടെ റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും എല്ലാ കത്തോലിക്കനും അറിയത്തക്ക രീതിയില്‍ പ്രസിദ്ധം ചെയ്യേണ്ടതുമാണ്.

ഈ പൊതുകൗണ്‍സിലില്‍ വച്ച് പോപ്പും റോമന്‍ കാര്യാലയങ്ങളും ഒരു പുതിയ 'മാഗ്നാകാര്‍ട്ട'യില്‍ ഒപ്പുവയ്ക്കണം. പത്രോസിന്റെ പിന്‍ഗാമിയായ പോപ്പില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരാവകാശ ങ്ങളില്‍ വെള്ളം ചേര്‍ക്കലല്ല ഇതിന്റെ ഉദ്ദേശ്യം. മറിച്ച്, ജനങ്ങള്‍ അര്‍ഹി ക്കുന്ന വ്യത്യസ്തങ്ങളായ ആശയങ്ങളും ആവശ്യങ്ങളും ബഹുമാന പുരസ്സരം കേള്‍ക്കപ്പെടണം. സംഘാതാത്മകത (Collegiality) വാക്കാല്‍ പോരായഥാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരണം.

ആഫ്രിക്കയില്‍ നിന്നോ തെക്കേ അമേരിക്കയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ആയിരിക്കണം പുതിയ പോപ്പ് എന്നു ചിന്തിക്കുന്നവരും ഇന്നുണ്ട്. നൂറ്റാണ്ടുകളായി സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്തിരുന്ന യൂറോപ്പിലെ 'വെള്ളക്കാരന്‍ പാപ്പാ മാതൃക' മാറ്റപ്പെടണമെന്നവര്‍ ചിന്തി ക്കുന്നു. കത്തോലിക്ക ജനസാന്ദ്രതയ്ക്ക് നിര്‍ണായകമായ രീതിയില്‍ സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേയ്ക്കും ഏഷ്യാ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായിരിക്കും 70% കത്തോ ലിക്കരും അധിവസിക്കാന്‍ പോകുന്നത്.

പഴയ മാര്‍പാപ്പമാരെയും റോമന്‍ കാര്യാലയങ്ങളെയും ന്യായീകരി ക്കുന്ന പ്രവണത സഭയില്‍ ഇന്നും ശക്തമാണ്.  നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന സംഭവങ്ങള്‍ക്ക് ക്ഷമാപണതന്ത്രവുമായി പുതിയ പോപ്പുമാര്‍ രംഗത്തിറങ്ങാറുണ്ട്. ജനനനിയന്ത്രണം നിരോധിച്ചതിന് (Humanae Vitae, 1968) ക്ഷമാപണവുമായി ഭാവിയിലൊരു പോപ്പ് പ്രത്യക്ഷപ്പെടും. സ്ത്രീപൗരോഹിത്യം ഇന്നും സാധിക്കയില്ല, ലോകാവസാനം വരെയും സാധിക്കുകയില്ലെന്നു തീര്‍പ്പു കല്പിച്ച (Ordinatio Sacerdotalis, 1994) ജോണ്‍ പോള്‍ രണ്ടാമന് തെറ്റുപറ്റിയെന്ന് നൂറുവര്‍ഷം കഴിയുമ്പോള്‍ അന്നത്തെ പോപ്പ് ക്ഷമാപണവുമായി മുമ്പോട്ടു വരും. അതാണ് റോമിന്റെ താരിപ്പ്.

ഇനി നസ്രാണിസഭയുടെ കാര്യത്തിലേക്കു കടക്കാം. 1599-ലെ ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാലംമുതല്‍ നമ്മുടെ പൂര്‍വികര്‍ നസ്രാണിവിമോചന സമരം ആരംഭിച്ചതാണ്. 1653-ലെ കൂനന്‍കുരിശു സത്യത്തിലൂടെ ഒരു വിഭാഗം നസ്രാണികള്‍ റോമാമൂപ്പന്റെ അധികാരസീമയില്‍നിന്ന് മാറിപ്പോയി. 'സത്യവേദ'മായ കത്തോലിക്കസഭയില്‍ തുടര്‍ന്നവര്‍ നസ്രാണിവിമോചനസമരത്തെ മുമ്പോട്ടു കൊണ്ടുപോയി. അതിലെ അഗ്രഗണ്യരാണ് പാറേമ്മാക്കല്‍ ഗോവര്‍ണദോരും നിധീരിക്കല്‍ മാണിക്കത്തനാരുമെല്ലാം. 1896-ല്‍ മലങ്കരയ്ക്കു നാട്ടുമെത്രാന്മാരെ ലഭിച്ചപ്പോള്‍ നസ്രാണിവിമോചനസമരത്തിന് വിരാമമായി എന്ന് പലരും കരുതി. എന്നാല്‍ അന്ന് അവര്‍ വേറൊരു വിമോചനസമരത്തിലേക്ക് വഴുതിവീഴുകയായിരുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ പൂര്‍വകാലബന്ധങ്ങള്‍ നസ്രാണിസഭയ്ക്ക് ഉണ്ടെന്നിരുന്നാലും മാര്‍തോമാ അപ്പോസ്തലനാല്‍ സ്ഥാപിതമായ അപ്പോസ്തലിക സഭാകൂട്ടായ്മയാണ് മലബാര്‍സഭ. റോമിലെ ആചാര്യനെ സഭാതലവനായി അംഗീകരിക്കുമ്പോഴും ഭാരതനസ്രാണിസഭ ഒരു വ്യക്തിസഭയാണ്. ആ വ്യക്തിത്വത്തെ നിയമപരമായും ഭരണപരമായും ശുശ്രൂഷാപരമായും ആരാധനാപരമായും അതിന്റെ തനിമയോടെ അംഗീകരിച്ചുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിമോചനസമരത്തിലാണ്, അന്നുമുതല്‍ ഇന്നുവരെ, ഭാരത നസ്രാണി കത്തോലിക്കര്‍.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (1962-1965) തീരുമാനപ്രകാരം ''കാലത്തിന്റെയോ വ്യക്തിയുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്തവിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണികപാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്'' (പൗരസ്ത്യ കത്തോലിക്കസഭകളെ സംബന്ധിച്ച ഡിക്രി). രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തെ മാനിച്ചുകൊണ്ടായിരിക്കണം, കേരള കത്തോലിക്കസഭയെ സ്വയംഭരണാധികാരമുള്ള ഒരു വ്യക്തിസഭയായി 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പ്രഖ്യാപിച്ചത്. എന്നാല്‍ മാര്‍തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായ ഭരണസമ്പ്രദായമോ ഭാരതീയരീതിയിലുള്ള ആരാധനക്രമമോ നടപ്പിലാക്കാതെ പാശ്ചാത്യരീതിയിലുള്ള പള്ളിഭരണവും കല്‍ദായരീതിയിലുള്ള ആരാധനക്രമവും ഇന്ന് നസ്രാണി സഭയുടെമേല്‍ അടിച്ചേല്പ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പണ്ട് നമ്മുടെ പൂര്‍വികര്‍ മാര്‍തോമായുടെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ നടത്തിയ വിമോചനസമരം ഇന്ന് മറ്റെന്നത്തെക്കാളും പ്രസക്തമായിരിക്കുകയാണ്.

റോമിലെയും നാട്ടിലെയും സഭാധികാരികളായ ഗ്ലാഡിയേറ്റര്‍മാരെ (gladiators) സാധാരണ വിശ്വാസിക്കു ഭയമാണ്. കത്തോലിക്കസഭയായ ഫാസിസത്തെ നേരിടാന്‍ അശക്തരായി അവരിന്ന് അമ്പരന്ന് നില്ക്കുകയാണ്. സഭയെപ്പറ്റി സ്വാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് അസുഖകരമായ കാര്യമാണ്; സ്വന്തം മതത്തെ കൈവെടിയുന്നതുപോലൊരു തോന്നല്‍. അതു സാധാരണവിശ്വാസിക്ക്. എന്നാല്‍, സഭാധികാരികളുടെ കാര്യമോ? മലങ്കരത്തനിമയായ ലാളിത്യം ഇട്ടെറിഞ്ഞ് പാശ്ചാത്യരാജ്യങ്ങളിലേതുപോലുള്ള സുഖലോലുപത്വത്തില്‍ മുഴുകി അവര്‍ പണസമ്പാദനപ്രിയരായിത്തീര്‍ന്നിരിക്കുന്നു. ക്രിസ്തു പഠിപ്പിച്ച ദാരിദ്ര്യം എവിടെ? അതു വത്തിക്കാനിലുണ്ടോ? വത്തിക്കാനു തിട്ടപ്പെടുത്തിയിട്ടുള്ള വില 500 ബില്യന്‍ ഡോളറാണ്. അതു വിറ്റ് പാവങ്ങള്‍ക്കു നല്കാന്‍ ഞാന്‍ പറയുകയില്ല. എങ്കിലും വത്തിക്കാന്‍ ക്രിസ്തു പഠിപ്പിച്ച ദാരിദ്ര്യത്തിനു സാക്ഷ്യം നല്കണം. ഒരു നാട്ടുമെത്രാന്‍ 2800 രൂപാ അധികച്ചെലവു ചെയ്ത് സ്‌പെഷ്യല്‍ നമ്പര്‍പ്ലേയ്റ്റ്  വാങ്ങി തന്റെ ഇനോവയില്‍ ഫിറ്റുചെയ്യുന്നത് അനാവശ്യമാണ്. സംസാരമദ്ധ്യേ ഒരു ഈഴവസഹോദര നാണ് എന്നോടിതു പറഞ്ഞത്. സുഖലോലുപത്വത്തില്‍ മുങ്ങിനടന്നിരുന്ന മധ്യകാലയുഗങ്ങളിലെ മാടമ്പിമാരെയും പ്രഭുക്കളെയും രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സഭാനേതാക്കളെയും പോലെ ഇന്നത്തെ സഭാനേതാക്കളും സമ്പത്തില്‍ മുങ്ങിക്കുളിക്കുകയല്ലേ? ഇന്നു പള്ളികളില്‍ പഠിപ്പിക്കന്നതും പ്രസംഗിക്കുന്നതും സ്ഥാപിതസഭയെപ്പറ്റിയാണ്, യേശുവിന്റെ സദ്‌വാര്‍ത്തയുടെ 'എബിസിഡി'യല്ല. ഇതു മനസ്സിലാക്കുന്നവരാണ്  21-ാം നൂറ്റാണ്ടിലെ വിദ്യാസമ്പന്നരും വിവരസമ്പന്നരുമായ വിശ്വാസികള്‍ എന്നോര്‍ക്കണം. ഇന്ന് നസ്രാണിസഭ ആത്മാവില്ലാത്ത ശരീരം പോലെയാണ് എന്നും പറുങ്കികള്‍ ഇറക്കുമതിചെയ്ത ളോഹയിട്ട ശ്രേഷ്ഠവര്‍ഗവും പള്ളിക്കകത്തിരിക്കുന്ന അന്ധവിശ്വാസികളായ വിശ്വാസികളുംകൂടി താങ്ങിനിര്‍ത്തിയിരിക്കുന്ന ഒരു പേട്ടുമരംപോലെയാണ് എന്നും അവര്‍ക്കറിയാം.  

മിശിഹായില്‍ സ്‌നേഹമുള്ള സഹോദരീസഹോദരങ്ങളേ, സഭാനവീകരണത്തെ ഉന്നമിട്ടുകൊണ്ട് ഞാനെഴുതിയ നാലാമത്തെ പുസ്തകമാണിത്. സഭാശ്രേഷ്ഠരെയോ വൈദികരെയോ കരിവാരിത്തേച്ച് അവഹേളിക്കുകയല്ല എന്റെ ഉദ്ദേശ്യമെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. എങ്കിലും നമ്മുടെ സഭയ്ക്ക് സാരമായ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്; അതിനു പ്രധാനകാരണം നമ്മുടെ വൈദികശ്രേഷ്ഠരും വൈദികരുമാണ് എന്ന വസ്തുത പറയാതെവയ്യ. കാരണം ഇന്നു സഭ അവരാണല്ലോ!

ഇന്നത്തെ സഭാഘടനയില്‍ അല്മായര്‍ വെറും അടിമകളാണ്. ആ സ്ഥിതി മാറണം. എണങ്ങര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനവും അന്തസ്സും സഭയില്‍ പുനഃസ്ഥാപിക്കണം. പൂര്‍വകാലങ്ങളിലേതുപോലെ പള്ളിഭരണത്തില്‍ പള്ളിക്കാര്‍ക്ക് പൂര്‍ണ പങ്കാളിത്തം ഉണ്ടാവണം. ആരാധനക്രമങ്ങള്‍ നമ്മുടെ സംസ്‌കാരത്തിനനുരൂപമായ രീതിയില്‍ പുനരുദ്ധരിക്കണം. പള്ളിനിയമങ്ങള്‍ മാര്‍തോമായുടെ മാര്‍ഗത്തില്‍ അധിഷ്ഠിതമായി മാറ്റിയെഴുതണം. നസ്രാണി പാരമ്പര്യത്തിനു കടകവിരുദ്ധമായ പൗരസ്ത്യ കാനോന്‍നിയമത്തിനു പകരം ഭാരതീയമായ ഒരു സഭാനിയമം ഇവിടെ നടപ്പാക്കണം.

ഭാരതത്തിലെ ക്രിസ്തീയ സഭകളുടെ കണക്കില്ലാത്ത സമ്പത്ത് ഇന്ന് ഭരിക്കുന്നത് അതതു സഭകളുടെ മെത്രാന്മാരാണ്. സഭകളുടെ സാമ്പത്തിക കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് യാതൊരു സ്വാധിനവും ഇല്ല. നസ്രാണിസഭയുടെ പാരമ്പര്യം അതല്ലായിരുന്നു. പാശ്ചാത്യ മിഷനറിമാര്‍ റോമിന്റെ നിര്‍ദേശപ്രകാരം ഇറക്കുമതി ചെയ്ത ഹയരാര്‍ ക്കിയല്‍ ഏകാധിപത്യഭരണസമ്പ്രദായമാണത്. പൂര്‍വകാലങ്ങളില്‍ പള്ളിപ്രതിപുരുഷയോഗങ്ങളായിരുന്നു സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇടവകപള്ളിപ്രതിനിധികളും വൈദിക പ്രതിനിധികളും മെത്രാനും ചേര്‍ന്ന യോഗമായിരിക്കണം രൂപതയുടെ സാമ്പത്തിക ബഡ്ജറ്റിന് എല്ലാവര്‍ഷവും രൂപം നല്‍കേണ്ടത്. കൂടാതെ ഭാരതത്തിലെ മറ്റു മതങ്ങള്‍ക്കുള്ളതുപോലെ (ഹൈന്ദവമതം, ഇസ്ലാം മതം, സിക്കുമതം) ക്രിസ്ത്യന്‍ സഭകള്‍ക്കും സാമ്പത്തിക സുതാര്യത ഉറപ്പുവരുത്താന്‍വേണ്ടി ഗവണ്‍മെന്റ് നിയമം നിര്‍മ്മിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യണം. അതിനുള്ള കാലം അതിക്രമിച്ചിരിക്കു കയാണ്. അല്ലാത്തപക്ഷം ക്രിസ്ത്യന്‍ സഭകളോട് ഗവണ്‍മെന്റ് കാണി ക്കുന്ന വിവേചനമായേ സാധാരണക്കാര്‍ക്ക് അത് കാണാന്‍ കഴിയൂ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളെയും ഗൗരവതരങ്ങളായ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുവാനുള്ള ധൈര്യം പ്രകടിപ്പിക്കാതെ സഭ കഴിഞ്ഞ 45 വര്‍ഷങ്ങളോളം അവയെല്ലാം അവഗണി ച്ചുകൊണ്ട് കഴിയുകയായിരുന്നു. അതോടെ കത്തോലിക്കവിശ്വാസവും വിശ്വാസികളും ഒലിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് സഭയില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ നാം ഇന്ന് തയ്യാറാകണം. ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ആശയങ്ങള്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രേരണയാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നല്ലതെന്നു തോന്നുന്നവ ഉള്‍ക്കൊള്ളുകയും അസ്വീകാര്യമായവ തള്ളുകയും ചെയ്ത് ഒരു 'പുതിയ ജെറുശലേമില്‍' എത്തിച്ചേരാന്‍ ഈ പുസ്തകം സഹായകമാകുമെന്നാണ് എന്റെ പ്രത്യാശ.

വിശ്വാസികളേ നിങ്ങള്‍ ഉണരുവിന്‍! പാറേമ്മാക്കല്‍ ഗോവര്‍ണദോറുടെ സമുദായസ്‌നേഹത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് നസ്രാണിസഭയുടെ തനിമയാര്‍ന്ന പാരമ്പര്യങ്ങളെക്കുറിച്ചും ഘടനാപരമായ സവിശേഷതകളെക്കുറിച്ചും പഠിക്കുവിന്‍. നാം ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. തെരഞ്ഞെടുക്കപ്പെട്ട ജനം (ഇസ്രായേല്‍) വിഗ്രഹാരാധന യില്‍ ഉള്‍പ്പെട്ടെങ്കിലും പഴയ നിയമത്തിലെ ദൈവം, യാഹ്‌വെ (Yahweh) അവരെ കൈവെടിഞ്ഞില്ല. അതുപോലെ, കത്തോലിക്കസഭ ക്രിസ്തു വിനെ പ്രീതിപ്പെടുത്തുന്നുണ്ടെന്ന് നമുക്ക് അനുമാനിക്കാന്‍ കാരണ മൊന്നും കാണുന്നില്ലെങ്കിലും പുതിയ ഉടമ്പടിപ്രകാരമുള്ള ദൈവജന ത്തിന്റെ രക്ഷാകരയാത്രയില്‍ സ്‌നേഹപിതാവും ക്രിസ്തുവും പരിശുദ്ധാ രൂപിയും എന്നും നമ്മോടൊപ്പമുണ്ട്. അങ്ങനെ ധൈര്യം സംഭരിച്ചുകൊണ്ട് നസ്രാണി വിമോചനകാഹളം മുഴക്കി നാം മുന്നോട്ടു പോകണം. അതല്ലായെങ്കില്‍ വരുംതലമുറ നമ്മോടു ക്ഷമിക്കുകയില്ല. ഈ പ്രയാണത്തില്‍ ഈ പുസ്തകം ഒരു കൈത്തിരിയും വഴികാട്ടിയുമാകട്ടെ എന്നാണ് എന്റെ പ്രാര്‍ഥന.

ഭാഷാ-ചരിത്രപണ്ഡിതന്‍, സര്‍വകലാശാലാധ്യാപകന്‍, സാഹിത്യനിരൂപകന്‍, നവീകരണചിന്തകന്‍, വാഗ്മി മുതലായ നിലകളില്‍ അതിപ്രശസ്തനായ പ്രൊഫ. ഡോ. സ്‌കറിയാ സക്കറിയയാണ് ഈ പുസ്തകത്തിന് പണ്ഡിതോചിതമായ അവതാരിക എഴുതിയിട്ടുള്ളത്. അതിന് അദ്ദേഹം സമയം കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. നിറഹൃദയത്തോടെ അദ്ദേഹത്തിന് എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

കഴിഞ്ഞ 42 വര്‍ഷങ്ങളായി നസ്രാണിസഭയുടെ നവീകരണത്തിനായി മനസൂന്നി പ്രവര്‍ത്തിക്കുകയും 37 വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഓശാന' മാസിക ആരംഭിച്ച് അതിന്റെ പത്രാധിപരുമായിരുന്ന ശ്രീ. ജോസഫ് പുലിക്കുന്നേലിനെ ഒരു 'അഭിമുഖ'ത്തിന് ഞാന്‍ സമീപിച്ചു. സന്തോഷപൂര്‍വ്വം അദ്ദേഹം അതിന് സമ്മതിച്ചു. എന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം തന്ന മറുപടി അനുബന്ധമായി ഈ പുസ്‌കത്തില്‍ ചേര്‍ത്തിട്ടുണ്ട്. അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.'

മണ്‍മറഞ്ഞവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ സഭാനവീകരണസാരഥികളുടെ സംഭാവനകളെ ആദരിച്ചുകൊണ്ട് 'നസ്രാണി കത്തോലിക്കസഭ നവീകരണചരിത്രം' ഈ പുസതകത്തില്‍ ഉള്‍പ്പെടുത്തുക എന്റെ ചിരകാല ആഗ്രഹങ്ങളിലൊന്നായിരുന്നു. അതിനെന്നെ സഹായിച്ചത് 'കേരള കത്തോലിക്കസഭ നവീകരണപ്രസ്ഥാനം' സെക്രട്ടറിയും 'സത്യജ്വാല' മാസികയുടെ പത്രാധിപരുമായ ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ ആണ്. അദ്ദേഹത്തിന് എന്റെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഈ പുസ്തകം ആദ്യന്തം വായിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതന്ന കോട്ടയം (അടിച്ചിറ) സ്‌നേഹവാണി ഡയറക്ടറായ റവ. ഡോ. ജയിംസ് ഗുരുദാസിനും എഡിറ്റിങ്ങ് നിര്‍വഹിച്ച ജോസാന്റണിക്കും എന്റെ ഹൃദയംഗമമായ നന്ദി!

ഈ ഗ്രന്ഥം ഏറ്റവും മനോഹരമായി മുദ്രണംചെയ്ത ത്രീ കിംഗ്‌സ് പ്രസ്സിനോടും പ്രസാധനം നിര്‍വഹിച്ച മാവേലിക്കര സ്‌കൈ ബുക്‌സിനോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തട്ടെ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന 2012-ല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ചാക്കോ കളരിക്കല്‍








No comments:

Post a Comment