അദ്ധ്യായം ഒന്ന്: യേശുക്രിസ്തു

അദ്ധ്യായം ഒന്ന്: യേശുക്രിസ്തു

യേശുക്രിസ്തു ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യോസേഫിന്റെ പ്രതിശ്രുതവധുവായിരുന്ന മറിയമിന്റെ ആദ്യജാതനായി യൂദയായിലെ ബേത്‌ലഹേമില്‍ ജനിച്ചു. യോര്‍ദാന്‍ നദിയില്‍വച്ച് സ്‌നാപകയോഹന്നാനില്‍നിന്ന് സ്‌നാപനം സ്വീകരിച്ച് അഭിഷിക്തനായ (ക്രിസ്തുവായ) യേശു ഗലീലയിലെ ഒരു യഹൂദഗുരുവും (Rabbi) രോഗശാന്തി നല്കുന്നവനും (Healer) ധര്‍മോപദേശകനും (Preacher) ആയി.

ക്രിസ്തു സാധാരണയഹൂദരെ യഹൂദമതമേധാവിത്തത്തില്‍നിന്ന് രക്ഷിക്കുന്നതിനായി ഒരു സ്വതന്ത്രയഹൂദമുന്നേറ്റത്തിന്റെ അമരക്കാരനായി. അതോടെ യഹൂദസമുദായത്തിലെ ഒരു സാമൂഹ്യവിപ്ലവകാരിയും ആ വിപ്ലവത്തിന്റെ നേതാവുമായി. യഹൂദ മതവിപ്ലവത്തെ അടിച്ചമര്‍ ത്താന്‍വേണ്ടി യേശുവിനെ ക്രൂശിക്കാന്‍ മതമേധാവികള്‍ റോമന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ച യേശു ദാവീദിനെപ്പോലെ യഹൂദരാജാവായി മാറും എന്നു തെറ്റിദ്ധരിച്ച റോമന്‍ ഭരണാധികാരി പന്തിയോസ് പീലാത്തോസ് യേശുവിന് കുരിശുമരണം വിധിച്ച് കൊലപ്പെടുത്തി.

യേശുക്രിസ്തുവിന്റെ അടിസ്ഥാന ഉദ്‌ബോധനങ്ങള്‍

സുവിശേഷങ്ങള്‍ യേശുവിന്റെ മരണം കഴിഞ്ഞ് ഉടനെയൊന്നും എഴുതപ്പെട്ടവയല്ലന്ന് മിക്ക ബൈബിള്‍ പണ്ഡിതരും സമ്മതിക്കുന്നുണ്ട്. ശ്ലീഹന്മാരുടെ പ്രസംഗങ്ങളിലൂടെയും സമൂഹത്തിലെ മുതിര്‍ന്നവരുടെ വാമൊഴികളിലൂടെയും വ്യാപിച്ച യേശുവിന്റെ ഉദ്‌ബോധനങ്ങളോടൊപ്പം ആദിമ സഭാസമൂഹങ്ങളില്‍ അവ പ്രായോഗികമാക്കാന്‍ ശ്രമിച്ചു നേടിയ ഉള്‍ക്കാഴ്ചകളുംകൂടി ചേര്‍ന്നിട്ടുള്ളതാണ് സുവിശേഷങ്ങള്‍ ഉള്‍പ്പെടെ യുള്ള പുതിയനിയമഗ്രന്ഥം.

എല്ലാ സ്ഥാപിതതാത്പര്യങ്ങള്‍ക്കും അതീതമായി വ്യവസ്ഥാപിത സുവിശേഷങ്ങളില്‍ത്തന്നെ നമുക്കു കാണാന്‍ കഴിയുന്ന ഒരു യേശുവുണ്ട്. പഴയനിയമത്തിലെ സ്വേച്ഛാധിപതിയായ, ക്രൂരനും പ്രതികാരദാഹിയുമായ യാഹ്‌വേയുടെ സ്ഥാനത്ത്, ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും ഒരുപോലെ മഴനല്കുന്ന, തെറ്റുകള്‍ നിരുപാധികം പൊറുക്കുന്ന, വിശ്വത്തിന്റെയാകെ നിത്യപരിപാലകനായ, സ്‌നേഹസ്വരൂപനായ, ദൈവത്തെ അവതരിപ്പിച്ച യേശു. ദൈവപരിപാലനയിലുള്ള പൂര്‍ണവിശ്വാസവും സഹജീവിസ്‌നേഹവും ഭൂമിയില്‍ ദൈവരാജ്യം ഉളവാകാന്‍ അനിവാര്യമാണെന്നും തെറ്റുകള്‍ ചെയ്യുന്നവര്‍ അറിവില്ലായ്മകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നതിനാല്‍ അവരോടു നിരുപാധികം പൊറുക്കേണ്ടതുണ്ടെന്നും ഉദ്‌ബോധിപ്പിച്ച യേശു. യഥാര്‍ഥത്തില്‍ ഈ യേശുവിന്റെ സ്ഥാനത്ത് നാമിന്നു പ്രതിഷ്ഠിച്ചിട്ടുള്ളത് 'ആദാമിന്റെ ആദ്യപാപത്തിന്റെ ഫലമായി മനുഷ്യവര്‍ഗത്തിനാകെ ദൈവം വിധിച്ചത്' എന്നു പുരോഹിതവര്‍ഗം വിധിച്ച ജന്മപാപത്തില്‍നിന്നു മനുഷ്യവര്‍ഗത്തെ മോചിപ്പിക്കാനായി സ്വയം ബലിയര്‍പ്പിക്കാന്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിനെയാണ്. ആ യേശുവിന്റെ ആത്മത്യാഗവും ഉയിര്‍പ്പും ഒക്കെച്ചേര്‍ന്ന ഒരു മിത്തിലാണ് മിക്ക സഭാവിഭാഗങ്ങളുടെയും വിശ്വാസം കെട്ടിപ്പടുത്തിരിക്കുന്നത്.

യഥാര്‍ഥത്തില്‍ യേശുക്രിസ്തു ഊന്നിപ്പറഞ്ഞ വിശ്വാസം വിശ്വപരി പാലകനായ ദൈവത്തിന്റെ പരിപാലനയില്‍ എല്ലാവര്‍ക്കും ഉണ്ടായിരി ക്കേണ്ട വിശ്വാസമായിരുന്നു. അതില്ലാത്തതിനാലാണ് സഹജീവികളോടു സ്‌നേഹവും കാരുണ്യവും ഇല്ലാതെപോകുന്നതെന്ന ഉള്‍ക്കാഴ്ച യായിരുന്നു യേശുവിന്റെ സവിശേഷത. പഴയനിയമത്തിലെ പ്രമാണ ങ്ങളെ നിഷേധിക്കാതെ അതിന്റെ സത്ത ഉള്‍ക്കൊണ്ട് എങ്ങനെ ജീവിക്കണം എന്നായിരുന്നു അദ്ദേഹം ആത്യന്തികമായി പഠിപ്പിച്ചത്.

ക്രൈസ്തവം എന്നു വിളിക്കപ്പെടുന്ന ഒരു സഭാവിഭാഗത്തിനും നിഷേധിക്കാനാവില്ലാത്ത, ഏതു മതസ്ഥര്‍ക്കും ഉള്‍ക്കൊള്ളാനാവുന്ന, യേശുവിന്റെ സാര്‍വത്രികസ്വഭാവമുള്ള കുറെ ഉദ്‌ബോധനങ്ങളാണ് താഴെ ഉദ്ധരിക്കുന്നത്:

''നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. ഇതാണ് പ്രഥമവും പ്രധാനവുമായ കല്പന. രണ്ടാമത്തെ കല്പനയും അതുപോലെതന്നെയാണ്: നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക. എല്ലാ നിയമങ്ങളും പ്രവാചകരും ഈ രണ്ടു കല്പന കളെ ആശ്രയിച്ചിരിക്കുന്നു'' (മത്താ. 22: 37-40).

''നീ ബലിപീഠത്തിങ്കല്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്നു നിന്നോടു പിണക്കമുണ്ട് എന്ന് അവിടെവച്ച് ഓര്‍മിക്കയാണെങ്കില്‍, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പില്‍ വച്ചിട്ടു പോകുക; ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അര്‍പ്പിക്കുക'' (മത്താ. 5: 23-24).

''മനുഷ്യരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു പുണ്യകര്‍മങ്ങള്‍ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക... മനുഷ്യരുടെ പ്രശംസയ്ക്കുവേണ്ടി കപടഭക്തര്‍ സുനഗോഗുകളിലും തെരുവീഥികളിലുംവച്ചു ചെയ്യുന്നതുപോലെ, ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ നീ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച്, നീ ഭിക്ഷ കൊടുക്കുമ്പോള്‍ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. അത്രയ്ക്കു രഹസ്യമായി വേണം ഭിക്ഷകൊടുക്കാന്‍'' (മത്താ. 6: 1-4).

''പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലും നിന്നു പ്രാര്‍ഥിക്കാനാണ് അവര്‍ക്ക് ഇഷ്ടം. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച്, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണംകൊണ്ടു തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുംമുമ്പുതന്നെ നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവിന്ന് അറിയാം'' (മത്താ. 6: 5-8).

''ഭൂമിയില്‍ നിക്ഷേപങ്ങള്‍ നിനക്കായി സംഭരിച്ചുവയ്ക്കരുത്. അവിടെ അവയെ കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കും; കള്ളന്മാര്‍ കുത്തിക്കവര്‍ന്നുകൊണ്ടുപോവുകയും ചെയ്യും. കീടങ്ങളും തുരുമ്പും തിന്നു നശിപ്പിക്കാത്തതും കള്ളന്മാര്‍ കവര്‍ച്ച നടത്താത്തതുമായ സ്വര്‍ഗത്തില്‍ നിനക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും'' (മത്താ. 6: 19-21).

''ഒരാള്‍ക്കു രണ്ട് യജമാനന്മാരുടെ അടിമയായിരിക്കാന്‍ സാധ്യമല്ല. അയാള്‍ ഒന്നുകില്‍ ഒന്നാമനെ ദ്വേഷിക്കയും രണ്ടാമനെ സ്‌നേഹിക്കയും ചെയ്യും; അല്ലെങ്കില്‍, ഒന്നാമനോടു കൂറു പുലര്‍ത്തുകയും രണ്ടാമനെ വെറുക്കയും ചെയ്യും. ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല'' (മത്താ. 6: 24).

''അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു തിന്നും എന്തു കുടിക്കും എന്നു ജീവന്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ചോ എന്ത് അണിയും എന്നു ശരീരത്തെക്കുറിച്ചോ ഉല്‍ക്കണ്ഠാകുലരാകേണ്ട. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും പ്രധാനമല്ലയോ? ആകാശത്തിലെ പറവകളെ നോക്കൂ: അവ വിതയ്ക്കുന്നില്ല; കൊയ്യുന്നില്ല; പത്തായപ്പുരകളില്‍ കൂട്ടിവയ്ക്കുന്നുമില്ല. എങ്കിലും നിങ്ങളുടെ സ്വര്‍ഗീയപിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ വിലപ്പെട്ടവരല്ലയോ നിങ്ങള്‍? ഉല്‍ക്കണ്ഠപ്പെടുന്നതുകൊണ്ട് ആയുസ്സ് ഒരു മുഴമെങ്കിലും ദീര്‍ഘിപ്പിക്കാന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? പിന്നെ എന്തിനു നിങ്ങള്‍ വസ്ത്രത്തെച്ചൊല്ലി ഉല്‍ക്കണ്ഠാകുലരാകുന്നു? വയലിലെ ലില്ലിച്ചെടികളെ നോക്കുക: അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുന്നില്ല; നൂല്‍ നൂല്‍ക്കുന്നുമില്ല. എങ്കിലും ഞാന്‍ നിങ്ങളോടു പറയുന്നു: സര്‍വ പ്രതാപങ്ങളും തികഞ്ഞ സോളമന്‍പോലും ഇവയില്‍ ഒന്നിനെപ്പോലെ വിഭൂഷിതനായിരുന്നില്ല. ഇന്നു ജീവനുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതുമായ വയല്‍പുല്ലുകളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കില്‍, അല്പവിശ്വാസികളായ മനുഷ്യരേ, അവന്‍ നിങ്ങളെ അവയെക്കാള്‍ മെച്ചമായി അണിയിക്കുകയില്ലേ! അതിനാല്‍, ''ഞങ്ങള്‍ എന്തു തിന്നും, ഞങ്ങള്‍ എന്തു കുടിക്കും, ഞങ്ങള്‍ എന്ത് ഉടുക്കും'' എന്നെല്ലാം പറഞ്ഞു നിങ്ങള്‍ ആകുലരാകരുത്. കാരണം, വിജാതീയരാണ് ഇവയെല്ലാം തേടുന്നത്. നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമുണ്ടെന്നു നിങ്ങളുടെ സ്വര്‍ഗീയപിതാവിന്ന് അറിയാം. നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില്‍ ഇവയൊക്കെയുംകൂടി നിങ്ങള്‍ക്കു നല്കപ്പെടും. അതിനാല്‍ നാളെയെപ്പറ്റി ആകുലപ്പെടേണ്ട. നാളെ തന്നെ നാളെയുടെ കാര്യം നോക്കിക്കൊള്ളും. അതതു ദിവസത്തിന്ന് അന്നന്നത്തെ ക്ലേശങ്ങള്‍ ധാരാളം മതി'' (മത്താ. 6: 25-34).

''വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ വിധിക്കരുത്. നിങ്ങള്‍ നല്‍കുന്ന വിധികൊണ്ടുതന്നെ നിങ്ങളെയും വിധിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അതേ അളവില്‍തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. സഹോദരന്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ മരത്തടി കാണാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? സ്വന്തം കണ്ണില്‍ മരത്തടി ഇരിക്കെ നീ സഹോദരനോട് ''നിന്റെ കണ്ണിലെ കരടു ഞാന്‍ എടുത്തു കളയാം'' എന്ന് എങ്ങനെ പറയും? ഹേ! കപടനാട്യക്കാരാ, നീ ആദ്യം സ്വന്തം കണ്ണിലെ മരത്തടി എടുത്തുമാറ്റുക; അപ്പോള്‍ നിനക്കു സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ തക്കവിധം വ്യക്തമായ കാഴ്ച ലഭിക്കും'' (മത്താ. 7: 1-5).

''അവന്‍ പറഞ്ഞു: 'നിങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ പാരമ്പര്യത്തിന്നുവേണ്ടി ദൈവകല്പന ലംഘിക്കുന്നത്? ''പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം'' എന്നും ''പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ തീര്‍ച്ചയായും മരണശിക്ഷ അനുഭവിക്കണം'' എന്നും ദൈവകല്പന ഉണ്ടല്ലോ. എന്നാല്‍ നിങ്ങള്‍ പറയുന്നു: ''എന്നില്‍നിന്നു നിങ്ങള്‍ക്കു ലഭിക്കേണ്ടതു ഞാന്‍ ദൈവത്തിന്നു  നല്കിക്കഴിഞ്ഞു എന്നു പിതാവിനോടോ മാതാവിനോടോ പറയുന്നവന്‍ പിന്നീടു മാതാപിതാക്കളോടുള്ള കടമകളില്‍നിന്നു വിമുക്തനായിരിക്കും.'' അങ്ങനെ നിങ്ങളുടെ പാരമ്പര്യത്തിലൂടെ ദൈവവചനത്തെ നിങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്രയോ ശരി: ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ ഇവരുടെ ഹൃദയമോ, എന്നില്‍നിന്ന് എത്രയോ അകലെയാണ്. മനുഷ്യരുടെ നിയമങ്ങള്‍ പ്രമാണങ്ങളെന്ന നിലയില്‍ ഇവര്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് ഇവര്‍ എന്നെ ആരാധിക്കുന്നതു നിഷ്ഫലമാണ്''(മത്താ. 15: 3-9).

യേശുക്രിസ്തുവിന്റെ ഉപദേശങ്ങള്‍

ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവസഭകളില്‍വച്ച് ഏറ്റവും അധികം കേന്ദ്രീകൃതാധികാരഘടനയുള്ള സഭയാണ് റോമന്‍ കത്തോലി ക്കസഭ. പ്രായോഗികമായി ചിന്തിച്ചാല്‍ സഭ എന്നു പറയുമ്പോള്‍ ഇന്നും അര്‍ഥമാക്കുന്നത് ഈ ശ്രേണീബദ്ധമായ പുരോഹിതാധികാരഘടന യാണ്. സഭയിലെ സര്‍വകാര്യങ്ങളും നിര്‍ണയിക്കുന്നതും നിയന്ത്രിക്കു ന്നതും പുതിയ പുതിയ സിദ്ധാന്തങ്ങള്‍ കണ്ടുപിടിക്കുന്നതും പ്രഖ്യാപി ക്കുന്നതും ഈ അധികാരഘടനയാണ്. ഈ അധികാരികള്‍ നിയമനിര്‍മാ താക്കളും നിയമവ്യാഖ്യാതാക്കളും നിയമനിര്‍വാഹകരുമാണ്. അതിനെ യെല്ലാം മൗനമായി അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസികളുടെ കടമ. എന്നാല്‍ അധികാരത്തെ സംബന്ധി ച്ചുള്ള ക്രിസ്തുവിന്റെ ഉപദേശങ്ങളും പ്രബോധനങ്ങളും കാണുക:

''വിജാതീയരുടെമേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം; നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം; മനുഷ്യപുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല, സേവിക്കാനാണ്; അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പുവിലയായി നല്കാനാണ്'' (മത്താ. 20: 25-28). ''അവന്‍ ഇരുന്നിട്ടു പന്ത്രണ്ടു പേരെയും വിളിച്ചു പറഞ്ഞു: 'ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരിലും ഒടുക്കത്തവനും, എല്ലാവരുടെയും ദാസനും ആയിരിക്കണം' (മര്‍ക്കോ. 9: 35). ''നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരാണ് അയാളാണ് വലിയവന്‍'' (ലൂക്കോ. 9: 48).

അന്ത്യ അത്താഴസമയത്ത് യേശു ഒരു ദാസനെപ്പോലെ ശിഷ്യരുടെ കാലുകള്‍ കഴുകിയതിനുശേഷം തന്റെ അവതാരലക്ഷ്യത്തെക്കുറിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് എന്താണെന്ന് നിങ്ങള്‍ അറിയുന്നുവോ? നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിയാണ്. കാരണം, ഞാന്‍ അങ്ങനെയാണ്. അപ്പോള്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാലു കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം കാലു കഴുകണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു; ഞാന്‍ ചെയ്തതുതന്നെ നിങ്ങളും ചെയ്യണം. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല. നിങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗ്രഹീതരാണ്'' (യോഹ. 13: 12-17).

സുവിശേഷങ്ങളിലെ പല ഭാഗങ്ങളും വളരെ ലളിതമാണെങ്കിലും ചില ഭാഗങ്ങള്‍ ആഴത്തില്‍ മനനംചെയ്തുമാത്രം മനസ്സിലാക്കേണ്ടതും തെറ്റിദ്ധരിക്കാന്‍ ധാരാളം പഴുതുകള്‍ ഉള്ളവയുമാണ്. ആദ്യ സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ വളരെ ഉള്‍ക്കാഴ്ചകള്‍ പകരുന്നതാണ് യോഹന്നാന്റെ സുവിശേഷം.

No comments:

Post a Comment