അദ്ധ്യായം ആറ്: നസ്രാണി സഭാസംവിധാനതിനുണ്ടായ അപചയം

അദ്ധ്യായം ആറ്: നസ്രാണി സഭാസംവിധാനതിനുണ്ടായ അപചയം

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ സാമ്രാജ്യമതമാക്കി മാറ്റിയതിന്റെ ഫലമായി യേശുപഠനങ്ങള്‍ വികലീകരിക്കപ്പെടുക മാത്രമല്ല, പാശ്ചാത്യസഭയ്ക്ക് സാരമായ മൂല്യശോഷണവും ഉണ്ടായി. അന്നുമുതല്‍ അധികാരത്തിനും പ്രൗഢിക്കും സമ്പത്ത് സമാഹരിക്കുന്നതിനു മായി മുന്‍തൂക്കം. സഭ രാജസഭയായി. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. പാശ്ചാത്യസഭയില്‍ സംഭവിച്ചതുപോലുള്ള മൂല്യച്യുതി 16-ാം നൂറ്റാണ്ടുവരെ സ്വതന്ത്രമായിരുന്ന മലങ്കര നസ്രാണിസഭയ്ക്ക് സംഭവിച്ചില്ല. എന്നിരുന്നാലും അത് കൊളോണിയല്‍ വേഴ്ചയില്‍ അകപ്പെട്ടതോടെ അതിന്റെ തനിമ നഷ്ടപ്പെടാന്‍ തുടങ്ങി. അന്നുവരെ നസ്രാണി സഭയ്ക്ക് തനതായുണ്ടായിരുന്ന ദൈവോപാസനാരീതികളും സഭാഭരണ സമ്പ്രദായങ്ങളുമെല്ലാം നഷ്ടപ്പെട്ടുതുടങ്ങി. പിന്നീട് അത് കൊളോണിയല്‍ ആധിപത്യത്തിന്റെ കഥയാണ്. കേരള നസ്രാണിസഭയ്ക്ക് അടുത്തകാലത്ത് സ്വയം ഭരണാധികാരം റോം നല്‍കിയെങ്കിലും കാര്യമായ സല്‍ഫലങ്ങള്‍ ഇന്നുവരെ അത് പുറപ്പെടുവിച്ചിട്ടില്ല. മറിച്ച്, വിഭാഗീയ ചിന്താഗതിയുടെ ഫലമായി നസ്രാണി കത്തോലിക്കസഭ ഇന്നും അപചയത്തിലേയ്ക്ക് മൂക്കുകുത്തിക്കൊണ്ടിരിക്കുകയാണ്.

മാര്‍തോമാ അപ്പോസ്തലന്റെ കേരള പ്രവേശനം

മാര്‍തോമാ അപ്പോസ്തലന്‍ മലങ്കരയിലെത്തി സുവിശേഷം പ്രസംഗി ച്ചെന്നും നസ്രാണിസഭ അങ്ങനെ സ്ഥാപിതമായെന്നുമാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ മാര്‍തോമായുടെ കേരളപ്രവേശനം ചരിത്രകാരന്മാരുടെ ഇടയില്‍ ഇന്നും തര്‍ക്കവിഷയമാണ്. കാരണം പരമ്പരാഗതമായി മാര്‍തോമാസന്ദര്‍ശനം ഒരു വിശ്വാസമാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ചരിത്രപരമായ പൂര്‍ണതെളിവുകള്‍ ഇക്കാര്യത്തിലില്ല. അറബികള്‍ കേരളത്തിലെത്തി സുഗന്ധവസ്തുക്കളും മറ്റ് സാധനസാമഗ്രികളും അക്കാലത്തും കച്ചവടം നടത്തിയിരുന്നു. മാര്‍തോമായും അവരോടൊപ്പം കേരളത്തില്‍ വരാനും വേദം പ്രസംഗിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മാര്‍തോമായുടെ കേരളപ്രവേശനം അസംഭവ്യമല്ലെന്നനുമാനിക്കാം. എങ്കിലും ചരിത്രരേഖകളുടെ അഭാവം മലങ്കര ക്രിസ്ത്യാനികളുടെ മതോല്‍പത്തിയില്‍ എന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു.

തോമാഅപ്പോസ്തലന്‍ കേരളത്തില്‍ കാവ്യരുടെ ഇടയില്‍ (അവിശ്വാസികളുടെ ഇടയില്‍) വേദം പ്രസംഗിച്ചെന്നും ഏഴുപള്ളികള്‍ - മാലയങ്കര, പാലയൂര്‍, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കല്‍-സ്ഥാപിച്ചെന്നുമാണ് പരമ്പരാഗതമായ വിശ്വാസം. അന്ന് കേരളത്തില്‍ ഇന്നുള്ളതുപോലെ പല ജാതികള്‍ ഉണ്ടായിരുന്നു എന്നുള്ളതിന് മതിയായ തെളിവുകളില്ല. അപ്പോള്‍ മാര്‍തോമാ കേരളത്തില്‍ എത്തിയിരുന്നെങ്കില്‍തന്നെ ആരുടെ ഇടയില്‍ വേദം പ്രസംഗിച്ചെന്ന് ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. ഓരോ ചരിത്രകാരന്മാരും അവരവരുടെ വീക്ഷണകോണില്‍കൂടി ചരിത്രത്തെ സൃഷ്ടിച്ചിരുന്നു. സത്യാവസ്ഥ കണ്ടുപിടിച്ചു തെളിയിക്കാന്‍ മാര്‍ഗങ്ങളില്ലാഞ്ഞതിനാലായിരിക്കാം പല ചരിത്രരചയിതാക്കളും കാടുകയറേണ്ടിവന്നത്. മലങ്കരയില്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന യഹൂദരെയാണ് മാര്‍തോമാ സ്‌നാപനം ചെയ്തത് എന്നുവരെ സമര്‍ഥിക്കാന്‍ അടുത്തകാലത്ത് ചില 'ചരിത്രകാരന്മാര്‍' വെമ്പല്‍ കൊള്ളുന്നുണ്ട്. മാര്‍തോമാ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന സഭയില്‍ മാര്‍തോമാ മേലന്വേഷകരേയും മൂപ്പന്മാരേയും നിയമിച്ചിരുന്നോ എന്നും അന്നത്തെ സഭാകൂട്ടായ്മ കാലുകഴുകല്‍ ചടങ്ങും അപ്പം മുറിക്കലും നടത്തിയിരുന്നോ എന്നും ഒന്നും ആര്‍ക്കും അറിഞ്ഞുകൂടാ.

നസ്രാണിസഭയുടെ വളര്‍ച്ച

മാര്‍തോമാ അപ്പോസ്തലനാല്‍ സ്ഥാപിതമെന്ന് വിശ്വസിക്കപ്പെടുന്ന ഭാരതനസ്രാണിസഭ രാജാക്കന്മാരുടെ പ്രീണനത്തിനോ പീഡനത്തിനോ ഇരയാകാതെ വളര്‍ന്നുവന്നു. പാശ്ചാത്യ/പൗരസ്ത്യസഭകളുടെ വികസനത്തില്‍ ആ പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ആഴമായി ബാധിച്ചുവെങ്കിലും ഭാരതക്രൈസ്തവര്‍ക്ക് ഭാരതത്തിന്റെ സാമൂഹ്യ-ആധ്യാത്മികചുറ്റുപാടില്‍ വളരാനും വികസിക്കാനും സാധിച്ചു. പാശ്ചാത്യ/പൗരസ്ത്യസഭകളില്‍ ദൈവശാസ്ത്രപരമായ ചേരിതിരിവുകളും ഏറ്റുമുട്ടലുകളും നടന്നെങ്കിലും ഭാരതനസ്രാണിസഭയ്ക്ക് അത്തരമൊരു കോലാഹലത്തെ അഭിമുഖീകരിക്കേണ്ടിവന്നില്ല. അതിനു പ്രധാനകാരണം ഭാരത മതസമൂഹത്തില്‍ നിലനിന്നിരുന്ന മതനിരപേക്ഷ മനോഭാവവും സാമൂഹ്യരാഷ്ട്ര വ്യവസ്ഥയുമായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതമോ ഈശ്വരദര്‍ശനമോ രാജാക്കന്മാരുടെ പ്രീണനത്തിന് ഇടയാക്കിയിരുന്നില്ല. കുടുംബദൈവങ്ങളും ഗോത്രദൈവങ്ങളും ഭാരതമതചിന്തയില്‍ അംഗീകരിക്കപ്പെട്ടതായിരുന്നു. അക്രമണാത്മകമായ ഒരു മതസമീപനം ഭാരതത്തില്‍ ഉണ്ടായിരുന്നില്ല. 'എന്റെ ദൈവവും മതവും മാത്രം ശരി' എന്ന ചിന്ത ഭാരതഭൂമിയില്‍ ഉണ്ടായിരുന്നില്ല. തന്മൂലം ഭാരത ക്രൈസ്തവര്‍ക്ക് മറ്റു മതങ്ങളുമായി വാഗ്വാദം നടത്തുകയോ ഏറ്റുമുട്ടുകയോ ചെയ്യേണ്ടതായി വന്നിട്ടില്ല. അങ്ങനെ സ്വതന്ത്രമായി വളര്‍ന്ന് വികസിച്ച തനതായ ദൈവികോപാസനസമ്പ്രദായവും ഭരണഘടനസമ്പ്രദായവും ഉണ്ടായിരുന്ന സഭയായിരുന്നു ഭാരതനസ്രാണി സഭ.

പോര്‍ട്ടുഗീസുകാരുടെ ആഗമനവും ആദ്യകാലബന്ധങ്ങളും

എ. ഡി. 1498-ല്‍ പോര്‍ട്ടുഗീസുകാരനായ വാസ്‌കോഡിഗാമ കോഴിക്കോട്ടെത്തി. അതോടെ കേരളചരിത്രത്തിലും ഭാരത നസ്രാണിസഭയുടെ ചരിത്രത്തിലും പുതിയ ഓരോ അധ്യായങ്ങള്‍ ആരംഭിച്ചു. പോര്‍ട്ടുഗല്‍ ഒരു റോമന്‍ കത്തോലിക്കരാജ്യമായിരുന്നു. അതിനാല്‍തന്നെ പോര്‍ട്ടുഗീസുകാരുടെ വാണിജ്യലക്ഷ്യത്തോടെയുള്ള പര്യടനങ്ങളില്‍ മതപരമായ ലക്ഷ്യങ്ങളുംകൂടി ഉണ്ടായിരുന്നു. വാസ്‌കോഡിഗാമ രണ്ടാംവട്ടം കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍വച്ച് 1502-ല്‍ മാര്‍തോമാ നസ്രാണി പ്രതിനിധികളെ കാണുകയും ഒരു ഔപചാരിക പോര്‍ട്ടുഗീസ് ബന്ധം ആരംഭിക്കുകയും ചെയ്തു. അക്കാലങ്ങളില്‍ കേരളത്തിലെത്തുന്ന പേര്‍ഷ്യന്‍ മെത്രാന്മാരെ സ്വീകരിച്ചുപചരിക്കാന്‍പോലും പോര്‍ട്ടുഗീസുകാര്‍ തയ്യാറായിരുന്നു. അന്ന് കേരളത്തിലെ പേര്‍ഷ്യന്‍ മെത്രാന്മാര്‍ വാണിജ്യകാര്യങ്ങളില്‍ പോര്‍ട്ടുഗീസുകാരെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. ''കൊടുങ്ങല്ലൂര്‍, കൊല്ലം, പാലയൂര്‍ തുടങ്ങിയ ഇരുപത് പട്ടണങ്ങളിലായി മുപ്പതിനായിരം ക്രൈസ്തവ കുടുംബങ്ങള്‍ അക്കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് പേര്‍ഷ്യന്‍ മെത്രാന്മാരുടെ ഒരു കത്തില്‍ നിന്നും മനസ്സിലാക്കാം'' എന്ന് 'ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍' എന്ന പുസ്തകത്തില്‍ കാണുന്നുണ്ട്.24 രണ്ടായിരത്തില്‍ കൂടുതല്‍ ക്രൈസ്തവകുടുംബങ്ങള്‍ അന്ന് കൊല്ലത്തുണ്ടായിരുന്നു. ക്രൈസ്തവ കുടുംബങ്ങളെയും അവരുടെ ദേവാലയങ്ങളെയും സംരക്ഷിക്കാന്‍ പോര്‍ട്ടുഗീസുകാര്‍ എല്ലാവിധത്തിലും പരിശ്രമിച്ചിരുന്നു. അങ്ങനെ കേരളക്രൈസ്തവരും പോര്‍ട്ടുഗീസുകാരും പ്രാരംഭകാലത്ത് വളരെ മൈത്രിയില്‍ കഴിഞ്ഞിരുന്നു.

പോര്‍ട്ടുഗീസുകാരുടെ മനോഭാവത്തിലുണ്ടായ മാറ്റങ്ങള്‍

16-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍തന്നെ ധാരാളം പോര്‍ട്ടുഗീസു മിഷനറിമാര്‍ മലങ്കരയില്‍ എത്തിച്ചേര്‍ന്നിരുന്നു. അവര്‍ സാവധാനം നാട്ടുഭാഷയും കൂടാതെ നസ്രാണികളുടെ ആരാധനഭാഷയായിരുന്ന സുറിയാനിയും വശമാക്കി. സിദ്ധാന്തങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പാശ്ചാത്യകത്തോലിക്കസഭയില്‍നിന്നുള്ള വ്യത്യാസം അവര്‍ മനസ്സിലാക്കിത്തുടങ്ങി. ആരാധനക്രമത്തിനുവേണ്ടി സുറിയാനി ഉപയോഗിച്ച മലങ്കരയിലെ നസ്രാണികള്‍ സുറിയാനിക്രിസ്ത്യാനികള്‍ എന്നും മിഷനറിമാരുടെ പ്രയത്‌നഫലമായി ക്രൈസ്തവമാര്‍ഗം സ്വീകരിച്ചവര്‍, അവരുടെ ആരാധനക്രമത്തിനുവേണ്ടി ലത്തീന്‍ ഉപയോഗിച്ചതിനാല്‍ ലത്തീന്‍ ക്രിസ്ത്യാനികള്‍ എന്നും വിളിക്കപ്പെട്ടു.

പദ്രുവാദോ (Padroado)

ഗോവാ രൂപത 1534-ല്‍ സ്ഥാപിക്കപ്പെടുകയും 1558-ല്‍ അത് അതിരൂപതയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1514-ല്‍ അന്നത്തെ മാര്‍പാപ്പാ യും (Pope Leo X) പോര്‍ട്ടുഗീസ് രാജാവും തമ്മിലുണ്ടായിരുന്ന ധാരണപ്രകാരം പോര്‍ട്ടുഗീസുകാര്‍ കണ്ടുപിടിക്കുന്ന ആഫ്രിക്കയിലേയും ഏഷ്യയിലേയും ഭൂപ്രദേശങ്ങളിലെ മെത്രാന്മാരെയും മറ്റ് ഉന്നത സഭാധികാരികളെയും നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അധികാരം പോര്‍ട്ടുഗീസ് രാജാവിനുണ്ടായിരുന്നു. പദ്രുവാദോ എന്നാണ് ഈ അധികാരം അറിയപ്പെട്ടിരുന്നത്. രാജാവിന്റെ ഖജനാവില്‍നിന്ന് പള്ളിസംബന്ധമായ എല്ലാ ചിലവുകളും നിര്‍വഹിച്ചിരുന്നു. 1557-ല്‍ കൊച്ചി രൂപത സ്ഥാപിക്കപ്പെട്ടു.

1541-ല്‍ കൊടുങ്ങല്ലൂരും 1577-ല്‍ ചേന്ദമംഗലത്തും പോര്‍ട്ടുഗീസുകാര്‍ സെമിനാരികള്‍ സ്ഥാപിച്ചു. മാര്‍തോമാക്രിസ്ത്യാനികളില്‍ നിന്നുള്ളവര്‍ക്ക് ആ സെമിനാരികളില്‍ പരിശീലനം നടത്തി. അന്നുവരെ നസ്രാണിസഭയില്‍ നിലനിന്നിരുന്ന മല്പാന്‍ പരിശീലന സമ്പ്രദായത്തെയും പള്ളിയോഗത്തിന്റെ ദേശക്കുറി സമ്പ്രദായത്തെയും പോര്‍ട്ടുഗീസുകാര്‍ അവഗണിച്ചു. തന്നെയുമല്ലാ, കൊച്ചി മെത്രാന്റെ അനുമതിയോടുകൂടി മാത്രമെ മാര്‍തോമാക്രിസ്ത്യാനികളുടെ വൈദികര്‍ക്ക് പട്ടം നല്‍കാവൂ എന്ന വ്യവസ്ഥയും മലയാളക്കരയിലെ പേര്‍ഷ്യന്‍ മെത്രാനായിരുന്ന മാര്‍ എബ്രാഹത്തിന്റെ മുമ്പില്‍വച്ചു. അദ്ദേഹം ഗോവായില്‍ നടന്ന ഒരു സൂനഹദോസില്‍ പങ്കെടുത്ത അവസരത്തിലാണ് ഈ നിര്‍േദശമുണ്ടായത്. കൂടാതെ മാര്‍തോമാക്രിസ്ത്യാനികളുടെ വൈദികര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന തീരുമാനവും ആ സൂനഹദോസില്‍ വച്ചുണ്ടായി. മാര്‍ എബ്രാഹം ആ നിര്‍ദേങ്ങളെ ഒന്നും കൂട്ടാക്കിയില്ല. 1558-ഓടുകൂടി പാശ്ചാത്യ സമ്പ്രദായത്തിലുള്ള കുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും പോര്‍ട്ടുഗീസ് മിഷ്യനറിമാരുടെ സമ്മര്‍ദംമൂലം നസ്രാണി സഭയില്‍ നടപ്പിലാക്കിത്തുടങ്ങി. 1597-ല്‍ മാര്‍ എബ്രാഹം ദിവംഗതനായി. നസ്രാണി സഭയിലെ പഴയ പാരമ്പര്യപ്രകാരം ആര്‍ക്കദ്യാക്കോന്‍ താത്ക്കാലിക ഭരണാധികാരിയായി. അന്നത്തെ ആര്‍ക്കദ്യാക്കോന്‍ പകലോമറ്റം തറവാട്ടിലെ ഗീവറുഗീസ് ആയിരുന്നു. 1595-ല്‍ ഗോവായിലെ മെത്രാപ്പോലീത്തയായി അലക്‌സിസ് മെനേസിസ് (Alexis Menesis) ചാര്‍ജെടുത്തു. അദ്ദേഹം പോര്‍ട്ടുഗീസ് ഗവണ്‍മെന്റിന്റെ ഇന്‍ഡ്യയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനും കൂടിയായിരുന്നു. അദ്ദേഹം ഗീവറുഗീസ് ആര്‍ക്കദ്യോക്കോന്റെ കാലത്ത് 1599-ല്‍ ഉദയമ്പേരൂര്‍ എന്ന സ്ഥലത്ത് മാര്‍തോമാക്രിസ്ത്യാനികളുടെ സൂനഹദോസ് വിളിച്ചുകൂട്ടി. ഉദയമ്പേരൂര്‍ സൂനഹദോസ് എന്ന പേരില്‍ അത് അറിയപ്പെടുന്നു. 16 നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍തോമാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ഭരണസമ്പ്രദായങ്ങളും ആരാധനരീതികളും എല്ലാം ചവിട്ടിമെതിക്കപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യപ്പെട്ടത് ഈ ചരിത്രപ്രധാനമായ സുനഹദോസിലൂടെയാണ്. കേരള നസ്രാണിസഭയുടെ സമ്പൂര്‍ണ അപചയത്തിന്റെ പടിവാതിലായി, ഉദയമ്പേരൂര്‍ സൂനഹദോസ്.

ഉദയമ്പേരൂര്‍ സൂനഹദോസ് (1599)

ഉദയമ്പേരൂര്‍ സൂനഹദോസിന്റെ ലക്ഷ്യം മലബാറിലെ ക്രൈസ്തവരെ പാശ്ചാത്യസഭയുടെ ഭരണസീമയ്ക്കുള്ളില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. അത് പോര്‍ട്ടുഗീസുകാര്‍ സാധിച്ചെടുക്കുകയും ചെയ്തു. ഒരു സമുദായത്തിന്റെ തനിമയാര്‍ന്ന സംസ്‌കാരത്തെ തകര്‍ത്ത് പാശ്ചാത്യ മതരീതി കൊളോണിയല്‍ ആക്രമണങ്ങളില്‍കൂടി അടിച്ചേല്പിക്കുകയാണ് ചെയ്തത്. രണ്ട് വ്യത്യസ്ത സഭാഘടനാരീതിയാണ് ഉദയമ്പേരൂരില്‍ കൂട്ടിമുട്ടിയത്. ഇരയെ തകര്‍ക്കാന്‍ രാജാധികാരത്തെത്തന്നെ ഉപയോഗപ്പെടുത്തണമെന്നുള്ള യൂറോപ്യന്‍ പാഠം പോര്‍ട്ടിഗീസുകാര്‍ മലങ്കരയിലും പ്രാവര്‍ത്തികമാക്കി. അങ്ങനെ കൊച്ചിരാജാവിനെ സ്വാധീനിച്ച് ആര്‍ക്കദ്യാക്കോനെ കീഴടക്കുകയും എല്ലാ നസ്രാണി ക്രിസ്ത്യാനികളും മെനേസിസ് മെത്രാപ്പോലീത്തയെ അനുസരിക്കണമെന്ന് വിളംബരം ചെയ്യുകയും ചെയ്തതിന്റെ ഫലമായാണ് ഉദയമ്പേരൂരില്‍ സൂനഹദോസ് അരങ്ങേറിയത്. അങ്ങനെ കൊളോണിയല്‍ മതാധികാരം നസ്രാണികളുടെമേല്‍ അടിച്ചേല്പിക്കാന്‍ തദ്ദേശരാജശക്തിയെത്തന്നെയാണ് പോര്‍ട്ടുഗീസുകാര്‍ ഉപയോഗിച്ചത്. കൂടാതെ നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗമെന്ന സഭാഘടനതന്നെ ഉപയോഗിച്ച് മെനേസിസ് മെത്രാപ്പോലീത്ത നസ്രാണിസഭാഘടനാ സമ്പ്രദായത്തെയും സംസ്‌കാരത്തെയും തകര്‍ത്തു. മെനേസിസ് അന്നുവരെ നസ്രാണിസഭയുടെ ഭരണാധികാരിയായിരുന്നില്ല. ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം റോസിന്റെ  നിയമാവലിയിലൂടെയാണ് പാശ്ചാത്യരാജകീയമെത്രാന്‍ സംവിധാനം മലങ്കര നസ്രാണികളുടെമേല്‍ കെട്ടിയേല്പിച്ചത്.

അപ്പോസ്തലിക കാലഘട്ടത്തിലെ സഭാഭരണം റോമന്‍ സാമ്രാജ്യ രാഷ്ട്രീയസ്വാധീനത്താല്‍ യൂറോപ്പില്‍ നഷ്ടപ്പെട്ടു. എന്നാല്‍ നസ്രാണിസഭ പതിനാറു നൂറ്റാണ്ടുകള്‍ അത് കാത്തുസൂക്ഷിച്ചിരുന്നു. പോര്‍ട്ടുഗീസ് മതകോളോണിയലിസത്തിലൂടെ ആ സഭാഭരണഘടനയെയും തകര്‍ത്തുകളഞ്ഞു. ആര്‍ക്കദ്യാക്കോനെ മാര്‍തോമാക്രിസ്ത്യാനികളുടെ ഭരണത്തില്‍നിന്ന് മാറ്റിയതും പട്ടക്കാരും എണങ്ങരും തമ്മിലുണ്ടായിരുന്ന സഭാഭരണ പങ്കാളിത്തത്തില്‍നിന്ന് മാറ്റിയതും പള്ളിയോഗത്തിന്റെ നിലയും വിലയും കളഞ്ഞ് നസ്രാണിസഭയിലുണ്ടായിരുന്ന ജനാധിപത്യ ഭരണസമ്പ്രദായത്തെ തകിടം മറിച്ചതും പാശ്ചാത്യരീതിയിലുള്ള സഭാഭരണം നസ്രാണിസഭയില്‍ ആരംഭിച്ചതുമെല്ലാം ഉദയമ്പേരൂര്‍ സൂനഹദോസിന്റെ പരിണതഫലമായാണ്.

ഒരു പ്രത്യേക ഇടവകയ്ക്കുവേണ്ടി പഠിപ്പിച്ച് പട്ടമേല്പിച്ച് വൈദികന്‍ ആ ഇടവകയ്ക്ക് ശുശ്രൂഷാസേവനം ചെയ്തിരുന്ന സമ്പ്രദായം നിര്‍ത്തല്‍ ചെയ്തു. പകരം മെത്രാന്‍ വൈദികനെ ഇടവകയ്ക്കുവേണ്ടി നിയമിക്കുന്ന വികാരി സമ്പ്രദായം നടപ്പിലാക്കി. അന്നുവരെ മാര്‍തോമാ ക്രിസ്ത്യാനികളുടെ ദേവാലയങ്ങളില്‍ രൂപങ്ങള്‍ സ്ഥാപിച്ചിരുന്നില്ല. എന്നാല്‍ പോര്‍ട്ടുഗീസുകാര്‍ പള്ളികളില്‍ രൂപങ്ങള്‍ സ്ഥാപിച്ച് സ്വരൂപ വണക്കം പ്രചരിപ്പിച്ചു. എല്ലാ സമുദായങ്ങളും പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയുമായിരുന്നു മലങ്കരയില്‍ കഴിഞ്ഞുപോന്നത്. പോര്‍ട്ടുഗീസുകാരുടെ കൊളോണിയല്‍ വേഴ്ചക്കാലത്ത് ക്രിസ്ത്യാനികളെ മറ്റു മതസ്ഥരില്‍നിന്നകറ്റി. ഹിന്ദുക്കളെ വളരെ അവജ്ഞയോടെയാണ് പോര്‍ട്ടുഗീസുകാര്‍ കണ്ടത്. സൂനഹദോസിന്റെ ചില ഡിക്രികളില്‍നിന്ന് അത് വ്യക്തമാണ്. നസ്രാണികളുടെ സാമൂഹികാചാരങ്ങളില്‍ ആരോഗ്യപരമായ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ ഉദയമ്പേരൂര്‍ സൂനഹദോസിനു സാധിച്ചിട്ടുണ്ടെന്നുള്ളത് എടുത്തുപറയേണ്ടിയിരിക്കുന്നു.

കൂനന്‍കുരിശു സത്യം (1653)

ഉദയമ്പേരൂര്‍സൂനഹദോസിനു മുന്‍പ് കേരള ക്രിസ്ത്യാനികളുടെ ആത്മീയപിതാക്കന്മാര്‍ ബാബിലോണില്‍നിന്നുള്ള മെത്രാന്മാരായിരുന്നു. സൂനഹദോസ് ആ ബന്ധം അറുത്തുകളഞ്ഞു. മാര്‍തോമാക്രിസ്ത്യാനികള്‍ക്കുള്ള മെത്രാന്‍ പോര്‍ട്ടുഗീസ് രാജാവ് നാമനിര്‍ദ്ദേശം ചെയ്ത് റോമാ മാര്‍പാപ്പായാല്‍ നിയമിതനാകുന്ന ആളായിരിക്കണം (പദ്രുവാദോ മെത്രാന്‍) എന്ന പിടിവാശിയിലായി, പോര്‍ട്ടുഗീസുകാര്‍. പാശ്ചാത്യമെത്രാന്മാര്‍ ബാബിലോണിയന്‍ മെത്രാന്മാരെപ്പോലെ ആധ്യാത്മികശുശ്രൂഷകര്‍ മാത്രമായിരുന്നില്ല. അവര്‍ ഭരണകര്‍ത്താക്കളും കൂടിയായിരുന്നു. ഈ പാശ്ചാത്യമെത്രാന്‍ഭരണം കേരളക്രൈസ്തവരുടെ ഇടയില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമായി. അതാണ് 1653-ല്‍ മട്ടാഞ്ചേരിയില്‍ വച്ചു നടന്ന കൂനന്‍കുരിശു സത്യം. പിന്നീട് ഒരുവിഭാഗം മാര്‍തോമാക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അന്നത്തെ ആര്‍ക്കദ്യാക്കോനെ മെത്രാനായി വാഴിച്ചു. തല്‍ഫലമായി അന്നുവരെ ഒന്നായിരുന്ന മാര്‍തോമാ നസ്രാണിസമുദായം രണ്ടായി പിളര്‍ന്നു. കേരള ക്രൈസ്തവസഭയ്ക്കു സംഭവിച്ച ഏറ്റവും ഗുരുതരമായ ഒരു അപചയമായിരുന്നു അത്. (ഉദയമ്പേരൂര്‍ സൂനഹേദാസിലെ തീരുമാനങ്ങളെയും അതിന്റെ ഫലമായി നസ്രാണിസഭയില്‍ സംഭവിച്ച അപചയത്തെയും പറ്റി വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്, ഓശാന മൗണ്ട് 1994-ല്‍ പ്രസിദ്ധം ചെയ്ത 'ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍' എന്ന പുസ്തകം ഈ വിഷയത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ സഹായകമാകും. ആ പുസ്തകത്തിലെ ഡോ. സ്‌കറിയാ സക്കറിയ എഴുതിയ 'ഉപോദ്ഘാതം' വളരെ ശ്രദ്ധേയമാണ്).

പ്രൊപ്പഗാന്താ (Propaganda)

പൗരസ്ത്യസഭകള്‍ പണ്ടുമുതലേ പാശ്ചാത്യസഭയ്ക്ക് കണ്ണില്‍ കരടാണ്. അതിനാല്‍ മാര്‍തോമാക്രിസ്ത്യാനികളെ പൗരസ്ത്യസഭാബന്ധത്തില്‍നിന്ന് വിച്ഛേദിച്ച് റോമാ മാര്‍പാപ്പായുടെ കീഴില്‍ കൊണ്ടുവരാന്‍ പോര്‍ട്ടുഗീസു മെത്രാന്മാര്‍ പദ്രുവാദോ ഭരണം നടപ്പില്‍ വരുത്തി. യഥാര്‍ഥത്തില്‍ റോമിന്റെ ലക്ഷ്യവും പോര്‍ട്ടുഗീസുകാരുടെ ലക്ഷ്യവും കാര്യത്തില്‍ ഒന്നുതന്നെയായിരുന്നു. പ്രോട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം പോര്‍ട്ടുഗീസ്/സ്‌പെയിന്‍ രാജാക്കന്മാരുടെയും ഈശോസഭയുടെയും സഹായത്തോടെ പദ്രുവാദോ വളര്‍ന്നപ്പോള്‍ അതേ വിപ്ലവത്തിന്റെ ആഘാതത്താല്‍ റോം തളര്‍ന്നിരുന്നു. ആ കാലഘട്ടത്തില്‍ സഭാഭരണം പോര്‍ട്ടുഗീസ്/സ്‌പെയിന്‍ രാജാക്കന്മാരുടെ പിടിയിലായിരുന്നു. ഈ രാജാക്കന്മാരുടെ എല്ലാവിധ സഹകരണവും ഈശോസഭക്കാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈശോസഭ സ്ഥാപിക്കുന്നതിനു മുന്‍പുതന്നെ ശക്തരും പ്രഗല്ഭരുമായിരുന്ന കര്‍മ്മലീത്താ, ഡൊമിനിക്കന്‍, ഫ്രാന്‍സിസ്‌ക്കന്‍ മുതലായ സന്ന്യാസസഭകള്‍ക്ക് വികസനത്തിനുള്ള അവസരങ്ങള്‍ ഇല്ലാതായി. വേദപ്രചാരം റോമില്‍ നിന്നു മാറി പോര്‍ട്ടുഗീസ്/സ്‌പെയിന്‍ രാജാക്കന്മാരുടെ പിടിയിലായി. അതിനെ തിരുത്തിക്കുറിച്ച് റോമാ ശക്തിപ്പെടാന്‍ വേണ്ടി ഗ്രിഗറി 14-മന്‍ മാര്‍പാപ്പാ 1622-ല്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് ദ ഫെയ്ത്ത് (Congregation for the Propagation of the Faith) എന്ന സംഘടന സ്ഥാപിച്ചു. ഈ സഭാഭരണവ്യവസ്ഥയെയാണ് പ്രൊപ്പഗാന്താ എന്ന് വിളിക്കുന്നത്. പോപ്പിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു പ്രൊപ്പഗാന്താ.

പദ്രുവാദോ-പ്രൊപ്പഗാന്താ സമരം

പദ്രുവാദോയുടെ കീഴില്‍ കേരളത്തിലുണ്ടായിരുന്ന മെത്രാന്മാരുടെ ആസ്ഥാനം കൊടുങ്ങല്ലൂരായിരുന്നു. പോര്‍ട്ടുഗീസുകാരല്ലായിരുന്ന മെത്രാന്മാര്‍ക്ക് ഇന്‍ഡ്യയില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. ഇന്‍ഡ്യയിലേക്ക് പ്രൊപ്പഗാന്താമിഷന്‍ അയയ്ക്കുന്ന വൈദികര്‍ക്കും മെത്രാന്മാര്‍ക്കും പ്രവേശനം നല്‍കാതിരിക്കാന്‍ പോര്‍ട്ടുഗീസ് അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. പദ്രുവാദോ-പ്രൊപ്പഗാന്താ സമരം രൂക്ഷമായിരുന്ന കാലഘട്ടത്തില്‍ മാര്‍തോമാക്രിസ്ത്യാനികള്‍ക്കു പദ്രുവാദോയുമായുള്ള പിണക്കം വര്‍ധിച്ച് 1653-ലെ കൂനന്‍ കുരിശ് സത്യത്തില്‍ അവസാനിച്ചു. അങ്ങനെ മാര്‍തോമാനസ്രാണിസഭ രണ്ടായി പിളര്‍ന്നു. ഈ തക്കംനോക്കി പ്രൊപ്പഗാന്താ തിരുസംഘത്തിന്റെ കീഴില്‍ ജോസഫ് മരിയ സെബസ്ത്യാനി (Joseph Maria Sebastiani), ഹയാസിന്ത് ഓഫ് സെന്റ് വിന്‍സെന്റ് (Hyacinth of St. Vincent) എന്നീ രണ്ടു കര്‍മ്മലീത്താ വൈദികരുടെ നേതൃത്വത്തില്‍ രണ്ടു ഗ്രൂപ്പ് കര്‍മ്മലീത്താ വൈദികരെ മാര്‍പാപ്പാ കേരളത്തിലേയ്ക്കയച്ചു. സെബസ്ത്യാനി പിന്നീട് പ്രൊപ്പഗാന്തായുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ രൂപതയില്‍ വികാരി അപ്പസ്‌തോലിക്കയായി സുറിയാനിക്കാരുടെമേല്‍ ഭരണം ഉറപ്പിക്കാന്‍ ആരംഭിച്ചെങ്കിലും ഡച്ചുകാര്‍ കൊച്ചിക്കോട്ട പിടിച്ചെടുക്കുകയും (1662) മറ്റെല്ലാ വിദേശിയരെയും പുറത്താക്കുകയും ചെയ്തപ്പോള്‍ സെബസ്ത്യാനിക്കും കൊച്ചി വിടേണ്ടിവന്നു.

പദ്രുവാദോ-പ്രൊപ്പഗാന്താ സമരത്തിന്റെ പ്രത്യേകത

അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള പാശ്ചാത്യരുടെ കേരള വഴക്കായിരുന്നു പദ്രുവാദോ-പ്രൊപ്പഗാന്താ സമരം. കൂടാതെ മലങ്കരയില്‍ മാര്‍പാപ്പായുടെ ആധിപത്യമാണോ പോര്‍ട്ടുഗീസ് രാജാവിന്റെ ആധിപത്യമാണോ സ്ഥാപിച്ചെടുക്കേണ്ടത് എന്ന പ്രശ്‌നവും സമരത്തിന്റെ ഒരടിയൊഴുക്കായിരുന്നു. യേശുവിന്റെ സനാതന മൂല്യങ്ങള്‍ക്ക് പാശ്ചാത്യ മിഷനറിമാര്‍ കാര്യമായ പ്രാധാന്യം നല്‍കിയില്ല. ഇരുകൂട്ടരുടേയും തന്ത്രങ്ങള്‍ ഒന്നായിരുന്നു-യൂറോപ്പില്‍ പഠിച്ച തന്ത്രം. അതായത് മലങ്കര സുറിയാനിസഭയുടെ സഭാഭരണ വ്യവസ്ഥിതിയിലുണ്ടായിരുന്ന ആഭ്യന്തര ജനാധിപത്യത്തെ തകര്‍ക്കുക. നസ്രാണികള്‍ ഒരേസമയം ഈ സമരത്തിന്റെ കാഴ്ചക്കാരും ഇരകളുമായിരുന്നു. പാശ്ചാത്യതന്ത്രത്തിന്റെ ഫലമായി ഗുരുതരമായ പല അപചയങ്ങളും നസ്രാണിസഭയ്ക്ക് സംഭവിച്ചു.

1.   മാര്‍തോമാക്രിസ്ത്യാനികളുടെ പള്ളിഭരണത്തിന്റെ നട്ടെല്ലായ പള്ളിയോഗവും പള്ളിപ്രതിപുരുഷ മഹായോഗവുമെല്ലാം ബലഹീനമായിപ്പോയി.

2.   തന്‍മൂലം സഭാഭരണ വ്യവസ്ഥയിലുണ്ടായിരുന്ന ആഭ്യന്തര ജനാധിപത്യത്തെ ഇല്ലാതാക്കി.

3.   മാര്‍തോമാക്രിസ്ത്യാനികളുടെ ഇടവകപ്പട്ടക്കാര്‍ വിശ്വാസികളുടെ ശുശ്രൂഷാ മൂപ്പന്മാരായിരുന്നു. അവരുടെ സേവനം ജനങ്ങളുടെ ഇടയിലായിരുന്നു. പഠനം മല്പാന്റെ കീഴിലായിരുന്നു. എന്നാല്‍ പാശ്ചാത്യര്‍വന്ന് സെമിനാരികള്‍ സ്ഥാപിച്ച് അവരെ അവിടെ പഠിപ്പിച്ച് മെത്രാനുസേവനം ചെയ്യുന്ന വികാരിമാരെ സൃഷ്ടിച്ചു. അങ്ങനെ കേരള സുറിയാനി ഭരണവ്യവസ്ഥപ്രകാരം ഇടവകപ്പട്ടക്കാരന് ഉണ്ടായിരുന്ന അദ്വിതീയസ്ഥാനം നഷ്ടപ്പെട്ടു.

4.   സ്വതന്ത്രരായി ഒറ്റക്കെട്ടായി മുന്നേറിയിരുന്ന എണങ്ങരെയും പട്ടക്കാരെയും ഫലപ്രദമായ രീതിയില്‍ വേര്‍തിരിച്ചു. പട്ടക്കാരെ മെത്രാന്റെ നിയന്ത്രണത്തില്‍ മെത്രാന്റെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന പുതിയ ഒരു വര്‍ഗമാക്കിമാറ്റി.

5.   ഇടവകയെ കേന്ദ്രീകരിച്ചുള്ള പള്ളിഭരണത്തെ തകിടം മറിച്ച് രൂപതാ കേന്ദ്രീകൃതഭരണം സ്ഥാപിച്ചെടുത്തു.

6.   പൗരസ്ത്യസഭാ ബന്ധങ്ങള്‍ പുനരുദ്ധരിക്കാനുള്ള കേരള ക്രിസ്ത്യാനികളുടെ എല്ലാ പരിശ്രമങ്ങളെയും പരാജയപ്പെടുത്താന്‍ രണ്ടു കൂട്ടരും കലഹങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി.

അങ്കമാലി സമ്മേളനം

കൂനന്‍കുരിശു സത്യത്തിനുശേഷം വരാപ്പുഴയുള്ള കര്‍മ്മലീത്താക്കാരുടെ പ്രൊപ്പഗാന്താ ഭരണവും പദ്രുവാദോക്കാരുടെ കൊടുങ്ങല്ലൂര്‍ ഭരണവും നസ്രാണിക്രിസ്ത്യാനികളുടെമേല്‍ കെട്ടിവച്ചു. പ്രൊപ്പഗാന്താഭരണം സുറിയാനിക്കാരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഭാരമുള്ളതായിരുന്നു. മുന്‍പ് ഈശോസഭക്കാരുടെ ഭരണകാലത്ത് അനുഭവപ്പെട്ടിരുന്നതിനെക്കാള്‍ തിക്തമായ അനുഭവങ്ങളാണ് കര്‍മ്മലീത്താക്കാരുടെ ഭരണത്തിന്‍കീഴില്‍ നസ്രാണികള്‍ക്ക് അനുഭവിക്കേണ്ടിവന്നത്. ക്രിസ്തുസന്ദേശം പ്രസംഗിക്കുക എന്ന മിഷന്‍ പ്രവര്‍ത്തനത്തില്‍ പദ്രുവാദോക്കാര്‍ക്കോ പ്രൊപ്പഗാന്താക്കാര്‍ക്കോ താത്പര്യം ഉണ്ടായിരുന്നില്ല. അവരുടെ മുഖ്യഉദ്ദേശ്യം നസ്രാണികളെ ഭരിക്കുക എന്നതായിരുന്നു. ഡച്ചുകാരുടെ വരവോടെ പദ്രുവാദോക്കാര്‍ വെളിയിലായി. പോപ്പിന്റെ സ്വാധീനത്താല്‍ പ്രൊപ്പഗാന്താ മിഷനറിമാര്‍ കൊച്ചിയില്‍ താമസിച്ചു. പ്രൊപ്പഗാന്താ ഭരണം നസ്രാണികള്‍ക്ക് അസഹനീയമായതിനാലാണ് മലങ്കരപള്ളിക്കാരുടെ പൂര്‍വപാരമ്പര്യമനുസരിച്ച് അങ്കമാലിയില്‍ മഹാസമ്മേളനം വിളിച്ചുകൂട്ടിയതും (1773) ജോസഫ് കരിയാറ്റി മല്പാനെയും പാറേമ്മാക്കല്‍ തോമാകത്തനാരെയും യൂറോപ്പിലേക്ക് അയച്ചതും. (കൂടുതല്‍ വിവരങ്ങള്‍ക്ക് പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എഴുതിയ 'വര്‍ത്തമാനപ്പുസ്തകം' കാണുക).25 പാറേമ്മാക്കല്‍ തോമാകത്തനാര്‍ കൊടുങ്ങല്ലൂര്‍ രൂപതയില്‍പ്പെട്ട കടനാട് ഇടവക വികാരിയും കരിയാറ്റി മല്പാന്‍ വരാപ്പുഴ രൂപതക്കാരനും ആയിരുന്നു. ഇവര്‍ക്ക് പ്രധാനമായി ഉണ്ടായിരുന്നത് പ്രൊപ്പഗാന്താ മെത്രാന്മാരെപ്പറ്റിയുള്ള പരാതികളായിരുന്നു. പരാതിക്കു നിവാരണം എന്ന വ്യാജേന പ്രൊപ്പഗാന്തായുടെ ശക്തി ക്ഷയിപ്പിക്കുന്നതിനും പദ്രുവാദോയുടെ ഭരണം ശക്തിപ്പെടുത്തുന്നതിനുമായി അന്നത്തെ പോര്‍ട്ടുഗീസ് രാജ്ഞി കരിയാറ്റി മല്പാനെ കൊടുങ്ങല്ലൂര്‍ രൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു (1782). കരിയാറ്റി മെത്രാപ്പോലീത്ത കേരളത്തില്‍ എത്തുന്നതിനുമുന്‍പ് ഗോവായില്‍വച്ച് മരണമടഞ്ഞു (1786). എങ്കിലും കൊടുങ്ങല്ലൂര്‍ രൂപതയുടെ ഗോവര്‍ണദോര്‍ എന്ന നിലയ്ക്ക് പാറേമ്മാക്കല്‍ തോമാകത്തനാര്‍ നസ്രാണിസഭയെ കുറെക്കാലം ഭരിച്ചു (1786-1799).

നാട്ടുമെത്രാന്‍

പാശ്ചാത്യമെത്രാന്‍ഭരണത്തില്‍ വീര്‍പ്പുമുട്ടികഴിഞ്ഞിരുന്ന ഇടവകക്കാരും ഇടവകപ്പട്ടക്കാരും ബാബേല്‍ പാത്രിയാര്‍ക്കീസുമായി വീണ്ടും ശുശ്രൂഷാപരമായ ബന്ധത്തിന് ആഗ്രഹിച്ചു. 1854-ല്‍ കുറവിലങ്ങാട്ടുവച്ചുകൂടിയ ഇടവകപ്രതിനിധികളുടെ യോഗം മലങ്കരക്കാര്‍ക്കായി ഒരു മെത്രാനെ അയച്ചുതരണമെന്നുള്ള അപേക്ഷ ബാബേല്‍ പാത്രിയാര്‍ക്കീസിനു നല്‍കാന്‍ തീരുമാനിച്ചു. അതിന്റെ സാക്ഷാത്ക്കാരത്തിനായാണ് സമുദായസ്‌നേഹികളും സമുദായാഭിമാനികളുമായ കുടക്കച്ചിറ അന്തോനിയച്ചനും തൊണ്ടനാട്ട് അന്തോനിയച്ചനും ബാബേലിനു പോയത്. അവരുടെ ശ്രമഫലമായി റോക്കോസ് മെത്രാന്‍ കേരളത്തില്‍ എത്തി. സുറിയാനിക്കാര്‍ക്കുണ്ടായിരുന്ന 154 ഇടവകകളില്‍ 86 എണ്ണം പൂര്‍ണമായും 30 എണ്ണം ഭാഗികമായും റോക്കോസ് പക്ഷത്ത് ചേര്‍ന്നു. മലങ്കര ക്രിസ്ത്യാനികള്‍ യൂറോപ്യന്‍ മെത്രാന്മാരില്‍ എത്രമാത്രം അസംതൃപ്തരായിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമാണ്. റോക്കോസ് മെത്രാനെതിരായി വരാപ്പുഴ മെത്രാന്‍ പുറപ്പെടുവിച്ച ഉത്തരവിന്‍പ്രകാരം അദ്ദേഹം ശീശ്മയില്‍പെടുകയും അധികം കഴിയാതെ കേരളം വിടുകയും ചെയ്തു. പാശ്ചാത്യമെത്രാന്മാരെ മലങ്കരയില്‍നിന്ന് പറഞ്ഞുവിട്ട് നാട്ടുമെത്രാന്മാരെ ആധ്യാത്മികശുശ്രൂഷയ്ക്കായി കിട്ടിയാല്‍ തങ്ങളുടെ പൂര്‍വപാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് നമ്മുടെ പൂര്‍വികര്‍ കരുതി. ഇതു സംബന്ധിച്ച് ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എഴുതിയിരിക്കുന്നതിപ്രകാരമാണ്: ''മാര്‍ മാത്യു മാക്കീല്‍ അങ്ങനെ ലഭിച്ച ചങ്ങനാശ്ശേരി രൂപതയിലെ ആദ്യത്തെ ഒരു നാട്ടുമെത്രാന്‍ ആയിരുന്നു. നാട്ടുമെത്രാനെ ലഭിച്ചുകഴിഞ്ഞപ്പോള്‍ എല്ലാമായി എന്ന് ശുദ്ധഗതിക്കാരായ പൂര്‍വികര്‍ ചിന്തിച്ചു. പക്ഷേ, പരദേശി മെത്രാന്മാരെക്കാള്‍ കൂടുതല്‍ ഈ നാട്ടുമെത്രാന്മാര്‍ ആയിരുന്നു ഈ സഭയോട് ദ്രോഹം ചെയ്തത്. റോസ് മെത്രാനു ശേഷം ഒരു നിയമാവലി ഉണ്ടാക്കി പള്ളി സ്വത്തു പിടിച്ചെടുക്കാന്‍ ഒരു പരദേശി മെത്രാനും തയ്യാറായില്ല. അതിനു തയ്യാറായത് നാട്ടുമെത്രാന്മാരായിരുന്നുവെന്നതാണ് വിചിത്രം. അതില്‍ പ്രധാനി മാര്‍ മാക്കീലും.

ലത്തീന്‍ കാനോന്‍നിയമം അനുസരിച്ച് ഈ സഭയുടെ ഭരണക്രമത്തെ ക്രോഡീകരിച്ചുകൊണ്ടുള്ള പുസ്തകമാണ് ദെക്രെത്തു പുസ്തകം. നമ്മുടെ പാരമ്പര്യങ്ങളെ തെല്ലും കണക്കിലെടുക്കാതെ പള്ളിഭരണത്തെ നൈയാമികമായി പാശ്ചാത്യവത്ക്കരിച്ചത് മാര്‍ മാക്കീല്‍ മത്തായി മെത്രാനാണ്.'' 26

ഈ സഭയുടെ പാരമ്പര്യത്തിന് വിരുദ്ധമായ, പള്ളിവക സ്വത്ത് മെത്രാന്റേതാണെന്ന, കാഴ്ചപ്പാട് സഭയുടെമേല്‍ അടിച്ചേല്പിച്ചത് ദെക്രെത്തിലൂടെയാണ്. ഇതാ അതിലുള്ള കുറേ നിയമങ്ങള്‍:

''ഓരോ രൂപതകളിലും, വികാരിയാത്തുകളിലും ഉള്ള പള്ളിവക സ്വത്തുക്കളുടെയും, വസ്തുക്കളുടെയും മേല്‍ പെട്ട അന്വേഷണവും നടത്തയും സൂക്ഷവും തിരു കാനോനാകള്‍ പ്രകാരം ശുദ്ധ റോമാ സിംഹാസനത്തില്‍ നിന്ന് ആ രൂപതകളെയും, വികാരിയാത്തുകളെയും ഭരിക്കുന്നതിന് അധികാരം സിദ്ധിച്ചിട്ടുള്ള മെത്രാന്മാര്‍ക്കുള്ളതാകുന്നു. അവര്‍ അവരുടെ സ്ഥാനാധികാരത്താല്‍ത്തന്നെ റോമ്മാ മേല്‍പട്ടക്കാരന്റെ കീഴായി, അവര്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളുടെ വിലതീരാത്ത ആത്മാവുകളെ ഭരിച്ചു നടത്തുന്നതിന്നു റൂഹാദക്കുദശാ തമ്പുരാനാല്‍ ശ്ലീഹന്മാരുടെ സ്ഥാനത്തില്‍ വെക്കപ്പെട്ടിരിക്കുന്നതുപോലെ തന്നെ, പള്ളിവക വസ്തുക്കളെയും ഭരിച്ചു നടത്തുന്നതിനു നിയമിക്കപ്പെട്ടിരിക്കുന്നു...... പള്ളിവക വസ്തുക്കളുടെയും, വൈദിക സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും നടത്തുകാരായും, അന്വേഷണക്കാരായും ഭക്തന്മാരായ അല്‌മേനികള്‍ തെരഞ്ഞെടുക്കപ്പെടുകയും മെത്രാനാല്‍ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നാലും, അവര്‍ സാക്ഷാല്‍ പള്ളിഭരണക്കാരായ വികാരിമാര്‍ക്കും, പട്ടക്കാര്‍ക്കും ആലോചനക്കാരും സഹായികളും കൂട്ടുനടത്തുകാരും മാത്രമായി വിചാരിക്കപ്പെടുന്നു.''27

പദ്രുവാദോയും പ്രൊപ്പഗാന്തായും മൂന്നു നൂറ്റാണ്ടിലേറെക്കാലം നസ്രാണി ക്രിസ്ത്യാനികളെ പാശ്ചാത്യപള്ളിഭരണസമ്പ്രദായത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു. എന്നാല്‍ നസ്രാണികളും അവരോടൊപ്പം എന്നുമുണ്ടായിരുന്ന ഇടവകസ്‌നേഹികളായ ദേശത്തുപട്ടക്കാരും അതിനെ കഴിവതും ചെറുത്തുനിന്നു. ഒരു നാട്ടുമെത്രാനെ ലഭിച്ചാല്‍ തങ്ങളുടെ പൂര്‍വ പാരമ്പര്യമായ മാര്‍തോമായുടെ നിയമത്തിലേക്ക് തിരിച്ചുപോകാം എന്നവര്‍ സ്വാഭാവികമായി ചിന്തിച്ചു. എന്നാല്‍ നാട്ടുകാരന്‍ മെത്രാനായപ്പോള്‍ പാശ്ചാത്യരീതിയിലുള്ള മെത്രാന്‍ വേഷവിധാനങ്ങളും രാജകീയപ്രൗഢിയും അരമനയുമെല്ലാമായി മാര്‍തോമായുടെ നിയമത്തെ തെല്ലും പരിഗണിക്കാതെ പള്ളിഭരണാധികാരിയായി. അങ്ങനെ മാര്‍തോമാക്രിസ്ത്യാനികള്‍ സമുദായത്തിന്റെ സ്വാതന്ത്ര്യത്തെയും ആഭ്യന്തരസ്വയംഭരണസമ്പ്രദായത്തെയും നാട്ടുമെത്രാന്റെ മുമ്പില്‍ അടിയറ വയ്‌ക്കേണ്ടിവന്നു. നാട്ടുമെത്രാന്മാര്‍ മൂലമാണ് മാര്‍തോമാനസ്രാണി കത്തോലിക്കസമുദായത്തിന് ഈ അപചയം സംഭവിച്ചത്.

കല്‍ദായവാദം

റോമാസാമ്രാജ്യത്തെ കിഴക്കും പടിഞ്ഞാറുമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി (4-ാം നൂറ്റാണ്ട്) തിരിച്ചപ്പോള്‍ റോമാപാത്രിയാര്‍ക്കേറ്റ് പടിഞ്ഞാറും കോണ്‍സ്റ്റന്റിനോപ്പിള്‍, ജെറുശലേം, അലക്‌സാന്‍ഡ്രിയ, അന്ത്യോക്യാ എന്നീ നാലു പാത്രിയാര്‍ക്കേറ്റുകള്‍ കിഴക്കുമായി. ഈ നാലു പാത്രിയാര്‍ക്കേറ്റുകളില്‍പ്പെട്ട പൗരസ്ത്യദേശത്തെ സഭകളെ ഭരിക്കുന്നതിനുള്ള റോമിലെ സെക്രട്ടറിയേറ്റാണ് പൗരസ്ത്യ തിരുസംഘം (Oriental Congregation). റോമാ സാമ്രാജ്യത്തിലോ ഈ അഞ്ച് പാത്രിയാര്‍ക്കേറ്റുകളിലോ ഉള്‍പ്പെടാത്ത ഇന്ത്യയിലെ മലങ്കരയില്‍ ക്രിസ്തു ശിഷ്യന്മാരിലൊരാളായ മാര്‍തോമാ വന്ന് ക്രിസ്തുവേദം പ്രസംഗിച്ച് ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സഭ സ്ഥാപിച്ചു. ആ സഭയാണ് മാര്‍തോമാനസ്രാണിസഭ. ഈ സഭ തനതായി വളര്‍ന്ന് ലോകത്തിലെ ഏറ്റവും പുരാതനവും പുഷ്‌ക്കലവും ശക്തവുമായ ഒരു അപ്പോസ്തലിക സഭയായി.

ഈ സഭയിലുള്ള കല്‍ദായവല്‍ക്കരണത്തേക്കുറിച്ചു ചിന്തിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട പല ചോദ്യങ്ങളും ഉദിക്കുന്നുണ്ട്.

1.   ഈ സഭ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ ഭാഗമാകുന്നതെങ്ങനെ?

2.   ബാബേലില്‍നിന്നു വന്ന മെത്രാന്മാര്‍ അവരുടെ ആരാധനഭാഷയായി സുറിയാനി മലങ്കരയിലും ഉപയോഗിച്ചു എന്ന കാരണംകൊണ്ടുതന്നെ മാര്‍തോമാക്രിസ്ത്യാനികളുടെ ആരാധനക്രമ പൈതൃകം എങ്ങനെ കല്‍ദായമാകും?

     (1996 ജനുവരി 8 മുതല്‍ 16 വരെ റോമില്‍ നടന്ന സീറോ മലബാര്‍ മെത്രാന്മാരുടെ സൂനഹദോസില്‍ മാര്‍ ജോസഫ് പവ്വത്തില്‍ ചെയ്ത പ്രസംഗത്തെ സംബന്ധിച്ച് ഒരു പഠനം നടത്തി 1997 ഫെബ്രുവരിയില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ 'ഓശാന' മാസികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമ്മുടെ പൈതൃകം കല്‍ദായമാണോ എന്ന ചോദ്യത്തിനുള്ള ചില ഉത്തരങ്ങള്‍ ഈ ലേഖനത്തില്‍ കാണാം).28

3.   ഫ്രാന്‍സിസ് റോസ് മെത്രാന്‍ (Bishop Francis Ros, 1599-1624) നസ്രാണികള്‍ക്കായി കുര്‍ബ്ബാന പരിഷ്‌കരിച്ചപ്പോള്‍ അന്നുവരെ അവരുടെ ആരാധനഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി. അക്കാരണത്താലും നസ്രാണികളുടെ പൈതൃകം കല്‍ദായമാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയും?

4.   16-ാം നൂറ്റാണ്ടുമുതല്‍ ഈ സഭ പാശ്ചാത്യസഭയുടെ (പദ്രുവാദോ, പ്രൊപ്പഗാന്താ) കീഴിലായിരുന്നല്ലോ. എങ്കില്‍ എന്തുകൊണ്ട് മാര്‍തോമാക്രിസ്ത്യാനികളുടെ പൈതൃകം പാശ്ചാത്യമാണെന്ന് പറഞ്ഞുകൂടാ?

5.   രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പൗരസ്ത്യസഭകളെ സംബന്ധിച്ചുള്ള ഡിക്രികളുടെ അടിസ്ഥാനത്തില്‍ മാര്‍തോമാനസ്രാണിസഭ മാര്‍തോമായുടെ മാര്‍ഗത്തിലേക്ക് തിരിച്ചുപോകേണ്ടതല്ലേ?

6.   കല്‍ദായ ആരാധനക്രമത്തില്‍നിന്നും ലാറ്റിന്‍ ആരാധനക്രമത്തില്‍നിന്നും ഭാരതീയ സംസ്‌കാരത്തില്‍നിന്നും സ്വാംശീകരിച്ച് സ്വദേശീയമായ ഒരു ആരാധനക്രമം രൂപപ്പെടുത്തുകയല്ലേ വേണ്ടത്?

7.   ലാറ്റിന്‍ചുവയുള്ളതൊക്കെ അശുദ്ധവും കല്‍ദായരുചിയുള്ളതെല്ലാം വിശുദ്ധവുമാണെന്ന് ചിന്തിക്കുന്നത് മന്ദബുദ്ധിയുടെ ധാരാളിത്വം കൊണ്ടല്ലേ?

8.   പാശ്ചാത്യസഭാ പാരമ്പര്യം മ്ലേഛമെങ്കില്‍ എന്തുകൊണ്ട് പള്ളിഭരണകാര്യത്തില്‍ മാര്‍തോമാക്രിസ്ത്യാനികളുടെ പൂര്‍വപാരമ്പര്യത്തിലുള്ളതായ പള്ളിയോഗവും പള്ളി പള്ളിക്കാരുടെ സ്വത്തെന്ന നിയമവും മാറ്റി പാശ്ചാത്യമായ പാരീഷ്‌കൗണ്‍സിലും പള്ളിസ്വത്ത് മെത്രാന്റേതെന്ന നിയമവുമുണ്ടാക്കി?

9.   ഉദയമ്പേരൂര്‍ സൂനഹദോസിനു മുന്‍പ് നമ്മുടെ കത്തനാരന്മാര്‍ വിവാഹിതരായിരുന്നു. സൂനഹദോസിന്റെ തീരുമാനത്തിലൂടെ മാര്‍തോമാക്രിസ്ത്യാനികളുടെ കല്‍ദായം മുഴുവന്‍ നശിപ്പിച്ചുകളഞ്ഞു എന്ന് വിലപിക്കുന്ന ഈ കല്‍ദായവാദികള്‍ എന്തുകൊണ്ട് വൈദികവിവാഹം പുനഃസ്ഥാപിക്കാന്‍ വാദിക്കുന്നില്ല?

10.   മാര്‍തോമാനസ്രാണിസഭയുടെ പാരമ്പര്യങ്ങളിലൊന്നായിരുന്നു സ്ഥിരഡീക്കന്‍ സ്ഥാനം (Permanent Diocanate). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കസഭയുടെതന്നെ പഴയ പാരമ്പര്യങ്ങളിലൊന്നായ സ്ഥിരഡീക്കന്‍ സ്ഥാനം പുനഃസ്ഥാപിച്ചു. അതിന്റെ വെളിച്ചത്തില്‍ ലത്തീന്‍സഭയില്‍ പതിനായിരക്കണക്കിന് സ്ഥിരഡീക്കന്മാര്‍ ഇന്ന് സേവനം ചെയ്യുന്നുണ്ട്. വിവാഹിതരും അവിവാഹിതരുമായ പുരുഷന്മാരാണ് ഇന്ന് സഭയില്‍ സ്ഥിരഡീക്കന്മാരായി ശുശ്രൂഷ ചെയ്യുന്നത്. വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ട് 50 വര്‍ഷമായിട്ടും എന്തുകൊണ്ട് സീറോ മലബാര്‍സഭ സ്ഥിരഡീക്കന്‍ സ്ഥാനം പുനഃസ്ഥാപിച്ചിട്ടില്ല? സഭയില്‍ ആവശ്യത്തില്‍ കൂടുതല്‍ വൈദികര്‍ ഉണ്ട് എന്ന കാരണത്താല്‍ സ്ഥിരഡീക്കന്‍ സ്ഥാനം ഇല്ലാതാകുന്നില്ലെന്ന് വായനക്കാര്‍ മനസ്സിലാക്കണം. അതിയാഥാസ്ഥിതിക മെത്രാന്മാരാണ് (ultra conservative bishops) നമ്മുടെ സഭയുടെ നാശോന്മുഖമൂലധനമെന്നാണ് നാം ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്.

11.   കല്‍ദായസഭയുടെ സ്ഥാപനത്തിനു മുന്‍പ് മാര്‍തോമായാല്‍ ജന്മംകൊണ്ട മാര്‍തോമാനസ്രാണികത്തോലിക്കസഭ ഇന്ന് സ്വയം ഭരണാധികാരമുള്ള ഒരു സ്വതന്ത്രസഭയാണ്. പൗരസ്ത്യ സംഘമെന്ന വത്തിക്കാനിലെ ഇടനിലക്കാര്‍ ഇല്ലെങ്കിലെ നമ്മുടെ പഴയ പാരമ്പര്യത്തിലേക്ക് ക്രിയാത്മകമായ രീതിയില്‍ നമുക്ക് പോകാനാകു. അതിനായി നാം പരിശ്രമിക്കണ്ടേ?
സീറോ മലബാര്‍ കത്തോലിക്കസഭയുടെ അഥവാ പഴയ മാര്‍തോമാ നസ്രാണിസഭയുടെ ആരാധനക്രമ പൈതൃകം കല്‍ദായസഭയുടെ ആരാധനക്രമമാണെന്ന് ആദ്യം വാദിച്ചത് റോമിലെ പൗരസ്ത്യസംഘമാണ്; സീറോ മലബാര്‍ സഭയിലെ മെത്രാന്മാരോ വിശ്വാസികളോ ആയിരുന്നില്ല. എന്നാല്‍ അഞ്ചാം പത്തികളും കുതികാലുവെട്ടികളുമായ ചുരുക്കം ചില സീറോ മലബാര്‍ മെത്രാന്മാരുടെ ഒത്താശയോടെ പൗരസ്ത്യസംഘത്തിന്റെ കീഴില്‍ നസ്രാണികളെ തളച്ചിടാനായി ചെയ്ത കുതന്ത്രത്തിന്റെ പരിണതഫലമാണ് ഇന്ന് ആകെ താറുമാറായി കിടക്കുന്ന നമ്മുടെ കുര്‍ബാനക്രമവും പൗരസ്ത്യസഭകള്‍ക്കുള്ള കാനോനകളും. ലോകപ്രസിദ്ധനും അഗാധപണ്ഡിതനുമായ ഡോ. ലൂക്ക്, ഒ. എഫ്. എം. കപ്പുച്ചിന്റെ അഭിപ്രായം കാണുക:
'In the light of the bits of information cited here it is difficult to say when the Thomas Christian community came under Persian supremacy, but in case our patrimony is not Chaldean, and it is a tragedy that a virulent and vitriolic minority, with the support of authorities, is wanting to perpeutate a liturgy that has been given up by the Chaldeans themselves...'

അദ്ദേഹം തുടരുന്നു:

'... like so many other peoples and races before them, the Chaldeans soon lost their identity and disappeared from history. Calling Christians of Mesopotamia - the East Syrians Chaldeans has no justification, but those who adopted this name in the sixteenth century are not to be blamed: they were not professional historians, but the claim on the part of some Thomas Christians that their patrimoney is Chaldean is, to say the least, unreasonable'.29

നസ്രാണിസഭയ്ക്ക് നൈയാമികമായി യാതൊരു ബന്ധവും കല്‍ദായസഭയുമായി ഉണ്ടായിരുന്നില്ല. ബാബിലോണില്‍നിന്നു പലമെത്രാന്മാരും മാര്‍തോമാക്രിസ്ത്യാനികള്‍ക്ക് ശുശ്രൂഷാസേവനം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി, ഒ. എഫ്. എം. കപ്പുച്ചിന്‍ 'The Relation between Thomas Christians of India and East Syrian Church' എന്ന ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്.30 ചരിത്രവസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ മാര്‍തോമാനസ്രാണിസഭയെ കല്‍ദായസഭയുടെ ഭാഗമാക്കിയത് ഈ സഭയോടു ചെയ്ത തികഞ്ഞ തെറ്റാണ്. നസ്രാണിസഭയ്ക്ക് കല്‍ദായ പാരമ്പര്യമാണെന്ന് കണ്ടുപിടിച്ച പൗരസ്ത്യസംഘത്തിന് കൂട്ടുനിന്ന നാട്ടുമെത്രാന്മാര്‍ ഈ സഭയ്ക്ക് അപമാനമാണ്. നമ്മുടെ പള്ളിയോഗങ്ങള്‍ വെറും ഉപദേശകസമിതികളായതും പുരോഹിതര്‍ അധികാരികളും വിശ്വാസികള്‍ അടിമകളുമായതും ഈ അവിഹിത കൂട്ടുകെട്ടിന്റെ പരിണതഫലമാണ്.

കല്‍ദായവാദം മാര്‍തോമാനസ്രാണിസഭയുടെ അടുത്തകാലത്തെ ഏറ്റവും വലിയ അപചയമാണെന്നുള്ളതിന് സംശയമില്ല.
പൗരസ്ത്യ കാനോന്‍ നിയമം

1917-ലെ ലത്തീന്‍ കാനോന്‍ നിയമസംഹിത രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ പുതുക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിക്കുകയുണ്ടായി. അതിന്‍പ്രകാരം 1983-ല്‍ പുതുക്കിയ കാനോന്‍ നിയമസംഹിത ലത്തീന്‍സഭയ്ക്കുവേണ്ടിയും 1991-ല്‍ പുതിയ കാനോന്‍ നിയമസംഹിത പൗരസ്ത്യസഭകള്‍ക്കുവേണ്ടിയും പ്രസിദ്ധീകരിച്ചു. യഥാര്‍ഥത്തില്‍ പൗരസ്ത്യസഭകളുടെ നിര്‍വചനത്തില്‍ പെടാത്ത, ഒന്നാം നൂറ്റാണ്ടില്‍തന്നെ സ്ഥാപിതമായ, അപ്പോസ്തലികസഭയാണ് നമ്മുടെ മാര്‍തോമാനസ്രാണിസഭ. എങ്കിലും ഈ മാര്‍തോമാനസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ ഭാഗമാക്കി പൗരസ്ത്യ കാനോന്‍ നിയമം നസ്രാണിസഭയുടെമേലും റോം അടിച്ചേല്‍പ്പിച്ചു. റോമിന്റെ ഈ നീക്കത്തിനെതിരായി നമ്മുടെ മെത്രാന്മാര്‍ സമരം ചെയ്യേണ്ടതായിരുന്നു. മാര്‍തോമാക്രിസ്ത്യാനികളോട് നമ്മുടെ മെത്രാന്മാര്‍ നീതി കാണിച്ചില്ല. മാര്‍തോമാനസ്രാണിസഭയ്ക്ക് ഈ അടുത്തകാലത്ത് സംഭവിച്ച വളരെ ഗുരുതരമായ അപചയമാണിത്.

ആരുടേയും സമ്മര്‍ദ്ദം കൂടാതെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാര്‍ പ്രഖ്യാപിച്ചത് ഇപ്രകാരമാണ്:'

''...... കാലത്തിന്റെയോ വ്യക്തിയുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്തവിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണിക പരാമ്പര്യത്തിലേക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.''31 കൂടാതെ, ഓരോ സഭയ്ക്കും സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നമ്മുടെ സഭയ്ക്ക് അതിന്റേതായ പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്നു: മാര്‍തോമായുടെ മാര്‍ഗവും വഴിപാടും. അപ്പോള്‍ എങ്ങനെ നമ്മുടെ പാരമ്പര്യം കല്‍ദായമാണെന്ന് പറയാന്‍ കഴിയും?

എറണാകുളം ആര്‍ച്ച് ബിഷപ്പും കര്‍ദിനാളും ആയിരുന്ന മാര്‍ പാറേക്കാട്ടില്‍, അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ സീറോ മലബാര്‍ മെത്രാന്മാര്‍ക്ക് എഴുതി: ''I would prefer to be called an Indian Catholic, rather than a Roman Catholic or a Syrian Catholic. One can be authentically an Indian and a Catholic at one and the same time.'' 32

പക്ഷേ, റോമന്‍ സാമ്രാജ്യത്തിലെ പൗരസ്ത്യസഭകള്‍ക്കുവേണ്ടി 1991-ല്‍ രൂപംകൊടുത്ത കാനോന്‍ നിയമം, എല്ലാ പാരമ്പര്യങ്ങളെയും നിയമവ്യാഖ്യാനങ്ങളെയും കാറ്റില്‍പറത്തി ഇന്ത്യന്‍ മാര്‍തോമാ നസ്രാണി കത്തോലിക്കസഭയ്ക്കുകൂടി ബാധകമാണെന്ന് റോം പ്രഖ്യാപിച്ചു.

''പൗരസ്ത്യകാനോന്‍നിയമം അനുസരിച്ച് വൈദികര്‍ രൂപതയ്ക്കായി പട്ടം വാങ്ങുകയും വൈദികരെന്ന നിലയില്‍ രൂപതയുടെ അംഗങ്ങളാകുകയും ചെയ്യുന്നു. രൂപതാതിര്‍ത്തിയിലുള്ള ഏത് ഇടവകയിലെയും വികാരിയായി അദ്ദേഹത്തെ നിയമിക്കാവുന്നതാണ്.''33 പൗരസ്ത്യസഭകള്‍ക്ക് അവരുടെ പഴയപാരമ്പര്യങ്ങളിലേക്ക് തിരിച്ചുപോകാനുള്ള അവകാശവും കടമയുമുണ്ടെന്നുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനത്തെ അട്ടിമറിയ്ക്കുകയല്ലേ ഇവിടെ ചെയ്യുന്നത്? പാശ്ചാത്യ സഭാരീതിയോടു നമ്മെ അനുരൂപപ്പെടുത്തിയിരിക്കുകയാണിവിടെ. ഉദയമ്പേരൂര്‍ സൂനഹദോസുവഴി നസ്രാണികളെ ലത്തീനീകരിച്ചു എന്ന വിലപിക്കുന്നവര്‍ എന്തുകൊണ്ട് റോം പാശ്ചാത്യ സഭാരീതിയിലുള്ള കാനോന്‍നിയമസമുച്ചയം നമ്മുടെ സഭയുടെമേല്‍ കെട്ടിയേല്പിച്ചതില്‍ വിലപിക്കുന്നില്ല? എന്റെ നോട്ടത്തില്‍ ഉദയമ്പേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ പൂര്‍ത്തീകരണമാണ് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള പുതിയ ഈ കാനോന്‍ നിയമം.

പൗരസ്ത്യ കാനോന്‍നിയമസംഹിതയിലെ അധികാരവ്യവസ്ഥകളെ സംബന്ധിച്ചോ അതുമൂലം മാര്‍തോമാനസ്രാണിസഭയ്ക്ക് സംഭവിച്ച അപചയത്തിന്റെ ആഴങ്ങളെ സംബന്ധിച്ചോ ചര്‍ച്ച നടത്താന്‍ ഈ പുസ്തകത്തില്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ത്തന്നെയും ഒരു സത്യം ഞാനിവിടെ കുറിക്കട്ടെ: പാശ്ചാത്യപാരമ്പര്യത്തിന്റെ മോഡലില്‍ പൗരസ്ത്യസഭകള്‍ക്കും ഒരു കാനോന്‍ നിയമം നിര്‍മ്മിക്കുകയും ആ നിയമം പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നസ്രാണിസഭയുടെമേല്‍ കെട്ടിയേല്പിച്ച് നമ്മുടെ പൈതൃകത്തെ നശിപ്പിക്കുകയും ചെയ്തതു അനീതി തന്നെയാണ്. പാശ്ചാത്യസഭയും പൗരസ്ത്യസഭകളും ഒരുകാലത്ത് റോമാ സാമ്രാജ്യാതിര്‍ത്തിക്കുള്ളില്‍ രൂപം കൊണ്ടതാണ്. മാര്‍തോമാ നസ്രാണിസഭ അതില്‍നിന്നും വിഭിന്നമായി ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ മാര്‍തോമാ അപ്പോസ്തലനാല്‍ സ്ഥാപിതമായ ഇന്ത്യന്‍ സഭയാണ്. ഈ യാഥാര്‍ഥ്യം നിലനില്‍ക്കുന്നിടത്തോളം കാലം പൗരസ്ത്യകാനോന്‍ നിയമം നസ്രാണിസഭയുടെമേലും നടപ്പിലാക്കാന്‍ പാടില്ലായിരുന്നു. റോമിനു കൂട്ടുനിന്ന സീറോ മലബാര്‍ മെത്രാന്മാരും പൗരസ്ത്യസംഘവും നസ്രാണിപാരമ്പര്യത്തോടും നസ്രാണികളോടും ഒരിക്കലും പൊറുക്കാന്‍ സാധിക്കാത്ത ഒരു തെറ്റാണ് ചെയ്തതെന്നിവിടെ പ്രസ്താവിക്കുവാനും ഞാനാഗ്രഹിക്കുന്നു.

No comments:

Post a Comment