അദ്ധ്യായം രണ്ട് - ആദിമസഭയുടെ വളര്ച്ച

അദ്ധ്യായം രണ്ട് - ആദിമസഭയുടെ വളര്ച്ച

റോമാക്കാരുടെ അധിനിവേശത്തിലായിരുന്ന പലസ്തീനായിലെ ചെറിയ ഒരു യഹൂദമത പ്രസ്ഥാനമായി മാറേണ്ടതായിരുന്നു നസ്രായനായ യേശുക്രിസ്തുവിന്റെ ക്രൂശിതമരണം. ദൈവരാജ്യം സമാഗതമായിരി ക്കുന്നു എന്നു പ്രഖ്യാപിച്ച് യഹൂദമതമേധാവികളെ വെല്ലുവിളിച്ച ദുര്‍ഗ്രഹ മായ ധര്‍മോപദേശകന് മരണശിക്ഷ വിധിച്ചപ്പോള്‍ പരസ്യമായ ഒച്ചപ്പാടൊന്നും ഉണ്ടായില്ല. ആത്മവീര്യം നഷ്ടപ്പെട്ട ശിഷ്യന്മാര്‍ എല്ലാം ഉപേക്ഷിച്ച് അവരവരുടെ വീടുകളിലേക്ക് മടങ്ങി ഒളിച്ചിരുന്നു. ഗലീലിയന്‍ യഹൂദരായ ആ ചെറിയ ഗണത്തെ അധികം താമസിയാതെ മറ്റു യഹൂദര്‍ മറന്നുപോകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍, യഹൂദതിരു നാളായ പന്തക്കുസ്തായില്‍ പരിശുദ്ധാരൂപിയുടെ ആഗമനം ശിഷ്യന്മാ രുടെ മുറിവേറ്റ വിശ്വാസത്തെ ഉദ്ധരിച്ചു.  ഉടന്‍ ജെറുശലേം വീഥികളി ലൂടെ യേശു രക്ഷകനും നാഥനുമാണെന്ന് അവര്‍ ധൈര്യപൂര്‍വം പ്രസംഗിച്ചു തുടങ്ങി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ പലസ്തീനായിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ക്രിസ്തുസന്ദേശം അറിയപ്പെടാന്‍ തുടങ്ങി. അപ്പോള്‍ത്തന്നെ യഹൂദമതത്തില്‍ ചില കലാപങ്ങളും ഉടലെടുത്തു.

പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ആ ചലനം ഗ്രീക്ക്-റോമന്‍ ലോകത്തെ വാണിജ്യ സംസ്‌കാര കേന്ദ്രങ്ങളില്‍ വ്യാപിക്കാന്‍ തുടങ്ങി. നാട്ടിന്‍പുറത്തുകാരായ യഹൂദരാരംഭിച്ച മൗലിക ഗതിമാറ്റം ചുരുങ്ങിയ നൂറ്റാണ്ടുകള്‍കൊണ്ട് യൂറോപ്പിലെ ശക്തമായ ഒരു സ്ഥാപനവും പാശ്ചാത്യസംസ്‌കാര വളര്‍ച്ചയ്ക്ക് പ്രബലമായ ഒരു പ്രേരകശക്തി യുമായി മാറി. പാലസ്തീനായിലെ പൊടിപിടിച്ച  റോഡുകളില്‍കൂടി ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയവിശ്വാസം കടന്നുപോയി. ആദ്യ ക്രിസ്ത്യാനികളില്‍ തെളിമയാര്‍ന്ന ക്രിസ്തുസന്ദേശം ഉണ്ടായിരുന്നു. അവരുടെ അന്നത്തെ ഉദ്ദേശ്യം യഹൂദമതത്തിന് പുതിയ രൂപം നല്‍കുക എന്നതായിരുന്നു.  യഹൂദമതത്തെ ഉപേക്ഷിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. യഹൂദരുടെ വിശുദ്ധനഗരമായ ജെറുശലേമില്‍ പുതിയതെന്തോ ആരംഭിച്ചു എന്ന് ആദ്യക്രിസ്ത്യാനികള്‍ വിശ്വസിച്ചെങ്കിലും അവര്‍ വളരെ വിശ്വസ്തതയോടെ യഹൂദ ആചാരാനുഷ്ഠാനങ്ങള്‍ നടത്തിപ്പോന്ന യഹൂദരായിരുന്നു. പുതിയ ഒരു മതത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴി ഞ്ഞില്ല. പകരം പൂര്‍ത്തീകരിക്കപ്പെട്ട യഹൂദമതത്തെയാണ് അവര്‍ കണ്ടത്. ഉത്ഥാനം ചെയ്ത രക്ഷകനെ യഹൂദ കണ്ണാടിയില്‍ക്കൂടി മാത്രമേ അവര്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളു. അതിനാലാണ് ആദ്യ ക്രിസ്ത്യാനികള്‍ സിനഗോഗുകളില്‍ പ്രാര്‍ഥിച്ചതും പ്രസംഗിച്ചതും മോശയുടെ നിയമം കാത്തുസൂക്ഷിച്ചതും. ഇന്ന് നമുക്ക് ആ യഹൂദ ക്രിസ്തുമതത്തെ വളരെ പ്രയാസപ്പെട്ടേ തിരിച്ചറിയാന്‍ കഴിയൂ.

ആദിമസഭ ക്രിസ്തുവില്‍ സ്‌നാപനം സ്വീകരിച്ച വിശ്വാസികളുടെ ചെറിയ ചെറിയ കൂട്ടായ്മകളായിരുന്നു. എല്ലാവരും പരസ്പരം അറിഞ്ഞ് സ്‌നേഹിച്ച് സ്വരുമയോടെ ജീവിച്ചിരുന്നു. പ്രിസ്‌ക്ക/അക്വിലാസിന്റെ വീട്ടിലെ സഭയും (1 കോറി. 16: 19) നുംഫയുടെ വീട്ടിലെ സഭയും (കൊളോ 4: 15) ഫിലെമോന്റെ വീട്ടിലെ സഭയും (ഫിലെ. 1: 2) ഇതിനുദാഹരണ ങ്ങളാണ്. ആദിമസഭയിലെ നായകരെല്ലാം വേലചെയ്ത് ഉപജീവന മാര്‍ഗം നേടിയിരുന്നു. യേശുവിന്റെ പിതാവ് യോസേഫ് തച്ചനും (മത്താ. 13: 55) യേശു മരപ്പണിക്കാരനും (മര്‍ക്കോ. 6: 3) പത്രോസ് മുക്കുവനും (മത്താ. 4: 18) പൗലോസ് കൂടാരപ്പണിക്കാരനും (അപ്പൊ. പ്രവ. 18: 3) ആയിരുന്നു. ചെറിയ ചെറിയ ക്രിസ്തീയ കൂട്ടായ്മകള്‍ ഉരുത്തിരിഞ്ഞപ്പോള്‍ ആ കൂട്ടായ്മയില്‍നിന്നുതന്നെ വിവാഹിതരായ ശുശ്രൂഷകരെ തെരഞ്ഞെടുത്തു. സ്വന്തം ഉപജീവനത്തിന് ജോലി ചെയ്തുകൊണ്ട് അവര്‍ പ്രതിഫലമില്ലാതെ സന്നദ്ധസേവകരായി ആ ചെറിയ കൂട്ടായ്മ കള്‍ക്ക് ശുശ്രൂഷ ചെയ്തുകൊടുത്തു.

ബൈബിള്‍ സാക്ഷ്യങ്ങള്‍

ബൈബിളില്‍ അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളിലൂടെയും ശ്ലീഹന്മാരുടെ കത്തുകളിലൂടെയും നമുക്കു വ്യക്തമാകുന്ന ആദിമസഭാ ജീവിതമുണ്ട്. അതില്‍ ഭൗതികവാദികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസ മുള്ള ചില ആത്മീയ ജീവിതതലങ്ങള്‍ നമുക്കു കാണാന്‍ കഴിയും. എന്നാല്‍ അവയൊന്നും ജീവിതനിഷേധിയല്ല.

ബൈബിള്‍ ഉദ്ധരണികള്‍

''വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു; തങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടേതു മാത്രമാണെന്ന് ആരും അവകാശപ്പെട്ടില്ല. അവര്‍ക്ക് ഉണ്ടായിരുന്നതെല്ലാം പൊതുവായിരുന്നു. അപ്പോസ്തലന്മാര്‍ കൂടുതല്‍ ശക്തിയോടെ കര്‍ത്താവായ യേശുവിന്റെ ഉയിര്‍പ്പിന്നു സാക്ഷ്യം നല്കി. അവര്‍ എല്ലാവരുടെയുംമേല്‍ സമൃദ്ധമായ കൃപ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായി ഉണ്ടായിരുന്നവരെല്ലാം, അവ വിറ്റുകിട്ടിയ പണമത്രയും അപ്പോസ്തലന്മാരുടെ പാദങ്ങളില്‍ അര്‍പ്പിച്ചു. ഓരോരുത്തന്റെയും ആവശ്യമനുസരിച്ച് അതു വിതരണം ചെയ്യപ്പെട്ടു'' (അപ്പോ. പ്രവ. 4: 32-35).

''ആ ദിവസങ്ങളില്‍ ശിഷ്യരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ദിവസംതോറുമുള്ള വിഭവവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നു എന്ന് ഗ്രീക്കുകാര്‍ എബ്രായര്‍ക്കെതിരെ പിറുപിറുത്തു. അതുകൊണ്ട്, ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചു കൂട്ടി പറഞ്ഞു: 'ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ. പ്രവ        6: 1-4).

യേശുവിന്റെ സാമൂഹികപഠനത്തെ ഉള്‍ക്കൊണ്ട യാക്കോബ് ഇങ്ങനെ എഴുതി: ''അല്ലയോ സമ്പന്നരേ, നിങ്ങള്‍ക്കു സംഭവിക്കാന്‍പോകുന്ന ദുരിതങ്ങളോര്‍ത്തു കരയുകയും അലമുറയിടുകയും ചെയ്യുക. നിങ്ങളുടെ സമ്പത്തു ദ്രവിച്ചുകഴിഞ്ഞു. കുപ്പായങ്ങള്‍ ചിതലരിച്ചു. നിങ്ങളുടെ സ്വര്‍ണവും വെള്ളിയും തുരുമ്പിക്കുന്നു. ആ തുരുമ്പ് നിങ്ങള്‍ക്കെതിരെ സാക്ഷ്യമായിരിക്കും. അത് അഗ്നിപോലെ നിങ്ങളുടെ മാംസം ദഹിപ്പിക്കും. അവസാനനാളുകള്‍ക്കായി നിങ്ങള്‍ സമ്പത്തു കുന്നുകൂട്ടിയിരിക്കുന്നു. നിങ്ങളുടെ വയലുകളില്‍ വിളവു കൊയ്ത വേലക്കാരില്‍നിന്നു ചതിവില്‍ നിങ്ങള്‍ പിടിച്ചുവച്ച കൂലി നിലവിളിക്കുന്നു; കൊയ്ത്തുകാരുടെ വിലാപം സൈന്യങ്ങളുടെ കര്‍ത്താവിന്റെ ചെവികളില്‍ എത്തിക്കഴിഞ്ഞു. നിങ്ങള്‍ ഭൂമിയില്‍ സുഖഭോഗങ്ങളിലും ആഹ്ലാദത്തിലും മുഴുകി ജീവിച്ചു; കശാപ്പുദിനത്തിലേക്കായി നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചു. നീതിമാനെ നിങ്ങള്‍ വിധിക്കുകയും വധിക്കുകയും ചെയ്തു; അയാള്‍ ചെറുത്തുനില്ക്കുന്നുമില്ല'' (യാക്കോ 5: 1-6).

വിശ്വാസികള്‍ ക്രിസ്തുവിന്റെ അലൗകിക സാമ്രാജ്യത്തിലെ അംഗങ്ങളായി വിശുദ്ധീകരിക്കപ്പെട്ടു. അവര്‍  ഭൗതികസമൂഹത്തിലെ അംഗങ്ങളും കൂടിയായിരുന്നല്ലോ. അതിനാല്‍ ക്രിസ്തുവിന്റെ വചനങ്ങളോടു നീതി പുലര്‍ത്തുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയും തൊഴില്‍പരമായ വിഭജനവും ആവശ്യമായി. സഭ വളര്‍ന്നപ്പോള്‍, ഈ സാമൂഹ്യസേവനപരമായ വിഭജനവും താനേ ഉണ്ടായിവന്നു. അന്നത്തെ സാമൂഹ്യരീതിക്കനുസൃതമായാണ് അതുണ്ടായത്. പൗലോസ് എഴുതുന്നു: ''ക്രിസ്തുവിന്റെ ദാസരും ദൈവരഹസ്യങ്ങളുടെ കാര്യസ്ഥരുമായി വേണം ഞങ്ങളെ കരുതുവാന്‍'' (1 കോറി. 4: 1).  ശ്ലീഹന്മാര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്നത് 'വചനത്തിന്റെ കാവല്‍ക്കാര്‍' എന്ന സ്ഥാനമായിരുന്നു. പൗലോസ് വിവിധതരം ജോലികളെക്കുറിച്ച് പറയുന്നുണ്ട്: ''വരങ്ങള്‍ വിവിധങ്ങള്‍ എങ്കിലും ആത്മാവ് ഒന്നേയുള്ളു... അവയവങ്ങള്‍ പലതാണെങ്കിലും ശരീരം ഒന്നുതന്നെ'' (1 കോറി. 12: 4-12). തിമൊത്തെയോസിനെഴുതിയ ലേഖനത്തില്‍ പൗലോസ് ക്രൈസ്തവസമൂഹത്തിലെ മേലന്വേഷകരെക്കുറിച്ചും ശുശ്രൂഷികളെക്കുറിച്ചും പറയുന്നുണ്ട്. അങ്ങനെ ആദിമസഭയില്‍, സമൂഹത്തിന്റെ നടത്തിപ്പിനായി വിവിധജോലികള്‍ ചെയ്യുന്നവരുണ്ടായിരുന്നെങ്കിലും  വിളിക്കപ്പെട്ടവരുടെ ഉത്തരവാദിത്ത്വം വചനപ്രസംഗമായിരുന്നു.

ആദിമസഭാഘടന

ആദിമസഭാസമ്പ്രദായത്തില്‍ ഓരോ പ്രാദേശികസഭയും സ്വതന്ത്രമായിരുന്നു (അപ്പോ. പ്രവ. 14: 23). സഭാകൂട്ടായ്മ (Church) എന്ന പദം പുതിയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത് രണ്ടര്‍ഥത്തിലാണ്. സാധാരണ അര്‍ഥത്തില്‍ സഭ എന്നു വിളിച്ചിരുന്നത് വിശ്വാസികളുടെ പ്രാദേശികകൂട്ടായ്മയെ ആണ്. വിശ്വാസികളായ ഏവരും ക്രിസ്തു ശിരസ്സായുള്ള സഭയുടെ അംഗങ്ങളാണ്.

ഓരോ പ്രാദേശികസഭാകൂട്ടായ്മകള്‍ക്കും ഓരോ മൂപ്പന്‍ ഉണ്ടായിരുന്നു. യേശുവിനെയല്ലാതെ മറ്റാരെയും ഉദ്ദേശിച്ച് പുരോഹിതന്‍ എന്ന പദം പുതിയ നിയമത്തിലുപയോഗിച്ചിട്ടില്ല. യഹൂദസമ്പ്രദായമനുസരിച്ച് സഭാശുശ്രൂഷകര്‍ അറിയപ്പെട്ടിരുന്നത് 'മൂപ്പന്‍', 'മേലന്വേഷകന്‍', 'ശുശ്രൂഷകന്‍' എന്നാണ് (തീത്തൊ. 1: 5-7; 1 പത്രോ. 5: 1; 1 തിമൊ 3: 1; 3: 8).
വചനശുശ്രൂഷയായിരുന്നു മൂപ്പന്മാരുടെയും മേലന്വേഷകരുടെയും ശുശ്രൂഷകരുടെയും കടമ. അവര്‍ തികച്ചും ആധ്യാത്മികരായിരുന്നു. ഒരു പ്രാദേശികസഭയ്ക്ക് മറ്റൊരു പ്രാദേശികസഭയുടെയുംമേല്‍ അധികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഓരോ സഭയിലെയും പ്രാമാണികരായ മൂപ്പന്മാരുടെ ഉപദേശങ്ങള്‍ ഇതരസഭകള്‍ ബഹുമാനിച്ചിരുന്നു. മൂപ്പന്മാര്‍ക്ക് സഭയുടെമേല്‍ ഭരണാധികാരമുണ്ടായിരുന്നില്ല. ''നിങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ദൈവത്തിന്റെ ആട്ടിന്‍പറ്റത്തെ മേയിക്കുക. നിര്‍ബന്ധംകൊണ്ടല്ല, സന്മനസ്സോടെ, നിന്ദ്യമായ ലാഭേച്ഛയോടെയല്ല, താത്പര്യത്തോടെ അതു ചെയ്യുക'' (1 പത്രോ. 5: 2) എന്നായിരുന്നു കൂട്ടുമൂപ്പനായ പത്രോസ് ഉപദേശിച്ചത്. മൂപ്പന്മാരും മേലന്വേഷകരും ശുശ്രൂഷകരും യേശുവിന്റെ കല്പനയനുസരിച്ച്, ഒന്നാമനാകാന്‍ ആഗ്രഹിക്കാതെ ശുശ്രൂഷകസ്ഥാനം സ്വീകരിച്ചിരുന്നവരായിരുന്നു.

തന്റെ സഭയ്ക്ക് സാമൂഹികമായി ഒരു ഘടനാസമ്പ്രദായം ക്രിസ്തു നിര്‍ദേശിച്ചിരുന്നില്ല. പൗലോസാണ് സഭയില്‍ ശുശ്രൂഷകരെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത്: ''സഭയില്‍ ഒന്നാമത് അപ്പോസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമതു പ്രബോധകരെയും പിന്നെ അത്ഭുതപ്രവര്‍ത്തകരെയും പിന്നെ രോഗശാന്തിശുശ്രൂഷകരെയും സഹായികളെയും മേല്‍വിചാരകരെയും വിവിധ ഭാഷാവരം ഉള്ളവരെയും ദൈവം നിയമിച്ചു'' (1 കോറി. 12: 28). 1 തിമൊത്തി 3: 1-7-ല്‍  മേല്‍വിചാരക്കാരുടെ സ്വഭാവഗുണത്തെക്കുറിച്ചും തീത്തൊസ് 1: 6-ല്‍ സഭാമൂപ്പന്മാരുടെയും 1: 7-ല്‍ മേലന്വേഷകരുടെയും സ്വഭാവഗുണത്തെക്കുറിച്ചും പൗലോസ് വിവരിക്കുന്നുണ്ട്. ഓരോ പ്രാദേശികസഭയുടെയും ഭരണം തനിക്കു പരിചിതമായ യഹൂദ സുനഗോഗുകളുടെ ഭരണസമ്പ്രദായമനുസരിച്ച് ക്രോഡീകരിക്കപ്പെടണമെന്നാണ് പൗലോസ് നിശ്ചയിച്ചിരുന്നത്. ഒരു പ്രാദേശികസഭ മറ്റൊരു പ്രാദേശികസഭയുടെയോ സ്ഥാനിയുടെയോ ഭരണത്തിന്‍കീഴില്‍ ആയിരിക്കണമെന്നുള്ള ഒരു സൂചനപോലും പൗലോസിന്റെ ലേഖനങ്ങളില്‍ കാണുന്നില്ല. 'ഒന്നാമത്തെ മാര്‍പാപ്പയായ' പത്രോസ് ഇതരസഭകളിലെ മൂപ്പന്മാരോട് കല്പിക്കുകയല്ല ഉപദേശിക്കുകമാത്രമാണ് ചെയ്യുന്നത് (1 പത്രോ. 5:1-4). പത്രോസ് ഇതരസഭകളുടെമേല്‍ അധികാരം പ്രയോഗിക്കുകയോ അധികാരമുള്ളവനായി ഭാവിക്കുകയോ ചെയ്യുന്നില്ല.

ഇതില്‍നിന്നെല്ലാം ആദിമസഭയില്‍ അധികാരാധിഷ്ഠിതമായ ഹയരാര്‍ക്കിയോ മേല്‍വിചാരകരെ നിയമിക്കുന്നതിനുള്ള അധികാരകേന്ദ്രമോ ഉണ്ടായിരുന്നില്ല എന്നു വ്യക്തമാണ്. കര്‍ത്താവിന്റെ ദിനം ആചരിക്കുന്നത് സംബന്ധിച്ച് റോമും ഏഷ്യന്‍സഭയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തില്‍ എഫേസൂസ് സഭയുടെ മൂപ്പനായ പോളിക്രാറ്റി കൂസ് (Policraticus of Ephesus) റോമന്‍ സഭയുടെ മൂപ്പനായ ''വിക്ടറിനെ രൂക്ഷമായി ശകാരിച്ചുകൊണ്ടെഴുതിയ കത്തുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്'' എന്ന് ആദിമസഭാചരിത്രകാരനായ എവുസേബിയസ് രേഖപ്പെടുത്തുന്നു.1 അപ്പോള്‍ ഓരോ സഭയും പ്രാദേശികമായി സ്വതന്ത്രവും മറ്റൊരു സഭയുടെ ആധിപത്യത്തില്‍ നിന്നു വിമുക്തവുമായിരുന്നു എന്നു കാണാം.

മൂപ്പന്മാരുടെ തെരഞ്ഞെടുപ്പ്

പ്രാദേശികസഭകളിലെ മൂപ്പന്മാരുടെ (മെത്രാന്മാരുടെ) തെരഞ്ഞെടുപ്പ് തികച്ചും അതതു സഭകളുടെ ആഭ്യന്തരകാര്യമായിരുന്നു. മറ്റു സഭകള്‍ അതിലിടപെട്ടിരുന്നില്ല. സഭാംഗങ്ങളായിരുന്നു അവരെ തെരഞ്ഞെടുത്തിരുന്നത്. ''In early Chrisitan times the bishop was chosen by clergy and laity with the supervisory assistance of the neighbouring bishops.''2 സഭാപിതാവായ റോമിലെ ഹിപ്പോളിറ്റസ് (Hippolytus of Rome, 170-236) ഇങ്ങനെ പറയുന്നു: ''Let the bishop be ordained after he has been chosen by all the people.''3 ഇവിടെ bishop എന്ന പദത്തില്‍ ഇന്നു കാണുന്ന രാജകീയ മെത്രാന്‍സ്ഥാനിയെയല്ല ഉദ്ദേശിക്കുന്നത്. ആദിമസഭയില്‍ മഹാന്മാരായ പല മെത്രാന്മാരെയും വിശ്വാസികള്‍തന്നെയാണ് തെരഞ്ഞെടുത്തിരുന്നത്. ഉദാഹരണത്തിന് വി. അംബ്രോസിനെയും (bishop of Milan from 374 to 397) അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയ വി. ആഗസ്തീനോസിനെയും (bishop of Hippo from 395 to 430) അതതു സ്ഥലത്തെ വിശ്വാസികളാണ് തെരഞ്ഞെടുത്തത്. ആദിമസഭാദൈവശാസ്ത്രമനുസരിച്ച് പരിശുദ്ധ റൂഹായുടെ വരം സഭയില്‍ വിശ്വാസികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സഭാചരിത്രപണ്ഡിതനായ ഫാദര്‍ സേവ്യര്‍ കൂടപ്പുഴ ഇക്കാര്യം വിശദമാക്കുന്നതിപ്രകാരമാണ്. ക്രൈസ്തവരെല്ലാം മിശിഹായുടെ മൗതികശരീരത്തില്‍ പങ്കാളികളത്രേ. മാമ്മോദീസായിലൂടെ അവര്‍ സഭയുടെ അംഗങ്ങളായിത്തീരുന്നു. പരിശുദ്ധാത്മാവിനാല്‍ അഭിഷേചിക്കപ്പെടുന്നു. സഭാജീവിതത്തിന് ആവശ്യമുള്ള വരങ്ങളാണ് ദൈവം സഭാംഗങ്ങള്‍ക്ക് നല്‍കുക. വൈവിധ്യമാര്‍ന്ന ദൈവികദാനങ്ങളാണവ. ഒരു ശരീരത്തിലെ അവയവങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങളാണുള്ളത്. എങ്കിലും അവയുടെ ചൈതന്യ സ്രോതസ്സ് ഒന്നുതന്നെ. ഒരേ ആത്മാവിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍. ഇതുപോലെ സഭയാകുന്ന ശരീരത്തിലും പരിശുദ്ധാത്മാവിന്റെ ചൈതന്യം പലവിധത്തില്‍ പലതരത്തിലുള്ള കഴിവുകളുള്ള വ്യക്തികളിലൂടെ പ്രവര്‍ത്തനനിരതമാകുന്നു.4

പന്ത്രണ്ട് അപ്പോസ്തലന്മാരുടെയും പ്രബോധനങ്ങളായി, 'ഡിഡാക്കെ' എന്ന പേരില്‍ പ്രസിദ്ധീകൃതമായ AD 140-ലെ പ്രാമാണിക രേഖയില്‍ മെത്രാന്മാരെയും മേലന്വേഷകരെയും (deacons) തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: ''അതുകൊണ്ട്, കര്‍ത്താവിനു ചേര്‍ന്ന മെത്രാന്മാരെയും മേലന്വേഷകരെയും സ്വയം തെരഞ്ഞെടുക്കുക. പണമോഹികളെ ആയിരിക്കരുത്; എളിമയാര്‍ന്നവരെയും സത്യസന്ധരെയും യോഗ്യത തെളിയിക്കപ്പെട്ടവരെയുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. എന്തെന്നാല്‍, അവര്‍ പ്രവാചകരുടെയും പ്രബോധകരുടെയുമായ ശുശ്രൂഷകളിലൂടെ നിങ്ങളെ സേവിക്കേണ്ടവരാണ്.'' 5 പരിശുദ്ധാത്മവരം വിശ്വാസികളുടെ കൂട്ടായ്മയില്‍ നിക്ഷിപ്തമാണ് എന്നതായിരുന്നു ആദിമസഭയിലെ വിശ്വാസം. തങ്ങളുടെ ശുശ്രൂഷകരെ പരിശുദ്ധാത്മവരത്തില്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സഭാകൂട്ടായ്മയില്‍ നിക്ഷിപ്തമായിരുന്നു.

ആദ്യ നൂറ്റാണ്ടില്‍ അധികൃതമായ പേപ്പസി ഇല്ലായിരുന്നു. അന്തിയോ ക്കിലെ ഇഗ്നേഷ്യസിന്റെ (Ignatius of Antioch, ca. 35 or 50 - between 98 and 117) അഭിപ്രായത്തില്‍, ആ കാലഘട്ടത്തില്‍ സഭ നയിക്കപ്പെട്ടിരുന്നത് സ്‌നേഹത്താല്‍ മാത്രമായിരുന്നു.

പത്രോസിന്റെ ലേഖനങ്ങളില്‍ അപ്പോസ്തലവിനയം കാണുന്നുണ്ട്. അതില്‍ പത്രോസിന്റെ അധികാരപരിധിയുടെ പരാമര്‍ശമോ ഒരു പോപ്പിന്റെ മണംപോലുമോ കാണുന്നില്ല. ഇന്നത്തെ പാപ്പായുടെ അധികാരഭാഷയല്ല അതില്‍ കാണുന്നത്. It is our apostolic will and command.... എന്ന രാജഭാഷയാണല്ലോ റോമിന്റെ സ്റ്റൈല്‍. പത്രോ സിന്റെ പാദങ്ങളില്‍ കുമ്പിട്ട് വണങ്ങിയ കൊര്‍ണേലിയൂസിനെ പിടിച്ചെഴു ന്നേല്പിച്ച് പത്രോസ് പറഞ്ഞു: ''എഴുന്നേല്‍ക്കുക; ഞാനും ഒരു മനുഷ്യന്‍ തന്നെ'' (അപ്പോ. പ്രവ. 10: 26).

ആദിമസഭയില്‍ പട്ടക്കാര്‍ ഇല്ലായിരുന്നു. എല്ലാവരും ക്രിസ്തുവില്‍ സ്‌നാപനം സ്വീകരിച്ച് പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു. ആരും പത്രോ സിനെ 'പരിശുദ്ധ പിതാവ്' എന്നോ മേലന്വേഷകരെയും മൂപ്പന്മാരെയും 'യുവര്‍ എമിനന്‍സ്', 'യുവര്‍ ഗ്രേസ്', 'യുവര്‍ എക്‌സലന്‍സി' എന്നോ ഒന്നും അഭിസംബോധന ചെയ്തിരുന്നില്ല. അവര്‍ പത്രോസിനെയും മറ്റ് അപ്പോസ്തലരെയും 'സഹോദരരേ' എന്നാണ് വിളിച്ചിരുന്നത്.
ക്രിസ്തു സംഘടിത സഭയോ റീത്തുകളോ സ്ഥാപിച്ചില്ല. പട്ടക്കാരും സന്ന്യാസിനീ സന്ന്യാസികളും ക്രിസ്തുവിന്റെ സൃഷ്ടിയല്ല. ക്രിസ്തു വളരെ ലളിതമായ രണ്ടു കാര്യങ്ങളേ പുതിയ ഉടമ്പടിപ്രകാരം തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടുള്ളു: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കണം (യോഹ. 13: 34). എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ മേശയാചരണം നട ത്തണം (ലൂക്കോ 22: 20).

പരിപൂര്‍ണരാകാന്‍ നിത്യബ്രഹ്മചാരികളാകണമെന്നല്ല കര്‍ത്താവു പഠിപ്പിച്ചത്. ധനികനായ യുവാവിന്റെ ചോദ്യത്തിനുത്തരമായി കര്‍ത്താവു പറയുന്നതു ശ്രദ്ധിക്കുക: ''പരിപൂര്‍ണനാകാന്‍ നീ ഇച്ഛിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിന ക്കു സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും'' (മത്താ. 19: 21). രാജാക്കന്മാ രെപ്പോലെ ധനികരായി കഴിയുന്ന സഭാധികാരികള്‍ക്ക് സ്വര്‍ഗത്തിലുള്ള നിക്ഷേപം ശൂന്യമായിരിക്കാനേ വഴിയുള്ളു.

അല്മായ പങ്കാളിത്തം

ആദിമസഭയില്‍ അല്മായര്‍ എന്നും സഭാധികാരികള്‍ എന്നും അറിയ പ്പെട്ടിരുന്നവര്‍ തമ്മില്‍ പരിശുദ്ധമായ പങ്കാളിത്തം ഉണ്ടായിരുന്നു.         ആ സമൂഹത്തിന്റെ യോജിപ്പായിരുന്നു സഭയുടെ മുഖമുദ്ര. സഭയിലെ ആ പങ്കാളിത്തം എല്ലാതലങ്ങളിലും പ്രവര്‍ത്തനങ്ങളിലും പരിധി യില്ലാതെ വ്യാപിച്ചിരുന്നു. സഭയുടെ ഭരണകാര്യങ്ങളിലും സിദ്ധാന്ത രൂപീകരണത്തിലും ശിക്ഷണസംബന്ധമായ കാര്യങ്ങളിലും ഭക്താഭ്യാസ വികസനങ്ങളിലുമെല്ലാം അല്മായര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ തുല്യ അവകാശമുണ്ടായിരുന്നു. താഴെ കൊടുക്കുന്ന രണ്ട് ഉദാഹരണ ങ്ങള്‍ അത് വ്യക്തമാക്കും:

1. അപ്പോസ്തലപ്രവര്‍ത്തനങ്ങളിലെ 15-ാം അധ്യായം കാണുക. പരിച്ഛേദനത്തെക്കുറിച്ചുള്ള വിവാദത്തിന് തീര്‍പ്പുണ്ടാക്കാന്‍ പുറജാതി കളുടെ സഭ പൗലോസിനെയും ബര്‍ണബാസിനെയും മറ്റു ചിലരെയും അന്നത്തെ വത്തിക്കാനായ ജെറുശലേമിലേക്ക് അപ്പോസ്തലന്മാരു ടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകാന്‍ നിയോഗിച്ചു. ജെറുശലേ മില്‍ നടന്ന ആ സമ്മേളനത്തില്‍ സംബന്ധിച്ച പിതാക്കന്മാരെല്ലാം അല്‌മേനികളായിരുന്നു എന്ന കാര്യം ഇവിടെ വളരെ പ്രസക്തമാണ്. പുറജാതിസഭയുടെ പരാതികള്‍ അവര്‍ കേള്‍ക്കുകയും ചര്‍ച്ച ചെയ്ത് തക്കതായ തീരുമാനം സ്വീകരിച്ച് പൗലോസിനെയും കൂട്ടരെയും തിരിച്ച യയ്ക്കുകയും ചെയ്തു. ഇന്നത്തെ സ്ഥിതി അതാണോ?

2. നിക്യാ കൗണ്‍സിലില്‍വച്ച് ആരിയനിസത്തെ (Arianism) ശപിച്ച് തള്ളിയെങ്കിലും ആ സിദ്ധാന്തം കെട്ടടങ്ങിയില്ല. കോണ്‍സ്റ്റന്റ്റിയൂസ് രണ്ടാമന്‍ ചക്രവര്‍ത്തി (Emperor Constantius II, 317-361) ആരിയൂസിന്റെ സിദ്ധാന്തത്തിന് അനുകൂലമായിരുന്നു. അന്നത്തെ മാര്‍പാപ്പായായിരുന്ന ലിബേരിയൂസ് (Pope Liberius, 352-366) ചക്രവര്‍ത്തിയുടെ ആ സിദ്ധാന്തപ്രേമത്തെ അനുകൂലിച്ചില്ല. ചക്രവര്‍ത്തി ലിബേരിയൂസിനെ നാടുകടത്തി. എന്നാല്‍ ലിബേരിയൂസ് പാപ്പാ പിന്നീട് ചക്രവര്‍ത്തിയുടെ സമ്മര്‍ദത്തിന് വഴങ്ങി റോമിലേക്ക് മടങ്ങിവന്നു. റോമാക്കാരായ ക്രിസ്ത്യാനികള്‍ ലിബേരിയൂസ് പാപ്പാ ഒരു anti-pope ആണെന്ന് വിധിയെഴുതി. ലിബേരിയൂസിനെ അനുകൂലിക്കുന്നവര്‍ കുളിച്ചിരുന്ന പൊതുകുളിമുറികള്‍ പോലും അവര്‍ ഉപയോഗിക്കുകയില്ലായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ലിബേരിയൂസ് പാപ്പാ ആരിയ നിസത്തെ വീണ്ടും തള്ളിപറഞ്ഞു. മാര്‍പാപ്പാമാര്‍ പോലും ഞാങ്ങണ പോലെ ആടിയുലയുമ്പോഴും കത്തോലിക്കവിശ്വാസികള്‍ നിര്‍ബന്ധ ബുദ്ധിയോടെ വിശ്വാസസത്യങ്ങളെ മുറുകെ പിടിക്കുമായിരുന്നു.6
വൈദികരുടെയും ഡീക്കന്മാരുടെയും ഉപദേശവും അല്‌മേനികളുടെ ഏകാഭിപ്രായവുമില്ലാതെ യാതൊരു നിയമവും തന്റെ രൂപതയില്‍ നടപ്പാക്കുകയില്ലെന്ന് കാര്‍ത്തേജിലെ വി. സിപ്രിയാന്‍ (c. 246) തീരുമാനി ച്ചിരുന്നു. എത്ര മെത്രാന്മാര്‍ ഇന്ന് വി. സിപ്രിയാനെ അനുകരിക്കും? ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കു വിപരീതനായ ഒരു വ്യക്തിയെ അവര്‍ക്ക് മെത്രാനായി വയ്ക്കാന്‍ പാടില്ലെന്ന് ഒന്നാം സെലസ്റ്റിന്‍ മാര്‍പാപ്പാ (Pope Celestine I) 432-ല്‍ പ്രഖ്യാപിച്ചു. സഭയിലെ 99% വരുന്ന അല്‌മേനികളെ അവഗണിക്കാന്‍ പാടില്ലെന്നാണിതിനര്‍ഥം. വിശ്വാസികളില്‍നിന്നു ലഭിച്ച അറിവിന്റെ സന്ദേശവുമായി ഇന്ന് ഒരു മെത്രാന്‍ വത്തിക്കാന്റെ പടി കയറുമോ? സഭയുടെ ശിക്ഷണസംബന്ധമായ കാര്യങ്ങളില്‍ അല്മായന്റെ ശബ്ദത്തിന് എന്തെങ്കിലും വിലയുണ്ടോ? അപ്രമാദിത്വപ്രഖ്യാപനത്തിനോ ചാക്രികലേഖനത്തിന്റെ ഉള്ളടക്കത്തിനോ ഏതെങ്കിലും ഒരു പാപ്പാ വിശ്വാസികളുടെ അഭിപ്രായം ആരാഞ്ഞതായി കേട്ടിട്ടുണ്ടോ? അല്മായരും സഭാധികാരികളും തമ്മിലുണ്ടായിരുന്ന ആദിമസഭയിലെ പങ്കാളിത്തത്തിന് എന്തുപറ്റി എന്നു നാം ചിന്തിക്കണം.

സ്ത്രീകള്‍ക്കു സംഭവിച്ച അവഗണന

ക്രിസ്തുവില്‍ സ്‌നാപനമേറ്റ സ്ത്രീയും പുരുഷനും ക്രിസ്തുവില്‍ ഒന്നാണ് (ഗലാ. 3: 28). ഈ ദൈവശാസ്ത്രം ക്രിസ്തുവിന്റെ സുവിശേഷ വേലയില്‍ വേരൂന്നിയിട്ടുള്ളതാണ്. ആദിമസഭയുടെ പ്രചരണത്തിനും വളര്‍ച്ചയ്ക്കും സ്ത്രീപുരുഷന്മാര്‍ തുല്യമായി പ്രയത്‌നിച്ചിരുന്നു. അതി നാല്‍ സഭയുടെ സ്ഥാപനത്തിലും ആദിമകാലത്തെ വളര്‍ച്ചയ്ക്കും സ്ത്രീയും പുരുഷനും തുല്യ അവകാശികളാണ്. എന്നാല്‍ സഭ ഒരുവിധം ദൃഢീകരിച്ചപ്പോള്‍ പതുക്കെ പതുക്കെ സ്ത്രീകളെ സഭാശുശ്രൂഷയില്‍ നിന്നും ഭരണത്തില്‍നിന്നും സിദ്ധാന്തരൂപീകരണത്തില്‍ നിന്നുമെല്ലാം ഒഴിവാക്കി. സ്ത്രീകള്‍ക്ക് സഭയില്‍ യാതൊരു സ്വാധീനവും ഇല്ലാതായി. യേശുവിന്റെ അമ്മയായ മറിയവും തന്റെ മരണശേഷം യേശു ആദ്യമായി പ്രത്യക്ഷപ്പെട്ട യേശുവിന്റെ സ്‌നേഹിതയായ മഗ്ദലമറിയവും യേശു വിന്റെ സുവിശേഷവേലയില്‍ സഹകരിച്ച മറ്റു സ്ത്രീകളും പൗലോസി നോടൊത്ത് സഭയുടെ വളര്‍ച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ച സ്ത്രീകളുമെല്ലാം സഭ വളര്‍ന്നപ്പോള്‍ നിഷ്പ്രഭരായിപ്പോയി. വിശുദ്ധ ഗ്രന്ഥ പ്രഘോഷണപീഠത്തില്‍നിന്ന് അവരെ നിരോധിച്ചു. ശുശ്രൂഷാ ധികാരം എടുത്തുകളഞ്ഞു. സുവിശേഷസന്ദേശത്തെ അവരുടെ ജ്ഞാനംകൊണ്ട് വ്യാഖ്യാനിക്കാന്‍ അനുവദിച്ചില്ല. സ്ത്രീകളുടെ ആധ്യാത്മികത പള്ളിയില്‍ കൂടുന്നവരെ നയിക്കാന്‍ പറ്റിയതല്ലെന്ന് വിധിയെഴുതി. ഇതിനെല്ലാം കാരണം സ്ത്രീകളുടെ ലിംഗഭേദം മാത്ര മാണ്. പുരുഷന്മാര്‍ക്കുമാത്രം ദൈവത്തില്‍നിന്ന് എന്തോ പ്രത്യേക അവകാശം (ശുശ്രൂഷാധികാരം) ഉണ്ടെന്നുള്ള തെറ്റായ ധാരണയും സഭയില്‍ സൃഷ്ടിച്ചു. സ്ത്രീജന്മം ന്യൂനതയുള്ളതാണെന്ന് ഒരുപറ്റം ദൈവശാസ്ത്രജ്ഞന്മാര്‍ സ്ഥാപിച്ചെടുത്തു. അപ്പോള്‍ സ്ത്രീകള്‍ രണ്ടാം തരം പൗരരായി സഭയില്‍ തരംതാഴ്ന്നു. ഈ 21-ാം നൂറ്റാണ്ടിലും സഭ സ്ത്രീകളെ രണ്ടാംതരം ക്രിസ്ത്യാനികളായി കാണുന്നത് അപലപനീയ മാണ്.

കഴിഞ്ഞ രണ്ടായിരം വര്‍ഷം സഭ സാമൂഹ്യനീതിക്കും ആതുരസേവന ത്തിലും മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുമ്പോള്‍ ലോകജനത യുടെ പകുതിയായ സ്ത്രീകളുടെ ഇന്നത്തെ സ്ഥിതി ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കുന്നതിപ്രകാരമാണ്:

1.   ലോകത്തിലെ മൊത്തം ജോലിസമയത്തിലെ നാലില്‍ മൂന്നു ഭാഗവും സ്ത്രീകള്‍ ചെയ്യുന്നു.

2.   ലോകശമ്പളത്തിലെ പത്തില്‍ ഒരു ഭാഗമേ ലഭിക്കുന്നുള്ളൂ.

3.   ഈ ഗ്രഹത്തിലെ നൂറില്‍ ഒരു ഭാഗം സ്ഥലത്തിനേ ഉടമസ്ഥാ വകാശമുള്ളൂ.

4.   മൂന്നില്‍ രണ്ടു ഭാഗവും നിരക്ഷരരായവരാണ്.

5.   സ്ത്രീകളെയും അവരുടെ കുട്ടികളെയുംകൂടി ഉള്‍പ്പെടുത്തിയാല്‍ ലോകജനതയുടെ 75% ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരാണ്.

6.   80% ഭവനരഹിതരായ അഭയാര്‍ഥികളാണ്.
കൂടാതെ സ്ത്രീകളോടുള്ള എണ്ണിയാല്‍ തീരാത്ത അതിക്രമങ്ങള്‍ - കുടുംബകലഹങ്ങള്‍  വഴിയുള്ള ക്രൂരതകള്‍, ലൈംഗിക അതിക്രമങ്ങള്‍, ബലാല്‍സംഗം, വേശ്യാവേലയ്ക്ക് ഉപയോഗിക്കുക, അതിനായി കയറ്റു മതി ചെയ്യുക, കൊല്ലുക, വര്‍ഗം/ജാതി മുതലായ ഘടകങ്ങള്‍ ഉള്‍പ്പെടു ത്തി സ്ത്രീജീവിതം നരകതുല്യമാക്കുക - ഇതെല്ലാം അചിന്തനീയമാണ്. സ്ത്രീകള്‍ അവരുടെ ലിംഗഭേദം നിമിത്തം അനുഭവിക്കേണ്ടിവരുന്ന വേദനകളെയും കഷ്ടപ്പാടുകളെയും ഐക്യരാഷ്ട്രസംഘടന പഠനങ്ങള്‍ വഴി തിരിച്ചറിയുകയാണിവിടെ.7 ഈ ദുരന്തത്തിന്റെ പ്രധാന കാരണക്കാര്‍ മതങ്ങളാണെന്ന് എടുത്തുപറയാതെ വയ്യ. കത്തോലിക്കസഭയ്ക്ക് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ അപചയമാണിതെ ന്നുള്ളതിന് സംശയമില്ല.

No comments:

Post a Comment