അവതാരിക: ഡോ. സ്‌കറിയാ സക്കറിയ

അവതാരിക: ഡോ. സ്‌കറിയാ സക്കറിയ

ഒരു നസ്രാണി കത്തോലിക്കന്റെ വേവലാതികള്‍

ശ്രീ. ചാക്കോ കളരിക്കലിന്റെ വിമര്‍ശനാത്മക മതരചനയാണ് സഭാനവീകരണത്തിലേക്ക് ഒരു വഴി. ഒമ്പത് അധ്യായത്തില്‍ ക്രൈസ്തവമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍, ചരിത്രം, ഭാവി എന്നിവ തത്ത്വനിഷ്ഠമായി ചര്‍ച്ച ചെയ്യുന്നു. രേഖാനിഷ്ഠമായി വിവരങ്ങള്‍ ശേഖരിച്ചവതരിപ്പിച്ചു ഹൃദയപൂര്‍വം ഭാവിക്കുവേണ്ടി ഭാവനാത്മകമായി ചിന്തിക്കുന്നു. ബൈബിള്‍, വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍, നസ്രാണി പാരമ്പര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ചര്‍ച്ചയും വിശകലനവും. വിവിധ വിഷയങ്ങളില്‍ ഗ്രന്ഥകര്‍ത്താവു നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തുറവിയുള്ളവയാണ്. അവ വെളിപാടുകളല്ല, കല്പനകളല്ല. ചിന്തയിലൂടെ തെളിച്ചെടുക്കുന്ന സാധ്യതകളാണ്. നിങ്ങള്‍ക്കു പല മട്ടില്‍ ഇടപെട്ട് ഇതിനെ പൂരിപ്പിക്കാം. അതാണ് ഈ കൃതിയുടെ സംവിധാനപരമായ മേന്മ.

അറിയാനും അറിയിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കളരിക്കലിന്റെ ഓരോ രചനയും. പ്രതിപാദിക്കുന്ന കാര്യങ്ങള്‍ ശുദ്ധ തത്ത്വചിന്തയല്ല, അനുദിനജീവിതത്തിലേക്കു കടന്നു നില്‍ക്കുന്നതും സാമൂഹിക സാമ്പത്തിക അധികാരഘടനകളെ ബാധിക്കുന്നതുമാണ്. അതുകൊണ്ട് രക്തമാംസങ്ങളുള്ള മനുഷ്യജീവികള്‍ എന്ന നിലയില്‍ വായനക്കാര്‍ക്ക് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടാകും. അത്തരം രചനകളാണ് നമ്മുടെ ബുദ്ധിയെയും മനസ്സിനെയും ഭാവനയെയും പ്രചോദിപ്പിക്കുന്നത്. വായനക്കാരനെ ഷോക്കടിപ്പിക്കുന്ന പദപ്രയോഗങ്ങളോ സംഭവവിവരണങ്ങളോ ഇതില്‍ കണ്ടെന്നുവരില്ല. സൗമ്യമായ ആലോചനകളിലൂടെ ബോധനവീകരണം സാധിക്കാനാണ് ഗ്രന്ഥകാരന്റെ ശ്രമം. കേരളകത്തോലിക്കസഭയെ, വിശിഷ്യ നസ്രാണി കത്തോലിക്കസഭയെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍ കണ്ടെത്തുന്നു, പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നു. പ്രതിവിധികളൊന്നും ഒറ്റമൂലികളല്ല. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സവിശേഷതകള്‍ പരിഗണിച്ചുതന്നെ വേണം ചികിത്സ. രോഗമില്ല, ചികിത്സയേ വേണ്ട എന്ന മട്ടിലാണ് ഇപ്പോള്‍ കേരളസഭയിലെ അധികാരമണ്ഡലം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചാണ് ചാക്കോ കളരിക്കല്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് എന്ന കാര്യം ഓര്‍മ്മിക്കുക. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ  അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന കാര്യം കേരളസഭ, വിശിഷ്യ നസ്രാണി കത്തോലിക്കസഭ മറന്നിരിക്കുന്നു. പൊതു കത്തോലിക്കസഭയിലെ പല പ്രമുഖരും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത 'അനിഷ്ടസംഭവ'മായി മാറിപ്പോയോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍? യോഹന്നാന്‍ മാര്‍പ്പാപ്പായും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും തുറന്നിട്ട ജനാലകള്‍ കൊട്ടിയടയ്ക്കാനാണ് പലനിലകളിലുമുളളവര്‍ തത്രപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നവയാഥാസ്ഥിതികത്വം പിടിമുറുക്കാന്‍ ശ്രമിക്കുകയാണ് കത്തോലിക്കസഭയില്‍. കാലഹരണപ്പെട്ട കാര്യങ്ങള്‍ പുനഃസ്ഥാപിക്കാനും കാലത്തിന്റെ അടയാളങ്ങളെ പുച്ഛിച്ചുതള്ളാനും നടക്കുന്ന ശ്രമങ്ങള്‍ ശക്തിപ്രാപിക്കുന്നു. അതുകൊണ്ടൊന്നും പരിവര്‍ത്തനത്തിന്റെ സൂര്യനെ മറച്ചുപിടിക്കാന്‍ കഴിയുന്നില്ല. സഭയില്‍ വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളും പ്രദേശങ്ങളും ജനതകളും സമുദായങ്ങളും തനിമ (identity) കാട്ടി പ്രവര്‍ത്തിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലും കാണാം.

ആഗോളസഭയില്‍ സ്ത്രീസ്വരം പണ്ടെങ്ങുമില്ലാത്ത തരത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ചരിത്രത്തിന്റെ ഇന്നലെകളില്‍ നിശ്ശബ്ദരാക്കപ്പെട്ടവരുടെ സ്വരങ്ങള്‍ ഉയര്‍ന്നുയര്‍ന്നു ബലിപീഠത്തില്‍നിന്നു കേള്‍ക്കുന്നു. നിഷേധികളും തന്റേടികളും സഹനമൂര്‍ത്തികളുമായ സ്ത്രീകള്‍ വൈകിയിട്ടാണെങ്കിലും ബലിപീഠത്തില്‍ വണങ്ങപ്പെടുന്നു. തൊലി കറുത്തവരും ഇരുണ്ട നിറക്കാരും വിശുദ്ധരുടെ പട്ടികയില്‍ പെരുകിവരുന്നു. ഇതാണ് കാലം വരുത്തിയ മാറ്റം. വൈവിധ്യവും സങ്കലനവും വിശിഷ്ടമൂല്യങ്ങളായി തിരിച്ചറിയപ്പെടുന്ന പോസ്റ്റുമോഡേണ്‍ ലോകത്തില്‍ ഇത്തരം പ്രത്യക്ഷീകരണം സ്വാഭാവികമാണ്.

ആഗോളവല്‍ക്കരണവും മാധ്യമീകരണവും തദ്ദേശീയതയും സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകളെ മറികടക്കാന്‍ സഭയുടെ ശ്രേണീകൃതവും ഏകാത്മകവുമായ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ക്കു കഴിയുമോ? അതോ ഹരിതവ്യവസ്ഥ ആവശ്യപ്പെടുന്ന അടിസ്ഥാനജനാധിപത്യം, സംവാദാത്മകത സഭയിലും അനിവാര്യമാണോ? ഇത്തരം ഒരു ചര്‍ച്ചയിലേക്ക് ഇന്നല്ലെങ്കില്‍ നാളെ സഭ നീങ്ങേണ്ടിവരില്ലേ? ആ ഘട്ടത്തിലാണ് കേരളത്തിലെ നസ്രാണിപാരമ്പര്യം ആഗോളസഭയ്ക്കു വിശിഷ്ടസ്വത്തായിത്തീരുന്നത്. ചാക്കോ കളരിക്കല്‍ ഇത്തരം ഒരു സാധ്യത മുന്‍കൂട്ടി കാണുന്നു. ഈ ഗ്രന്ഥത്തില്‍ പലവട്ടം പലതരത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയമാണ് 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം'. പാശ്ചാത്യ ക്രൈസ്തവരുമായി കണ്ടുമുട്ടിയപ്പോള്‍ പതിനഞ്ചു പതിനാറു നൂറ്റാണ്ടുകളില്‍ നസ്രാണികള്‍ സ്വയം നിര്‍വചിച്ചതു 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്ന മൂന്നു വാക്കുകള്‍ ഉപയോഗിച്ചാണ്. തങ്ങളുടെ ക്രൈസ്തവപൈതൃകം/മാതൃകം മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടുമാണെന്ന് അവര്‍ ഉറച്ചസ്വരത്തില്‍ പറഞ്ഞു. അതു പോര്‍ത്തുഗീസുകാര്‍ക്കു മനസ്സിലായില്ല. അതുകൊണ്ടുണ്ടായ കലക്കങ്ങളും കലഹങ്ങളും മാറാരോഗംപോലെ കേരളക്രൈസ്തവസമൂഹത്തെ പിന്തുടരുന്നു. മുറയ്ക്കു ചികിത്സകള്‍ നടക്കുന്നുണ്ട്. കോളണിയനന്തരതയുടെ ഭാഗമായി നാട്ടുമെത്രാനും സ്വയാധികാരമുള്ള പ്രാദേശിക സഭാസംവിധാനങ്ങളുമുണ്ടായി. പക്ഷേ കാതലായ കാര്യങ്ങളില്‍ സഭാഘടനയിലും അനുദിന പ്രവര്‍ത്തനത്തിലും കൊളോണിയല്‍ ആശയാവലികളും നടപടിക്രമങ്ങളും തുടരുന്നു. മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കാലോചിതമായ രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചു സംസാരിക്കാന്‍പോലും വിസമ്മതിക്കുന്നു നാട്ടുകാര്‍ മാത്രമടങ്ങിയ മെത്രാന്‍ സിനഡ്. കോളണീകരണത്തിന്റെ ഭാഗമായി കടന്നുവന്ന അതികേന്ദ്രീകൃതമായ ഏകാധിപത്യസംവിധാനങ്ങള്‍ ഉറപ്പിച്ചെടുക്കാനാണ് ശ്രമം. ഇത്തരം വ്യഗ്രതകള്‍ സഭാവേദികളില്‍ തുറന്ന ചര്‍ച്ചകള്‍ക്കു വിഷയമാകുന്നില്ല. ആരാധനക്രമവും സഭാഭരണക്രമവും 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' പരിഗണിച്ചു നവീകരിക്കപ്പെടണം എന്നാണ് ചാക്കോ കളരിക്കല്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെയുള്ളവരെ ശല്യകാരികളായിട്ടാണ് പല അധികാരസ്ഥരും കരുതുന്നത്. 'നീയൊക്കെ ചത്തു ശവമായി വാടാ, അപ്പോള്‍ വിവരമറിയിക്കാം' എന്ന മട്ടില്‍ കേരളത്തിലെ ബലിപീഠത്തില്‍നിന്നു ചിലര്‍ പ്രതികരിക്കുന്നു. അവര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. പുതിയൊരു തലമുറ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. അവര്‍ പഠിപ്പും പണവും പദവിയും ഉള്ളവരാണ്. അവര്‍ക്കു പള്ളി ഒരു പണപ്പിരിവുസംഘം മാത്രമാണ്. ശല്യം ചെയ്യാതിരിക്കാന്‍ ഉദാരമായി പണം നല്‍കേണ്ട സ്ഥാപനം. അതിനപ്പുറം പള്ളിയില്‍ മറ്റൊന്നും അവര്‍ അനുഭവിക്കുന്നില്ല. നിയമങ്ങള്‍ കര്‍ശനമാക്കുംതോറും, അനുഷ്ഠാനങ്ങളും നടപടിക്രമങ്ങളും വക്രമാകുംതോറും അവര്‍ സഭയില്‍നിന്ന് അകലുകയാണ്. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവര്‍ക്കു താത്പര്യമില്ല. ആ നിശ്ശബ്ദസമൂഹത്തിന്റെ വരവിനായി അധികാരികള്‍ കാത്തിരിക്കുകയാണ്. അവരുടെ മുഖത്തെ അവജ്ഞ അധികാരികള്‍ കാണുന്നില്ല. ശ്രദ്ധ മുഴുവന്‍ പോക്കറ്റിലാണല്ലോ.

ചാക്കോ കളരിക്കലിനെപ്പോലുള്ളവര്‍ സഭയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ വിശ്വസിക്കുന്നു. സഭാസ്‌നേഹമാണ് അവരെ വാചാലരാക്കുന്നത്. 'തങ്ങളെക്കാള്‍ വലിയ സഭാസ്‌നേഹികളോ?' എന്ന മട്ടിലാണ് പല അധികാരികളും അവരെ തുറിച്ചുനോക്കുന്നത്. നസ്രാണികളുടെ ജീവിക്കുന്ന സഭാപാരമ്പര്യത്തില്‍ 'ഇണങ്ങാ'ണു പ്രധാനം. ഇണങ്ങര്‍ എന്ന സങ്കല്പം സജീവമായതു കൊണ്ടാണ് കേരളത്തിലെ നസ്രാണി കത്തോലിക്കരില്‍ ചിലര്‍ ചാക്കോ കളരിക്കലിനെപ്പോലെ എഴുതുന്നതും പറയുന്നതും. അവരുടെ പിന്നാലെ വരുന്ന പാശ്ചാത്യമാതൃകയിലുള്ള തലമുറയെ ഔദ്യോഗികമതബോധനം വെറും അല്മായരാക്കി വളര്‍ത്തിയെടുക്കുകയുമാണ്. ഇണങ്ങര്‍ പൂര്‍ണ്ണമായും അല്മായരായിക്കഴിയുമ്പോള്‍ പ്രതിഷേധസ്വരങ്ങള്‍ നിലയ്ക്കും. അതിനു മുമ്പ് ഇണങ്ങരുടെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍കൂടി മുഴങ്ങിക്കൊള്ളട്ടെ. പാരമ്പര്യബലമുള്ള ഒരു നസ്രാണികത്തോലിക്കന്റെ വേവലാതിയാണ് ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആത്മാര്‍ത്ഥതയും പക്വതയും പഠിപ്പും അനുഭവവും ഇടകലര്‍ന്ന ഈ രചനയ്ക്കു ചരിത്രപ്രാധാന്യമുണ്ട്. അതിന്റെ മഹത്ത്വം വായനക്കാര്‍ അനുഭവിച്ചറിയട്ടെ.

     കണ്ണുള്ളവര്‍ വായിക്കട്ടെ,
     കാതുള്ളവര്‍ കേള്‍ക്കട്ടെ,
     ഹൃദയമുള്ളവര്‍ അനുഭവിച്ചറിയട്ടെ.


ഡോ. സ്‌കറിയാ സക്കറിയ
റിട്ടയര്‍ഡ് പ്രഫസര്‍,
സെപ്റ്റംബര്‍ 09, 2012   ശ്രീശങ്കരാചാര്യ സര്‍വകലാശാല)

No comments:

Post a Comment