അദ്ധ്യായം അഞ്ച്: നസ്രാണിസഭാഘടനയും സവിശേഷതകളും

അദ്ധ്യായം അഞ്ച്: നസ്രാണിസഭാഘടനയും സവിശേഷതകളും

മുന്‍ അദ്ധ്യായങ്ങളില്‍ വിവരിച്ചതുപോലെ 4-ാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ യേശു അനുയായികളുടെ കൂട്ടായ്മയെ-നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുക; നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക (മത്താ. 22: 36-40) എന്ന യേശുവിന്റെ രണ്ട് ഉത്‌ബോധനങ്ങളിലധിഷ്ഠിതമായ കൂട്ടായ്മയെ-സാമ്രാജ്യമതമാക്കി മാറ്റിയതോടെ രാജകീയ പ്രൗഢിയും ഘടനയും നിയമങ്ങളുമുള്ള ഒരു സ്ഥാപിതസഭ ജന്മംകൊണ്ടു. അങ്ങനെ യേശുവിന്റെ പ്രബോധനങ്ങളെ അവഗണിച്ച കോണ്‍സ്റ്റന്റൈന്റെ മതമാണ് കാലാന്തരത്തില്‍ വളര്‍ന്ന് വികസിച്ച് മുടിചൂടി നില്‍ക്കുന്ന ഇന്നത്തെ റോമന്‍ കത്തോലിക്കസഭ. എന്നാല്‍ അതികേന്ദ്രീകൃതമായ ഈ പാശ്ചാത്യമത സമ്പ്രദായത്തില്‍നിന്നു തികച്ചും വിഭിന്നമായ ഒരു ക്രൈസ്തവമാതൃകയായിരുന്നു അപ്പോസ്തലന്‍ തോമായാല്‍ സ്ഥാപിക്കപ്പെട്ടു എന്നവകാശപ്പെടുന്ന മലങ്കരയിലെ നസ്രാണിസഭയുടേത്. കാലാകാലങ്ങളായി നസ്രാണികള്‍ അഭ്യസിക്കുകയും പരിചയപ്പെടുകയും ചെയ്ത ക്രൈസ്തവമാതൃക പാശ്ചാത്യചിന്താധാരകളില്‍നിന്നു വളരെ വിഭിന്നമായ ഒന്നായിരുന്നു. ഇതാ അതിനൊരുദാഹരണം:

പാശ്ചാത്യര്‍ക്ക് ദൈവം നീതിന്യായവിധികര്‍ത്താവാണ്; നീതിപാലകനാണ്. പാപം ദൈവവുമായുള്ള ഉടമ്പടിയുടെ ലംഘനമാണ്. പാപത്തില്‍നിന്നു രക്ഷപെടേണ്ടവര്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന 'അംശമുള്ള പട്ടക്കാരന്‍ പക്കല്‍ പാപത്തിന്റെ കണക്കും വര്‍ഗവും കനവും തിരിച്ചു ചൊല്ലി പ്രായശ്ചിത്തം കിട്ടി പിഴപോക്കണം.''13 അപ്പോള്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന പട്ടക്കാരന്‍ ക്രിസ്തുവിനുവേണ്ടി ക്രിസ്തുവിനെ പ്രതിനിധീകരിച്ച് നീതിന്യായവിധികര്‍ത്താവായ ഒരു ജഡ്ജിയായി വര്‍ത്തിക്കുന്നു. നസ്രാണിക്രിസ്ത്യാനികളുടെ കാഴ്ചപ്പാടില്‍ ദൈവം സ്‌നേഹമാണ്. സ്‌നേഹനിധിയായ ദൈവത്തോട് തെറ്റു ചെയ്താല്‍ പശ്ചാത്താപമാകുന്ന പ്രായശ്ചിത്തം ചെയ്ത് പാപമോചനം നേടണം. ഈ സങ്കല്പമായിരുന്നു നസ്രാണിസമുദായത്തില്‍ നിലനിന്നിരുന്നത്. 'പിഴമൂളല്‍' എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഉദയമ്പേരൂര്‍ സുനഹദോസിലൂടെ നസ്രാണികളുടെ പിഴമൂളലിനെ കുമ്പസാരമാക്കി മാറ്റി. ദൈവത്തെ നീതിന്യായവിധികര്‍ത്താവാക്കി. റോമന്‍ സഭയാണ് ശരിയായ കത്തോലിക്ക സഭ എന്ന ധാരണയെ അരക്കിട്ടുറപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. റോമന്‍ ചിന്താധാരയെ നസ്രാണികളുടെമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ട് മതകൊളോണിയലിസം സ്ഥാപിച്ചെടുക്കുന്നു.

മാര്‍തോമായുടെ മാര്‍ഗവും വഴിപാടും
(മാര്‍തോമായുടെ നിയമം)

മാര്‍തോമായുടെ മാര്‍ഗവും വഴിപാടും എന്ന നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകത്തെ മാര്‍തോമായുടെ നിയമം എന്നു വിശേഷിപ്പിക്കാറുണ്ട്. നസ്രാണികള്‍ക്ക് മാര്‍തോമായുടെ മാര്‍ഗം ഒരു ജീവിതരീതിയായിരുന്നു; അതൊരു നിയമമല്ല. മാര്‍ ജോസഫ് പൗവ്വത്തിലിന്റെ അഭിപ്രായത്തില്‍ ''ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌കാരമാണ് മാര്‍തോമായുടെ മാര്‍ഗം.''14 ഭാരതീയ കാഴ്ചപ്പാടില്‍ മതങ്ങളെല്ലാം മാര്‍ഗങ്ങളാണ്; അതൊരു ജീവിതചര്യയാണ് (way of life). എന്നാല്‍ പാശ്ചാത്യര്‍ക്ക് മതം നിയമങ്ങളുടെ ഒരു സമുച്ചയമാണ്. അവര്‍ക്ക് ആ നിയമങ്ങളുടെ പാലനമാണ് മുഖ്യം. അപ്പോള്‍ നസ്രാണികളുടെ മാര്‍തോമായുടെ മാര്‍ഗവും വഴിപാടും പാശ്ചാത്യര്‍ക്ക് മാര്‍തോമായുടെ നിയമമായിപ്പോയതില്‍ അത്ഭുതപ്പെടാനില്ല. ഉദയമ്പേരൂര്‍ സൂനദോസിന്റെ കാനോനകള്‍ എന്ന പുസ്തകത്തിന്റെ ഉപോദ്ഘാതത്തില്‍ ഡോ. സ്‌കറിയാ സക്കറിയ ഇപ്രകാരം എഴുതിയിരിക്കുന്നു: ''അവര്‍, തോമായുടെ മാര്‍ഗവും വഴിപാടും ഒറ്റയടിക്കു Law of Thomas എന്നാക്കിയത് ഒരു ജ്ഞാനശാസ്ത്രപ്രശ്‌നമാണ്, ഭാഷാപ്രശ്‌നമല്ല.''15 ജ്ഞാനശാസ്ത്രപ്രകാരമുള്ള സ്‌കറിയാ സക്കറിയയുടെ ഈ നിരൂപണം എത്രയോ ശരി!

മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ Juridical Sources of the Syro-Malabar Church എന്ന ഗ്രന്ഥത്തില്‍ മാര്‍തോമായുടെ നിയമത്തെക്കുറിച്ച് വളരെ ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''മാര്‍തോമാ ക്രൈസ്തവര്‍ എന്നും അഭിമാനപൂര്‍വം കണക്കാക്കിയിരുന്ന ആശയമാണ് മാര്‍തോമായുടെ സഭയും ആ സഭയ്ക്ക് ബാധകമായിരുന്ന മാര്‍തോമായുടെ നിയമവും. പാശ്ചാത്യ ക്രൈസ്തവരുടെ ജീവിതവും (ലത്തീന്‍ കാരുടെ ആചാരവും നിയമവും) ആയി അവര്‍ ബന്ധപ്പെട്ടുകഴിഞ്ഞപ്പോള്‍ ഈ ആശയം കൂടുതല്‍ ശക്തമായി. മാര്‍തോമായുടെ നിയമം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് അപ്പോസ്തലനായ മാര്‍തോമായുടെ കാലം മുതല്‍ പാരമ്പര്യമായി അവര്‍ക്ക് ലഭിച്ചിരുന്ന ആചാരങ്ങളും നിയമങ്ങളും ആണ്. ക്രിസ്ത്യന്‍ ശിക്ഷണം എന്ന നിലയില്‍ മാര്‍തോമായുടെ നിയമം ക്രിസ്തുവിന്റെ പഠനങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ്. (christu marga/Christ the way).''16

മാര്‍തോമാ ക്രിസ്ത്യാനികള്‍ക്ക് അവരുടേതായ പള്ളിക്കൂട്ടായ്മയും പള്ളിഭരണ സമ്പ്രദായവും ശിക്ഷണക്രമവും ഉണ്ടായിരുന്നു. മാര്‍തോമായില്‍നിന്ന് പൈതൃകമായി അത് ലഭിച്ചതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മാര്‍തോമായില്‍നിന്ന് ലഭിച്ച ക്രിസ്തുമാര്‍ഗത്തിന്റെ ആകെത്തുകയാണ് മാര്‍തോമായുടെ മാര്‍ഗവും വഴിപാടും. അത് യേശുവിന്റെ ഉദ്‌ബോധനങ്ങളിലധിഷ്ഠിതമായും ഭാരതീയ സാംസ്‌കാരിക പരിതസ്ഥിതികള്‍ക്കനുസരണമായും മാര്‍തോമാക്രിസ്ത്യാനികള്‍ വികസിപ്പിച്ചെടുത്ത ഒന്നാണ് എന്ന വസ്തുത ചരിത്രപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

സഭാഭരണം

മാര്‍തോമാക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണവും മൊത്തത്തിലുള്ള സഭയുടെ ഭരണവും നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങള്‍ -ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം-വഴിയാണ്. 'മണ്‍റം' എന്നറിയപ്പെടുന്ന ദ്രാവിഡ ഗ്രാമസഭകളായിരിക്കണം മാര്‍തോമാക്രിസ്ത്യാനികളുടെ കൂട്ടായ്മയിലും പള്ളിയോഗങ്ങള്‍ വഴി സഭാഭരണം ആരംഭിക്കാന്‍ പ്രേരകമായത്. തന്നെയുമല്ല, ഈ ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാപാരമ്പര്യത്തിലധിഷ്ഠിതവുമായിരുന്നു. ഇന്നും ചില പള്ളികളില്‍ പള്ളിയോടടുത്ത് മണ്‍റം എന്ന് വിളിക്കപ്പെടുന്ന ഒരു കെട്ടിടം കാണാം. എന്റെ ചെറുപ്പകാലത്ത് പാലാ രൂപതയിലെ വിളക്കുമാടം പള്ളിക്ക് മണ്‍റം ഉണ്ടായിരുന്നതായി ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ആ മണ്‍റത്തില്‍വച്ച് പള്ളിയോഗം ചേരുകയും പ്രധാന തിരുനാള്‍ ദിവസങ്ങളിലെ വാദ്യമേളങ്ങള്‍ നടത്തുകയും ആ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ ശവമഞ്ചം സൂക്ഷിക്കുകയും മറ്റും ചെയ്തിരുന്നു.

പള്ളിയോഗം

ഓരോ പള്ളിയുടേയും നടത്തിപ്പിനാവശ്യമായ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് പള്ളിയോഗം കൂടിയാണ്. പള്ളിയുടെ അനുദിനകാര്യങ്ങള്‍ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ പള്ളിയോഗം കൈക്കാരന്മാരെ തെരഞ്ഞെടുത്ത് അവരെ ചുമതലപ്പെടുത്തിയിരുന്നു. പള്ളിയുടെ ഭൗതിക കാര്യങ്ങള്‍ മുഴുവനും പള്ളിയോഗം കൂടിയാണ് തീരുമാനിച്ചിരുന്നത്. പള്ളിയോഗത്തെ സംബന്ധിച്ച് ഫാ. കൂടപ്പുഴ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. സഭാസമൂഹത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു.''17 യഥാര്‍ഥത്തില്‍ നിയമാനുസൃതമായ ഒരു ട്രസ്റ്റിയ്ക്കുള്ളതുപോലുള്ള അധികാരമായിരുന്നു പള്ളിയോഗങ്ങള്‍ക്കുണ്ടായിരുന്നത്. പള്ളിയോഗത്തിനായിരുന്നു പരമാധികാരം. പള്ളിയോഗതീരുമാനങ്ങളില്‍ മാറ്റം വരുത്താനോ നിരാകരിക്കാനോ മെത്രാന് അവകാശം ഉണ്ടായിരുന്നില്ല.

വ്യക്തിസഭകളുടെ കൂട്ടായ്മയാണ് ആഗോളസഭ എന്നപോലെ പ്രാദേശികസഭകളുടെ (ഇടവകകളുടെ) കൂട്ടായ്മയാണ് രൂപത എന്ന കാഴ്ചപ്പാടായിരുന്നു മാര്‍തോമാക്രിസ്ത്യാനികളുടെയും കാഴ്ചപ്പാട്. മാര്‍പാപ്പാ ആഗോളസഭയുടെ ആധ്യാത്മിക തലവനാണ്. അദ്ദേഹം വ്യക്തിസഭകളുടെ ആഭ്യന്തര ഭരണത്തില്‍ ഇടപെടാറില്ല. അതുപോലെ ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന് ഇടവകകളുടെ ആഭ്യന്തര ഭരണത്തില്‍ ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിസഭാഘടനാസമ്പ്രദായം അനുവദിച്ചിരുന്നില്ല. അത് പള്ളിയോഗത്തിന്റെ അധികാരപരിധിയില്‍ മാത്രം നിക്ഷിപ്തമായിരുന്നു.

പള്ളി പ്രതിപുരുഷയോഗം

സമുദായത്തെ ആകമാനം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെക്കുറിച്ച് തീരുമാനം എടുക്കാന്‍ കാലാകാലങ്ങളില്‍ പള്ളി പ്രതിപുരുഷയോഗങ്ങള്‍ കൂടിയിരുന്നു. പ്രാദേശികസ്വഭാവമുള്ളവയാണെങ്കില്‍ പ്രാദേശികയോഗങ്ങളും സഭയെ ആകമാനം ബാധിക്കുന്ന പ്രശ്‌നമാണെങ്കില്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെ യോഗവും വിളിച്ചുകൂട്ടിയിരുന്നു. ജാതിക്കുകര്‍ത്തവ്യനോ അല്ലെങ്കില്‍ ഏതെങ്കിലും പള്ളിയോഗക്കാരോ ആണ് ഇത്തരം യോഗങ്ങള്‍ വിളിച്ചുകൂട്ടിയിരുന്നത്. 1599-ല്‍ ഉദയമ്പേരൂരില്‍ ജാതിക്കു കര്‍ത്തവ്യന്‍ വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷയോഗത്തില്‍ മലങ്കരയിലെ പള്ളികളെ പ്രതിനിധീകരിച്ച് 644 പള്ളിപ്രതിപുരുഷന്മാര്‍ പങ്കെടുക്കുകയുണ്ടായി.

1773-ല്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കാ മാര്‍ പ്ലൊരന്‍സിയൂസ് അന്തരിച്ചപ്പോള്‍ വരാപ്പുഴ കര്‍മ്മലീത്താ പാതിരിമാര്‍ മലങ്കരപള്ളിക്കാരെ ശവസംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. മലങ്കരപള്ളിക്കാര്‍ സങ്കടത്തോടെ മടങ്ങി ആലങ്ങാട്ടുവന്ന് സമ്മേളിച്ച് മലങ്കരപള്ളിയുടെ പള്ളിപ്രതിപുരുഷയോഗം (വലിയ സമ്മേളനം) അങ്കമാലിയില്‍ കൂടാനുള്ള കുറിപ്പെഴുതി എല്ലാ പള്ളിക്കാര്‍ക്കും അയച്ചുകൊടുത്തു. അതിന്‍പ്രകാരം മലങ്കര ഇടവകയിലുള്ള (ഇടവക എന്നാല്‍ രൂപത എന്നാണിവിടെ ഉദ്ദേശിക്കുന്നത്) എല്ലാ പള്ളിക്കാരും കൂടി അങ്കമാലി കത്തീഡ്രല്‍ പള്ളിയില്‍ ഒരു മഹാസമ്മേളനം നടത്തി. ആ യോഗത്തില്‍ വളരെ അധികം മലങ്കര പട്ടക്കാരും പള്ളിപ്രതിപുരുഷന്മാരും പങ്കെടുക്കുകയുണ്ടായി.18

പള്ളിക്കാര്യങ്ങള്‍ പള്ളിക്കാരാണ് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുത്തിരുന്നത്. പൂര്‍വകാലങ്ങളില്‍ ശിക്ഷാനടപടികള്‍പോലും പള്ളിയോഗമാണ് തീരുമാനിച്ചിരുന്നത്. പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എഴുതുന്നു: ''കാരണം, ഭയങ്കരമായ കുറ്റകൃത്യങ്ങള്‍ക്കുപോലും നാല് പള്ളിക്കാര്‍ കേട്ട് വിധി കല്പിക്കാതെ ശിക്ഷ നല്‍കാന്‍ പാടില്ലെന്നുള്ള മലങ്കരസഭയുടെ നിയമം പ്രസിദ്ധമാണ്.''19 പള്ളിയോഗത്തിന്റെ അന്നത്തെ സ്ഥിതിയും അധികാരവും ഇവിടെ വ്യക്തമാണ്. മെത്രാന്മാര്‍ ഒരിക്കലും ഇത്തരംകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല.

ജാതിക്കു കര്‍ത്തവ്യന്‍ (അര്‍ക്കദ്യാക്കോന്‍)

ജാതിക്കു കര്‍ത്തവ്യനായിരുന്നു ഭാരതനസ്രാണികളുടെ സമുദായ നേതാവ്. പോര്‍ട്ടുഗീസുകാര്‍ ആര്‍ച്ചുഡീക്കന്‍ എന്ന് വിവരിക്കുന്നത് അര്‍ഥം തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സ്ഥാനിയെക്കുറിച്ച് ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''സഭയിലെ മെത്രാന്‍ കഴിഞ്ഞാല്‍ ഒന്നാമത്തെ സ്ഥാനം ആര്‍ച്ചുഡീക്കനാണ്. സഭയിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകള്‍ അദ്ദേഹത്തിനു കീഴാകുന്നു. സഭാംഗങ്ങള്‍ തമ്മിലോ മറ്റുള്ളവരുമായോ ഉള്ള എല്ലാ തര്‍ക്കങ്ങളും ആര്‍ച്ചുഡീക്കനാണ് തീരുമാനിക്കുന്നത്. സഭാകാര്യങ്ങളെല്ലാം ആര്‍ച്ചുഡീക്കന്‍വഴിയാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. മെത്രാന്‍ ധിക്കരിക്കപ്പെടുകയോ അധിക്ഷേപിക്കപ്പെടുകയോ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. ആരാധനസമ്മേളനങ്ങളിലും ആര്‍ച്ചുഡീക്കനാണ് പ്രത്യേകസ്ഥാനമുണ്ടായിരുന്നത്. സഭയിലെ അല്ലാ വിഭാഗത്തിലുംപെട്ട ആളുകളുടെമേലും - വൈദികര്‍, വൈദികവിദ്യാര്‍ഥികള്‍, സന്യാസിമാര്‍, അല്മായര്‍ - ആര്‍ച്ചുഡീക്കന് അധികാരമുണ്ടായിരുന്നു. അവിവാഹിതരായ വൈദികരെ മാത്രമേ ഈ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നുള്ളൂ.

ഒരു പ്രതിഷ്ഠാകര്‍മ്മം വഴിയാണ് ആര്‍ച്ചുഡീക്കനെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നത്. ആര്‍ച്ചുഡീക്കന്‍സ്ഥാനം മാറ്റപ്പെടുവാന്‍ പാടില്ലാത്തതും ജീവിതകാലം മുഴുവനുമുള്ളതുമായിരുന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടിനുശേഷം ലത്തീന്‍ ശിക്ഷണക്രമം കടന്നുകൂടിയതിന്റെ ഫലമായി ആര്‍ച്ചുഡീക്കന്‍ സ്ഥാനത്തിന് അതിന്റെ ഉന്നതമായ പദവി നഷ്ടപ്പെട്ടു. 'അഖിലേന്ത്യയുടെയും ആര്‍ച്ചുഡീക്കന്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിധാനം. പാത്രിയര്‍ക്കീസ് തിമോത്തി ഒന്നാമന്‍ എഴുതിയ ഒരു കത്തില്‍ ഇന്ത്യയിലെ വിശ്വാസികളുടെ തലവനായ ആര്‍ച്ചുഡീക്കനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. കോതമംഗലത്തെ പോത്താനിക്കാട് കുടുംബത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു രേഖയില്‍ ആര്‍ച്ചൂഡീക്കനെ 'ജാതിക്കുകര്‍ത്തവ്യന്‍' എന്നു വിളിക്കുന്നു. ജാതിയുടെ നാഥന്‍, ഉത്തരവാദിത്വമുള്ള വ്യക്തി എന്നൊക്കെയത്രേ ഇതിന്റെ അര്‍ഥം.

ചരിത്രവസ്തുതകള്‍ വ്യക്തമാക്കുന്നതനുസരിച്ച് ക്രൈസ്തവസമൂഹത്തിന്റെ സഭാപരവും രാഷ്ട്രപരവുമായ എല്ലാ കാര്യങ്ങളിലും കല്‍ദായമെത്രാപ്പോലീത്താമാരുടെ കാലത്തും ആര്‍ച്ചുഡീക്കന്മാര്‍ക്ക് അധികാരമുണ്ടായിരുന്നു. അവര്‍ സഭാസമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടിയായിരുന്നു നിലകൊണ്ടിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും അധികാരമുപയോഗിച്ചിരുന്നതും. യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ആധ്യാത്മികവും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാകാര്യങ്ങളും ചെയ്തിരുന്നത് ജാതിക്കുകര്‍ത്തവ്യനായിരുന്നു. മാത്രവുമല്ല, ഈ തലങ്ങളിലെല്ലാം ആര്‍ച്ചുഡീക്കനെ കൂടാതെ മെത്രാപ്പോലീത്തായ്ക്ക് ഭരിക്കുക സാധ്യമല്ലായിരുന്നുതാനും. പൗരോഹിത്യത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുക, വൈദികരെ നിയമിക്കുക മുതലായവ ആര്‍ച്ചുഡീക്കന്റെ അവകാശങ്ങളായിരുന്നു. സാമ്പത്തികവും ഭരണപരവുമായ വിശദാംശങ്ങളില്‍ മെത്രാന്‍ ഇടപെടുക പൗരസ്ത്യപാരമ്പര്യത്തിനു ചേര്‍ന്നതല്ല. ആധ്യാത്മികനേതൃത്വം നല്‍കുകയായിരുന്നു അവരുടെ പ്രഥമവും പ്രധാനവുമായ കടമ. അല്മായരുടെയും വൈദികരുടെയും സഹകരണത്തോടെ ചിലയവസരങ്ങളില്‍ 'പള്ളിയോഗങ്ങള്‍' ആര്‍ച്ചുഡീക്കന്റെ പൊതുവായ നേതൃത്വത്തിലും നടത്തിയിരുന്നു.''20

മാര്‍തോമായുടെ മാര്‍ഗവും വഴിപാടുമനുസരിച്ച് സഭാസംവിധാനങ്ങളെല്ലാം വിശ്വാസികളുടെ ആധ്യാത്മിക പരിപോഷണത്തിനാണ്. മെത്രാന്‍ ആധ്യാത്മിക ശുശ്രൂഷിയും പള്ളിയുടെ ഭൗതികകാര്യവിചാരം പള്ളിയോഗങ്ങളും ജാതിക്കുകര്‍ത്തവ്യനുംകൂടിയാണ് നിര്‍വഹിച്ചിരുന്നത്. ഈ ആദിമസഭാഘടന പൗരസ്ത്യ/പാശ്ചാത്യസഭകളില്‍ നഷ്ടപ്പെട്ടുപോയിരുന്നു. 16-ാം നൂറ്റാണ്ടുവരെ നമ്മുടെ പൂര്‍വികര്‍ കണ്ണിലെ കൃഷ്ണമണിപോലെ അത് കാത്തുസൂക്ഷിച്ചിരുന്നു.

നൂറ്റാണ്ടുകളോളം പേര്‍ഷ്യന്‍മെത്രാന്മാരെയും ആര്‍ക്കദ്യാക്കോനെയും മലങ്കരപ്പള്ളിക്കാര്‍ തങ്ങളുടെ ചിലവില്‍ മഹാപ്രതാപത്തോടും ബഹുമാനത്തോടുംകൂടി സംരക്ഷിച്ചിരുന്നു. എന്നാല്‍ ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം ജാതിക്ക് ഒരു തലവനില്ലാതെ പോയതിന്റെ പോരായ്മയെപ്പറ്റി വളരെ സങ്കടത്തോടെ പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ വര്‍ത്തമാന പ്പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.21

മെത്രാന്മാര്‍

പോര്‍ച്ചുഗീസുകാരുടെ കേരളപ്രവേശനത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ മലബാര്‍ സഭയ്ക്ക് ആധ്യാത്മികശുശ്രൂഷ ചെയ്യുന്നതിനായി ക്ഷണിച്ചുവരുത്തിയ മെത്രാന്മാരിലധികവും കല്‍ദായയിലെ നെസ്‌തോറിയന്‍ പാത്രിയാര്‍ക്കീസിന്റെ കീഴിലുള്ളവരായിരുന്നു. മലങ്കരയില്‍ എത്തിയ ആ മെത്രാന്മാര്‍ ആധ്യാത്മികകാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നസ്രാണികളുടെ കാഴ്ചപ്പാടില്‍ മെത്രാന്‍ യഥാര്‍ഥത്തില്‍ ഒരു ആധ്യാത്മികമനുഷ്യനാണ്; ക്രിസ്തു അനുയായികളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാന്‍ ത്രാണിയുള്ള ഒരു ദൈവിക മനുഷ്യന്‍. മെത്രാന്മാര്‍ ആത്മീയകാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുക എന്നതായിരുന്നു മലബാറിലെ രീതി.

മാര്‍തോമാ സ്ഥാപിച്ച സഭാകൂട്ടായ്മയില്‍ മെത്രാന്‍ സ്ഥാനി ഉണ്ടായിരുന്നു എന്ന് ചരിത്രപരമായി തെളിവുകളൊന്നുമില്ല. പൗരസ്ത്യറോമാസാമ്രാജ്യത്തില്‍പെട്ട പേര്‍ഷ്യയില്‍നിന്നും സെലൂഷ്യയില്‍ നിന്നും കല്‍ദായമെത്രാന്മാര്‍ മാര്‍തോമാക്രിസ്ത്യാനികളുടെ ക്ഷണപ്രകാരം മലബാറിലെത്തി നസ്രാണികള്‍ക്ക് ആധ്യാത്മികശുശ്രൂഷ ചെയ്യുകയാണുണ്ടായത്. അവരെ ആധ്യാത്മിക ആചാര്യന്മാര്‍ എന്ന നിലയില്‍ കണ്ട് നസ്രാണികള്‍ ആദരിച്ചംഗീകരിച്ചിരുന്നു. ഭൗതികകാര്യങ്ങളില്‍ മെത്രാന്‍ ഇടപെടുകയെന്നത് മാര്‍തോമായുടെ മാര്‍ഗത്തിന് വിരുദ്ധമായിരുന്നു. സഭയുടെ ഭരണകാര്യങ്ങളില്‍നിന്നു വിട്ടൊഴിഞ്ഞ് പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായിരിക്കുക എന്നത് (അപ്പോ. പ്രവ. 6: 4) അപ്പോസ്തലികപാരമ്പര്യമായിരുന്നു. തന്മൂലം മാര്‍തോമായുടെ നിയമം അനുസരിച്ച് ഭാരതനസ്രാണി സഭയില്‍ ഉണ്ടായിരുന്നത് ആധ്യാത്മികശുശ്രൂഷകര്‍ മാത്രമായ മെത്രാന്മാരാണ്. മെത്രാന് പള്ളിസ്വത്തിന്റെമേലോ പള്ളികളുടെമേലോ ഭൗതികമായ യാതൊരധികാരവുമില്ലായിരുന്നു. പള്ളിയോഗങ്ങളായിരുന്നു പള്ളിയും പള്ളിസ്വത്തുക്കളും ഭരിച്ചിരുന്നത്. അങ്ങനെ ഓരോ പള്ളിയും തികച്ചും സ്വതന്ത്രമായിരുന്നു. ചരിത്രപണ്ഡിതനായ ഫാ. ജോസ് കുറിയേടത്ത് ഇതുസംബന്ധമായി പ്രസ്താവിക്കുന്നതു കാണുക: ''മെത്രാന്മാര്‍ സമുദായത്തിന്റെ ഭൗതികഭരണത്തില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന ചോദ്യത്തിനു ചരിത്രകാരന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നത് മെത്രാന്മാര്‍ ഭൗതികഭരണത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്നാണ്.''22 പേര്‍ഷ്യന്‍ മെത്രാന്മാരുടെ സുദീര്‍ഘമായ ശുശ്രൂഷാകാലഘട്ടത്തില്‍ നസ്രാണിസഭഭരണസമ്പ്രദായത്തിന് മാറ്റമൊന്നും ഉണ്ടായില്ല. മാര്‍തോമായുടെ മാര്‍ഗവും വഴിപാടുമെന്ന നസ്രാണിസഭസമ്പ്രദായത്തിന് ഈ സമുദായത്തില്‍ എത്രമാത്രം ആഴത്തില്‍ വേരുകള്‍ ഓടിയിരുന്നു എന്ന്  ഇതില്‍നിന്നു മനസ്സിലാക്കാം.

പട്ടക്കാര്‍ (കത്തനാര്‍)

സഭാശുശ്രൂഷകരായ പട്ടക്കാര്‍ക്ക് മാര്‍തോമാക്രിസ്ത്യാനികളുടെ ഇടയില്‍ ഉന്നതസ്ഥാനമാണുണ്ടായിരുന്നത്. പ്രാദേശികസഭകള്‍ പള്ളിയോഗം കൂടിയാണ് പട്ടത്തിനുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തിരുന്നത്. മല്പാന്റെ കീഴിലാണ് അന്നൊക്കെ വൈദികപഠനം നടത്തിയിരുന്നത്. ഇന്നത്തെപ്പോലെ സെമിനാരിപരിശീലനം അന്നില്ലായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷമാണ് സെമിനാരി വിദ്യാഭ്യാസരീതി മലങ്കരയില്‍ നടപ്പിലായത്. വൈദികവിദ്യാര്‍ഥിയുടെ പഠനചിലവുകള്‍ മുഴുവന്‍ ഇടവകക്കാര്‍ ഏറ്റെടുത്തിരുന്നു. വൈദികപരിശീലനം പൂര്‍ത്തിയാകുമ്പോള്‍ ഇടവകപ്രതിനിധികള്‍ വൈദികാര്‍ഥിക്ക് ദേശക്കുറി നല്‍കി പട്ടത്തിനായി മെത്രാന്റെ പക്കല്‍ പറഞ്ഞയയ്ക്കും. പട്ടം കിട്ടാന്‍ യോഗ്യരായവരെ മെത്രാന്‍, മല്പാന്റെ ശിപാര്‍ശയുടേയും അടിസ്ഥാനത്തില്‍, പട്ടം നല്‍കി പൗരോഹിത്യത്തിലേക്ക് ഉയര്‍ത്തും. പട്ടം നല്‍കാനുള്ള ഉത്തരവാദിത്വമേ ഇക്കാര്യത്തില്‍ മെത്രാനുണ്ടായിരുന്നുള്ളു. മാര്‍തോമായുടെ നിയമമനുസരിച്ച്, ദേശക്കുറിയും മല്പാന്റെ ശിപാര്‍ശയുമില്ലാതെ പട്ടം നല്‍കാന്‍ മെത്രാന് അവകാശമില്ലായിരുന്നു. പട്ടം കിട്ടിവരുന്ന വൈദികന്‍, തന്നെ വൈദികനാക്കാന്‍ അയച്ച ഇടവകയ്ക്ക് സേവനം ചെയ്തിരുന്നു. അതിനാലാണ് അവര്‍ 'ദേശത്തുപട്ടക്കാര്‍' എന്നറിയപ്പെട്ടിരുന്നത്. മെത്രാന്റെ പ്രതിനിധിയായി വൈദികന്‍ ഇടവകയില്‍ സേവനം ചെയ്യുന്നു എന്ന കാഴ്ചപ്പാട് അന്നില്ലായിരുന്നു. മറിച്ച് ഇടവകയോഗം കൂടി തെരഞ്ഞെടുത്ത അവരുടെ ആധ്യാത്മിക ശുശ്രൂഷകരായിരുന്നു വൈദികര്‍. കൂടാതെ, വൈദികര്‍ അവര്‍ സേവനം ചെയ്യുന്ന ഇടവകയിലെ അംഗങ്ങളും കൂടി ആയിരുന്നു. അതിനാല്‍ അവര്‍ ഇടവകാംഗങ്ങളോട് കൂറും വിധേയത്വവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യസഭയുടെ ദുഷിച്ച പാരമ്പര്യങ്ങളിലൊന്നാണ് വൈദികന്‍ മെത്രാന്റെ പ്രതിനിധിയായി ഇടവയെ ഭരിക്കുന്നത്.

എണങ്ങര്‍

മാര്‍തോമാ നസ്രാണി സമുദായത്തിലെ വൈദികരല്ലാത്തവരാണ് എണങ്ങര്‍. എണങ്ങര്‍ എന്ന പദത്തിന് ഇണക്കത്തോടാണ് ബന്ധമുള്ളത്. അപ്പോസ്തലരുടെ പ്രബോധനത്തിലും കൂട്ടായ്മയിലും അപ്പം മുറിക്കലിലും പ്രാര്‍ഥനയിലും മുഴുകിയിരുന്ന ആദിമസഭാകൂട്ടായ്മപോലെ (അപ്പോ. പ്രവ. 2: 42) മാര്‍തോമാക്രിസ്ത്യാനികളുടെ സമുദായകൂട്ടായ്മ സ്‌നേഹത്തിലും സ്വരുമയിലും യോജിപ്പിലും സമഭാവനയിലും ഒന്നായിരുന്നു. ഇണക്കമാണ് ആ കൂട്ടായ്മയുടെ മുഖമുദ്ര. ആ ഇണക്കത്തിലെ പ്രധാനഘടകമാണ് എണങ്ങര്‍. നസ്രാണിസമുദായത്തിലെ വൈദികേതരര്‍ ഉദയമ്പേരൂര്‍ സൂനഹദോസുവരെ എണങ്ങരാണ്. സൂനഹദോസിന്റെ കാനോനകളില്‍ എണങ്ങര്‍ എന്ന പദം 34 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് ഡോ. സ്‌കറിയാ സക്കറിയ പ്രസ്താവിച്ചിട്ടുണ്ട്.23 എണങ്ങര്‍ എന്ന നല്ല മലയാളപദത്തിനു പകരം അല്‌മേനി എന്ന സുറിയാനിപദം കടന്നുകൂടി. അല്‌മേനി എന്ന പദത്തിനര്‍ഥം ലൗകികന്‍ എന്നാണ്. എണങ്ങര്‍ തരംതാഴ്ത്തപ്പെട്ടെങ്കിലും പട്ടക്കാരന്‍ എന്ന പദം ഇന്നും ഉപയോഗത്തില്‍ നിലനില്‍ക്കുന്നു. അര്‍ഥപുഷ്ടിയുള്ള കത്തനാര്‍ എന്ന പദം ഉപയോഗത്തില്‍നിന്നും മണ്‍മറഞ്ഞെന്നു മാത്രമല്ല, ആ പദത്തിന്റെ ഉപയോഗംതന്നെ ആക്ഷേപകരമായിരിക്കയാണിന്ന്. പട്ടക്കാരന്‍, വൈദികന്‍ എന്നീ പദങ്ങള്‍ക്കും അധികം ഭാവിയുണ്ടെന്നു തോന്നുന്നില്ല. യഥാര്‍ഥത്തില്‍ ഒരര്‍ഥവുമില്ലാത്ത വെറും 'അച്ചന്‍' എന്ന പദമാണ് സര്‍വസാധാരണമായി വൈദികരെ വിളിക്കാന്‍ ഇന്നുപയോഗിക്കുന്നത്.

നസ്രാണികളുടെ സങ്കല്പത്തില്‍ പട്ടക്കാര്‍ എണങ്ങരുടെ ശുശ്രൂഷകര്‍ മാത്രമാണ്. പട്ടക്കാര്‍ എണങ്ങരുടെ ഭരണാധികാരികള്‍ ആയിരുന്നില്ല. പള്ളിക്കാരായിരുന്നു പള്ളിക്കാര്യങ്ങള്‍ നടത്തിയിരുന്നതും, ഭരിച്ചിരുന്നതും. പട്ടക്കാരും എണങ്ങരും സമുദായത്തില്‍ ഒറ്റക്കെട്ടായി വര്‍ഗവ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഉദയമ്പേരൂര്‍ സൂനഹദോസ് പട്ടക്കാരെ എണങ്ങരില്‍നിന്ന് വേര്‍തിരിച്ചു. പാശ്ചാത്യരീതിയിലുള്ള മേലാള്-കീഴാള് മാതൃക സൂനഹദോസില്‍വച്ച് സ്ഥാപിച്ചെടുത്തു. 'അല്‌മെനികളോടുകൂടെ കളിക്കയും ചിരിക്കയും അരുത്', 'പട്ടക്കാരര്‍ക്കും അല്‌മെനികള്‍ തങ്ങള്‍ക്കും ഭെദം ഒണ്ട് എന്നപോലെ ഔവണ്ണംതന്നെ ചമയത്തിനും ഭെദം ഉണ്ടായിരിക്കണം' തുടങ്ങിയ കാനോനാ ഭാഗങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. എന്നിരുന്നാലും സമുദായത്തിലെ നടപ്പനുസരിച്ച് ഓരോ പള്ളിയില്‍നിന്നും നന്നാല് പ്രതിനിധികള്‍ സൂനഹദോസില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടു. മൊത്തം  644 എണങ്ങരും 153 പട്ടക്കാരുമാണ് സൂനഹദോസില്‍ പങ്കെടുത്തത്.

എണങ്ങരും മെത്രാനുമായി സഭാഭരണകാര്യത്തില്‍ യാതൊരു ഇടപെടലുകളും ഉണ്ടായിരുന്നില്ല. ആര്‍ക്കദ്യാക്കോനും പള്ളിയോഗങ്ങളുമാണ് മാര്‍തോമാക്രിസ്ത്യാനികളുടെ സര്‍വകാര്യങ്ങളും നടത്തിയിരുന്നത്. ആധ്യാത്മികശുശ്രൂഷയും പട്ടം കൊടുക്കലുമായിരുന്നു മെത്രാന്റെ പ്രധാന ചുമതലകള്‍.

മാര്‍തോമാനിയമത്തിന്റെ പ്രധാന ഘടകങ്ങള്‍

1.   പള്ളി പള്ളിക്കാരുടേതായിരുന്നു.

2.   നസ്രാണി സഭയില്‍ അല്മായര്‍ ഉണ്ടായിരുന്നില്ല; എണങ്ങര്‍ അഥവാ വൈദികേതരരെ ഉണ്ടായിരുന്നൊള്ളു.

3.   സഭയുടെ സാമുദായിക/ഭൗതിക കാര്യങ്ങള്‍ മലങ്കര പള്ളിപ്രതിപുരുഷയോഗം തെരഞ്ഞെടുക്കുന്ന സമുദായനേതാവായ ജാതിക്കു കര്‍ത്തവ്യനില്‍ നിക്ഷിപ്തമായിരുന്നു.

4.   പള്ളിയുടെ ഭരണം നിര്‍വഹിച്ചിരുന്നത് എണങ്ങരും പട്ടക്കാരും കൂടിയ പള്ളിയോഗമായിരുന്നു.

5.   ഭയങ്കര കുറ്റകൃത്യങ്ങള്‍ക്ക് പല പള്ളിക്കാര്‍ (ചുരുങ്ങിയത് നാലു പള്ളിക്കാര്‍) കേട്ട് വിധി കല്പിച്ച് ശിക്ഷ നല്‍കണമെന്നാണ് മലങ്കരസഭയുടെ നിയമം.

6.   മെത്രാന്മാര്‍ ആധ്യാത്മികശുശ്രൂഷയില്‍ മാത്രം വ്യാപരിച്ചിരുന്നു.

7.   ജാതിക്കു കര്‍ത്തവ്യന്റെ അധികാരങ്ങളില്‍ കൈകടത്താന്‍ മെത്രാന് അവകാശം ഉണ്ടായിരുന്നില്ല.

8.   ആധ്യാത്മികശുശ്രൂഷാധികാരം സഭാശുശ്രൂഷകരായ മെത്രാനിലും പട്ടക്കാരിലും നിക്ഷിപ്തമായിരുന്നു.

9.   മെത്രാന്മാരെ സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ ഉള്ള അവകാശം മലങ്കരപളളിയുടെ പള്ളിപ്രതിപുരുഷയോഗത്തില്‍ നിക്ഷിപ്തമായിരുന്നു.

No comments:

Post a Comment