അദ്ധ്യായം ഒന്പത്: സഭാനവീകരണത്തിലേയ്ക്ക് ഒരു വഴി

അദ്ധ്യായം ഒന്‍പത്: സഭാനവീകരണത്തിലേയ്ക്ക് ഒരു വഴി

അവന്‍ ജനക്കൂട്ടത്തോടുപറഞ്ഞു: ''പടിഞ്ഞാറ് ഒരു മേഘം ഉയരുന്നതു കാണുമ്പോള്‍ തന്നെ ''മഴ വരുന്നു'' എന്നു നിങ്ങള്‍ പറയുന്നു. അത് അങ്ങനെ സംഭവിക്കുകയും ചെയ്യുന്നു. തെക്കന്‍ കാറ്റുവീശുന്നതു കാണുമ്പോള്‍ ''പൊള്ളുന്ന ചൂടുണ്ടാകും'' എന്നു നിങ്ങള്‍ പറയുന്നു. അതും സംഭവിക്കുന്നു. കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങള്‍ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ? (ലൂക്കാ. 12: 54-56). നമ്മുടെ കര്‍ത്താവിന്റെ ഈ മുന്നറിയിപ്പിനെ സ്വാംശീകരിച്ചുകൊണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാര്‍ ഇപ്രകാരം എഴുതി: ''കാലത്തിന്റെ അടയാളങ്ങള്‍ സൂക്ഷ്മ നിരീക്ഷണം ചെയ്ത് സുവിശേഷവെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ സഭ എല്ലായ്‌പ്പോഴും ബാധ്യസ്ഥയത്രേ'' 60
 
സഭാപരിഷ്‌കരണം അഥവാ നവീകരണം കൗണ്‍സിലുകളില്‍ കൂടി സാധ്യമാക്കുക എന്നത് പുതിയ ഒരാശയമല്ല. അവിഞ്ഞോന്‍ (Avignon) പേപ്പസിക്കുശേഷം (1309-1376) സഭയില്‍ വലിയ മതഭിന്നത (Schism) ഉണ്ടായപ്പോള്‍ അതിന് വിരാമമിട്ടത് കോണ്‍സ്റ്റന്‍സ് കൗണ്‍സിലിലാണ് (നവംബര്‍ 1414-ഏപ്രില്‍ 1418). ഈ കൗണ്‍സിലില്‍ വച്ച് വളരെ വിവേക ത്തോടെ സുപ്രധാനമായ ഒരു തീരുമാനം ചെയ്തു. അതാണ് കൗണ്‍ സില്‍ നിശ്ചിത കാലയളവില്‍ കൂടിക്കൊണ്ടിരിക്കണമെന്നുള്ള ഡിക്രി (Decree of  Frequens, October 05, 1417). അന്നത്തെ ചുറ്റുപാടില്‍-യാത്രാക്ലേശം, പകര്‍ച്ചവ്യാധി, തുടങ്ങിയവ-ഇടയ്ക്കിടെയുള്ള കൗണ്‍സില്‍ കൂടല്‍ കുറെയൊക്കെ അപ്രായോഗികമായിരുന്നു. പക്ഷേ, ഇന്നത് പുനഃസ്ഥാപിക്കേണ്ടതാണ്. ഓരോ മാര്‍പാപ്പായുടെയും ഇംഗിത ത്തിനനുസരിച്ച് താലോലിക്കേണ്ട ഒരാശയമല്ലത്. റോമന്‍ കാര്യാലയ ങ്ങള്‍ വേണ്ട വിധത്തിലാണോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു വിലയിരുത്താന്‍ ഈ നീക്കം സഹായകമാകും.
 
 ആംഗ്ലിക്കന്‍ പണ്ഡിതന്‍ യാന്‍ ഡഗ്ലസ്-ന്റെ കണക്കനുസരിച്ച് 1900-ല്‍ ലോകമെമ്പാടുമുള്ള കത്തോലിക്കരില്‍ 83% യൂറോപ്പിലും വടക്കേ അമേരിക്കയിലുമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനപ്രകാരം 2025 ആകുമ്പോഴേക്കും 70% കത്തോലിക്കരും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായിരിക്കും അധിവസിക്കുന്നത്. കത്തോലിക്ക രുടെ അടിസ്ഥാനപരമായ ഈ സ്ഥാനചലനം അതിന്റെ വ്യക്തിത്വ ത്തെയും അധികാരഘടനയെയും സാരമായി ബാധിക്കുമെന്ന് റോമിന റിയാം. അക്കാരണത്താല്‍ തന്നെ അധികാരകേന്ദ്രീകരണത്തിനുള്ള സര്‍വവിധ കുതന്ത്രങ്ങളും ഉപയോഗിച്ച് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ വത്തിക്കാന്‍ പരിശ്രമിക്കും.

സീറോ മലബാര്‍ സഭ-കുറെ നിര്‍ദേശങ്ങള്‍
 
സീറോ മലബാര്‍ സഭ റോമിന്റെ അജണ്ട അനുസരിച്ചാണ് മുമ്പോട്ടു പോകുന്നത്. അത് അവസാനിപ്പിക്കണം. നമ്മുടെ സഭാനവീകരണ ത്തിന്റെ ഒരു ഭാഗമായിരിക്കണം അത്. പാറേമ്മാക്കല്‍ ഗോവര്‍ണദോറും കരിയാറ്റി മല്പാനും റോമില്‍ പോയി (1780) ആറാം പീയൂസ് മാര്‍പാപ്പായെ കണ്ടപ്പോള്‍ അവരുടെ സങ്കടങ്ങളും അപേക്ഷകളും എഴുതിയ പുസ്തകം തുറന്നുപോലും നോക്കാതെ മാറ്റിവച്ചിട്ട് മലങ്കരയില്‍ നല്ല മത്സ്യം കിട്ടുമോയെന്ന് തിരക്കിയകാലം മാറിപ്പോയെന്ന് ഇന്നത്തെ നമ്മുടെ മെത്രാന്മാര്‍ റോമിനെ ധരിപ്പിക്കണം.61 അതിനവര്‍ക്കു കഴിയുന്നി ല്ലെങ്കില്‍ ഇപ്പോഴും എപ്പോഴും നമ്മള്‍ മതകൊളോണിയലിസത്തിന്റെ നുകത്തിന്‍ കീഴിലായിരിക്കും.
 
പൗരസ്ത്യകാനോന്‍നിയമം നസ്രാണിസഭയില്‍ നടപ്പാക്കിയത് നസ്രാണിസഭയുടെ ശവപ്പെട്ടിയ്ക്ക് ഒരാണികൂടി അടിച്ചുറപ്പിക്കുന്നതിനായിരുന്നു. ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാലത്തുമാത്രമല്ല ഇന്നും ലത്തീന്‍സഭയാണ് യഥാര്‍ഥ കത്തോലിക്കസഭ എന്ന ധാരണ സജീവ മായി സഭയില്‍ നിലനില്ക്കുന്നു. നസ്രാണിസഭയുടെ ലത്തീനികരിക്കല്‍ പ്രക്രിയ ഇന്നും നിര്‍ബാധം തുടരുന്നു. റോമിന്റെ ഈ ലത്തീനികരിക്കലി നെതിരായി ശബ്ദമുയര്‍ത്താത്ത മെത്രാന്മാര്‍ നമുക്ക് ലജ്ജാവഹരാണ്.
 
ജനായത്തഭരണമല്ല സഭയില്‍ ദൈവം തിരുമനസ്സായത് എന്നു പറയുന്ന അതേ ലാഘവത്തിലും വിശ്വാസത്തിലും അല്മായന് സഭയില്‍ തുല്യമായ അവകാശവും അന്തസ്സുമുണ്ടെന്ന് പഞ്ചസാരയില്‍ പൊതിഞ്ഞ പൊളിവാക്കുകള്‍ സഭാധികാരികള്‍ ഇന്നും പറയുന്നു. നസ്രാണികള്‍ അതു ശ്രവിച്ച് തൃപ്തരാകണമത്രെ. യേശുവില്‍ സ്‌നാ പനം സ്വീകരിച്ച, എല്ലാ സംസ്‌കാരത്തിലും വര്‍ഗത്തിലുമുള്ള യേശു വിന്റെ സഹോദരീസഹോദരന്മാരെ ദൈവദൗത്യപദ്ധതിയില്‍ അവ്യാജ മായി പങ്കാളികളാക്കുമ്പോഴാണ് നീതിയും കരുണയും അതിലുപരി സൃഷ്ടികര്‍മവുമായി പൊരുത്തപ്പെട്ടുപോകുന്നത്. ഇന്നത്തെ ആഗോള കത്തോലിക്കസഭയിലും പ്രത്യേകിച്ച് നസ്രാണിസഭയിലും അത്തരം ഒരു മാറ്റമാണ് ഉളവാകേണ്ടത്. അത്തരം ഒരു സഭയെയാണ് വിശ്വാസി കള്‍ പ്രതീക്ഷിക്കുന്നത്.
 
തോമാ അപ്പോസ്തലനാല്‍ സ്ഥാപിതമായ നമ്മുടെ സഭയ്ക്ക് റോമില്‍ പടച്ച പൗരസ്ത്യസഭകളുടെ കാനോന്‍ നിയമം ആവശ്യമില്ല.  സ്വയം ഭരണാധികാരമുള്ള തോമായുടെ സഭയായ നമ്മുടെ സഭ തോമായുടെ മാര്‍ഗത്തെ അടിസ്ഥാനപ്പെടുത്തി കാലദേശാനുസൃതമായി പുതിയ നിയമങ്ങള്‍ രൂപപ്പെടുത്തുകയാണ് വേണ്ടത്. സഭയുടെ മഹാ യോഗത്തോട് ആലോചിച്ചുകൊണ്ടും ആ യോഗത്തിന്റെ ശുപാര്‍ശകള്‍ക്ക നുസൃതമായും സീറോ മലബാര്‍ സിനഡാണ് നമ്മുടെ പള്ളിനിയമത്തിന് രൂപം നല്‍കേണ്ടത്.  എങ്കില്‍ മാത്രമേ വിശ്വാസികള്‍ അനുസരിക്കേണ്ട നിയമത്തിന് അടിസ്ഥാനവും പ്രയോജനവും അര്‍ഥവും ഉണ്ടാവുക യുള്ളു. അങ്ങനെ തോമായുടെ നിയമം നസ്രാണി കത്തോലിക്കര്‍ക്കായി പുനരുദ്ധരിക്കണം. അതാണ് സഭയുടെ ഭരണനവീകരണം. അല്ലാതെ, പാശ്ചാത്യകാനോന്‍ നിയമത്തിന്റെ മാതൃകയില്‍ പൗരസ്ത്യകാനോന്‍ നിയമം സൃഷ്ടിച്ച് മാര്‍തോമാക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിയേല്‍ പ്പിക്കുന്നത് തികച്ചും അക്രൈസ്തവമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.62
 
''ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂര്‍ണമായും  സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്ഷ്യം''.63 ''കൂദാശാനുഷ്ഠാനങ്ങള്‍, നോമ്പ്, ഉപവാസം, ഭരണരീതി, ശിക്ഷണക്രമം, ആധ്യാത്മികത എന്നിവയെല്ലാം ഈ സഭാപാരമ്പര്യത്തിന്റെ വൈവിധ്യ മാര്‍ന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളിലൂടെയാണ് ഓരോ സഭയു ടെയും വ്യതിരക്തത സ്പഷ്ടമാവുക''.64  ''കാലത്തിന്റെയോ വ്യക്തിയു ടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്തവിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പാരമ്പര്യ ത്തിലേക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്''.66 അപ്പോള്‍ ഭരണ രീതിയിലും ശിക്ഷണക്രമത്തിലും കൂദാശാനുഷ്ഠാനങ്ങളിലുമെല്ലാം നമ്മുടെ സഭയുടെ പാരമ്പര്യങ്ങളെ പൂര്‍ണമായും അഭംഗമായും സംരക്ഷിക്കാന്‍ നാം കടപ്പെട്ടവരാണ്. സീറോ മലബാര്‍ സഭയുടെ മഹാ യോഗത്തിന്റെ ശുപാര്‍ശയോടെ മെത്രാന്‍ സിനഡ് സ്വയാധികാര സഭയുടെ പ്രത്യേക നിയമങ്ങള്‍ തയ്യാറാക്കേണ്ടതാണ്.
 
ലത്തീന്‍ കത്തോലിക്കസഭയില്‍ രൂപതാമെത്രാനാല്‍ നിയമിക്കപ്പെടുന്ന ക്ലേര്‍ജികളാണ് ഇടവകകളുടെ സ്വത്തും മറ്റ് പള്ളിസ്വത്തുക്കളും ഭരിക്കുന്നത്. പാരീഷ്‌കൗണ്‍സില്‍ അംഗങ്ങള്‍ വികാരിയെ പള്ളി സ്വത്തിന്റെ ഭരണനിര്‍വഹണത്തിന് സഹായിക്കുന്നു എന്നു മാത്രം. അവര്‍ക്ക് പള്ളിസ്വത്തിന്റെ നടത്തിപ്പില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവകാശമില്ല. വികാരിയെ ഉപദേശിക്കുന്ന ഒരു സമിതിയാണത്. റോമന്‍ ഭരണസമ്പ്രദായത്തിന്റെ ചുവട് പിടിച്ചുള്ള സഭാഭരണസമ്പ്രദായമാണത്. പക്ഷേ, മാര്‍തോമാക്രിസ്ത്യാനികളുടെ ഇടവകപള്ളിസ്വത്തുഭരണം പള്ളിയോഗ തീരുമാനപ്രകാരമായിരുന്നു നടത്തിയിരുന്നത്. പള്ളിയോഗ ത്തിന്റെ അധ്യക്ഷന്‍ പള്ളി വികാരിയായിരുന്നു. അദ്ദേഹം പള്ളിയുടെ സാമ്പത്തികഭരണത്തില്‍ ഇടപെട്ടിരുന്നില്ല. ശുശ്രൂഷാകാര്യങ്ങളി ലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മാര്‍തോമാക്രിസ്തീയസഭയുടെ താരിപ്പും പാരമ്പര്യവും അതായിരുന്നു. എന്നാല്‍ ലത്തീന്‍സഭയുടെ സമ്പ്രദായത്തിലുള്ള പള്ളിഭരണമാണ് നമ്മുടെ സഭയില്‍ ഇന്നു നടക്കുന്നത്. അത് നിര്‍ത്തല്‍ ചെയ്ത് നമ്മുടെ പുരാതന പാരമ്പര്യമായ തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായ പളളിഭരണസമ്പ്രദായം നമ്മുടെ സഭയില്‍ നടപ്പിലാക്കണം. പള്ളിപ്രതിപുരുഷയോഗം വികാരിയുടെ മേല്‍നോട്ടത്തില്‍ പള്ളിയുടെ സാമ്പത്തിക കാര്യങ്ങളുടെ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള ഒരു സംഘമായിരിക്കണം.
 
പാരീഷ്‌കൗണ്‍സിലും പാസ്റ്ററല്‍കൗണ്‍സിലും വികാരിമാര്‍ക്കും മെത്രാന്മാര്‍ക്കും ഉപദേശം നല്കാനുള്ള കൗണ്‍സിലുകളാണെന്നും ഉത്തരവുകള്‍ നല്കാനുള്ള കൗണ്‍സിലുകളല്ലെന്നും 2004 ജനുവരി 8-ാം തീയതി വത്തിക്കാനില്‍ കൂടിയ ക്ലേര്‍ജികളുടെ കാര്യാലയ അംഗങ്ങളോട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുകയുണ്ടായി. സഭയുടെ ഹയരാര്‍ക്കി സംവിധാനം ദൈവതിരുമനസ്സാണെന്നും വികാരിമാര്‍ക്കും മെത്രാന്മാര്‍ക്കും ഭരിക്കാനുള്ള അധികാരം ദൈവദത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ മാര്‍പാപ്പായുടെ നിഗമനത്തില്‍ പാരീഷ്/പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവകാശവും ക്ലേര്‍ജികള്‍ക്കും മെത്രാനും അതു ശ്രവിക്കാനുള്ള കടമയു മുണ്ട്.  അത്രമാത്രം. അത് റോമുണ്ടാക്കിയ പത്രോസിന്റെ നിയമമാണ്; നസ്യാണികളുടെ മാര്‍തോമാ നിയമമല്ല.
 
ലോകത്തിന്റെ ധൃതഗതിയിലുള്ള പരിവര്‍ത്തനങ്ങള്‍ വത്തിക്കാന്റെ സര്‍വസമര്‍ഥമായ കേന്ദ്ര ഉദ്യോഗസ്ഥ മേധാവിത്വത്തില്‍ തൂങ്ങിക്കിട ക്കാന്‍ പോകുന്നില്ല. മാര്‍പാപ്പായുടെയും റോമന്‍ കാര്യാലയങ്ങളുടെയും അധികാരങ്ങള്‍ക്ക് ഒരു അതിരുകല്പിക്കണം. മെത്രാന്മാര്‍ക്കും മെത്രാന്‍ സിനഡുകള്‍ക്കും കൂടുതല്‍ അധികാരം നല്കണം. ലോകമെത്രാന്‍ സിനഡായിരിക്കണം അധിക തീരുമാനങ്ങളും സ്വീകരിക്കേണ്ടത്. പോപ്പിന്റെ അധികാരത്തിന് ചുരുങ്ങിയ ചില കാര്യങ്ങള്‍ മാത്രമേ മാറ്റിവയ്ക്കാവൂ. അപ്പോള്‍ ഭരിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള പോപ്പിന്റെ അധികാരം നിലനില്ക്കും; പക്ഷേ, അത്യാവശ്യസന്ദര്‍ഭ ങ്ങളില്‍ മാത്രമേ അതുപയോഗിക്കാവൂ. മാര്‍പാപ്പായുടെ യാത്രകള്‍ കുറയ്ക്കണം. അപ്പോള്‍ മെത്രാന്മാര്‍ നിഷ്പ്രഭരാകുകയില്ല. മാര്‍പാപ്പാ യാല്‍ നിയോഗിക്കപ്പെട്ട അധികാരങ്ങളേ മെത്രാന്‍മാര്‍ക്കുള്ളു എന്നാണ് സാധാരണക്കാര്‍ ധരിച്ചുവച്ചിരിക്കുന്നത്. മാര്‍പാപ്പാമാരുടെ ചാക്രിക ലേഖനങ്ങളും മറ്റ് എഴുത്തുകളും നിയന്ത്രണാതീതമാകാന്‍ പാടില്ല.  മെത്രാന്മാര്‍ കൂടുതല്‍ ഇടയലേഖനങ്ങള്‍ എഴുതി വിശ്വാസികളെ പഠിപ്പിക്കാന്‍ ശ്രമിക്കണം. റോമില്‍നിന്നുള്ള പഠനങ്ങളേ പഠനങ്ങളാ യിട്ടുള്ളു എന്നാണ് ഇന്ന് വിശ്വാസികള്‍ തെറ്റിദ്ധരിച്ചുവച്ചിരിക്കുന്നത്. 66 മാര്‍പാപ്പാ ഒരു കൂട്ടുമൂപ്പനാണെന്നുള്ള കാര്യം വിസ്മരിക്കാന്‍ പാടില്ല.
  
നാഷണല്‍ കാത്തലിക്ക് റിപ്പോര്‍ട്ടര്‍ ബഹുജനങ്ങളുടെ പങ്കാളിത്തത്തോടെ 2002-ല്‍ മൂന്നാം വത്തിക്കാന്‍ കൗണ്‍സിലിന് ഒരു ബ്ലൂപ്രിന്റ് എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ ഒരു ചര്‍ച്ച നടത്തുകയുണ്ടായി. നിരവധി അല്മായരും വൈദികരും സന്യസ്തരും പങ്കെടുത്ത ആ സൈബര്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള ചില അഭിപ്രായങ്ങള്‍ ഇവിടെ സംഗ്രഹിക്കുന്നു.67

സഭാഭരണവും അധികാരവികേന്ദ്രീകരണവും
 
പുരോഹിത മേധാവിത്വം ആഗോളസഭയില്‍ ഇന്നും പ്രബലമാണ്. ഇതാശാസ്യമല്ല. സഭ ദൈവജനമാണെങ്കില്‍ അല്മായരുടെ ശാക്തീകരണമാണ് സുപ്രധാനം.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ക്ക് എന്താണ് സംഭവിച്ചത്? ആ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ക്കനുസൃതമായി സഭയെ നവീകരിച്ചിട്ടില്ല. ആ നവീകരണത്തിനുശേഷം മതി മറ്റൊരു ആഗോള കൗണ്‍സിലെന്ന അഭിപ്രായവും  ആഗോളതലത്തില്‍ പൊന്തി വന്നിട്ടുണ്ട്. വിപ്ലവകരമായ രേഖകള്‍ ഉണ്ടാക്കിവച്ചിട്ടുണ്ട് എന്നു പറയുന്നതില്‍ എന്തു കാര്യം? നാം കൗണ്‍സിലിനു മുമ്പുള്ള അവസ്ഥയില്‍ ത്തന്നെ തുടരുകയാണ് എന്നോ അതിലും യാഥാസ്ഥിതികമായ അവസ്ഥ യാണ് പല മേഖലകളിലുമുള്ളത് എന്നോ പറയണം. അവ നടപ്പിലാക്കിയാല്‍ സ്വന്തം ശക്തി ക്ഷയിച്ചേക്കുമെന്നു മനസ്സിലാക്കിയ സഭാ സെക്രട്ടറിയേറ്റുകള്‍ അവ നടപ്പാക്കാതിരുന്നതുതന്നെയാണ് കാരണം.
 
കൂരിയാകളെ (സഭാ സെക്രട്ടറിയേറ്റുകള്‍) സഭാനിയന്ത്രണത്തിന്റെ കേന്ദ്രങ്ങളാക്കിയിരിക്കുന്നതിന്റെ ഫലമായി മെത്രാന്മാരും മാര്‍പാപ്പായും വരെ അവയുടെ കീഴിലാണെന്ന അവസ്ഥയാണ് ഇന്നുള്ളത്.
 
മെത്രാന്മാരും മാര്‍പാപ്പായും സ്വന്തം പദവിയില്‍ പതിനഞ്ചു വര്‍ഷമോ 75 വയസ്സുവരെയോ തുടരാന്‍ പാടുള്ളൂ. മാര്‍പാപ്പായുടെ അപ്രമാദിത്വം പരിശുദ്ധാത്മാവിന്റെ വരങ്ങളിലൂടെയും ദാനങ്ങളിലൂടെയും ഉള്ള പ്രവര്‍ത്തനത്തെപ്പറ്റിയുള്ള തിയോളജിയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കണം. മാര്‍പാപ്പായും മനുഷ്യനായ സ്ഥിതിക്ക് അപ്രമാദിത്വാവകാശം അടിസ്ഥാനമില്ലാത്തതാകാനിടയുണ്ട്.
പരിശുദ്ധ, നിതാന്ത വന്ദ്യ, അഭിവന്ദ്യ എന്നിങ്ങനെയുള്ള വിശേഷണങ്ങളും പിതാവേ എന്ന സംബോധനയും മാര്‍പാപ്പായ്ക്കും മെത്രാന്മാര്‍ക്കും ഉപയോഗിക്കുന്നത് പുതിയ നിയമസന്ദേശത്തിനു  നിരക്കുന്നതല്ല. മെത്രാനെയും സഹോദരാ എന്നാണ് വിളിക്കേണ്ടത്.

ഇടവകജീവിതവും മതാധ്യാപനവും
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രാദേശിക തലത്തിലുള്ള അല്മായ ശാക്തീകരണത്തിനും പങ്കാളിത്തത്തിനും സഹായകമാകുംവിധം ഇടവക പാരീഷ്‌കൗണ്‍സിലിനെ ഉപയോഗിക്കണം എന്നു നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ഓരോ രൂപതയിലെയും മെത്രാന്റെയും ഓരോ ഇടവകയിലെ യും പുരോഹിതന്റെയും താത്പര്യമനുസരിച്ചാണ് അവയുടെ പ്രവര്‍ ത്തനം. ഇക്കാര്യത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയാവും.
 
ഹയര്‍സെക്കന്‍ഡറിവരെ മതപഠനം സാമാന്യം കാര്യക്ഷമമായി നടത്തപ്പെടാറുണ്ടെങ്കിലും അതിനുശേഷം യൗവനത്തില്‍ മിക്ക യുവാക്കള്‍ക്കും ആധുനിക ശാസ്ര്ത്ര സാങ്കേതികവിദ്യകളുടെയും മതേതരമായ വിജ്ഞാനത്തിന്റെയും സ്വാധീനത്താല്‍ വിശ്വാസം നഷ്ടപ്പെടുന്നതായാണ് കാണുന്നത്. മതാധികാരികളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടും അതിനൊരു കാരണമാണ്. ഈ പൊരുത്തക്കേട് ഇല്ലാതാക്കാന്‍ സഭാധികാരികള്‍ ശ്രദ്ധിച്ചേ മതിയാവൂ. ഒപ്പം മതം ശാസ്ത്രത്തിനെതിരല്ല എന്ന ബോധ്യം നഷ്ടപ്പെടുന്നതുകൊണ്ട്, വിശ്വാസമുപേക്ഷിക്കുന്നവരെ, അതു സംബന്ധിച്ച പുതിയ കണ്ടെത്തലുകളും മറ്റും ലഭ്യമാക്കിക്കൊണ്ട് വിശ്വാസത്തില്‍ ഉറപ്പിച്ചു നിറുത്താന്‍ കഴിയേണ്ടതുമുണ്ട്.

കുടുംബങ്ങള്‍ക്കു നല്‌കേണ്ട ശ്രദ്ധ
 
കുടുംബബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെടുന്നതിനെത്തുടര്‍ന്നാണ് വ്യക്തികള്‍ അന്യവത്കരിക്കപ്പെടുന്നതും അവര്‍ അനാരോഗ്യകരമായ നിരവധി പ്രവണതകള്‍ക്ക് വിധേയരാകുന്നതും. കുടുംബബന്ധങ്ങള്‍ ശിഥിലമാകാതിരിക്കാന്‍ സമകാലിക യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്തും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകള്‍ പുനഃപരിശോധിച്ചുകൊണ്ടും ഉള്ള ഒരു അജപാലനരീതി സഹായകമാകും. സഭ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പ്രശ്‌നങ്ങള്‍ വഷളാകാതിരിക്കാന്‍ അനിവാര്യമാണ്.
 
മതാത്മകജീവിതം
 
അല്മായരെ ശാക്തീകരിക്കുക എന്നു പറയുമ്പോള്‍ വൈദികരുടെയും സന്ന്യസ്തരുടെയും പ്രാധാന്യം അവഗണിക്കണം എന്നര്‍ഥമില്ല. ആത്മീയജീവിതത്തില്‍ നിസ്വാര്‍ഥമായ സ്വജീവിതമാതൃകകൊണ്ട് വ്യത്യസ്തമായ സാക്ഷ്യങ്ങള്‍ നല്കാന്‍, സന്ന്യസ്തര്‍ക്കു കഴിയുന്നത്ര, അല്മായര്‍ക്കു കഴിയണമെന്നില്ല. ദാരിദ്യം, അനുസരണം, ബ്രഹ്മചര്യം മുതലായ വ്രതങ്ങളെടുത്ത് സന്ന്യാസം സ്വീകരിക്കുന്നത് ബുദ്ധമതവും ഹിന്ദുമതവും പോലെയുള്ള മറ്റു മതങ്ങളിലും ഉണ്ടെന്നും നാം മറക്കരുത്.

വിവാഹിതര്‍ക്കും സ്ത്രീകള്‍ക്കും പൗരോഹിത്യം
 
ബ്രഹ്മചാരിയായിക്കഴിയാനുള്ള ശേഷി ഒരു വരമാണെന്നും അത് അടിച്ചേല്പിക്കുന്നതു ശരിയല്ലെന്നും നാം മറക്കരുത്. പൗരോഹിത്യം ബ്രഹ്മചാരിക്കോ പുരുഷനോ മാത്രമായി പരിമിതപ്പെടുത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. വിവാഹിതര്‍ക്കും പൗരോഹിത്യം നല്കാവുന്നതാണ്. പൗരസ്ത്യസഭാപാരമ്പര്യം വിവാഹിതര്‍ക്കു പൗരോഹിത്യം അനുവദിക്കുന്നുണ്ടെന്ന വസ്തുതയും ഓര്‍മ്മിക്കണം. മാര്‍പാപ്പായ്ക്കുള്ളതുപോലെ തങ്ങള്‍ക്കും അപ്രമാദിത്വമുണ്ടെന്നുള്ള പുരോഹിതഹുങ്ക് അവസാനിപ്പിക്കാനും സഭയില്‍ സമത്വവും സാഹോദര്യവും പുലരാനും ഇതു സഹായകമാകും. സഭയുടെ ദൗത്യം നിര്‍വഹിക്കാന്‍ കൂടുതല്‍ പേരെ പ്രാപ്തരാക്കുകയും ചെയ്യും. ആര്‍ക്കു പൗരോഹിത്യം നല്കണമെന്ന് തീരുമാനിക്കുന്നതും അവരെ പഠിപ്പിക്കുന്നതും ഓരോ ഇടവകയോഗവും ആയിരിക്കട്ടെ. ഇങ്ങനെയുള്ള പരിഷ്‌കരണങ്ങള്‍ പരിശുദ്ധാത്മാവിന്റെ ദൈവശാസ്ത്രം, മനസ്സാക്ഷിയുടെ പ്രാധാന്യം, സഭയിലെ സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമാക്കല്‍ മുതലായവയ്‌ക്കൊക്കെ അനുരൂപമായിരിക്കും.

മനുഷ്യലൈംഗികത
 
ലൈംഗികതയെ സംബന്ധിച്ച ധാര്‍മികതയില്‍ ഉളവായിട്ടുള്ള നവീന വികാസങ്ങളും സൂചനകളും ഉള്‍ക്കൊള്ളുന്ന പുതിയൊരു ലൈംഗികവീക്ഷണം സഭയില്‍ അനിവാര്യമാണ്. സഭയിലിന്നുള്ളത് ലൈംഗികമായി രോഗാതുരമെന്നോ ദുര്‍ബലമെന്നോ വിളിക്കപ്പെടാവുന്ന അവസ്ഥയാണ്. ലൈംഗികതയെ ഒരപകടമായല്ല, വരമായി കാണണം. അതുപോലെതന്നെ ലൈംഗികവികാരങ്ങള്‍ രോഗാവസ്ഥയല്ല, ആരോഗ്യത്തിന്റെ ലക്ഷണമാണ് എന്ന അടിത്തറയില്‍ നിന്നുകൊണ്ടേ യുക്തിഭദ്രമായ ലൈംഗിക മൂല്യബോധം യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാവൂ എന്ന ബോധ്യം സഭാനേതൃത്വത്തിന് ഉണ്ടാകുകയും വേണം.
 
സ്ത്രീ
 
മനുഷ്യരാശിയുടെ പകുതി അംഗങ്ങളും സ്ത്രീകളാകയാല്‍ സമൂഹ ത്തിലും സഭയിലും സ്ത്രീക്കുള്ള റോള്‍ വിസ്മരിച്ച് അവരെ അവഗണിക്കുന്നത് സഭാംഗങ്ങളെയെല്ലാം ആത്മീയമായി ചേര്‍ത്തു നിര്‍ത്തേണ്ട സഭയുടെ സമഗ്രവീക്ഷണത്തിനും ദൈവഹിതത്തിനും ചേര്‍ന്നതല്ല.

വിവാഹമോചനം
 
സിവില്‍ കോടതിയില്‍നിന്നും വിവാഹമോചനം കിട്ടിയ ദമ്പതികള്‍ക്കും കൂദാശകള്‍ സ്വീകരിക്കാന്‍ അനുവദിക്കുക. സഭ പാപികളെ ചികിത്സിക്കുന്ന ആശുപത്രിയാകണം.

ദരിദ്രരോടു പക്ഷംചേരലും സമാധാനസംസ്ഥാപനവും
 
ഇവയ്ക്ക് നമ്മുടെ പ്രവര്‍ത്തനങ്ങളിലും ദൈവശാസ്ത്രത്തിലും വലിയ സ്ഥാനം നല്‌കേണ്ടതുണ്ട്. സഭക്കും ഇടവകയ്ക്കും ഇടവകാംഗങ്ങളായ വ്യക്തികള്‍ക്കും ഇതില്‍ ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ദരിദ്രരുടെയും രോഗികളുടെയും ഭവനരഹിതരുടെയും അവഗണിതരുടെയും ഒക്കെ പ്രശ്‌നങ്ങള്‍ക്ക് ഏതെല്ലാം വിധത്തില്‍ പരിഹാരമുണ്ടാക്കാം എന്ന് പഠിക്കുകയും കര്‍മപരിപാടികള്‍ ആയോജനം ചെയ്തുനടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
 
പാശ്ചാത്യസംസ്‌കാരത്തിലുള്ള നന്മകളെയെല്ലാം ഇല്ലാതാക്കുന്ന ഇക്കാലത്തെ ഒരു പ്രധാന പാപം ആര്‍ത്തിയാണ്. വ്യവസ്ഥിതിയുടെ തകരാറുകള്‍ ഇല്ലാതാക്കാന്‍ എന്ന ന്യായവാദത്തോടെ നടത്തപ്പെടുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ അനേകരെ അരക്ഷിതരാക്കുകയാണ് ചെയ്യുന്നത്. ലോകമെങ്ങുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുംവിധം സഭയുടെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
 
സൈബര്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ എത്രയോ അര്‍ത്ഥവത്താണ്; അത് കാലോചിതവുമാണ്.
 
സ്‌നേഹമാണ് പ്രഥമവും പ്രധാനവുമായ കല്പന (മത്താ. 22: 38-39), ദൈവം സ്‌നേഹമാകുന്നു (1 യോഹ. 4 : 8, 16), സഹോദരസ്‌നേഹമാണ് നിത്യരക്ഷയ്ക്കുള്ള മാര്‍ഗം (മത്താ. 25: 34-67), ശത്രുക്കളെ സ്‌നേഹിക്കുക (മത്താ. 5: 44) തുടങ്ങിയ സ്‌നേഹത്തിന്റെ പ്രമാണം സ്വേച്ഛാധികാരപ്രമത്തരായ സഭാധികാരികള്‍ക്കു മനസ്സിലാക്കാന്‍ കഴിയില്ല. സ്വസഹോദരങ്ങളോടുള്ള സ്‌നേഹത്തിലധിഷ്ഠിതമായ സഭാനവീകരണ പ്രക്രിയയാണ് ഇന്നാവശ്യം.
 
അനുനിമിഷം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഇലക്‌ട്രോ ണിക് യുഗത്ത് പണ്ടത്തെ പ്രവര്‍ത്തനരീതിയിലുള്ള സഭയുടെ സംഘടിത സ്വഭാവം ഇന്ന് ഫലിച്ചെന്നു വരില്ല. തീര്‍ത്ഥാടന സഭ ലോകാവസാനം വരെ പരിവര്‍ത്തനവിധേയയായിരിക്കണം. ക്രിസ്തുവിന്റെ പഠനങ്ങളിലെ അന്തസ്സാരം ക്രിസ്ത്യാനികള്‍ (അല്മായര്‍, പുരോഹിതര്‍, മേല്‍പട്ടക്കാര്‍, മാര്‍പാപ്പാ) കാലോചിതമായി സുഗ്രാഹ്യമാക്കണം. അത് ദൈവസ്‌നേഹ ത്തിലും പരസ്പരസ്‌നേഹത്തിലും ഉപവിയിലും ക്ഷമാശീലത്തിലും മാപ്പു നല്‍കുന്നതിലും അനുരഞ്ജനത്തിലുമെല്ലാം അധിഷ്ഠിതമായിരിക്കണം.
 
പണ്ടു കാലങ്ങളില്‍ സഭയില്‍ മാറ്റങ്ങള്‍ സംഭവിക്കുക അസാധ്യമെന്ന് കരുതിയിരുന്ന പലതും ഇന്ന് മാറ്റത്തിന് വിധേയമായി. അന്യായപലിശ (usury), അടിമത്തം (slavary), മതസ്വാതന്ത്ര്യം (religious freedom) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. സഭയില്‍ സംഭവിക്കേണ്ട പരിവര്‍ ത്തനങ്ങള്‍ ക്രിസ്തുവിന്റെ മനോഭാവത്തോടാണ് അനുരൂപപ്പെടേണ്ടത്. മറിച്ച്, റോമാസാമ്രാജ്യത്തിന്റെ പഴഞ്ചന്‍ മനോഭാവത്തോടല്ല. മുന്‍കാല ങ്ങളിലെ നിയമങ്ങള്‍ പഴമയുടെ പേരില്‍ ബഹുമാനപൂര്‍വം കാത്തു സൂക്ഷിക്കേണ്ട കാര്യമില്ല. ഇന്നുള്ള കാനോന്‍നിയമം വിശുദ്ധ ഗ്രന്ഥാ ധിഷ്ഠിതമല്ല. അത് പഴയ റോമാസാമ്രാജ്യ ഭരണനിയമാധിഷ്ഠിത മാണ്. മാര്‍തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായി ദൈവസ്‌നേഹത്തിനും പരസ്പര സ്‌നേഹത്തിനും ഉപവിക്കും ഊന്നല്‍ കൊടുത്തു കൊണ്ടുള്ള നസ്രാണി കത്തോലിക്ക സമൂഹകൂട്ടായ്മയുടെ ഒരു സ്വതന്ത്രസഭാ നിയമമാണ് നമുക്കു വേണ്ടത്.
 
മേല്‍ത്തട്ടില്‍ നിന്നും സഭാനവീകരണം പ്രതീക്ഷിക്കണ്ട.  കാരണം, കഴിഞ്ഞ 30 വര്‍ഷങ്ങള്‍കൊണ്ട് സഭാധികാരം കടുത്ത യാഥാസ്ഥിതിക മേല്‍പട്ടക്കാരെക്കൊണ്ട് കുത്തിനിറച്ചിരിക്കുകയാണ്. അതുകൊണ്ട് കീഴെതട്ടില്‍ നിന്ന് സഭാനവീകരണം ആരംഭിക്കേണ്ട കാലമായി. കത്തോ ലിക്കസഭ ഇന്നത്തെ സ്ഥിതിയില്‍ മുന്‍പോട്ടു പോയാല്‍ ഒന്നുകില്‍ സഭയില്‍ ഭിന്നിപ്പ് തീര്‍ച്ച; അതല്ലെങ്കില്‍ ഒരു നല്ല ശതമാനം വിശ്വാസികള്‍ സഭയ്ക്ക് നഷ്ടപ്പെടും.
 
നമ്മുടെ മെത്രാന്മാര്‍ തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന പട്ടക്കാരുടെയും അല്‌മേനികളുടെയും ഇടയില്‍ അവരെ സംബന്ധിച്ച് ഒരു നിരീക്ഷണ പഠനം (survey) നടത്താറില്ല. മെത്രാന്മാരുടെ ഭരണം പട്ടക്കാര്‍ക്കും അല്‌മേനികള്‍ക്കും തൃപ്തികരമാണോ എന്നവര്‍ അന്വേഷിക്കാറില്ല.  ഇടവക വികാരിമാര്‍ അവരവരുടെ ഇടവകകളിലും സര്‍വെ നടത്തി സ്വയം വിലയിരുത്താറില്ല. തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന അധികാരം ദൈവദത്ത മാണെന്നുള്ള അഹങ്കാര ചിന്തയാണ് ഇതിനു പിന്നിലുള്ള ദൈവശാ സ്ത്രം. യേശുപോലും തന്നെപ്പറ്റി ശിഷ്യരോട് മറ്റുള്ളവര്‍ എന്തു വിചാരി ക്കുന്നു എന്ന് തിരക്കിയറിഞ്ഞിരുന്നു. ''അവന്‍ ഏകാന്തതയില്‍ പ്രാര്‍ഥി ക്കുകയായിരുന്നു. ശിഷ്യരും കൂടെയുണ്ടായിരുന്നു. അവന്‍ അവരോടു ചോദിച്ചു: 'ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?' അവര്‍ മറുപടി പറഞ്ഞു: 'സ്‌നാപക യോഹന്നാന്‍ എന്ന്; എന്നാല്‍ ഏലിയാ എന്നു മറ്റു ചിലര്‍ പറയുന്നു, പഴയ പ്രവാചകരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നു വേറെ ചിലര്‍'. അവന്‍ അവരോടു ചോദിച്ചു : 'എന്നാല്‍ ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്?' പത്രോസ് പറഞ്ഞു: 'ദൈവത്തിന്റെ അഭിഷിക്തന്‍' (ലൂക്കോ. 9: 18-20). എന്തുകൊണ്ട് ക്രിസ്തുവിന്റെ മാതൃക ഇക്കാര്യത്തില്‍ പട്ടക്കാരും മേല്പട്ടക്കാരും സ്വീകരിച്ചുകൂടാഅവരെപ്പറ്റി ത്തന്നെ അവര്‍ക്ക് ഒരു സര്‍വെ നടത്തിക്കൂടേ? ആഗോളസഭയ്ക്കും സീറോ മലബാര്‍ സഭയ്ക്കും സര്‍വേ നടത്തിക്കൂടെ?

പുതിയ ഘടന
 
സഭയ്ക്ക് ഒരു പുതിയ ഘടന ഉണ്ടാകണം. പുതിയ സഭാഘടനയില്‍ പുരോഹിതമേധാവിത്വം ഉണ്ടാകാന്‍ പാടില്ല.  മെത്രാന്മാരെ രൂപതാ മഹാ യോഗം തെരഞ്ഞെടുക്കണം. റോമിന്റെ ഇഷ്ടപ്രകാരം മെത്രാന്മാരെ സ്ഥലംമാറ്റുന്ന സമ്പ്രദായം നസ്രാണിസഭയില്‍ അടുത്തകാലത്താണാ രംഭിച്ചത്. മാര്‍പാപ്പായുടെ അധികാരം സ്ഥാപിച്ചെടുക്കാനുള്ള ഒരടവാ ണത്. അത് നിര്‍ത്തല്‍ ചെയ്ത് നമ്മുടെ പൂര്‍വപാരമ്പര്യം നിലനിര്‍ ത്തണം. രൂപതാ മെത്രാന്‍ സ്വന്തം രൂപതയില്‍ ജനിച്ചുവളര്‍ന്ന ആളായിരിക്കണം. രൂപത ഒരു ചെറിയ സഭയാണ്. രൂപതാ മെത്രാനെ രൂപതാ മഹാ യോഗമാണ് തെരഞ്ഞെടുക്കേണ്ടത്. ഇന്ന് റോമാരൂപതയുടെ മെത്രാനെ മാത്രമേ (മാര്‍പാപ്പാ) തെരഞ്ഞെടുക്കുന്നുള്ളു. എന്നാല്‍ റോമാ രൂപത യുടെ അല്‌മേനികളല്ല അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. മാര്‍പാപ്പാ റോമാരൂപതയുടെ മെത്രാനായിരിക്കേണ്ട ആവശ്യമില്ല. അദ്ദേഹം ആഗോളസഭയുടെ തലവനാണ്. കത്തോലിക്കസഭയുടെ ആഗോളമഹാ യോഗമാണ് അദ്ദേഹത്തെ മാര്‍പാപ്പായായി തെരഞ്ഞെടു ക്കേണ്ടത്.

ലോകവുമായുള്ള സംവാദം
 
ലോകവുമായി സംവാദത്തിലേര്‍പ്പെടാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍  സഭയോടാവശ്യപ്പെട്ടു. സഭാപിതാക്കന്മാരുടെ ആ നിര്‍ദേശം കാലത്തിന്റെ ചുവരെഴുത്തുകളെ വ്യക്തമായി കണ്ടതിന്റെ അടിസ്ഥാന ത്തിലായിരുന്നു. സഭയുമായി സംവാദത്തിലേര്‍പ്പെടാന്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി ലോകം ശ്രമിച്ചു. പക്ഷേ, സഭ സംവാദത്തിന് തയ്യാറായില്ല. സഭയിലെ യാഥാസ്ഥിതികര്‍ക്ക് കാലത്തിന്റെ ചുവരെഴുത്തുകളെ കാണാന്‍ കഴിയുന്നില്ല. അവര്‍ക്ക് അധികാരത്തിന്റെ തിമിരം പിടിച്ചിരി ക്കുകയാണ്.  അതുകൊണ്ട് സഭയിലെ അധികാരതലങ്ങളെ അരക്കിട്ടു റപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്; അതാണ് അവരുടെ 'സഭ ആധുനിക ലോകത്തില്‍'.
 
സഭയെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം പുതിയതായി വലിയ ശീശ്മകളൊന്നും ഉണ്ടായിട്ടില്ല. ഫ്രഞ്ചുകാരനായ ആര്‍ച്ചു ബിഷപ്പ് മാര്‍സല്‍ ലെഫേബ്‌റെ (Archbishop Marcel Lefebvre) സൂനഹദോസു വരുത്തിയ മാറ്റങ്ങളെ എതിര്‍ത്തു. 1970-ല്‍ അദ്ദേഹം വിശുദ്ധ പത്താം പീയൂസിന്റെ സമൂഹം (Society of St. Pius X) എന്ന പേരില്‍ ഒരു വൈദിക കൂട്ടായ്മ സ്ഥാപിച്ചു. 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ട് അദ്ദേഹം നാലു വൈദികര്‍ക്ക് മെത്രാന്‍ പട്ടം നല്കി. കാനോന്‍നിയമപ്രകാരം അദ്ദേഹവും മെത്രാന്‍പട്ടം സ്വീക രിച്ച നാലു മെത്രാന്മാരും സ്വയംപ്രേരിത മഹറോന്‍ ശിക്ഷയില്‍ ഉള്‍പ്പെട്ടു. 1991-ല്‍ ലെഫേബ്‌റെ ദിവംഗതനായി. അദ്ദേഹത്തിന്റെ അനുയായികള്‍ മഹറോന്‍ ശിക്ഷയുടെ സാധുതയെ ചോദ്യം ചെയ്തു. 2009-ല്‍ റോം നാലു മെത്രാന്മാരെയും മഹറോന്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. കത്തോലിക്കസഭയിലേയ്ക്ക് അവര്‍ തിരിച്ചുവന്നിട്ടില്ല. രൂക്ഷമായ പല പ്രശ്‌ന ങ്ങളും സഭ ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അതായത് പോപ്പി ന്റെ അധികാരം, സഭാഭരണം, വൈദികക്ഷാമം, വൈദിക ബ്രഹ്മചര്യം, സ്ത്രീപൗരോഹിത്യം, കുടുംബാസൂത്രണം, ലിറ്റര്‍ജി മുത ലായ പ്രധാനപ്പെട്ട വിഷയങ്ങള്‍ സഭയ്ക്ക് കീറാമുട്ടി പ്രശ്‌നങ്ങളാണ്.
 
പൊളിച്ചുപണി
 
സഭയെ പൊളിച്ചു പണിയുകയല്ല വേണ്ടത്. മറിച്ച്, പണ്ടുകാലം മുതല്‍ സഭയെയും സമൂഹത്തെയും കുടുംബത്തെയുംപറ്റി ഉണ്ടായിരുന്ന ചില ധാരണകള്‍ പൊളിച്ചുമാറ്റുകയാണ് വേണ്ടത്. രണ്ടു ഗ്രൂപ്പുകളായി ത്തീര്‍ന്നാല്‍ പള്ളിയുടെ പണി നേരെ പോവുകയില്ല. ഒരു സംഘം ഒരു വശത്തേക്കു പോകുമ്പോള്‍ മറ്റെ സംഘം ആദ്യത്തെ സംഘം പോയ തിന്റെ ഇരട്ടി മറുവശത്തേക്കു പോകും. സംവാദത്തിന് സാധ്യമാകുന്ന മധ്യരേഖയുടെ വിവേകം നഷ്ടപ്പെടുന്നു.

അധികാരഘടന
 
കത്തോലിക്കസഭാധികാരികളുടെ അധികാര ദുര്‍വിനിയോഗം എന്ന പാപം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നായകത്വം, അധികാരം, തീരുമാനമെടുക്കല്‍ തുടങ്ങിയവ യേശു പഠിപ്പിച്ച ശുശ്രൂഷയുടെ ഭാഷയില്‍ പരിഭാഷപ്പെടുത്തണം; സഭയുടെ അധികാരഘടന ആദ്യം തന്നെ പൊളിച്ചുമാറ്റണം. അതിനുശേഷമായിരിക്കണം വിവാഹിതരായ പുരോഹിതരും സ്ത്രീപുരോഹിതരും ഉണ്ടാകാന്‍. അതല്ലായെങ്കില്‍ ഈ പുരോഹിതരെയും ഇപ്പോള്‍ നിലവിലുള്ള അധികാരഘടനയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയും അതിന്റെ ഫലമായി ഇപ്പോഴത്തെ സഭാഘടന സ്ഥിരപ്പെടുകയുമായിരിക്കും ചെയ്യുന്നത്.
 
പൊതുവായ ചില നിര്‍ദേശങ്ങള്‍
 
പൗരോഹിത്യത്തെ സംബന്ധിച്ചുള്ള സഭയിലെ ഇന്നത്തെ കാഴ്ച പ്പാടും പ്രതീക്ഷകളും മാറണം. സ്ത്രീകള്‍ക്കും പൗരോഹിത്യപട്ടം നല്‍കി വൈദികവൃത്തിയ്ക്കായി നിയോഗിക്കണം. അതല്ലായെങ്കില്‍ സഭ സ്ത്രീകളോട് വിവേചനമാണ് ചെയ്യുന്നത്. സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹി ക്കുന്ന സ്ഥാനം സഭയില്‍ നല്കണം.
 
ലോകത്തിലെ വലിയ വലിയ കമ്പനികളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെയും, പെപ്‌സി കോള കമ്പനിയുടെയും, റിലയന്‍സിന്റെ യുമെല്ലാം സി. ഇ. ഓ. മാര്‍ വിവാഹിതരാണ്. പിന്നെ എന്തുകൊണ്ട് വിവാഹിതനായ മെത്രാന് തന്റെ രൂപതയെ ശുശ്രൂഷിച്ചുകൂടാ. വിവാഹിതനായതിനാല്‍ സമയക്കുറവ് എന്ന ആരോപണം ഉന്നയിക്കാന്‍ സാധിക്കയില്ലല്ലോ.

വിവാഹിതനായിരുന്നുകൊണ്ടുതന്നെയാണ് ഒന്നാം പോപ്പായായ പത്രോസ് ജെറുശലേമിലും അന്ത്യോക്യായിലുമെല്ലാം കര്‍ത്താവിന്റെ സുവിശേഷം പ്രസംഗിച്ചു നടന്നത്.  പത്രോസിന്റെ ഭാര്യ ഈ യാത്രയിലെല്ലാം പത്രോസിനോടൊപ്പം ഉണ്ടായിരുന്നു (1 കോറി. 9: 5).  മറ്റ് അപ്പോസ്തലര്‍ക്കും കര്‍ത്താവിന്റെ സഹോദരര്‍ക്കും ഭാര്യമാരുണ്ടായിരുന്നു (1 കോറി. 9: 5). വിവാഹിതവിശുദ്ധി അവിവാഹിത വിശുദ്ധിയോളം വിശുദ്ധമല്ല എന്നതു സഭയില്‍ പിന്നീടുണ്ടായ യാതൊരടിസ്ഥാനവുമില്ലാത്ത വിശ്വാസമാണ്. സമയദൗര്‍ലഭ്യമല്ലിവിടെ പ്രശ്‌നം.
 
5000-ത്തില്‍ കൂടുതല്‍ മെത്രാന്മാര്‍ കത്തോലിക്കസഭയ്ക്ക് ഇന്നുണ്ട്. 50 വര്‍ഷംകൊണ്ട് മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇവരെയെല്ലാം അല്‍മേനികളാണ് സംരക്ഷിക്കേണ്ടത്. മെത്രാന്മാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. മെത്രാന്മാര്‍ വാശിയുടെയും പകയുടെയും ഭാഷ വെടിഞ്ഞ് അറിവിന്റെയും തിരുത്തലുകളുടെയും ഭാഷ സ്വീകരിക്കണം. മെത്രാന്‍തൊപ്പിയുടെ നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതുകൊണ്ടോ എണ്ണത്തില്‍ തീരാത്ത 'മാര്‍തോമാകുരിശും' ഇരട്ടമയിലും തുന്നിപ്പിടിപ്പിച്ച് അലങ്കരിക്കുന്നതുകൊണ്ടാ ഒന്നും ഒരാത്മാവിനെപ്പോലും സ്വര്‍ഗത്തിലേക്കു നയിക്കാന്‍ അവര്‍ക്കു കഴിയുകയില്ല. അവരുടെ ആധ്യാത്മികശുശ്രൂഷയാണ് വിശ്വാസികള്‍ക്കാവശ്യം.
 
മേല്‍പട്ടക്കാരും പുരോഹിതരും സ്വന്തം വേല ചെയ്ത് ഉപജീവനം നടത്തണം. യേശുവിന്റെ അപ്പനായ യോസേഫ് തച്ചനും (മത്താ. 13: 55) യേശു മരപ്പണിക്കാരനും (മര്‍ക്കോ. 6: 3) ശിമയോന്‍ മുക്കുവനും (മത്താ. 4: 18) പൗലോസ് കൂടാരപണിക്കാരനും (അപ്പോ. പ്രവ. 18. 3) ആയിരുന്നു. സ്വന്തം വേല ചെയ്ത് അവര്‍ അപ്പം ഭക്ഷിച്ചു. മറ്റുള്ളവര്‍ക്ക് അവര്‍ ഭാരമായിരുന്നില്ല. ''മുഖം വിയര്‍ത്തു നീ അപ്പം ഭക്ഷിക്കും.'' (ഉല്‍പ. 3: 19) എന്നതു കര്‍ത്താവിന്റെ നിയമമാണ്. കര്‍ത്താവിന്റെ അന്ത്യഅത്താഴവേളയിലെ കാലുകഴുകല്‍ശുശ്രൂഷയാണ് അപ്പം മുറിക്കലിലും പ്രധാനമെന്ന് ഓരോ മെത്രാനും പുരോഹിതനും വിശ്വാസിയും മനസ്സിലാക്കണം. യഥാര്‍ത്ഥത്തില്‍ കാലുകഴുകല്‍ ശുശ്രൂഷയാണ് എല്ലാ ഞായറാഴ്ചകളിലും നടത്തേണ്ടത്.
 
പാശ്ചാത്യരാജ്യങ്ങളിലെ സമ്പന്നരും വെള്ളക്കാരുമായ പുരുഷ സഭാനേതാക്കന്മാര്‍ക്ക് ലോക കത്തോലിക്കസഭയെ അവരുടെ കാല്‍പാദത്തിന്‍ കീഴില്‍ നിര്‍ത്തണമന്നാണ് ആഗ്രഹം. നമ്മുടെ മെത്രാന്മാര്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടതാണ്. എങ്കില്‍ മാത്രമെ നമ്മുടെ സഭയുടെ പാരമ്പര്യത്തിലും നമ്മുടെ നാടിന്റെ സംസ്‌കാരത്തിലും വേരൂന്നിയ ഒരു ആരാധനക്രമവും ഭരണസമ്പ്രദായവും ശിക്ഷണസംബന്ധമായ കാര്യങ്ങളും നമുക്ക് കാത്തുസൂക്ഷിക്കാനാവൂ.
 
പള്ളിയുടെ ശക്തി വിശ്വാസികളുടെ കൂട്ടായ്മയില്‍ അധിഷ്ഠിതമായിരിക്കണം. മറിച്ച്, വിശ്വാസികളുടെ അറിവില്ലായ്മകൊണ്ടായിരിക്കരുത്. വിശ്വാസികളുടെ കൗദാശിക ജീവിതത്തിനാണ് സഭ മുന്‍തൂക്കം നല്‍കേണ്ടത്.
 
ആദ്ധ്യാത്മീക മിസൈലായി മഹറോന്‍ എന്ന ശിക്ഷ സഭ ഉപയോഗിക്കുന്നത് തെറ്റാണ്. പരമമായ മതാധിഷ്ടിത സ്വേച്ഛാധിപത്യത്തിന്റെ (absolute theocratic dictatorship) പ്രയോഗമാണത്.
 
മത വൈവിധ്യം ദൈവപദ്ധതിയുടെ ഭാഗമാണെന്ന് സഭ തിരിച്ചറിയണം. ദൈവത്തിങ്കലേക്കുള്ള പല വഴികളില്‍ ഒരു വഴി മാത്രമാണ് ക്രിസ്തുമതം എന്നും സഭ തിരിച്ചറിയണം.
 
പ്രപഞ്ചം സൃഷ്ടിച്ചിട്ട് അയ്യായിരമോ ആറായിരമോ വര്‍ഷങ്ങളേ ആയിട്ടുള്ളു എന്ന പഴഞ്ചന്‍ ധാരണ സഭ മാറ്റണം. ലോകോത്പത്തിക്ക് 12 മുതല്‍ 15 ബില്ല്യന്‍ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
ബുദ്ധിയ്ക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത സിദ്ധാന്തങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ സഭ നടത്തണം.
 
ഇതിഹാസങ്ങളിലും പുരാണകഥകളിലും അധിഷ്ടിതമായ പാരമ്പര്യങ്ങള്‍ തികച്ചും വിശ്വാസയോഗ്യമല്ലാത്തതാണ്. യേശുവിന്റെ അമ്മയായ മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു (The Bodily Assumption of Mary into Heaven, 1950) എന്ന അപ്രമാദിത്വപരമായ വിളമ്പരത്തിന് (Munificentissimus Deus) പിന്നില്‍ തക്കതായ പാരമ്പര്യമോ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുള്ള തെളിവോ സഭാ പിതാക്കന്മാരുടെ ഏകകണ്ഠമായ സമ്മതമോ (Unanimous consent of the Fathers) ഇല്ല. പോപ്പ് ഏകപക്ഷീയമായി ഇതൊരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അത്രമാത്രം. മാര്‍പാപ്പാമാരുടെ അപ്രമാദിത്വ അധികാരം ഭാവിയിലെങ്കിലും ഇപ്രകാരം ദുരുപയോഗം ചെയ്യാതിരിക്കാന്‍ സഭയില്‍ വേണ്ട തിരുത്തലുകള്‍ ഉണ്ടാക്കണം.
 
ദൈവം മനുഷ്യലൈംഗികതയെ കണ്ടിരിക്കുന്നത് സന്താനോത്പാദത്തിനുവേണ്ടി മാത്രമല്ല, മറിച്ച് അത് മനുഷ്യരുടെ ലൈംഗികാനന്ദത്തിനു വേണ്ടി കൂടിയാണ്. വിവാഹം, വിവാഹമോചനം, ബ്രഹ്മചര്യം, ജനനനിയന്ത്രണം, സ്വവര്‍ഗരതി, വിവാഹിത പൗരോഹിത്യം, സ്ത്രീ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങള്‍ മനുഷ്യലൈംഗികതയുടെ പുത്തന്‍ കാഴ്ചപ്പാടില്‍ സഭ പുനര്‍വിചിന്തനം ചെയ്യണം.
 
ശുശ്രൂഷാപൗരോഹിത്യത്തിന് വിവാഹിതരെന്നോ സ്ത്രീയെന്നോ ഉള്ള തരംതിരിവ് അപ്രസക്തമാണ്. ഇടവക വൈദികര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കാന്‍ പാടില്ല. ഓരോ വൈദികന്റെയും വ്യക്തിസ്വാതന്ത്ര്യ ത്തിന് അത് വിട്ടുകൊടുക്കണം. 1139 വരെ സഭാശുശ്രൂഷകര്‍ വിവാഹിത രായ വൈദികര്‍ ആയിരുന്നു. ഇന്നും പല പൗരസ്ത്യസഭകളിലും പാശ്ചാത്യസഭയിലും വിവാഹിതരായ വൈദികര്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്.
 
മനുഷ്യലൈംഗികതയെപ്പറ്റിയുള്ള സഭാപരമായ പഠനങ്ങളുടെ പ്രമാണരേഖകള്‍ തയ്യാറാക്കുമ്പോള്‍ വിശ്വാസികളുടെ അഭിപ്രായവും ഉപദേശവും ആരായേണ്ടതാണ്.
 
പൗരോഹിത്യം പരിമിതകാലത്തേക്ക് ചുരുക്കാന്‍ (term priesthood) ശ്രമിക്കുന്നത് നല്ലതാണ്. പുരോഹിതന്‍ എന്നും പുരോഹിതനെങ്കിലും അദ്ദേഹം പൗരോഹിത്യശുശ്രൂഷയില്‍ അതൃപ്തനായാല്‍ ആ അന്തസ്സ് അന്തസ്സോടെ ഉപേക്ഷിക്കാനുള്ള വഴി ഉണ്ടാക്കണം.
 
ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്ന് സഭയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അല്മായരെ സഭ എങ്ങനെ ഞെരുക്കുന്നു എന്ന് ശാസ്ത്രീയമായി പഠിക്കുകയാണ്. കൂടാതെ അല്മായ ദൈവശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടതുമാണ്.
 
തുറന്ന സംവാദങ്ങളും സഭയിലെ പണ്ഡിതര്‍ക്ക് വേണ്ട സ്വാത ന്ത്ര്യവും എല്ലാ കാര്യങ്ങളിലും സമുചിതമായ നടപടിക്രമങ്ങളും ഉണ്ടായിരിക്കണം.
സാമ്പത്തിക കാര്യങ്ങളില്‍ തുറവിയും സുതാര്യതയും വത്തിക്കാന്‍ തുടങ്ങി താഴേക്കുള്ള എല്ലാ തട്ടിലും ഉണ്ടായിരിക്കണം.
 
ക്രിസ്തീയ സഭകള്‍ തമ്മില്‍ തുറന്ന സംവാദങ്ങളും അഭിപ്രായ പ്രകടനങ്ങളും പോര.  അകന്നുപോയ സഹോദരീസഭകള്‍ ഒന്നിച്ചുകൂടി ഒരു സഭയാകാന്‍ കത്തോലിക്കാസഭ എല്ലാ വിധത്തിലും പരിശ്രമിക്കണം.
 
ചെറുപ്പക്കാര്‍ സഭയെ വീക്ഷിക്കുന്നത് മേല്‍ക്കോയ്മയും കാപട്യ വുമുള്ള ഒരു വന്‍ സംഘടനയായിട്ടാണ്. ഈ ധാരണ തിരുത്താന്‍ സഭ യ്ക്ക് കടമയുണ്ട്.
പള്ളിയോഗം പുനഃസ്ഥാപിച്ച് പള്ളി ഭരണത്തിന് അല്മായര്‍ക്ക് നിയമപരമായ അധികാരം നല്കണം.
 
കഴിവില്ലാത്ത പള്ളിഭരണാധികാരിയെയും തലതിരിഞ്ഞ വികാരി യെയും നീക്കംചെയ്യാനുള്ള അധികാരം പള്ളിയോഗത്തിന് ഉണ്ടായിരി ക്കണം.
തദ്ദേശമെത്രാന്മാരുടെ സിനഡിലെ തീരുമാനങ്ങളെ മാര്‍പാപ്പാ അനുകൂലിച്ച് അതിനെ ബലപ്പെടുത്തണം. റോമില്‍നിന്നും തീരുമാന ങ്ങള്‍ തദ്ദേശസഭകളെ അടിച്ചേല്പിക്കാന്‍ പാടില്ല.
 
വൃദ്ധനും രോഗിയുമായ ഒരു മാര്‍പാപ്പാ സഭയെ ഭരിക്കുന്നതിലും നല്ലത് സഭയ്ക്ക് പോപ്പ് എമെരിറ്റസ് (Pope Emeritus) ഉണ്ടായിരിക്കു ന്നതാണ്.
പാത്രിയാക്കീസുമാരുടെ പഴയകാലങ്ങളിലുണ്ടായിരുന്ന അധികാ രവും ജോലിയും പുനഃസ്ഥാപിക്കണം.
 
പിതൃമാതൃത്വ തീരുമാനങ്ങള്‍ സ്വതന്ത്രമായും ബോധപൂര്‍വവും സ്വീകരിക്കാന്‍ ദമ്പതികളെ സഭ അനുവദിക്കണം. ആവശ്യമെങ്കില്‍ ഗര്‍ഭധാരണ നിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ദമ്പതികളെ സഭ അനുവദിക്കണം. സുഖാനുഭവവര്‍ജനം വഴിയോ പ്രകൃതിപരമായ കുടുംബാസൂത്രണം വഴിയോ കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വഴിയോ ഉള്ള ഏതു കുടുംബാസൂത്രമാണ് സ്വീകരിക്കേണ്ടത് എന്ന കാര്യം സ്വതന്ത്രമായി തീരുമാനിക്കുന്നതിന് ദമ്പതികളെ സഭ അനുവദിക്കണം.
 
സന്ന്യാസിനികളും സന്ന്യാസസഹോദരരും തിരുവിവാഹം എന്ന കൂദാശയോ തിരുപ്പട്ടം എന്ന കൂദാശയോ സ്വീകരിക്കുന്നില്ല. എങ്കിലും അവരുടെ വ്രതങ്ങള്‍ സഭ ആശീര്‍വദിച്ച് അനുഗ്രഹിക്കുന്നുണ്ട്. അതു പോലെ സ്വവര്‍ഗരതിക്കാരുടെ (gay and lesbians) സിവിക് യൂണിയന്‍ സഭയ്ക്ക് എന്തുകൊണ്ട് ആശീര്‍വദിച്ച് അനുഗ്രഹിച്ചുകൂടാ? അതുവഴി സഭയ്ക്ക് ക്രിസ്തുവിന്റെ കരുണയും സഹാനുഭൂതിയും അവരെ കാണിക്കാന്‍ സാധിക്കും.
 
സഹിക്കാന്‍ വേണ്ടി സ്വന്തം ശരീരത്തില്‍ പീഡനങ്ങള്‍ ഏല്‍പ്പിച്ച് സഹിക്കുന്നത് തെറ്റാണ്. യേശുവിന്റെ സഹനത്തില്‍ ഭാഗഭാക്കാകുന്നു എന്ന വികലദൈവശാസ്ത്രമാണിവിടെ. എന്നാല്‍ മനുഷ്യശരീരം ദൈവത്തിന്റെ ദാനമാണ്; നമ്മെ സ്‌നേഹിക്കുന്ന പരംപൊരുളിന്റെ ആലയമാണ്. നമ്മുടെ ശരീരത്തെ പീഡിപ്പിക്കുന്നത് ശരിയായ പ്രവൃത്തിയല്ല. ശരീരത്തെ പൂജനീയമായിക്കണ്ട് അതിനെ സംരക്ഷിക്കുകയാണ് വേണ്ടത്.
 
സഭ സാന്മാര്‍ഗികജീവിതത്തെ ഉത്തേജിപ്പിക്കണം. മരണശിക്ഷയെ എതിര്‍ക്കണം. സമാധാനത്തിനു വേണ്ടി പോരാടണം. ഭ്രൂണഹത്യ നിന്ദി ക്കണം.
സഭയുടെ ഭാഷയില്‍നിന്നു രാജഭാഷ ഒഴിവാക്കണം. ഉദാ: ശ്ലൈഹിക സിംഹാസനം.
 
തെറ്റുചെയ്യുന്ന വിശ്വാസിയെ പള്ളിക്കു പുറത്താക്കുന്നത് വെറും ലോകായതിക നിയമമാണ്. ദൈവത്തിന്റെ മുമ്പില്‍ അത് നിലനില്ക്കു കയില്ല. സിവില്‍ കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ചവര്‍ക്ക് കൂദാശകള്‍ മുടക്കുന്നതും ഒരു വിശ്വാസിക്ക് സഭാപരമായ മരിച്ചടക്ക് മുടക്കുന്നതും ദൈവനീതിയ്ക്കു ചേര്‍ന്നതല്ല. വ്യഭിചാരിണിയുടെ തെറ്റു പോലും ക്ഷമിച്ച ക്രിസ്തുവിന്റെ മാതൃകയാണ് സഭയെ നയിക്കേണ്ടത്.
 
 ലോകത്തിലെ സാമാന്യ ധാര്‍മികതയുമായി തട്ടിച്ചുനോക്കുമ്പോള്‍, യഥാര്‍ഥത്തില്‍ അരോചകമായി തോന്നിയാല്‍ത്തന്നെയും, സഭയുടെ സര്‍വവിധ ആചാരങ്ങളെയും ന്യായീകരിക്കുന്ന രീതിയിലുള്ള മതഭ്രാന്ത് സഭ ഉപേക്ഷിക്കണം. നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ ഈ ആധുനിക യുഗത്തിനനുസൃതമായി നവീകരിക്കണം.
 
സഭ പാപികള്‍ക്കുവേണ്ടിയുള്ള ഒരാശുപത്രിയായിരിക്കണം.
സഭാനേതാക്കന്മാര്‍ക്ക് പുണ്യവാന്മാരെയേ ആവശ്യമുള്ളു എന്നുള്ള തോന്നല്‍ ഇല്ലാതാക്കണം.
 
മറിയത്തിന്റെ നിത്യകന്യകാത്വത്തെപ്പറ്റിയും മറ്റും ആലോചിച്ച് ആധിപിടിക്കാതെ ക്രിസ്തുപഠനങ്ങളെ സ്വാംശീകരിച്ച് സാമൂഹ്യനീതി ക്കായി സഭ പോരാടണം.
 
ദൈവശാസ്ത്രപണ്ഡിതര്‍ക്ക് മൂക്കുകയര്‍ ഇടാതെ സത്യത്തെ അന്വേഷിക്കാനായി സര്‍വ സ്വാതന്ത്ര്യവും പള്ളി നല്‍കണം. അവരുടെ മുന്‍പില്‍ ബുദ്ധിമുട്ടുപിടിച്ച ചോദ്യങ്ങളാണുള്ളത്. സൂക്ഷ്മമായി ആലോചിക്കാന്‍ അവരെ അനുവദിക്കണം. പൂര്‍വസ്ഥിതിയെ ചോദ്യം ചെയ്യണം. തര്‍ക്കിക്കണം. സംവാദിക്കണം. ഗവേഷണം ചെയ്യണം. ചരിത്ര പുരുഷനായ ക്രിസ്തുവിനെ പഠിക്കണം. വത്തിക്കാന്‍ ഇച്ഛിക്കുന്ന വിധത്തിലെ ചിന്തിക്കാവൂ എന്ന കടുംപിടുത്തം പേപ്പസിയുടെ വിശ്വസ്ത തയ്ക്ക് ക്ഷതം വരുത്തും. കാലോചിതമായ പരിഷ്‌കാരങ്ങള്‍ സഭയില്‍ വരുത്തിയാല്‍ മാത്രമേ വിശ്വാസികളുടെ പ്രതിനിധിയായി ആധികാരികമായി ലോകത്തോടു സംസാരിക്കാന്‍ മാര്‍പാപ്പായ്ക്കു കഴിയൂ.
 
തെറ്റുകളോ കുറ്റങ്ങളോ കുറവുകളോ ഉള്ള പുസ്തകങ്ങളെ കണ്ടു കെട്ടുകയല്ലാ വേണ്ടത്. മറിച്ച് പൊതുസംവാദത്തിന് വിധേയമാക്കി നല്ലതിനെ സ്വീകരിക്കുകയും തെറ്റിനെ തള്ളുകയും ചെയ്തുകൊണ്ട് പരസ്പരം പഠിക്കലാണ് വേണ്ടത്. അപ്രകാരമാണ് സത്യം ചരിത്രത്തില്‍ വളരുന്നത്. മറിച്ച് പുസ്തകത്തെ നിരോധിക്കുകയും ഗവേഷകനെ ശിക്ഷിക്കുകയുമല്ല കരണീയമായ കാര്യം.
 
ഇന്ന് ലോകത്തെമ്പാടും അനീതിയും അസമത്വവും പീഠനങ്ങളും ദാരിദ്ര്യവും നടമാടുന്നുണ്ട്. ഇത്തരം സാമൂഹ്യരോഗങ്ങളെ എതിര്‍ക്കാന്‍ എന്തു നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ സഭ കടപ്പെടുന്നുണ്ട്.
സഭയില്‍ വിവിധങ്ങളായ ശുശ്രൂഷകളുണ്ട്. ആ ശുശ്രൂഷകളുടെ റിപ്പോര്‍ട്ട് സഭയിലെ യഥാര്‍ഥ അധികാരികളായ അല്‌മേനികളെ യഥാസമയം അറിയിക്കാന്‍ സഭാശുശ്രൂഷകര്‍ക്ക് കടമയുണ്ട്.
 
ഇടവക പൊതുയോഗവും രുപതാ യോഗവും സഭാ മഹായോഗവും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അധികാരമുള്ള സമിതികളായിരി ക്കണം. ഉപദേശകസമിതികളായിരുന്നാല്‍ പോര.
 
ക്ലെര്‍ജികളെ വ്യക്തിപൂജ നടത്തുന്ന രീതിയില്‍ അവരെ അല്‌മേനി കളില്‍നിന്നു മാറ്റിക്കാണുന്നത് സുവിശേഷവിരുദ്ധമായ തെറ്റാണ്.
 
സംഘടനകള്‍
 
സഭാനവീകരണത്തെ ലക്ഷ്യംവച്ചുകൊണ്ട് സിറോമലബാര്‍ സഭയില്‍ ഇന്ന് അനേകം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ഏഴാം അദ്ധ്യായത്തില്‍ വളരെ വിശദമായി ആ വിഷയത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ ചുരുക്കം ചില വൈദികരും അല്‍മായരും ഒറ്റയ്ക്കായിനിന്നുകൊണ്ട് സഭയുടെ ഇന്നത്തെപ്പോക്കിനെ വിമര്‍ശിക്കുന്നുമുണ്ട്. ഡോ. ജെയിംസ് ഗുരുദാസ്, സി. എം. ഐ. യുടെ 'മോചനകാഹളം'68 എന്ന പുസ്തകവും ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന 'ഓശാന'69 മാസികയും ഫാ. ഡേവിസ് കാച്ചപ്പള്ളി, സി. എം. ഐ. യുടെ 'സത്യജ്വാല'70 എന്ന മാസികയിലെ ലേഖനങ്ങളും ഇതിനുദാഹരണങ്ങളാണ്. ശ്രേഷ്ഠ മെത്രാപ്പോലീത്തയും മറ്റ് മെത്രാന്മാരും മേല്‍പറഞ്ഞ നവീകരണ പ്രസ്ഥാനക്കാരുമായി സൗഹൃദ സംഭാഷണങ്ങളും സംവാദങ്ങളും നടത്താന്‍ മടിച്ചുനില്ക്കാതെ അവരുമായി അഭിപ്രായ ഐക്യത്തിലെത്തി സഭയില്‍ ആരോഗ്യകരമായ തിരുത്തലുകള്‍ നടത്തണം.
 
ഇനി, സഭാഘടനയിലും കൗണ്‍സിലംഗങ്ങളുടെ തെരഞ്ഞെടുപ്പിലും കേരളസഭയ്ക്ക് മറ്റെല്ലാ സഭകളുടെയും മുമ്പില്‍ പ്രാവര്‍ത്തികമാക്കി അവതരിപ്പിക്കാവുന്ന ഒരു മാതൃക താഴെക്കൊടുക്കാം.

ബൈബിള്‍ പഠന സഭാ കുടുംബകൂട്ടായ്മകള്‍
 
ഓരോ ഇടവകകളിലുമുള്ള കുടുംബകൂട്ടായ്മകളെ പുസ്തകങ്ങളും ലഘുലേഖകളും മള്‍ട്ടി മീഡിയാ സംവിധാനങ്ങളും പങ്കുവച്ച് ബൈബിള്‍ വീക്ഷണവും സഭാചരിത്രവും പഠിക്കാനും പാഠങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്കാനും ഉള്ള സംവിധാനമായി മാറ്റേണ്ടതുണ്ട്. ഈ കുടുംബ കൂട്ടായ്മകളില്‍ പ്രായപൂര്‍ത്തിയായ എല്ലാ കുടുംബാംഗങ്ങളും അംഗങ്ങളായിരിക്കും. കുട്ടികള്‍ക്കും കുമാരീകുമാരന്മാര്‍ക്കും പ്രത്യേകം ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ല. ഓരോ മാസവും ഓരോ വീട്ടില്‍ ചേരാറുള്ള ഈ യോഗത്തില്‍ അധ്യക്ഷനാകേണ്ടത് ആ വീടിന്റെ നാഥനായിരിക്കണം. അദ്ദേഹത്തിന്റെ അഭാവത്തില്‍ ആ കൂട്ടായ്മയിലെ മറ്റേതെങ്കിലും ഗൃഹനാഥനോ ഇടവകവൈദികനോ അധ്യക്ഷനായിരിക്കാവുന്നതാണ്. എന്നാല്‍, ഉപദേശ നിര്‍ദേശങ്ങള്‍ നല്കാനല്ലാതെ യോഗം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ അധ്യക്ഷനോ ഇടവകവൈദികനോ അധികാരം ഉണ്ടായിരിക്കരുത്.
 
ഇടവകയിലെ പള്ളിയോഗത്തിലേക്കും ഫൊറോനാ, രൂപതാ, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൗണ്‍സിലുകളിലേക്കുമുള്ള അംഗങ്ങളെ കുടുംബകൂട്ടായ്മകള്‍ മുതല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കാനും സംവിധാനമുണ്ടാക്കേണ്ടതുണ്ട്. ഇത് താഴെപ്പറയുന്ന എല്ലാ തലങ്ങളി ലുമുള്ള കൗണ്‍സിലുകള്‍ക്കും ബാധകമാകേണ്ട തത്വമാണ്.
 
ഇടവകയോഗങ്ങള്‍
 
കുടുംബക്കൂട്ടായ്മകളില്‍ കുടുംബനാഥന്‍ അധ്യക്ഷനായിരിക്കുന്നതുപോലെ ഇടവകയോഗങ്ങളില്‍ ഇടവക വികാരി അധ്യക്ഷനായിക്കൊള്ളട്ടെ. എന്നാല്‍, ഉപദേശ നിര്‍ദേശങ്ങള്‍ നല്കാനല്ലാതെ യോഗം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ അധ്യക്ഷന് അധികാരം ഉണ്ടായിരിക്കരുത്. ഇടവക വികാരിയെയും മെത്രാനെയും തെരഞ്ഞെടുക്കുന്നതിലും ഇടവകകളിലെ കുടുംബകൂട്ടായ്മാ പ്രതിനിധികള്‍ക്ക് പങ്കുണ്ടാകേണ്ടതുണ്ട്.
 
ഫൊറോനാ കൗണ്‍സിലുകള്‍
 
ഇടവകയോഗങ്ങളില്‍ ഇടവക വികാരി അധ്യക്ഷനായിരിക്കുന്നതുപോലെ  ഫൊറോനാ കൗണ്‍സിലുകളില്‍ ഫൊറോനാ വികാരി അധ്യക്ഷനായിക്കൊള്ളട്ടെ. എന്നാല്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്കാനല്ലാതെ യോഗം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ അധ്യക്ഷന് അധികാരം ഉണ്ടായിരിക്കരുത്.

രൂപതാ കൗണ്‍സിലുകള്‍
 
 ഫൊറോനാ കൗണ്‍സിലുകളില്‍ ഫൊറോനാ വികാരി അധ്യക്ഷനായിരിക്കുന്നതുപോലെ രൂപതാ കൗണ്‍സിലില്‍ മെത്രാനും അധ്യക്ഷനായിക്കൊള്ളട്ടെ. ഉപദേശ നിര്‍ദേശങ്ങള്‍ നല്കാനല്ലാതെ യോഗം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ അധ്യക്ഷന് അധികാരം ഉണ്ടായിരിക്കരുത്.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൗണ്‍സിലുകള്‍
 
രൂപതാ കൗണ്‍സിലില്‍ മെത്രാന്‍ അധ്യക്ഷനായിരിക്കുന്നതുപോലെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൗണ്‍സിലില്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് അധ്യക്ഷനായിക്കൊള്ളട്ടെ. ജനാധിപത്യപരമായി തെരഞ്ഞെടുത്ത പ്രതിനിധികളെ കൂടാതെ സന്ന്യാസീ-സന്ന്യാസിനി സഭാ പ്രതിനിധികള്‍, ദൈവശാസ്ത്രജ്ഞര്‍, എല്ലാ ശാസ്ത്രങ്ങളുടെയും വിദഗ്ധര്‍, പുരോഹിതരുടെ പ്രതിനിധികള്‍  തുടങ്ങിയവര്‍  മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൗണ്‍സിലില്‍ അംഗങ്ങളായിരിക്കണം. ഇവിടെയും ഉപദേശ നിര്‍ദേശങ്ങള്‍ നല്കാനല്ലാതെ യോഗം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ അധ്യക്ഷന് അധികാരം ഉണ്ടായിരിക്കരുത്.

ആഗോള സഭാ കൗണ്‍സില്‍
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം രൂപവത്കരിച്ച മെത്രാന്‍ സിനഡുകള്‍ സഭാനവീകരണത്തിന് സഹായകമായിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്നവരടങ്ങിയ സഭാ കൗണ്‍സിലുകള്‍ സഭയില്‍ ഇടവകതലം മുതല്‍ സഭാനവീകരണം കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഒരു ആഗോള സഭാകൗണ്‍സിലിലൂടെ ആഗോള സഭയില്‍ സഭാനവീകരണം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. The Kerala Christian Church Properties and Institutions Trust Bill 2009 നടപ്പിലായാല്‍ സംഭവിക്കുന്ന ഏറ്റവും ഗുണകരമായ മാറ്റം പള്ളിയോഗങ്ങളുടെയും സഭാ കൗണ്‍സിലിന്റെയും ജനാധിപത്യപരവും ബൈബിള്‍ അധിഷ്ഠിതവുമായ പ്രവര്‍ത്തനമായിരിക്കും. ഇതിനോട് ഓരോ തലത്തില്‍നിന്നും ഇടവകവൈദികര്‍, മെത്രാന്മാര്‍, മെത്രാപ്പോലീത്താമാര്‍, കര്‍ദിനാളന്മാര്‍, മാര്‍പാപ്പാ മുതലായവര്‍ സൃഷ്ടിപരമായി സഹകരിക്കുന്നതിലൂടെയേ സഭാനവീകരണം സംഭവിക്കൂ. 
ഓരോ സമ്മേളനത്തിലെയും തീരുമാനങ്ങള്‍ സഭയില്‍ പ്രാബല്യ ത്തില്‍ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ആധികാരികമായ ഒരു കമ്മറ്റി യെ ഈ പൊതു കൗണ്‍സില്‍ തെരഞ്ഞെടുക്കേണ്ടതാണ്. ഈ കമ്മറ്റി യുടെ റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും എല്ലാ കത്തോലിക്കനും അറിയത്തക്ക രീതിയില്‍ പ്രസിദ്ധം ചെയ്യേണ്ടതുമാണ്.
 
ആഗോള സഭാ കൗണ്‍സിലില്‍ വച്ച് പോപ്പും റോമന്‍ കാര്യാലയ ങ്ങളും ഒരു പുതിയ 'മാഗ്നാ കാര്‍ട്ട'യില്‍ ഒപ്പുവയ്ക്കണം. പത്രോസിന്റെ പിന്‍ഗാമിയായ പോപ്പില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരാവകാശ ങ്ങളില്‍ വെള്ളം ചേര്‍ക്കുകയല്ല മറിച്ച്, ജനങ്ങളുടെ വ്യത്യസ്തങ്ങളായ ആശയങ്ങളും ആവശ്യങ്ങളും ബഹുമാനപുരസരം കേള്‍ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സംഘാത്മകത (Collegiality) വാക്കാല്‍ പോരാ. യഥാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരണം.
 
ഇനിയും ആഗോളതലത്തില്‍ത്തന്നെ അടുത്ത ആഗോള മഹായോഗത്തിന് സഹായകമാകുംവിധം നടപ്പിലാക്കേണ്ട ചില കാര്യങ്ങള്‍ നിര്‍ദേശിക്കാം:
 
വലിയ ഇടവക എന്ന സഭയുടെ ഇപ്പോഴത്തെ കാഴ്ചപ്പാട് മാറ്റേണ്ടി യിരിക്കുന്നു. ദൈവജനത്തെ അന്‍പതു മുതല്‍ നൂറുവരെ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മകളാക്കണം. ദിവ്യബലിയും മറ്റു ശുശ്രൂഷകളും ആ കൂട്ടായ്മ യില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പുരോഹിതര്‍ അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കണം.  ആ പുരോഹിതര്‍ വിവാഹിതരും സ്വന്തം ജോലി ചെയ്ത് കുടുംബത്തെ പോറ്റുന്നവരും സന്നദ്ധസേവനത്തിന് സന്മനസ്സു ള്ളവരുമായിരിക്കും. ഈ രീതിയിലുള്ള സഭാനവീകരണം, പ്രത്യേകിച്ച് പാശ്ചാത്യനാടുകളില്‍, സഭയുടെ നിലനില്‍പ്പിന് ഭാവിയില്‍ അത്യന്താ പേക്ഷിതമാണ്. 71
 
ഭാവിയില്‍ ചെറിയ ചെറിയ ക്രിസ്തീയ സമൂഹങ്ങളും ആ സമൂഹങ്ങ ളില്‍നിന്നു ശുശ്രൂഷാപട്ടം സ്വീകരിച്ച വിവാഹിതരായ വൈദികരുമായി രിക്കും വിശ്വാസികള്‍ക്ക് സേവനം ചെയ്യുന്നത്. അവര്‍ ലൗകിക ജോലി കള്‍ ചെയ്ത് ജീവസന്ധാരണം നടത്തും. പുരോഹിതശുശ്രൂഷ പ്രതിഫല മില്ലാത്ത സന്നദ്ധസേവനമായിരിക്കും (Volunteer work). ഇതൊരു പുതിയ ആശയമല്ല. ആദിമസഭയിലും ഇന്ന് മറ്റു പല ക്രിസ്തീയ കൂട്ടായ്മകളിലും നടന്നുകൊണ്ടിരിക്കുന്നതാണ്. കത്തോലിക്കസഭ ഭാവിയില്‍ ആ വഴിക്ക് നീങ്ങാതെ തരമില്ല.
 
25-നും 50-നും വര്‍ഷങ്ങള്‍ക്കിടെ, സഭാധികാരികള്‍ക്ക് ഇഷ്ടമുണ്ടെ ങ്കിലും ഇല്ലെങ്കിലും, സഭയില്‍, പ്രത്യേകിച്ച് പാശ്ചാത്യസഭയില്‍ ഈ നവീകരണം സംഭവിച്ചിരിക്കും. 50 വര്‍ഷം കഴിഞ്ഞുള്ള മാര്‍പാപ്പായ്ക്കും കര്‍ദിനാളന്മാര്‍ക്കും ഇന്നുള്ള അധികാരങ്ങളോ പദവിയോ അലങ്കാര ങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ റോമാസാമ്രാ ജ്യത്തിന്റെ അവശിഷ്ടങ്ങള്‍ സഭയില്‍നിന്ന് തൂത്തുമാറ്റപ്പെടും.

ക്രിസ്തീയ ആഗോള ജിഹാദ്
 
പണ്ട് കത്തോലിക്കസഭ യൂറോപ്പിലെ അവിശ്വാസികളെ മുഴുവന്‍ വിശ്വാസികളാക്കി. കൂടാതെ പാശ്ചാത്യമിഷ്യനറിമാര്‍ ലോകം മുഴുവന്‍ പോയി അവിടത്തെ നല്ല ശതമാനം മറ്റു മതസ്ഥരെ ചിലപ്പോള്‍ ബലപ്രയോഗത്താല്‍ത്തന്നെ ക്രിസ്ത്യാനികളാക്കി. കുരിശുയുദ്ധങ്ങള്‍ വഴി ഇസ്ലാംമതവിശ്വാസികളെ കശാപ്പു ചെയ്തു. ക്രിസ്തുഘാതകര്‍ എന്നു മുദ്രകുത്തി യഹൂദരെ പീഡിപ്പിച്ചു. സഭാധികാരികളുടെ തന്നിഷ്ടത്തിന് വഴങ്ങാത്തവരെ ഇന്‍ക്വിസിഷന്‍ നടത്തി തീയിലെറിഞ്ഞ് ചുട്ടുകരിച്ചു കൊന്നു. വിച്ച്ക്രാഫ്റ്റ് ആരോപിച്ച് സ്ത്രീകളെ പീഡിപ്പിച്ചു. ഇന്നത്തെ ചരിത്രകാരന്മാര്‍ ആ കാലഘട്ടത്തെ സഭയുടെ ഇരുണ്ടയുഗങ്ങള്‍ എന്ന് വിശേഷിപ്പിച്ച് ഇന്നത്തെ സഭയെ മോചിപ്പിക്കുന്നു. വാസ്തവത്തില്‍ 21-ാം നൂറ്റാണ്ടിലെ സഭയും ഇരുണ്ട യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. കാരണം ക്രിസ്തുവില്‍ സ്വതന്ത്രരായവര്‍ക്ക് ക്രിസ്തുവാഗ്ദാനം ചെയ്ത സ്വാതന്ത്ര്യത്തെ സഭാധികാരികള്‍ ഹൈജാക്ക് ചെയ്തുകൊണ്ടുപോയി, തങ്ങളുടെ അധികാരത്തെ സ്ഥാപിച്ചുറപ്പിക്കാന്‍. ഉദാഹരണത്തിന് പുതിയ കാനോന്‍നിയമങ്ങള്‍ സൃഷ്ടിച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ സഭാനേതാക്കന്മാരുടെ അധികാരത്തെ അരക്കിട്ടുറപ്പിച്ചു. അതിലൂടെ സ്‌നാപനത്തിലൂടെ ജന്മാവകാശമായി ലഭിച്ച ക്രിസ്തീയ സ്വാതന്ത്ര്യത്തെ സഭാധികാരികളുടെ സ്വന്ത താത്പര്യങ്ങള്‍ക്കായി നശിപ്പിച്ചുകളഞ്ഞു. ഇന്ന് ഇസ്ലാം മതത്തിലും ഹിന്ദുമതത്തിലുമെല്ലാം മത മൗലികവാദികള്‍ വര്‍ധിക്കുന്നു എന്ന് നാം കുറ്റപ്പെടുത്തുമ്പോള്‍ കത്തോലിക്കസഭയും മൗലികവാദത്തെ പ്രോത്സാഹിപ്പിക്കുകയല്ലേയെന്ന് നാം ചിന്തിക്കണം. ക്രിസ്തുപഠിപ്പിച്ച സ്‌നേഹത്തിനല്ലേ നാം മുന്‍തൂക്കം നല്‍കേണ്ടത്. കമ്മ്യൂണിസം തകര്‍ന്നത് ആശയപരമായ യുദ്ധത്തിലൂടെയാണ്. ഒരു വെടിയുണ്ടപോലും അതിന്റെ തകര്‍ച്ചയ്ക്കായി ഉപയോഗിച്ചിട്ടില്ല. ക്രിസ്തു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യം അല്‍മേനിക്ക് സഭ നിഷേധിക്കുമ്പോള്‍ അതിനെ മറുതലിച്ചെന്തെങ്കിലും ഉരിയാടിയാല്‍ സ്വര്‍ഗം നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ അല്‍മേനി പ്രതികരിക്കാതെ മൗനം പാലിക്കുന്നു. അതല്ലെങ്കില്‍, മറ്റാരെങ്കിലും തനിക്കുവേണ്ടി ഒച്ചപ്പാടുണ്ടാക്കിക്കൊള്ളുമെന്ന് പ്രതീക്ഷിച്ച് നിഷ്‌ക്രിയരായിരിക്കുന്നു.
 
ഇന്ന് ഇസ്ലാം ലോകം മുഴുവന്‍ ജിഹാദ് പ്രഖ്യാപിച്ചിരിക്കയാണ്. അതുപോലെ വിശ്വാസികളെ മുഴുവന്‍ നിയന്ത്രിക്കുന്ന സഭാധികാരികളുടെ ദുഷ്പ്രവണതകളോട് വിശ്വാസികളും ആഗോളജിഹാദ് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരൊടൊപ്പമിരുന്ന് ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവയ്ക്കണം. കുടുംബ കൂട്ടായ്മകളില്‍ ചര്‍ച്ച ചെയ്യണം. സ്‌നേഹിതരും അഭ്യുദയകാംക്ഷികളുമായി ആധുനിക ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി ആശയപ്രചരണം നടത്തണം. മെത്രാന്‍മാരുടെയോ അച്ചന്‍മാരുടെയോ കാരുണ്യംകൊണ്ടല്ല നമ്മളെല്ലാം ക്രിസ്തു അനുയായികളായതെന്ന് അവരെ ബോധ്യപ്പെടുത്തണം. അതുപോലെ വിശ്വാസികള്‍ വെറും മന്ദബുദ്ധികളല്ലെന്നും അവരെ ധരിപ്പിക്കണം.
 
ഈ പുസ്തകം സഭാനവീകരണത്തിനായുള്ള ഒരു ക്രിസ്തീയ ആഗോളജിഹാദിനുള്ള ആഹ്വാനമായിരിക്കട്ടെ.

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍
സഭാ സൂനഹദോസ് വിളിച്ചുകൂട്ടാന്‍ ഒരഭ്യര്‍ഥന
 
1599-ല്‍ ഗോവാ മെത്രാപ്പോലീത്ത അലക്‌സിസ് മെനേസിസ് ഉദയമ്പേരൂരില്‍ മാര്‍തോമാ നസ്രാണിസഭയുടെ മഹായോഗം വിളിച്ചുകൂട്ടിയ അതേ മാതൃകയില്‍ സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടിയന്തിരമായി സീറോമലബാര്‍ കത്തോലിക്കസഭയുടെ ഒരു സൂനഹദോസ് വിളിച്ചുകൂട്ടേണ്ടതാണ്. ആ സൂനഹദോസില്‍ അല്മായ പ്രതിനിധികളും (സ്ത്രീ കളും പുരുഷന്മാരും) വൈദിക പ്രതിനിധികളും സന്യസ്തരുടെ പ്രതിനിധികളും മറ്റ് ക്രിസ്തീയ സഭാ പ്രതിനിധികളുമെല്ലാം ഉണ്ടായിരിക്കേണ്ടതാണ്. ആ സൂനഹദോസിന്റെ ഫലമായി നസ്രാണി കത്തോലിക്കസഭയുടെ നല്ല പൂര്‍വപാരമ്പര്യങ്ങള്‍ വീണ്ടെടുക്കണം. അതിനായി ധാരാളം പഠനങ്ങളും സംവാദങ്ങളും നടത്തി അന്തിമതീരുമാനങ്ങള്‍ സഭയില്‍ നടപ്പാക്കണം. അങ്ങനെ സീറോ മലബാര്‍ കത്തോലിക്കസഭയെ കാലോചിതമായി നവീകരിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ തലവനായ ശ്രേഷ്ഠ മെത്രാപ്പോലീത്തയോട് ആദരപൂര്‍വം ഞാന്‍ ആഭ്യര്‍ഥിക്കുന്നു.

No comments:

Post a Comment