അദ്ധ്യായം എട്ട്: സഭാനവീകരണത്തിന്റെ അനിവാര്യത


അദ്ധ്യായം എട്ട്: സഭാനവീകരണത്തിന്റെ അനിവാര്യത

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചതിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ അടുത്ത ആഗോളമഹാസമ്മേളനത്തെപ്പറ്റിയും സഭാനവീകരണത്തിന്റെ അനിവാര്യതയെപ്പറ്റിയും ഉറക്കെ ചിന്തിക്കുന്നത് സമുചിതമായിരിക്കും. കഴിഞ്ഞ കൗണ്‍സിലിലെ തീരുമാനങ്ങളില്‍ ഒരു ശതമാനംപോലും സഭയില്‍ പ്രായോഗികമാക്കാത്ത സ്ഥിതിക്ക് എന്തിന് അടുത്ത സമ്മേളനം എന്ന് ചിന്തിക്കുന്നവരാണധികവും. എന്നാല്‍ അതേ കാരണത്താല്‍ത്തന്നെ അടുത്ത കൗണ്‍സില്‍ വിപുലമായ രീതിയില്‍ ഒരു മഹാസമ്മേളനമായി കാലവിളംബമെന്യേ കൂടണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. വത്തിക്കാന്‍ രണ്ടിന്റെ വിപ്ലവാത്മകമായ തുറന്ന ചിന്തകളും തീരുമാനങ്ങളും പിന്നീടുവന്ന മാര്‍പാപ്പാമാരും മറ്റു സഭാധികാരികളും ചവിട്ടിമെതിച്ചുകളഞ്ഞു. അവര്‍ ചുവടുകള്‍ മുമ്പോട്ടു വയ്ക്കുന്നതിനു പകരം പുറകോട്ടുവയ്ക്കുകയാണ് ചെയ്തത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് കാനോന്‍നിയമ പരിഷ്‌ക്കരണം. ആധുനികലോകത്തിന്റെ ചിന്താഗതിക്കനുസൃതമായി സഭാനിയമങ്ങളെ ഉടച്ചുവാര്‍ക്കണമെന്ന് കഴിഞ്ഞ കൗണ്‍സില്‍ ഉദ്‌ബോധിപ്പിച്ചെങ്കിലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം സഭാപിതാക്കന്മാരുടെ അഭിലാഷത്തെ തികച്ചും തമസ്‌ക്കരിച്ചുകൊണ്ട,് കത്തോലിക്കസഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികാരകേന്ദ്രീകൃതമായ ഒരു കാനോന്‍നിയമപുസ്തകം പുറത്തിറക്കി തൃപ്തിപ്പെടുകയാണ് സഭ ചെയ്തത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്റെ സ്വന്തം ഇംഗിതം കാനോന്‍നിയമത്തിലൂടെ ആഗോളസഭയുടെമേല്‍ അടിച്ചേല്പിക്കുകയായിരുന്നു. ഈ കാനോന്‍നിയമസമുച്ചയത്തിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമാണെന്നുള്ളതിന് സംശയമില്ല. സഭയെ വളര്‍ത്തുന്നതിനുപകരം ഇത് സഭയെ തളര്‍ത്തുകതന്നെ ചെയ്യും. സഭയില്‍ പുതിയ പുതിയ നിയമങ്ങള്‍ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ ദൈവജനത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യാം എന്ന് ധരിക്കുന്നത് സ്വേച്ഛാധികാരചിന്തയുടെ ഫലമാണ്. ഇന്നത്തെ പ്രബുദ്ധരായ വിശ്വാസികള്‍ ഒരുപടി മുമ്പിലാണെന്ന് സഭാധികാരികള്‍ മനസ്സിലാക്കണം. സഭയുടെ ഇപ്പോഴത്തെ പോക്കുകണ്ടാല്‍ സഭാധികാരികളുടെ തൊപ്പിക്കീഴിലെ സുബുദ്ധി നഷ്ടപ്പെട്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 
സഭാധികാരികളുടെ കടുത്ത യഥാസ്ഥികനിലപാടിന് ഒരു പരിഹാരമാര്‍ഗം എങ്ങനെ കണ്ടുപിടിക്കാം? ഉപശമനം എങ്ങനെ ഉണ്ടാക്കാം? സഭയുടെ നന്മയ്ക്കായി സഭാധികാരികളും അല്‌മേനികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന സത്യം സഭാശുശ്രൂഷകര്‍ മനസ്സിലാക്കണം. സഭാധികാരികളുടെ ധാര്‍മ്മികതയാണ് മറ്റെല്ലാവരുടെയും ധാര്‍മ്മികതയെക്കാള്‍ മെച്ചപ്പെട്ടതെന്ന് അവര്‍തന്നെ ചിന്തിക്കുമ്പോള്‍ അത് അവരുടെ അവമതിയും സാധാരണക്കാര്‍ക്ക് ജുഗുപ്‌സ ജനിപ്പിക്കുന്നതുമാണ്. സഭയില്‍ വരുത്തേണ്ട നവീകരണത്തിന്റെ ലുത്തിനിയായുടെ നീളംതന്നെ സഭാനവീകരണത്തിന്റെ അനിവാര്യത വിളിച്ചറിയിക്കുന്നുണ്ട്. വരുംപേജുകളില്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിയും. മെത്രാന്മാര്‍ കാര്യമായ ഒരു ആത്മപരിശോധന ചെയ്യണം. നാം ഭ്രൂതകാലത്തെ പഠിക്കുകയും യേശുപഠനങ്ങള്‍ക്ക് നവമായ ഒരു ജീവന്‍ പകരുകയും വികലവും കാലഹരണപ്പെട്ടതുമായ ആചാരാനുഷ്ഠാനങ്ങളും ഭക്താഭ്യാസങ്ങളും ഉപേക്ഷിക്കുകയും സഭ ദരിദ്രപക്ഷം ചേരുകയും ചെയ്യേണ്ടതാണ്. അപ്രകാരം സഭയില്‍ തക്കസമയത്ത് വേണ്ട വിധത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തിയാല്‍ മതഭിന്നത എന്ന വലിയ വിപത്ത് നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.

ക്രിസ്തു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യവും സമത്വവും
 
പൗലോസ് അപ്പോസ്തലന്‍ ഗലാത്തിയാക്കാര്‍ക്ക് ഇപ്രകാരം എഴുതി: ''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചു നില്ക്കുക. അടിമത്തത്തിന്റെ നുകത്തിന്നുകീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ. 5: 1). മിശിഹാ ഭൗതികവും ആധ്യാത്മികവുമായ അടിമത്തങ്ങളില്‍നിന്നു മനുഷ്യകുലത്തെ രക്ഷിച്ചു. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ യഹൂദര്‍ നിയമങ്ങളാലും പാരമ്പര്യങ്ങളാലും വരിഞ്ഞുകെട്ടപ്പെട്ടവരായിരുന്നു. അക്കാരണത്താല്‍ അവരില്‍ അനാവശ്യമായ കുറ്റബോധവും പാപഭാരവും വര്‍ധിച്ചു. യേശുവിന്റെ പഠനങ്ങള്‍ അവെര സ്വതന്ത്രരാക്കി.
 
സഭയില്‍ എല്ലാവിധ സ്വാതന്ത്ര്യവും ആവശ്യമാണ്. എന്നാല്‍ സഭാധികാരം ഇന്നും വിശ്വാസികളെ അവരുടെ നുകത്തിന്‍കീഴില്‍ അമര്‍ ത്താന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതാണ് 'ക്ലെറിക്കല്‍ പവര്‍'. മാര്‍പാപ്പാ മുതല്‍ സാധാരണ വൈദികന്‍വരെയുള്ളവരുടെ സഭാഭരണാധികാരം വികേന്ദ്രീകരിക്കപ്പെടണം. അല്മായര്‍ക്ക് സഭാഭരണത്തില്‍ പൂര്‍ണമായ ഭാഗഭാഗിത്വം നല്‍കണം. എങ്കില്‍മാത്രമെ യേശു വിഭാവനം ചെയ്ത സ്വാതന്ത്ര്യം ദൈവജനത്തിനു മുഴുവന്‍ പ്രാപ്യമാകൂ.
 
ക്രിസ്തുവില്‍ സ്‌നാപനം സ്വീകരിച്ച എല്ലാവരും സമൂലമായ സമത്വത്തിന് അര്‍ഹരാണ്. ദൈവജനത്തിനിടയില്‍ സ്ഥാനികളുടെ അധികാരശ്രേണിയുടെ ആവശ്യമില്ല. സഭയില്‍ പത്രോസിനെയും പൗലോസിനെയുംപോലെയുള്ള ശുശ്രൂഷകരെയാണ് ആവശ്യം. 'പരിശുദ്ധ പിതാവ്', 'അത്യുന്നത കര്‍ദിനാള്‍', 'അഭിവന്ദ്യ തിരുമേനി' തുടങ്ങിയ സംജ്ഞകള്‍ക്ക് ക്രിസ്തുപഠനാടിസ്ഥാനത്തില്‍ സഭയില്‍ സ്ഥാനമില്ല. കോണ്‍സ്റ്റ ന്റൈന്റെ കാലം മുതല്‍ കാര്യസാധ്യത്തിനായി സഭയില്‍ കയറിക്കൂടിയ ദുഷ്പ്രവണതകളാണ് ഇത്തരം സംബോധനകള്‍. യേശുക്രിസ്തുവിന്റെ പേരില്‍ ഒരു വന്‍ സ്ഥാപനം കെട്ടിപ്പടുത്തു ക്രിസ്തീയ സഭ. ആ സ്ഥാപനത്തിന്റെ താത്പര്യങ്ങളെ പ്രചരിപ്പിക്കാനാണ് പള്ളി പ്രസംഗപീഠങ്ങള്‍ ഇന്ന് പാതിരിമാര്‍ ഉപയോഗിക്കുന്നത്. യേശു പഠിപ്പിച്ച സദ്‌വാര്‍ത്ത ലോകമെമ്പാടും പ്രഘോഷിക്കാന്‍ കടപ്പെട്ടവര്‍ തങ്ങളുടെ ലക്ഷ്യം മറന്ന് സഭയാകുന്ന പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിനും ക്രിസ്തുവിന്റെ പഠനങ്ങള്‍ക്കും ഈ സഭയില്‍ സ്ഥാനമില്ല.

മെത്രാന്മാരുടെ പ്രബോധനധര്‍മ്മം
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തില്‍ തിരുസഭയില്‍ മെത്രാന്മാരുടെ മുഖ്യകര്‍ത്തവ്യവും ഉത്കൃഷ്ടമായ ദൗത്യവും ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരെ അറിയിക്കലാണ്.44 എന്നാല്‍ രൂപതകളുടെ ഇന്നത്തെ രീതിയിലുള്ള ഭരണസമ്പ്രദായത്തില്‍ ഏതു മെത്രാനാണ് സുവിശേഷ പ്രബോധനത്തിന് സമയം ലഭിക്കുന്നത്? അവരുടെ മുഖ്യകര്‍ത്തവ്യമായ സുവിശേഷപ്രഘോഷണത്തിന് അവര്‍ക്കെവിടെ സമയം? രൂപത എന്ന വമ്പിച്ച കോര്‍പ്പറേഷന്റെ സി. ഇ. ഒ. -മാരാണ് മെത്രാന്മാര്‍. രൂപതയ്ക്കുവേണ്ടി സമ്പത്തു വര്‍ധിപ്പിക്കാനും രാഷ്ട്രീയതലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുമാണ് അവര്‍ നിരന്തരം പരിശ്രമിക്കുന്നതും അവരുടെ സമയത്തിന്റെ നല്ല ഭാഗവും ചിലവഴിക്കുന്നതും. 'മണി ഈസ് പവര്‍' എന്ന സിദ്ധാന്തം മെത്രാന്മാര്‍ക്ക് നല്ലതുപോലെ അറിയാം. അതിനാല്‍ രൂപതകള്‍ തമ്മില്‍ സാമ്പത്തിക കാര്യത്തില്‍ മത്സരവും നടക്കുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും മത്തുപിടിച്ച ഈ അജപാലകര്‍ സഭയുടെ 'സാമ്പത്തിക ഭാഗ്യവും' ക്രിസ്തുവിന്റെ എതിര്‍സാക്ഷ്യവുമാണ്. നമുക്ക് സ്വാതന്ത്ര്യം തന്നത് ഇവരല്ല. ക്രിസ്തു രക്തം ചിന്തി നമുക്കു നേടിത്തന്ന സ്വാതന്ത്ര്യത്തെ കാനോന്‍നിയമമെന്ന കാട്ടാളനിയമംകൊണ്ട് ഇല്ലാതാക്കാനാണ് സഭാപുരോഹിതര്‍ ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. യേശു യഹൂദമഹാപുരോഹിതരോട് എപ്രകാരം പോരാടിയോ അതേ നിശ്ചയദാര്‍ഢ്യത്തോടെ നാമും ഇന്ന് സഭാധികാരികളോട് പോരാടേണ്ടിയിരിക്കുന്നു.

സഭ
 
ആരുടേതാണീസഭ? സന്മനസ്സും ഉദാരതയുമുള്ള വിശ്വാസികളുടെ സഭയാണിത്. പരസ്‌നേഹപ്രവൃത്തികള്‍ക്ക് ലോകം മുഴുവന്‍ ധനസഹായം ചെയ്യുന്ന അല്‌മേനികളുടെ സഭയാണിത്. കന്യാസ്ത്രീകളുടെയും വൈദികരുടെയും കഠിനാധ്വാനഫലമാണീസഭ. ബ്രസീലില്‍ എയ്ഡ്‌സ് ബാധിച്ചവര്‍ക്കു ശുശ്രൂഷ ചെയ്യുന്ന കന്യാസ്ത്രീകളുടെ സഭയാണിത്. ആഫ്രിക്കയില്‍ എയ്ഡ്‌സ് ബാധിതരായ അനാഥക്കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്ന കന്യാസ്ത്രീകളുടെ സഭയാണിത്. ഈ കന്യാസ്ത്രീകളാണ് ലോകത്തിലെ ഏറ്റവും അനുകമ്പാര്‍ഹരായ മനുഷ്യര്‍. അവര്‍ ഭര്‍ത്താവ്, മക്കള്‍, കുടുംബജീവിതം, സെക്‌സ് എല്ലാം ത്യജിക്കുന്നു. അധികാരികളുടെ ഏതുത്തരവിനും അവര്‍ ആമേന്‍ മൂളുന്നു. കഠിനജോലി ചെയ്യുന്നു. പള്ളിയില്‍ യാതൊരു ശുശ്രൂഷാധികാരവുമില്ലാത്ത ഇവര്‍ കന്യാസ്ത്രീവേഷത്താല്‍ സമൂഹത്തില്‍ നിന്നു വേര്‍തിരിക്കപ്പെടുന്നു. വാര്‍ധക്യകാലത്തുപോലും ഇവര്‍ സ്വന്തം സഭയില്‍നിന്ന് പുറത്താക്കപ്പെടാം. അപ്പോളവര്‍ വഴിയാധാരമാകപ്പെടാം.
 
നിസ്വാര്‍ഥരായി അമേരിക്കന്‍ കത്തോലിക്കസഭയില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ, കാലഹരണപ്പെട്ട ചില സിദ്ധാന്തങ്ങളെ അവര്‍ മുറുകെപിടിക്കുന്നില്ല എന്ന കാരണം പറഞ്ഞ്, ഈ അടുത്തകാലത്തായി വത്തിക്കാന്‍ പീഡിപ്പിക്കുകയാണ്. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ അമേരിക്കന്‍ കന്യാസ്ത്രീകള്‍ കൂട്ടത്തോടെ സഭ വിട്ടുപോയെന്നിരിക്കും. സഭയില്‍നിന്ന് പോകുന്നവര്‍ പോകട്ടെയെന്ന് സഭാധികാരികള്‍ ചിന്തിക്കുന്നു. യാഥാസ്ഥിതികരായ അധികാരികളുടെ ചൊല്‍പ്പടിയില്‍ നില്കുന്ന ചെറിയ സഭയാണ് വലിയ സഭയേക്കാള്‍ നല്ലതെന്നാണ് ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പായുടെ അഭിപ്രായം.
 
എന്നാല്‍ ഈ കന്യാസ്ത്രീകളുടെ സല്‍പ്രവൃത്തികള്‍ അനുകരിക്കാന്‍ തയ്യാറുള്ള സഭാധികാരികളാണ് വത്തിക്കാനില്‍ ഇന്നാവശ്യം. മനുഷ്യന്റെ ബുദ്ധിമുട്ടുകളെ സഭാധികാരികള്‍ കരുണാര്‍ദ്രമായി നോക്കിക്കാണണം. ദാരിദ്ര്യത്തിന്റെ ഭാരം ചുമക്കുന്നവര്‍ക്ക് സഭ അത്താണിയാകണം. സിദ്ധാന്തങ്ങളിലും നിയമങ്ങളിലും കടിച്ചുതൂങ്ങിക്കിടക്കുന്ന സഭ നമുക്കിനി വേണ്ട. കര്‍ത്താവ് കുറ്റപ്പെടുത്തിയ ഫരിസേയരെ പ്രതിധ്വനിക്കുന്ന സഭ നമുക്കിനി വേണ്ട. സാമൂഹ്യനീതിയില്‍നിന്നു ശ്രദ്ധ വ്യതിചലിച്ച സഭ നമുക്കിനി വേണ്ട. ഒന്നരലക്ഷത്തോളം പുരോഹിതര്‍ ഇന്ന് സഭയ്ക്കു പുറത്താണ്. അവരെല്ലാം വെറും ഉപരിപ്ലവചിന്തകരാണെന്നും അപ്രസക്തരാണെന്നും വിലയിരുത്തുന്ന സഭ നമുക്കിനി വേണ്ട. സെക്‌സിനെ ഭയന്ന് സ്വന്തം വൃഷണങ്ങള്‍ (testicles) പോലും എടുത്തുമാറ്റിയ അലക്‌സാന്‍ഡ്രിയായിലെ ഓരിഗന്റെ (Oregen of Alexandria, 185-254) ചിന്താഗതിയുള്ള സഭ നമുക്കിനി വേണ്ട.
 
കുഷ്ഠരോഗികളെയോ വ്യഭിചാരിണികളെയോ ചേരിയില്‍ ജീവിക്കുന്നവരെയോ (Slum dwellers) ഒരു കര്‍ദിനാളൊ മെത്രാനൊ സാധാരണയായി സന്ദര്‍ശിച്ചെന്നുവരികയില്ല, കര്‍ത്താവിന്റെ ശുശ്രൂഷയില്‍ അവര്‍ ഉള്‍പ്പെടുന്നെങ്കിലും. പക്ഷേ, യഥാര്‍ഥ മഹാമനസ്‌കതയുള്ള കത്തോലിക്കസഭയെ വൈദികരിലൂടെയോ കന്യാസ്ത്രീകളിലൂടെയോ അല്മായപ്രേഷിതരിലൂടെയോ ലോകം കാണുന്നുണ്ട്. വൈദികരുടെയും കന്യാ സ്ത്രീകളുടെയും ഔദ്യോഗികവേഷമല്ല അവരെ അതാക്കുന്നത്; മറിച്ച്, അവരുടെ നിസ്വാര്‍ഥജീവിതമാണ്.

സഭയിലെ ഏറ്റവും വലിയ രോഗം
 
സഭയിലെ ഏറ്റവും വലിയ രോഗം കുഷ്ഠമോ ക്ഷയമോ അല്ല, അല്മായരെ ആവശ്യമില്ലെന്നുള്ള സഭാധികാരികളുടെ മനോഭാവമാണ്. ചിന്താശേഷിയുള്ള വിശ്വാസികള്‍ വിവാഹം, ഗര്‍ഭധാരണപ്രതിരോധം, സ്വവര്‍ഗരതി, വൈദികബ്രഹ്മചര്യം, സ്ത്രീപൗരോഹിത്യം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ സമീപനം മാനുഷികമോ സാമൂഹികമോ മനഃശാസ്ത്രപരമോ ഇടയനുചേര്‍ന്നതോ അല്ല എന്ന ബോധ്യമുള്ളവരാണ്.
 
മനഃസാക്ഷിസ്വാതന്ത്ര്യം (Freedom of conscience) പരിഹാസ്യവും തെറ്റായതുമായ ഒരു സിദ്ധാന്തമാണെന്ന് (absurd and erroneous doctrine) പോപ്പ് ഗ്രിഗരി 16-ാമന്‍ 1832-ലെ മിറാറി വോസ് (Mirari Vos) എന്ന തന്റെ ചാക്രികലേഖനത്തിലൂടെ വിശ്വാസികളെ പഠിപ്പിച്ചു. മനഃസാക്ഷിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും പ്രാഥമിക മനുഷ്യാവകാശങ്ങളില്‍ പെട്ടതാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (1962-1965) പ്രഖ്യാപിച്ചു. അങ്ങനെ ഗ്രിഗരി 16-ാമന്‍ മാര്‍പാപ്പയുടെ തെറ്റ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍വച്ച് തിരുത്തപ്പെട്ടു. ഗൗരവമുള്ള കത്തോലിക്കര്‍ കത്തോലിക്കപഠനങ്ങളെ ഗൗരവപൂര്‍വം കാണുന്നു. എന്നാല്‍ ഇത്തരം തിരുത്തലുകള്‍ വിശ്വാസികളെ ചിന്താക്കുഴപ്പത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.
 
ക്രിസ്തീയസഭകള്‍ തമ്മില്‍ വേര്‍തിരിഞ്ഞുനില്ക്കുന്നത് ക്രിസ്തുമനസ്സിനെതിരാണെന്നായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭിപ്രായം. എന്നാല്‍ സഭകള്‍ തമ്മില്‍ ഒന്നാകാന്‍ പോപ്പിന്റെ അധികാരത്തെ പൊളിച്ചെഴുതാന്‍ തയ്യാറാണോ എന്നു ചോദിച്ചാല്‍ അതിനു തയ്യാറല്ല എന്നായിരിക്കും ഉത്തരം. അപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ക്ക് എന്തു വിലയാണുള്ളത്?
 
പാശ്ചാത്യനാടുകളിലെ ഭീമാകാരമായ കത്തീഡ്രലുകള്‍ ശൂന്യമായിക്കൊണ്ടിരിക്കുകയാണിന്ന്. രണ്ടായിരവും മൂവായിരവും ഇടവകക്കാരുള്ള വലിയ ഇടവകപ്പള്ളിയിലെ വികാരി ഇടവകക്കാരെ എല്ലാവരെയും അറിയുകപോലുമില്ല. വലിയ കോര്‍പ്പറേഷനിലെ സി. ഇ. ഒ. ഉണ്ടോ ആ കോര്‍പ്പറേഷനിലെ സാധാരണ ജോലിക്കാരെ അറിയുന്നു? അതുപോലെയാണ് വലിയ ഇടവകയിലെ അല്‌മേനികളും ആ ഇടവക ഭരിക്കുന്ന ക്ലേര്‍ജിയും തമ്മിലുള്ള ബന്ധം.
 
സഭ ഇന്ന് നിസ്സാരമല്ലാത്ത പ്രതിസന്ധിഘട്ടത്തിലാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 'സാധാരണ കച്ചവടം' എന്ന മട്ടില്‍ സഭ അധികനാള്‍ മുന്‍പോട്ടു പോവുകയില്ല. ലോകമെത്രാന്മാരുടെ നേരെയാണ് ലോകജനതയുടെ കണ്ണുകള്‍ ഉന്നം വച്ചിരിക്കുന്നത്. തങ്ങളുടെ എപ്പിസ്‌കോപ്പല്‍ അധികാരം കീഴാളരെ നിലയ്ക്കു നിര്‍ത്താനല്ല; മറിച്ച് മേലാളന്മാര്‍ക്ക് കടിഞ്ഞാണിടാനാണ് അത് ഉപയോഗിക്കേണ്ടത്. വിശ്വാസികളുടെ നീതിപൂര്‍വമായ പരാതികള്‍ ശ്രവിക്കാനും ഉപവിയിലധിഷ്ഠിതമായി പ്രതികരിക്കാനും അവര്‍ കടപ്പെട്ടവരാണ്. സഭയ്ക്ക് ഭാവി പ്രദാനം ചെയ്യാന്‍, അവര്‍ പരസ്യമായിട്ടും ആത്മാര്‍ഥമായിട്ടും കാര്യങ്ങളെ വിശകലനം ചെയ്യണം; അപ്പോസ്തലികമായ ധൈര്യംകൊണ്ട് (അപ്പോ. പ്രവ. 4: 29) അവര്‍ വിശ്വാസികള്‍ക്ക് ശരണം നല്കണം; ഉത്തേജനം നല്കണം.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്ന ജാലകങ്ങള്‍ അടച്ചുപൂട്ടി നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെന്ത്രോസ് കൗണ്‍സിലിലേക്കും ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിലേക്കും സഭ ഇന്നു തിരിച്ചുപോകുകയാണോ എന്നു സംശയം തോന്നുന്നു. തല പൂഴിയിലൊളിക്കുന്ന ഒട്ടകപ്പക്ഷിയുടെ രാഷ്ട്രീയതന്ത്രം ഇനി വിലപ്പോകില്ല. ആധുനികത്വത്തിലേക്കു കുറുക്കുവഴി ഇല്ല. സഭയുടെ ദൗത്യം ലോകത്തിന്റെ വെളിച്ചവും (മത്താ. 5: 14) ഭൂമിയുടെ ഉപ്പും (മത്താ. 5: 13) മാവിലെ പുളിമാവും (1 കൊറി. 5: 7) ആവുക എന്നതാണ്. ഒരു കമ്പനിക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ വിദഗ്ധരെ സമീപിച്ച് തിരുത്തലുകള്‍ക്കുള്ള മാര്‍ഗരേഖ കണ്ടുപിടിക്കും. ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നതിനായി കമ്പനിയുടെ ഊര്‍ജം മുഴുവന്‍ ചെലവഴിക്കും. എന്തുകൊണ്ട് സഭയ്ക്കും അപ്രകാരം ചെയ്തുകൂടാ?
 
അര്‍ഥം നല്കാത്ത വിശ്വാസം വെറും ആഭരണമാണ്. ഉപകാരമില്ലെന്നു തോന്നുമ്പോള്‍ ആ ആഭരണങ്ങള്‍ സാധാരണക്കാര്‍ അഴിച്ചുമാറ്റുന്നു. വിശ്വാസത്തിന് അര്‍ഥമുണ്ടാകണമെങ്കില്‍, വേദപുസ്തകാടിസ്ഥാനത്തില്‍, റോമാസാമ്രാജ്യത്തിന്റെ സ്വാധീനതയിലുള്ള ദൈവശാസ്ത്രവും വേദപാഠവും പുനര്‍വിചാരണ ചെയ്യപ്പെടണം. ഇടയനടുത്ത ചുമതലകള്‍ പുനഃക്രമീകരിക്കപ്പെടണം. ആധ്യാത്മികത നവീകരിക്കപ്പെടണം. 'വെള്ളപൂശിയ ശവക്കല്ലറകള്‍' (മത്താ. 23: 27) എന്ന് ക്രിസ്തു നമ്മെ വിളിക്കാന്‍ ഇടയാകരുത്. 'ഭയപ്പെടേണ്ട'യെന്ന് യേശു നമ്മെ വിശുദ്ധഗ്രന്ഥത്തിലൂടെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ ചുറ്റുപാടില്‍ വിശ്വാസപ്രമാണങ്ങളെ മാര്‍ഗരേഖകളായിട്ടെ കാണാന്‍ കഴിയൂ എന്നാണ് ഹാര്‍വി കോക്‌സിന്റെ (Harvey Cox) അഭിപ്രായം.45 യേശു അല്ല പ്രശ്‌നം; യേശുവിന്റെ പഠിപ്പിക്കലല്ല പ്രശ്‌നം; യേശുവിന്റെ പഠിപ്പിക്കലിനെ തട്ടിക്കൊണ്ടുപോയ ചര്‍ച്ച്യാനിറ്റിയാണ് പ്രശ്‌നം. ക്രിസ്തീയത യേശുവിന്റെ പഠിപ്പിക്കലിനെ ആശ്രയിച്ചാവണം. മറിച്ച്, സഭയുടെ പഠിപ്പിക്കലിനെ ആശ്രയിച്ചായിരിക്കാന്‍ പാടില്ല. 46
 
പള്ളിയുമായുള്ള യോജിപ്പിലുമാവശ്യം സുവിശേഷത്തിലെ മൂലതത്വങ്ങളെ അനുധാവനം ചെയ്യുകയാണ്. നിത്യരക്ഷ പ്രാപിക്കുന്നത് സഭാകല്പനകളുടെ പാലിക്കലിലല്ല. അത് കര്‍ത്താവിന്റെ എളിയവരായ സഹോദരങ്ങളോടുള്ള നമ്മുടെ പെരുമാറ്റത്തെ ആശ്രയിച്ചാണിരിക്കുന്നത്  (മത്താ. 25: 31-46).
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം പല പള്ളികളില്‍നിന്നും അല്മായരെയും പുരോഹിതനെയും വേര്‍തിരിക്കുന്ന ഇരുമ്പഴി എടുത്തു മാറ്റിയതായിരുന്നു. ബലിപീഠം ജനമധ്യത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പുരോഹിതരും അല്മായരും ഒരുമിച്ച് ബലിയര്‍പ്പണം നടത്തുന്നു എന്ന സങ്കല്പനമായിരുന്നു അതിന്റെ പിന്നില്‍. എന്നാല്‍ സീറോ മലബാര്‍ സഭയില്‍ വീണ്ടും അഴിക്കാലുകള്‍ സ്ഥാപിച്ചും വിരിതൂക്കിയും അല്‌മേനികളെ പുറത്താക്കി. പുരോഹിതന്‍ 'വിശുദ്ധസ്ഥലത്ത്' നൃത്തമാടുന്നു. അല്മായര്‍ പ്രേക്ഷകര്‍മാത്രം-അതും വിരിമാറ്റുന്ന സമയത്തു മാത്രം! കല്ദായവാദികളുടെ മുമ്പില്‍ അല്മായര്‍ക്ക് ബലിയര്‍പ്പണത്തില്‍ സജീവപങ്കാളിത്തമില്ലായിരിക്കും. ലിറ്റര്‍ജിയെ സംബന്ധിച്ച് വിവരമില്ലാഞ്ഞിട്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ എന്ന് ചിന്തിക്കുന്ന ലിറ്റര്‍ജി പണ്ഡിതന്മാര്‍ ധാരാളം കാണും. പക്ഷേ ഒരല്‌മേനിക്ക് ഈ പണ്ഡിതന്മാരെക്കാള്‍ കൂടിയ കോമണ്‍സെന്‍സുണ്ട്.
 
1846-ല്‍ 'വിശുദ്ധപള്ളിയുടെ പഞ്ചമുറിവുകള്‍' (The five wounds of the Holy Church) എന്ന പേരില്‍ ഒരു പുസ്തകം ആന്റോണിയോ റോസ്മിനി (Antonio Rosmini, 1797-1855) പ്രസിദ്ധം ചെയ്യുകയുണ്ടായി. ആന്റോണിയോ ഇറ്റലിക്കാരനായ കത്തോലിക്ക പുരോഹിതനായിരുന്നു. ഒന്നാമത്തെ മുറിവ് ക്ലറിക്കലിസത്തെ സംബന്ധിച്ചാണ്. പുരോഹിതരും അല്മായരും തമ്മില്‍ സ്ഥിരമായി ഒരു വന്‍മതില്‍ കെട്ടി അല്‌മേനികളെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം 19-ാം നൂറ്റാണ്ടില്‍പ്പോലും എഴുതിയിരിക്കുന്നത്. ആദിമസഭയില്‍ ദൈവഭവനത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന വിശ്വാസിയെ ഇപ്പോള്‍ പരമോന്നതമായ ദൈവികാരാധനയില്‍ വെറും പ്രേക്ഷകരായി അകറ്റിനിര്‍ത്തുന്നത് ശരിയാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബുദ്ധിയുള്ള പരിഷ്‌കൃതമനുഷ്യന്‍ യാന്ത്രികമായി ദിവ്യബലിസമയത്ത് നില്ക്കുന്നു. അതും ആഴ്ചതോറും നിര്‍ബന്ധമായും വന്ന് നില്ക്കണമെന്ന് സഭ കല്പിക്കുകയും ചെയ്യുന്നു. 47
 
സഭയില്‍ വിലക്കപ്പെട്ട സ്വാതന്ത്ര്യങ്ങള്‍
 
കത്തോലിക്കസഭയില്‍നിന്ന് വേര്‍പെട്ടുപോയ എല്ലാ ക്രിസ്തീയസഭകളോടും (Protestent and Eastern Orthodox churches) ഒരു കാലത്ത് കത്തോലിക്കസഭയ്ക്ക് എതിര്‍പ്പായിരുന്നു. പിന്നീടത് ആധുനിക ചിന്താഗതിയോടും സമ്പ്രദായങ്ങളോടുമുള്ള (modernism) എതിര്‍പ്പായി മാറി. അങ്ങനെ പ്രോട്ടസ്റ്റാന്റിസവും മോഡേണിസവും കമ്യൂണിസംപോലെ സഭയ്ക്ക് കൊള്ളരുതാത്ത ഇനങ്ങളായി. ജനതയുടെ പരമാധികാരത്തെയും (Sovereignity of the people) ഭരണഘടനാപരമായ ജനാധിപത്യത്തെയും (constitutional democracy) സഭ എതിര്‍ത്തു. കൂടാതെ മതസ്വാതന്ത്ര്യം (religous freedom), മനഃസാക്ഷിസ്വാതന്ത്ര്യം (freedom of conscience) പ്രസിദ്ധീകരണസ്വാതന്ത്ര്യം (freedom of the press), സംഘടിക്കാനുള്ള സ്വാതന്ത്ര്യം (freedom of assembly), പുതിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ (new scienctific discoveries), പരിണാമ സിദ്ധാന്തം (theory of evolution), ചരിത്രപരമായ നിരൂപണവും വിമര്‍ശനവും (historical criticism), വാതകദീപം, (gas lighting) തൂക്കുപാലം (suspension bridge) എല്ലാം സഭാധികാരികളുടെ നിഗമനത്തില്‍ കൊള്ളരുതാത്തവയായിരുന്നു.
 
സഭാംഗങ്ങള്‍ക്ക് സ്വകാര്യവിധികള്‍ (Private judgement), സ്വാഭിപ്രായസ്വാതന്ത്ര്യം (freedom of opinion) സ്വധിഷണ ഉപയോഗം (exercise of intellect)എന്നിവയെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. സഭയുടെ മേല്‍നോട്ടമില്ലാതെ പണ്ഡിതര്‍ക്ക് സ്വതന്ത്രഗവേഷണവും വിലക്കിയിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.

മാര്‍പാപ്പാ
 
കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് പോപ്പ് പത്രോസിന്റെ പിന്‍ഗാമിയാണ്; ക്രിസ്തു പത്രോസിനു  നല്കിയ താക്കോലിന്റെ അധികാരം കൈകാര്യം ചെയ്യുന്ന ക്രിസ്തുവിന്റെ ഭൂമിയിലെ വികാരിയാണ് (മത്താ. 16: 18-19). പോപ്പില്‍കൂടി മാത്രം ദൈവാനുഗ്രഹം മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു. ''എന്റെ കുഞ്ഞാടുകളെ മേയിക്കുക'' (യോഹ. 21: 15); ''എന്റെ ആടുകളെ മേയിക്കുക (യോഹ. 21: 17). ലോകത്തില്‍ മാര്‍പാപ്പാ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും (മത്താ. 16: 19). ഇതെല്ലാം കത്തോലിക്കസഭയുടെ പോപ്പുശാസ്ത്രമാണ് (പോപ്പോളജി). ഇതിനെല്ലാം മേലുദ്ധരിച്ചതുപോലുള്ള വിശുദ്ധഗ്രന്ഥ തെളിവുകള്‍ കണ്ടുപിടിച്ച് റോമാപുരിയാണ് ഒന്നാം പോപ്പായ പത്രോസിന്റെ ആസ്ഥാനമെന്ന് സ്ഥാപിച്ചുകൊണ്ടുള്ള പോപ്പോളജി കത്തോലിക്കസഭയിലെ വികസിതശാസ്ത്രങ്ങളിലൊന്നാണ്. തൊഴില്‍കൊണ്ടു മുക്കുവനായിരുന്ന പത്രോസ് ക്രിസ്തുവിന്റെ പ്രധാനശിഷ്യനായിരിക്കാം. അപ്പോസ്തലന്‍ എന്ന സ്ഥിതിക്ക് പത്രോസ് സഭയുടെ ആധ്യാത്മികഗുരുവാണ്. എന്നാല്‍ മുക്കുവന്റെ പിന്‍തുടര്‍ച്ചക്കാരനായ പോപ്പ് ഇന്ന് പഴയ റോമാചക്രവര്‍ത്തിമാരുടെ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും സംജ്ഞകളുമെല്ലാം ഉപയോഗിച്ച് റോമില്‍ വാണരുളുന്നു. ആധുനികലോകത്തിന് യോജിക്കുന്ന രീതിയിലുള്ളതും സുവിശേഷാധിഷ്ഠിതവുമായ ഒരു പേപ്പസി സഭയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് (പേപ്പസിയെ സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് 'മതാധിപത്യം കത്തോലിക്കസഭയില്‍' എന്ന പുസ്തകത്തിലെ 4-ാം അധ്യായം കാണുക). 48

സഭയില്‍ മെത്രാന്മാരുടെ നിയമനം
 
സ്ഥാനികളുടെ അധികാരശ്രേണിയുള്ള സംഘടനകളെല്ലാം (hierarchial formed organizations) പ്രതിഫലം/ശിക്ഷ എന്ന ഫോര്‍മുലയെ (formula) ആശ്രയിച്ചാണ് നയിക്കപ്പെടുന്നത്. കത്തോലിക്കസഭയിലെ സ്ഥാനികളുടെ നിയമനത്തില്‍ ഈ ഫോര്‍മുല കൃത്യമായി പാലിക്കുന്നുണ്ടെന്നുള്ളത് വളരെ സ്പഷ്ടമാണ്.
 
ക്രിസ്തീയസമൂഹമാകുന്ന കുടുംബത്തിന്റെ നായകനായിട്ടാണ് മെത്രാനെ നിയമിക്കുന്നത്. പക്ഷേ കുടുംബാംഗങ്ങള്‍ അറിയാതെ റോം നിയമിച്ചയാളാണ് കുടുംബത്തലവന്‍. കുടുംബാംഗങ്ങള്‍ക്ക് ആ കുടുംബത്തലവനോട് ബഹുമാനാദരവുണ്ടാകണമെന്നില്ല. കുടുംബത്തലവന്‍ കുടുംബാംഗങ്ങള്‍ക്ക് അന്യനുമാണ്. കുടുംബത്തലവന് കുടുംബാംഗങ്ങളോട് സ്‌നേഹമുണ്ടായിരിക്കണമെന്നില്ല. കുടുംബത്തലവന്‍ കുടുംബാംഗങ്ങളെ ഭരിക്കുകയാണ് ചെയ്യുന്നത്. അതിനദ്ദേഹത്തെ കുറ്റം പറയാന്‍ സാധിക്കയില്ല. റോമിന്റെ കാരുണ്യം കൊണ്ടാണല്ലോ അദ്ദേഹത്തിന് മെത്രാന്‍സ്ഥാനം ലഭിച്ചത്. ആ ഏകകാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് സ്വന്തം സമൂഹത്തിനോടുള്ളതിനേക്കാള്‍ കൂടിയ കൂറ് റോമിനോടുണ്ടായിരിക്കണമല്ലോ. നമ്മുടെ സഭയുടെ ഇപ്പോഴത്തെ പോക്ക് ഈ കാഴ്ചപ്പാടിന്റെ യഥാര്‍ഥരൂപം വെളിവാക്കുന്നതാണ്.
 
മെത്രാന്മാരെ തെരഞ്ഞടുക്കുന്നത് വിശ്വാസസമൂഹം അവരുടെ സമൂഹത്തില്‍ നിന്നായിരിക്കണം. റോമിന്റെ ഇംഗിതപ്രകാരം അവര്‍ക്കിഷ്ടമുള്ള വ്യക്തിയെ ഒരു രൂപതയുടെ മെത്രാനാക്കി അയയ്ക്കുന്നത് നീതീകരിക്കാന്‍ സാധിക്കുന്ന പ്രവൃത്തിയല്ല. റോമിനുള്ള ആ അധികാരമാണ് ഇന്ന് ലോകം മുഴുവന്‍ യഥാസ്ഥിതികമെത്രാന്മാരെക്കൊണ്ട് നിറയാന്‍ കാരണം. രൂപതകള്‍ റോമിന്റെ ഉപസംസ്ഥാനമല്ല. റോമന്‍ കോര്‍പ്പറേഷന്റെ തദ്ദേശശാഖയുമല്ല. മറിച്ച്, ഓരോ രൂപതാസമൂഹവും ആ രൂപതയുടെ സ്വന്തം മെത്രാന്റെ നായകത്വത്താല്‍  കൂട്ടായ്മയായി നിന്നുകൊണ്ട് ദൈവവചനത്തെ പിന്‍തുടരുന്നവരാണ്.
 
ഒരു മെത്രാന്‍ തന്റെ രൂപതയിലെ ക്ലേര്‍ജികളെയും അല്മായരെയും അറിയാന്‍ കടപ്പെട്ടവനാണ്. ആഴ്ചകള്‍ തോറും ഇടവകകളില്‍ മാറി മാറിത്താമസിച്ച് വികാരിമാര്‍ക്കും വിശ്വാസികള്‍ക്കും സഭാജീവിതത്തില്‍ ഉത്തേജനം പകര്‍ന്നുകൊടുക്കേണ്ടതാണ്. (എന്റെ 'ഇടയന്‍' എന്ന നോവലില്‍ ഈ ആശയം വിശദമായി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്).49 ഫാദര്‍ തോമസ് മുളഞ്ഞനാനി സി. എസ്. എസ്. ആര്‍. ഒരു പ്രസിദ്ധീകരണത്തില്‍ ഈ ആശയം ചുരുക്കമായി പ്രതിപാദിച്ചിരിക്കുന്നത് വായിക്കുവാനിടയായി. പക്ഷേ, മെത്രാന്റെ അത്തരം പുരോഗമനനീക്കങ്ങളെ വികാരിമാര്‍ നിരുല്‍സാഹപ്പെടുത്തുന്നു എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കാരണം, പൊതുജനമധ്യത്തില്‍ മെത്രാന്റെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നാണ് വികാരിമാരുടെ കണക്കുക്കൂട്ടല്‍. യഥാര്‍ഥത്തില്‍ സത്യം നേരെ മറിച്ചാണ്. മെത്രാന്മാര്‍ നമ്മുടെ കര്‍ത്താവിനേക്കാള്‍ വലിയവരല്ലല്ലോ. കര്‍ത്താവിന്റെ പ്രവര്‍ത്തനമണ്ഡലത്തിലെങ്ങും സാധാരണക്കാരായിരുന്നു. അതില്‍ ചുങ്കക്കാരും മുക്കുവരും കുഷ്ഠരോഗികളും വ്യഭിചാരിണികളും പുറജാതികളും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. കാലത്തിന്റെ ചുവരെഴുത്തുകളെ മനസ്സിലാക്കാന്‍ മെത്രാന്മാരും പട്ടക്കാരും ശ്രമിക്കണം.
 
ഇടയനും ആടും എന്ന പഴഞ്ചന്‍ കാഴ്ചപ്പാട് ഈ ആധുനിക നൂറ്റാണ്ടില്‍ വിലപ്പോവുകയില്ല. ജ്ഞാനസ്‌നാനം സ്വീകരിച്ച പ്രായപൂര്‍ത്തിയിലെത്തിയ അല്‌മേനിയെ ബഹുമാനപുരസരമാണ് സഭാമേലധികാരികള്‍ നോക്കിക്കാണേണ്ടത്; അവരുമായി പെരുമാറേണ്ടത്.
 
പോപ്പോ മെത്രാനോ ഇല്ലാതെ കത്തോലിക്കസഭയില്ല. പോപ്പിന്റെ പ്രധാന ഉത്തരവാദിത്വം സഭയുടെ യോജിപ്പിനെ സുരക്ഷിതമാക്കുക എന്നതാണ്. ഇന്ന് നിലനില്‍ക്കുന്ന വിപുലമായ സഭാഭരണം സുവിശേഷാധിഷ്ഠിതമല്ല. മെത്രാന്റെ ചുമതല ദൈവജനത്തെ പഠിപ്പിക്കുകയും ശുശ്രൂഷ ചെയ്യുകയും എന്നതാണ്. വിശുദ്ധിയില്‍ വിളങ്ങി ശോഭിക്കാന്‍ മെത്രാന്‍ കടപ്പെട്ടിരിക്കുന്നു.
 
സാധാരണ വിശ്വാസികളുടെ ജീവിതശൈലി ഉപേക്ഷിച്ച വ്യക്തികളാണ് മെത്രാന്മാരും പുരോഹിതരും. മെത്രാന്‍പദവിയും പുരോഹിതപദവിയും സ്വീകരിക്കുന്നതോടെ മെത്രാന്മാര്‍ മെത്രാന്‍ സമൂഹത്താലും പുരോഹിതര്‍ പുരോഹിതസമൂഹത്താലും വലയം ചെയ്യപ്പെടുന്നു. അവര്‍ ലൈംഗികവേഴ്ചയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പുരുഷന്മാരാണ്. ലൈംഗികവേഴ്ചയില്‍ ഉള്‍പ്പെട്ടു ജീവിക്കുന്ന അല്‌മേനിക്കുള്ള അനുഭവജ്ഞാനം ലൈംഗികകാര്യങ്ങളില്‍ അവര്‍ക്കില്ല. പൗരോഹിത്യം ഈ രണ്ടു വര്‍ഗത്തിനായി ഇന്ന് സംവരണം ചെയ്തുവച്ചിരിക്കുകയാണ്. സഭയിലെ നായകത്വവും ഈ വരേണ്യ പുരുഷ അലൈംഗിക വര്‍ഗത്തിനാണ് മാറ്റിവച്ചിരിക്കുന്നത്. സഭയിലെ നായകത്വത്തിലുള്ള ഒരു പ്രതിസന്ധിയാണിത്. അല്മായരെയും സഭാനായകത്വത്തിലേക്ക് കൊണ്ടുവരണം. പോപ്പു വേണ്ടെന്നോ മെത്രാന്‍ വേണ്ടെന്നോ പുരോഹിതന്‍ വേണ്ടെന്നോ ഭക്താഭ്യാസങ്ങള്‍ വേണ്ടെന്നോ അല്ല വിവക്ഷ. മറിച്ച്, അല്മായരെ ഗൗരവപൂര്‍വം കാണണമെന്നു മാത്രം.
 
പോപ്പും മെത്രാനും കൂടിയ സംഘമാണ് കാതോലികത്വത്തിന്റെ അടയാളം, വത്തിക്കാനല്ല. റോമന്‍ കാര്യാലയങ്ങളോ കര്‍ദിനാളന്മാരോ കാനോന്‍നിയമങ്ങളോ സഭയുടെ സുപ്രധാനഘടകങ്ങളില്‍ പെട്ടതല്ല. സുവിശേഷാധിഷ്ഠിതമായ ക്രൈസ്തവജീവിതമാണ് സഭാസംഘടനയെയും സഭാനിയമങ്ങളെയുംകാള്‍ പ്രധാനമായിട്ടുള്ളത്. ദൈവവചനവും ദൈവജനവും സഭയില്‍ എന്നും ഉണ്ടാകും. കൂദാശാപരികര്‍മങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. നമ്മുടെ സഭയില്‍ കൂദാശാപരികര്‍മങ്ങള്‍ മുഴുവന്‍ ഇതിനകം അലങ്കോലപ്പെടുത്തിയിരിക്കുകയാണ്.
 
ദൈവരാജ്യം കാംക്ഷിക്കുന്നവര്‍ ''അധര്‍മത്തില്‍ ആനന്ദിക്കുന്നില്ല, സത്യത്തിലാണ് ആനന്ദിക്കുന്നത്'' (1 കൊറി. 13: 6), ''നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില്‍ ഇവയൊക്കെയുംകൂടി നിങ്ങള്‍ക്കു നല്കപ്പെടും'' (മത്താ. 6: 33) എന്നിങ്ങനെയുള്ള ദൈവവചനം മറന്ന സഭാധികാരം ഇന്ന് അധര്‍മിയായ ധനികനും വിശ്വാസികള്‍ ധര്‍മാനുസാരികളായ ദരിദ്രരുമായാണ് കാണപ്പെടുന്നത്.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വഴി ഉണ്ടായ നല്ല കാര്യങ്ങളെ ഞങ്ങള്‍ നശിപ്പിക്കുകയല്ലാ; മറിച്ച്, കൗണ്‍സില്‍ വഴി ഉണ്ടായ നവീകരണത്തെ ഞങ്ങള്‍ നവീകരിക്കുകയാണെന്നാണ് യഥാസ്ഥിതിക സഭാധികാരികളുടെ മനോഭാവം. ദൈവം മനുഷ്യവര്‍ഗത്തിനുവേണ്ടി ചിലതു ചെയ്തു. അതില്‍ ഒന്നാണ് നിത്യരക്ഷ. പക്ഷേ, നിത്യരക്ഷ നിങ്ങള്‍ക്കു കിട്ടാന്‍ നിങ്ങള്‍ ഞങ്ങള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കണമെന്നാണ് സഭാധികാരികളുടെ പഠിപ്പിക്കല്‍.
 
ഇന്നുള്ള അപ്പോസ്തലര്‍ തനിക്കുവേണ്ടി താന്‍ എല്ലാമാകുന്നു എന്നു വിശ്വസിക്കുന്നവരാണ്. ആ അഹങ്കാരമനഃസ്ഥിതിക്ക് ആത്യന്തികമായി മാറ്റം വരണം. അവര്‍ സഭയില്‍ ഏറ്റവുമധികം പ്രത്യേക ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ്; നിയന്ത്രണശക്തിയുള്ളവരാണ്; സുരക്ഷിതത്വമുള്ളവരാണ്; ശക്തമായ അധികാരമുള്ള വര്‍ഗമാണ്. ശ്രദ്ധിക്കൂ: അവര്‍ അതേസമയം ഉത്കണ്ഠ നിറഞ്ഞവരും ചിന്താക്കുഴപ്പക്കാരും പരിവര്‍ത്തനമാകുന്ന കടലില്‍ നഷ്ടപ്പെട്ടവരുമാണ്. അതിന്നനുസൃതമായി കൂടുതല്‍ കൂടുതല്‍ പ്രമാണിത്തത്തിനും അധികാരകേന്ദ്രീകരണത്തിനും അവര്‍ രാപകല്‍ പരിശ്രമിക്കുന്നുമുണ്ട്. പത്രോസിന്റെ പിന്‍ഗാമികള്‍ എന്നഭിമാനിക്കുന്ന മാര്‍പാപ്പാമാരെ മുന്‍കാലങ്ങളില്‍ പല്ലക്കില്‍ ഇരുത്തി ചുമന്നുകൊണ്ടു നടന്നു. വാഹനം പള്ളിമുറ്റംവരെ എത്തുകയില്ലെന്ന കാരണത്താല്‍ കുന്നുംപുറത്തു സ്ഥിതിചെയ്യുന്ന എന്റെ ഇടവകപ്പള്ളിയില്‍ ജയിംസ് കാളാശ്ശേരി മെത്രാനെ കസേരയില്‍ ഇരുത്തി ഇടവകക്കാര്‍ ചുമന്നാണ് പള്ളിയിലെത്തിച്ചത്! മെത്രാന്‍ അന്ന് അനാരോഗ്യവാനായിരുന്നില്ല.
 
സഭാധികാരികള്‍ക്കുള്ള ലോകപരിചയം
 
മെത്രാന്മാരും കര്‍ദിനാളന്മാരും എതെങ്കിലും അല്‌മേനിയുമായി സംസാരിക്കാനിടയായാല്‍ അത് മധ്യവയസ്‌ക്കരോ പ്രായം ചെന്നവരോ ആയിട്ടായിരിക്കും. ചെറുപ്പക്കാരുമായി അവര്‍ക്ക് യാതൊരു ഇടപെടലുകളുമില്ല. അതുകൊണ്ട് ചെറുപ്പക്കാര്‍ എങ്ങനെയുള്ളവര്‍ എന്ന് അവര്‍ക്ക് അറിയില്ല. ചെറുപ്പക്കാരാണ് സഭയുടെ ഭാവി. അവരെ നന്നായി പഠിക്കേണ്ടത് സഭയുടെ ആവശ്യമാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ പ്രസിഡന്റായിരിക്കെ ജോര്‍ജ് ബുഷ് (2000-2008) ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്തോ വാങ്ങിക്കാനായി പോയി. വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വില നല്‍കാനായി ടെല്ലറുടെ കൗണ്ടറില്‍ എത്തിയപ്പോള്‍ സാധനങ്ങള്‍ സ്‌കാന്‍ ചെയ്ത് വില തിട്ടപ്പെടുത്തി കൊടുക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞത്, 'സാങ്കേതികമായ അത്ഭുതം' (technological wonder) എന്നാണ്. അമേരിക്കന്‍ പ്രസിഡന്റ് സൂപ്പര്‍ മാര്‍ക്കറ്റിലെ സ്‌കാനിംഗ് യന്ത്രമെങ്കിലും കണ്ടു. സീറോ മലബാര്‍ സഭയിലെ എത്ര മെത്രാന്മാര്‍ കടകളിലുപയോഗിക്കുന്ന സ്‌കാനിംഗ് യന്ത്രം കണ്ടിട്ടുണ്ട്? അവര്‍ സാധാരണക്കാരുടെ ജീവിതരീതിയില്‍ നിന്നു മാറി അഭിവന്ദ്യരുടെ വലയത്തിനുള്ളില്‍ ജീവിക്കുകയാണ്. ഒരു സാധാരണ വിശ്വാസിയുടെ ജീവിതപ്രശ്‌നങ്ങളെ സംബന്ധിച്ച് അവര്‍ അജ്ഞരാണ്. ഈ അജ്ഞരാണ് സാധാരണ വിശ്വാസിയെ സംബന്ധിക്കുന്ന മതപരവും സാമ്പത്തികവും രാഷ്ട്രീയവും സാന്മാര്‍ഗികവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അവരെല്ലാം സഭയിലെ മുന്‍വിധിക്കാരും സമ്പര്‍ക്കരഹിതരുമായ വൃദ്ധരാണ്. അവര്‍ ഉപദേശിക്കുന്നത് അവര്‍ അഭ്യസിക്കാറില്ല. ''നീ ഇതു വിശ്വസിക്കണം'' എന്ന പഴഞ്ചന്‍ സമീപനം ഇന്നത്തെ ചെറുപ്പക്കാരുടെ ഇടയില്‍ വിലപ്പോകില്ല. അവര്‍ ചോദിക്കും: ''എന്തുകൊണ്ട്?''

വൈദികര്‍
 
ലത്തീന്‍ കത്തോലിക്കസഭയില്‍ മെത്രാന്മാരാല്‍ നിയമിതരായി ഇടവകകളില്‍ സേവനം ചെയ്യുന്ന പുരോഹിതരാണ് ക്ലേര്‍ജികള്‍. എല്ലാ പട്ടക്കാരും ക്ലേര്‍ജികളല്ല. എന്നാല്‍ ക്ലേര്‍ജികളെല്ലാം  പട്ടക്കാരാണ്. നസ്രാണിസഭയില്‍ പട്ടക്കാരാകാനുള്ളവരെ ഇടവകക്കാര്‍ തെരഞ്ഞെടുത്തിരുന്നു. വൈദികപഠനം പൂര്‍ത്തിയാക്കി പട്ടമേറ്റ് സ്വന്തം ഇടവകയ്ക്കുവേണ്ടി അദ്ദേഹം സേവനം ചെയ്തിരുന്നു. അതിനാല്‍ പട്ടക്കാര്‍ക്ക് കൂറ് ഇടവകക്കാരോടായിരുന്നു. നസ്രാണികത്തനാരന്മാര്‍ വിവാഹിതരുമായിരുന്നു. ആ സമ്പ്രദായത്തെ തകിടംമറിച്ച് മെത്രാന്റെ ശമ്പളക്കാരായി ഇടവകഭരിക്കുന്നവരും മെത്രാന്റെ ഇഷ്ടാനുസരണം സ്ഥലം മാറ്റപ്പെടുന്നവരും അവിവാഹിതരുമായ അച്ചന്മാരാണ് നസ്രാണിസഭയിലെ വൈദികര്‍ ഇന്ന്. ഇപ്പോള്‍ വൈദികര്‍ക്ക് കൂറ് മെത്രാനോടാണ്. സ്‌നേഹത്താല്‍ ഒരു കൂട്ടായ്മയായി നയിക്കപ്പെടേണ്ട സഭ ഇന്ന് നിയമമാകുന്ന ചങ്ങലയാലാണ് നയിക്കപ്പെടുന്നത്.

വൈദിക ബ്രഹ്മചര്യം
 
വൈദികരെ സംബന്ധിച്ചുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ തലവനായി 2006-ല്‍ ബ്രസീലിലെ കര്‍ദിനാള്‍ ക്ലൗഡോ ഹൂമസ് (Claudo Hummes) നിയമിതനായി. അദ്ദേഹം റോമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മാധ്യമങ്ങള്‍ അദ്ദേഹവുമായി ഒരഭിമുഖസംഭാഷണം നടത്തുകയുണ്ടായി. പുരോഹിതര്‍ അവിവാഹിതരായിരിക്കണമെന്നുള്ളത് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു സിദ്ധാന്തം (dogma) അല്ലെന്നും ഈ വിഷയം പുനര്‍വിചാരണ ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം ആ അഭിമുഖ സംഭാഷണത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. റോമിലെത്തി രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ കര്‍ദിനാള്‍ തന്നെ വൈദിക ബ്രഹ്മചര്യം ചര്‍ച്ചയ്ക്കുള്ള വിഷയമല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു!
 
2009 മാര്‍ച്ച് മാസത്തില്‍ ന്യൂയോര്‍ക്കിലെ മെത്രാപ്പോലീത്തായായിരുന്ന കര്‍ദിനാള്‍ എഡ്‌വേര്‍ഡ് ഈഗന്‍ (Cardinal Edward Eagan) വിവാഹിതരായ ക്ലേര്‍ജികളെ സഭാശുശ്രൂഷയ്ക്കായി പരിഗണിക്കേണ്ടതാണെന്നും സഭാശുശ്രൂഷയ്ക്കായി ഭാവിയില്‍ അവരെ നിയോഗിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നും ന്യൂയോര്‍ക്കില്‍ പ്രസ്താവിക്കുകയുണ്ടായി.50 അദ്ദേഹം 2009 ഫെബ്രുവരിയില്‍ റിട്ടയര്‍ ചെയ്തശേഷമായിരുന്നു ഈ പ്രസ്താവന. ഈ അഭിപ്രായം പരസ്യമായി പ്രസ്താവിക്കാന്‍ അദ്ദേഹം റിട്ടയര്‍ ചെയ്യാന്‍ നോക്കിയിരുന്നു. ഇതാണ് ക്ലേര്‍ജികളുടെ ഇരട്ടത്താപ്പു നയം!
 
മില്‍വാക്കി (Milwaukee) അതിരൂപതയിലെ 160 വൈദികര്‍ കൂടി അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ ബല്ലവില്‍ (Belleville) ബിഷപ്പ് വില്‍ട്ടന്‍ ഗ്രിഗരിക്ക് (Bishop Wilton Gregory) വൈദികബ്രഹ്മചര്യം ഓരോ വൈദികന്റെയും തീരുമാനത്തിന് (optional) വിട്ടുകൊടുക്കണമെന്ന് കാണിച്ച് ഒരു മെമ്മോറാണ്ടം 2003 സെപ്റ്റംബര്‍ 4-നു നല്കുകയുണ്ടായി. ക്ലേര്‍ജികള്‍ അവിവാഹിതരായിരിക്കണം എന്ന റോമിന്റെ തീര്‍പ്പ് ശരിയല്ലെന്ന് മാത്രമല്ല ആ വിഷയത്തെപ്പറ്റി കൂടുതല്‍ തുറന്ന സംവാദങ്ങള്‍ ഉണ്ടാകാനും വേണ്ടിയായിരുന്നു ആ വൈദികര്‍ മെത്രാനച്ചന് മെമ്മോറാണ്ടം അയച്ചത്. ഗ്രിഗരി മെത്രാന്‍, മെമ്മോറാണ്ടം അയച്ച വൈദികര്‍ക്ക് മറുപടി നല്‍കാതെ, മില്‍വാക്കി മെത്രാപ്പോലീത്തായ്ക്ക് ഒരു വിശദീകരണ മറുപടി ഓഗസ്റ്റ് 18, 2003-ല്‍ നല്കുക മാത്രമേ ചെയ്തുള്ളു. അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് അധ്യക്ഷനായ ഗ്രിഗരി മെത്രാന് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് എന്തായിരുന്നാലും, റോമിനെതിരായി ഉരിയാടാന്‍ കഴിയുമോ? അവിവാഹിതാവസ്ഥ ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുക്കാനുള്ള ആധ്യാത്മിക വഴി ആണെന്നാണ് ഗ്രിഗരി മെത്രാനച്ചന്റെ അഭിപ്രായം. 'ദൈവം സ്‌നേഹമാകുന്നു' എന്നത് ദൈവവചനമായിരിക്കെ, ഭാര്യാഭര്‍ത്താക്കന്മാരുടെ മഹത്വീകൃതവും അത്യുദാത്തവുമായ സ്‌നേഹമല്ലേ ദൈവത്തിങ്കലേക്ക് അടുക്കാനുള്ള മാതൃകാവഴി എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്.
 
'നീ നിന്റെ ജീവിതകാലത്തൊരിക്കലും ഒരു സ്ത്രീയെ സ്‌നേഹിക്കുകയില്ലെന്ന് എന്റെ മുമ്പില്‍ പ്രതിജ്ഞ എടുത്താല്‍ മാത്രമേ നിനക്കു ഞാന്‍ വൈദികപട്ടം നല്‍കൂ' എന്നാണ് ഇന്ന് ഓരോ മെത്രാനും ശഠിക്കുന്നത്. അത് റോമിന്റെ കല്പനയാണ്. 'നീ വിവാഹിതനാണെങ്കിലും നിന്നെ ഞാന്‍ സ്ഥിരഡീക്കനാക്കാം. പക്ഷേ, നിന്റെ ഭാര്യ മരിച്ചാല്‍ നീ വേറൊരു സ്ത്രീയെ സ്‌നേഹിക്കയില്ലെന്ന് എഴുതി ഒപ്പിട്ടുതരണം.' ഇതും റോമിന്റെ കല്പനയാണ്.
 
വൈദികര്‍ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള നിയമം കാലഹരണപ്പെട്ടതും ആധുനികലോകത്തിന് യോജിക്കാത്തതുമാണ്. ഈ ശാസനം കാരണം 1,50,000-ഓളം വൈദികര്‍ സഭവിട്ട് പോയിട്ടുണ്ട്. ഇത് സംഭവിച്ചില്ലായിരുന്നു എങ്കില്‍ ഇന്നത്തെ സഭ ഇതില്‍ കൂടുതല്‍ പുഷ്ടിപ്പെടുമായിരുന്നു. പത്രോസിനെപ്പോലെ അവരും ദൈവശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ അര്‍പ്പിച്ചവരായിരുന്നു.
 
ബ്രഹ്മചര്യം എപ്പോഴും വ്രതമെടുത്ത സന്ന്യസ്തര്‍ക്ക് മാറ്റിവച്ചിരിക്കുന്നതാണ്. അവര്‍ ആ ജീവിതരീതി സ്വയം തെരഞ്ഞെടുത്തതാണ്. എന്നാല്‍ പൗരോഹിത്യത്തിന് ബ്രഹ്മചര്യാവസ്ഥ അനിവാര്യമല്ല. അപ്പോള്‍ എല്ലാ പുരോഹിതരും ബ്രഹ്മചാരികളായിരിക്കണമെന്നുള്ളത് ദൈവത്തെ പരീക്ഷിക്കലാണ്. ബ്രഹ്മചാരികളായ സന്ന്യസ്തര്‍ അവരുടെ ആശ്രമങ്ങളില്‍ ഒരുമിച്ചു ജീവിക്കുന്നു. ഇടവകപ്പട്ടക്കാരായ വൈദികര്‍ പള്ളിമേടയില്‍ ഒറ്റയ്ക്കു ജീവിക്കുന്നു. ''മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല'' (ഉല്‍പ. 2:18) എന്ന് ദൈവം അറിഞ്ഞിരുന്നതിനാല്‍ ഒരു സഹായിയെ ദൈവം അവനുണ്ടാക്കിക്കൊടുത്തു. ക്ലേര്‍ജികള്‍ അവിവാഹിതരായിരിക്കണമെന്നുള്ള മാര്‍പാപ്പാമാരുടെ അര്‍ഥമില്ലാത്ത പിടിവാശി അടുത്ത ഭാവിയിലെങ്കിലും മാറ്റണം. പുരോഹിതരെ വിവാഹിതരാകാന്‍ അനുവദിച്ചുകൊണ്ടായിരിക്കണം സഭാനവീകരണം ആരംഭിക്കാന്‍. ലൈംഗികതയെയും സ്ത്രീകളെയും തിരുവിവാഹമെന്ന കൂദാശയെയും വില ഇടിച്ചു കാണാന്‍ ബ്രഹ്മചര്യം എന്ന ആശയം കാരണമായിട്ടുണ്ട്.

പുരോഹിത ബാലരതി
 
അമേരിക്കയിലെ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1950-നും 2002-നുമിടയ്ക്ക് 4392 വൈദികര്‍ 10,667 കുട്ടികളെ ലൈംഗികമായി പീഠിപ്പിച്ചു എന്നാണ് കാണുന്നത്. ഒന്നോ രണ്ടോ പുരോഹിതര്‍ സെമിനാരിയില്‍നിന്ന് ഒരുപ്രകാരം പട്ടം കിട്ടിയശേഷം ഓടിനടന്ന് വില്ലന്റെ വേഷം കെട്ടുന്നു എന്ന നിഗമനത്തില്‍ എത്താന്‍ സാധാരണക്കാര്‍ക്ക് സാധിക്കുകയില്ല. 75 ശതമാനം അല്മായരും ഇതിന്റെ പ്രധാനകാരണം മെത്രാന്മാരാണെന്നുള്ള അഭിപ്രായത്തിലാണ്. ഒരു പ്രത്യേക പുരോഹിതനെയോ ഒരു പ്രത്യേക മെത്രാനെയോ പഴിച്ചിട്ടു കാര്യമില്ല. മൂല്യവിചാരമില്ലാത്ത സഭാധികാരികളുടെ ധാര്‍മിക അധഃപതനമാണിതെന്ന് അനുമാനിക്കുന്നതായിരിക്കും ശരി. സഭയില്‍ സംഭവിച്ച ഈ പേക്കിനാവിനുള്ള കാരണം സാമൂഹ്യ-ചരിത്ര ചുറ്റുപാടുകളില്‍ തിരയുന്നതായിരിക്കും ഉചിതം.

പുരോഹിതബാലരതി അപലനീയം
 
ദുഷിച്ച ജനതയെ (Pedophile priests) ഒരിടവകയില്‍നിന്നു മറ്റൊരിടവകയിലേക്കോ ഒരു രൂപതയില്‍നിന്നു മറ്റൊരു രൂപതയിലേക്കോ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കോ സ്ഥലംമാറ്റം നല്കി വീണ്ടും കുട്ടികളെ പീഡിപ്പിക്കാന്‍ സഭാശ്രേഷ്ഠന്മാര്‍ അനുവദിച്ചു. ഈ സഭാമൂപ്പന്മാരുടെ ധാര്‍മികബോധം എവിടെ? പുരോഹിത ലൈംഗിക അതിക്രമ അപവാദത്തിന്റെ കേന്ദ്രബിന്ദു വത്തിക്കാനാണ്. കാരണം, വത്തിക്കാനിലെ അധികാരഘടന പുരോഹിതാതിക്രമങ്ങളെ മറച്ചു വയ്ക്കുന്ന മെത്രാന്മാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം ശിക്ഷയില്‍നിന്നൊഴിവാക്കി രക്ഷിക്കുകയാണ് ചെയ്തത്. സിവില്‍ അധികാരികളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ വത്തിക്കാന്റെ വാതിലുകള്‍ അവര്‍ക്കു തുറന്നു കൊടുത്തു (ബോസ്റ്റന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബര്‍ണാര്‍ഡ് ലോയെ ഓര്‍മിക്കുക). അതാണ് സഭ 'ദുഷിച്ച ജനതയുടെ സങ്കേതം' (repository for the degraded) എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ കാരണം. കത്തോലിക്കസഭ മുങ്ങിപ്പോകാന്‍ സാധിക്കയില്ലാത്ത ടൈറ്റാനിക്ക് (Titanic) ആണെന്നു വിചാരിക്കുന്നത് ഭോഷത്തമാണ്.
 
അമേരിക്കയില്‍ വൈദിക പീഡനത്തിനിരയായവര്‍ സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തിനായി കേസുകൊടുത്തു. അതിക്രമം കാണിച്ച വൈദികര്‍ രൂപതയുടെ സ്വതന്ത്ര ഉടമ്പടിക്കാര്‍ (Independent contractors) ആണെന്നും ആ കാരണത്താല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ രൂപതകള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ചില സഭാശ്രേഷ്ഠന്മാര്‍ കോടതിയില്‍ വാദിച്ചു. വിശ്വാസികള്‍ എങ്ങനെ ഈ ശ്രേഷ്ഠന്മാരെ പുച്ഛിക്കാതിരിക്കും? വിശ്വാസികളുടെ ഹൃദയത്തില്‍ ഇത്തരം മുപ്പന്മാരോട് ബഹുമാനവും ആദരവും ഇല്ലാതെ പോകുന്നത് അവരുടെ അനീതിപരമായ പ്രവൃത്തികളാണ്. വിശ്വാസികള്‍ക്ക് സഭാജീവിതത്തില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ കൂടിയ നീതി സിവില്‍ജീവിതത്തില്‍ ലഭിക്കുന്നുണ്ട്. എം. പി. പോളും മുണ്ടശ്ശേരിയുമൊക്കെ ഇതിനുദാഹരണങ്ങളല്ലേ? സിവില്‍ കോടതിയില്‍നിന്നു വിവാഹമോചനം നേടിയവര്‍ക്കും പൗരോഹിത്യവൃത്തി ഉപേക്ഷിച്ചുപോയ പുരോഹിതര്‍ക്കും ദിവ്യകാരുണ്യം സ്വീകരിക്കുന്നതില്‍നിന്ന് പള്ളി മുടക്കു കല്പിച്ചിരിക്കുന്നു. എന്നാല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ഗുരുതരമായ അപരാധവും പാപവും ചെയ്ത പുരോഹിതര്‍ക്ക് ദിവ്യബലി എന്ന കൂദാശ അര്‍പ്പിക്കാം. പള്ളിയുടെ കാപട്യത്തിനൊരതിരില്ലല്ലോ!
 
പുരോഹിത ബാലരതി/സ്ത്രീപൗരോഹിത്യം
 
വൈദികരുടെയും വൈദികശ്രേഷ്ഠന്മാരുടെയും കുട്ടികളുടെ മേലുള്ള സെക്‌സ് അബ്യൂസ് ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് ഓരോ രൂപതയും എങ്ങനെയാണ് കാനോനികമായി പ്രവര്‍ത്തിക്കണ്ടതെന്നുള്ളതിന്റെ വിശദീകരണം 2010 ജൂലൈ 15-ാം തീയതി വത്തിക്കാന്‍ പ്രസിദ്ധം ചെയ്യുകയുണ്ടായി. ഈ പ്രസ്താവനയുടെ ഭാഗമായി സ്ത്രീപൗരോഹിത്യത്തിന് ശ്രമിക്കുന്നതും സാന്മാര്‍ഗികതയ്‌ക്കെതിരായ, ഏറ്റവും ഗൗരവതരമായ, കുറ്റകൃത്യമായി (delicta graviora, most serious crime) വത്തിക്കാന്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ലിംഗഭേദത്താല്‍ സഭാജീവിതത്തില്‍ ഞെരുക്കപ്പെടുന്ന സ്ത്രീകളുടെ ലിംഗസമത്വസമരത്തില്‍ ആത്മാര്‍ഥമായി പോരാടുന്നവരെയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിത ക്രിമിനലുകളെയും ഒരേ തലത്തില്‍ കാണുന്ന വത്തിക്കാന്റെ ധാര്‍മികബോധത്തെപ്പറ്റി എന്തുപറയണം? സ്ത്രീലിംഗത്തെയും ലൈംഗികതയെയും അറപ്പോടും അവജ്ഞയോടും കൂടിയാണ് വത്തിക്കാന്‍ എന്നും വീക്ഷിക്കുന്നത്. അതേസമയംതന്നെ പുരോഹിത ലൈംഗിക അതിക്രമങ്ങളെ കുമ്പസാരിച്ചാല്‍ തീരുന്ന പാപമായി ലാഘവത്തോടെ കാണുകയും കുറ്റവാളിയെ രക്ഷിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. ഈ കര്‍ദിനാളന്മാരുടെയും മെത്രാന്മാരുടെയും മനഃസാക്ഷി എവിടെ? ലോകത്തെമ്പാടുമുള്ള കുട്ടികളെ പുരോഹിതരില്‍നിന്നു സംരക്ഷിക്കാന്‍ എല്ലാ രീതിയിലുമുള്ള നീക്കങ്ങള്‍ നടത്താന്‍ സഭ കടപ്പെട്ടിരിക്കുന്നു.
 
പാശ്ചാത്യ സഭയിലെ പ്രതിസന്ധി
 
പാശ്ചാത്യ കത്തോലിക്കസഭയിലെ രൂക്ഷമായ പ്രതിസന്ധി ക്ലേര്‍ജികളുടെ സെക്‌സ് അബ്യൂസ് കേസുകളും ക്ലേര്‍ജിക്ഷാമവുമാണ്. സഭയുടെ സന്മാര്‍ഗത്തെ മുറുകെ പിടിക്കുകയും സ്വയം അഭ്യസിക്കു കയും വിശ്വാസികളെ ആ മാര്‍ഗത്തിലൂടെ നയിക്കുകയും ചെയ്യേണ്ട ക്ലേര്‍ജികളാണ് കത്തോലിക്കസഭയ്ക്ക് മൊത്തത്തിലുണ്ടായ നാണ ക്കേടിനു കാരണം. സഭാധികാരികളും അല്മായരുമായുള്ള ബന്ധമാണ് ഇവിടെ അപകടത്തിലാകുന്ന വിഷയം. സഭാധികാരികളോട് സാധാരണ വിശ്വാസികള്‍ക്കുള്ള അമര്‍ഷം ഇവിടെ വളരെ വ്യക്തമാണ്.
 
സ്വവര്‍ഗരതി
 
ദൈവത്തിന്റെ പ്രതിരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരില്‍ ചിലര്‍ (ആണും പെണ്ണും) ജന്മനാതന്നെ സ്വവര്‍ഗരതിയിലേക്ക് ചായ്‌വുള്ളവരാണ്. അവര്‍ക്ക് ഹെറ്റെറോ സെക്ഷ്വലിനെപ്പോലെ ബ്രഹ്മചര്യം കാക്കാന്‍ സാധിക്കുകയില്ലെന്നുള്ള വത്തിക്കാന്റെ കണ്ടുപിടുത്തവും നിലപാടും അപലപനീയമാണ്. അവിവാഹിതര്‍ തമ്മിലുള്ള സംഭോഗം, കൃത്രിമജനനനിയന്ത്രണം, സ്വയംഭോഗം തുടങ്ങിയവ സഭ മുടക്കിയിരിക്കുന്നതുപോലെ സ്വവര്‍ഗരതിക്രിയയും മുടക്കപ്പെട്ടിരിക്കുന്നതാണ്. പിന്നെന്തുകൊണ്ട് ബ്രഹ്മചര്യം പ്രതിജ്ഞ എടുക്കുന്ന സ്വവര്‍ഗരതിയിലേക്ക് ചായ്‌വുള്ള പുരുഷന്മാരെ വൈദികാന്തസ്സിലേക്ക് സ്വീകരിച്ചുകൂടാ.
 
ദൈവം തന്റെ സ്‌നേഹം സ്വവര്‍ഗരതിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒന്നുപോലെ വര്‍ഷിക്കുന്നു. സഭയോടുള്ള ഭയംകൊണ്ട്, സ്ഥാപിതസഭ സ്വവര്‍ഗരതിയിലേക്ക് ചായ്‌വുള്ളവരെ പീഡിപ്പിക്കുമ്പോള്‍, നാം മൗനം പാലിക്കുന്നു. സ്വവര്‍ഗരതിയിലേക്ക് ചായ്‌വുള്ള ഫാ. മൈക്കിള്‍ എഫ്. ജഡ്ജ്, ഒ. എഫ്. എം. (Fr. Mychal F. Judge, O. F. M.) ന്യൂയോര്‍ക്ക് സിറ്റി യിലെ ഫയര്‍ ഫൈറ്റേഴ്‌സിന്റെ ചാപ്‌ളയിന്‍ ആയിരുന്നു. അദ്ദേഹവും 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ദുരന്തത്തില്‍ മറ്റ് 300 ഫയര്‍ ഫൈറ്റേഴ്‌സിനോടൊപ്പം കൊല്ലപ്പെട്ടു. ഫയര്‍ ഫൈറ്റേഴ്‌സിന് ആധ്യാത്മികശുശ്രൂഷ ചെയ്തതിനാലാണ് അദ്ദേഹവും കൊല്ലപ്പെടാനിടയായത്. പോപ്പ് ബനഡിക്റ്റ് പതിനാറാമന്റെ കീഴില്‍ അദ്ദേഹം ഒരു കത്തോലിക്കപുരോഹിതന്‍ ആകുമായിരുന്നില്ല. അദ്ദേഹവും മറ്റ് നൂറുകണക്കിന് പുരോഹിതരും സന്ന്യാസവൈദികരും മെത്രാന്മാരും സെമിനാരിപ്പടി കാണുമായിരുന്നില്ല. പൂര്‍വകാലങ്ങളില്‍ ഒരു വൈദികന്‍ ബ്രഹ്മചര്യപ്രതിജ്ഞ എടുക്കണമെന്നേ ഉണ്ടായിരുന്നുള്ളു. അവര്‍ അവരുടെ പ്രതിജ്ഞ കാത്തുസൂക്ഷിക്കാന്‍ കടപ്പെടുന്നു. അല്ലാതെ അവരുടെ ലൈംഗിക വളവും തിരിവും എങ്ങോട്ട,് ഏതു രീതിയില്‍, എന്നാരും തിരക്കിയിരുന്നില്ല. സ്വവര്‍ഗരതിയിലേക്ക് ചായ്‌വുള്ളവര്‍ ബ്രഹ്മചര്യപ്രതിജ്ഞ എടുക്കുന്നപക്ഷം അത്തരം വ്യക്തികളെയും പൗരോഹിത്യത്തിലേക്ക് സ്വീകരിക്കണം. സഭാനവീകരണത്തിന്റെ ഭാഗമായിരിക്കണം ഈ തിരുത്തല്‍.

തരിശാകുന്ന കന്യാസ്ത്രീമഠങ്ങള്‍
 
കത്തോലിക്കസഭയില്‍ ഇന്ന് ഏഴു ലക്ഷത്തില്‍പ്പരം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ആതുരശാലകള്‍ മുതലായവ നടത്തിക്കൊണ്ടുപോകുന്നതു കൂടാതെ കുഷ്ഠരോഗികളെയും എയ്ഡ്‌സ് ബാധിച്ചവരെയും ശിശുക്കളെയും വൃദ്ധരെയും ദരിദ്രരെയുമെല്ലാം അവര്‍ ശുശ്രൂഷിക്കുന്നുമുണ്ട്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതങ്ങള്‍ സ്വമനസ്സാ സ്വീകരിച്ച്, അവര്‍ 'ക്രിസ്തുവിന്റെ മണവാട്ടി'കളായി ജീവിക്കുന്നു. ജനിച്ചുവളര്‍ന്ന കുടുംബത്തെയും മറ്റു ബന്ധുമിത്രാദികളെയും മോക്ഷത്തെപ്രതി ഉപേക്ഷിക്കുന്ന അവര്‍ക്ക് സ്വന്തമായി കുടുംബമില്ല. മഠത്തിന്റെ നാലു മതിലുകള്‍ക്കുള്ളിലാണ് അവര്‍ അന്തിയുറങ്ങുന്നത്. പരാതികളൊന്നുമില്ലാതെ, അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതു സഹിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന അവര്‍ എരിഞ്ഞുതീരുന്ന ഒരു മെഴുകുതിരിപോലെയാണ്. യഥാര്‍ഥത്തില്‍ കന്യാസ്ത്രീകള്‍ സഭയിലെ രത്‌നങ്ങളാണ്
.
കന്യാസ്ത്രീകള്‍ ആവുക എന്നത് അടുത്തകാലംവരെ കത്തോലിക്കയുവതികള്‍ക്ക് വിദ്യാഭ്യാസത്തിനും ജീവസന്ധാരണത്തിനും ഒരു പരിധിവരെ സ്വതന്ത്രജീവിതത്തിനും ഉതകുന്ന ഒരു മാര്‍ഗമായിരുന്നു. എന്നാല്‍ ഈ ആധുനികകാലത്ത് സമൂഹത്തില്‍ സ്ത്രീവിമോചന വിപ്ലവത്തിലൂടെ സ്ത്രീജീവിതത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസസാധ്യതകള്‍ വളരെയധികം വര്‍ധിച്ചു. ഇന്നു സ്ത്രീകള്‍ക്ക് പ്രഫഷണലായ നല്ല ജോലികള്‍ അതിശീഘ്രം ലഭിക്കും. നല്ല വേതനം വാങ്ങി മാന്യമായി ജീവിക്കാനും അങ്ങനെ പണം സമ്പാദിക്കാനുമുള്ള സാധ്യതകളും സ്ത്രീകളുടെ ഇടയില്‍ വര്‍ധിച്ചു. കൂടാതെ കന്യാസ്ത്രീജീവിതത്തെപ്പറ്റി അനുഭവങ്ങളിലൂടെ കൂടുതല്‍ പഠിക്കാനും ഇന്ന് യുവതികള്‍ക്ക് അവസരമുണ്ട്. സ്ത്രീകളോടു പൊതുവേയും കന്യാസ്ത്രീകളോടുമുള്ള സഭയുടെ നിലപാടുകള്‍ എത്ര യാഥാസ്ഥികമാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ താഴേക്കു പോയ്‌ക്കൊണ്ടിരിക്കുന്നു. 1970-കളില്‍ പത്തു ലക്ഷത്തിലധികം കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ഏഴുലക്ഷം കന്യാസ്ത്രീകളേയുള്ളൂ. അഞ്ചുവര്‍ഷം മുമ്പ് 8% യുവതികള്‍ കന്യാസ്ത്രീജീവിതം സ്വീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കുമായിരുന്നു. ഇന്നത് വെറും 4% ആയി കുറഞ്ഞിരിക്കുന്നു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് (Centre for Applied Research in the Apostolate). അമേരിക്കയിലെ കന്യാസ്ത്രീകളുടെ ശരാശരി പ്രായം ഇന്ന് 70 ആണ്. 1965-ല്‍ 1,17,950 കന്യാസ്ത്രീകള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ 2003-ല്‍ 73,000 ഉം 2010-ല്‍ 50,000-ല്‍പ്പരം മാത്രവുമായി കുറഞ്ഞിരിക്കുകയാണ്. ഈ വൃദ്ധകളായ കന്യാസ്ത്രീകളെ നല്ല പാഠം പഠിപ്പിക്കാനായി അപ്പോസ്തലിക്ക് വിസിറ്റേഷന്‍ എന്ന ഓമനപ്പേരും നല്കി റോം ഇന്‍ക്വിസിഷന്റെ പിന്‍തലമുറക്കാരെ വിട്ടിരിക്കുന്നു.
 
സഭയില്‍ സ്ത്രീകളെ രണ്ടാംതരം പൗരരായാണു കാണുന്നതെന്ന് അറിയാവുന്ന യുവതികള്‍ കന്യാസ്ത്രീജീവിതാന്തസ്സിനെ എങ്ങനെ പരിഗണിക്കും? 2004-ല്‍ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ (ഇപ്പോഴത്തെ മാര്‍പ്പാപ്പാ) ഇങ്ങനെ എഴുതി: ''സ്ത്രീകള്‍ വഴങ്ങി ജീവിക്കുന്ന പങ്കാളികള്‍ ആയിരിക്കണം.'' ഗോത്രാധിപത്യവിവേചനം (patriarchal apartheid) കൊടികുത്തിവാഴുന്ന കത്തോലിക്കസഭയില്‍ ലിംഗസമത്വം (gender equality) എന്നുണ്ടാകാനാണ്? സ്ത്രീവിദ്വേഷികളായ ഒരുപറ്റം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ കത്തോലിക്കസഭയിലേക്ക് സ്വീകരിക്കാന്‍ വത്തിക്കാന്‍ രണ്ടു കയ്യും നീട്ടിയിരിക്കുകയാണ്. സാധാരണ വിശ്വാസിക്ക് ദുസ്സഹദുഃഖം ഉളവാക്കുന്ന അസംബന്ധങ്ങളാണ് വത്തിക്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പുരാതന റോമന്‍ അടിമകളെപ്പോലെ കന്യാസ്ത്രീകളെക്കൊണ്ട് വേലചെയ്യിപ്പിച്ച് സഭ ഇന്ന് മുതല്‍കൂട്ടുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി മെത്രാനുവേണ്ടി പണപ്പിരിവു നടത്തിയും റബ്ബറുവെട്ടിയും സ്‌കൂളില്‍ പഠിപ്പിച്ചുമെല്ലാം അവര്‍ പണം സമ്പാദിക്കണം. കന്യാസ്ത്രീകള്‍ സഭയുടെ കറവപ്പശുക്കളാണ്. മഠം വിട്ടുപോയാല്‍ ഒരു കന്യാസ്ത്രീക്ക് ജീവസന്ധാരത്തിന് യാതൊരു മാര്‍ഗവുമില്ലെന്നുള്ളത് കഷ്ടമല്ലേ? സഭയുടെ നീതിബോധം എവിടെ?

കന്യാസ്ത്രീപീഡനങ്ങള്‍
 
U. K. യിലെ ടീനാ ബെറ്റി (Dr. Tina Beattie, Professor, Rochampton University) നല്കുന്ന വാര്‍ത്ത നമ്മെ നടുക്കേണ്ടതാണ്. വൈദികരില്‍നിന്നും മെത്രാന്മാരില്‍നിന്നും വ്യാപകമായ രീതിയില്‍ ലൈംഗികപീഡനങ്ങളും ബലാല്‍സംഗങ്ങളും നടക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ആ വിവിരം കന്യാസ്ത്രീസഭകളുടെ സുപ്പീരിയേഴ്‌സ് റോമിനെ ധരിപ്പിച്ചെങ്കിലും കാര്യമായ നടപടികളൊന്നും വത്തിക്കാന്‍ സ്വീകരിച്ചിട്ടില്ല. വത്തിക്കാനോടുള്ള കന്യാസ്ത്രീകളുടെ വിധേയത്വമില്ലായ്മയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ വത്തിക്കാനു നല്കാന്‍ കാരണമെന്നാണ് മെത്രാന്മാരുടെ നിലപാട്. കന്യാസ്ത്രീകളില്‍നിന്ന് ലൈംഗികസഹായസന്നദ്ധത ലഭിക്കാന്‍ പുരോഹിതര്‍ അവരുടെ സാമ്പത്തികവും ആധ്യാത്മികവുമായ ശക്തികള്‍ ദുരുപയോഗിക്കുന്നു എന്നാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കന്യാസ്ത്രീകള്‍ ലൈംഗികപീഡനങ്ങള്‍ അധികമായി നേരിടുന്നത് ഇരുപത്തേഴു രാജ്യങ്ങളിലാണ്. ഇന്ത്യയും ആ ലിസ്റ്റില്‍ പെടുന്നുണ്ട് എന്നുള്ളത് നമുക്ക് ലജ്ജാകരമല്ലേ? ലൈംഗികപീഡനങ്ങള്‍ നേരിടാന്‍ അശക്തരായ കന്യാസ്ത്രീകള്‍ സഹനത്തിലൂടെ മൗനം പാലിക്കുന്നു. കന്യാസ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം 'പൊന്തിഫിക്കല്‍ സീക്രട്ടായി' വത്തിക്കാന്‍ സൂക്ഷിക്കുന്നു. ഇത്തരം മെത്രാന്മാരും പുരോഹിതരും മരണാനന്തരം പാര്‍ക്കുന്ന ഇടമല്ലേ നരകം?
 
ചെയ്ത തെറ്റു മറച്ചുവയ്ക്കാതെ അംഗീകരിക്കുകയും തെറ്റു തിരുത്തുകയുമല്ലേ ചെയ്യേണ്ടത്? പൊന്തിഫിക്കല്‍ സീക്രട്ടായി ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കത്തോലിക്കസഭയ്ക്കു ഭൂഷണമല്ല. അതുവഴി സഭ പൊതുജനദൃഷ്ടിയില്‍ പരിഹാസപാത്രമാകുകയാണ് ചെയ്യുന്നത്.
 
2005-ല്‍ മാര്‍പാപ്പാ ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ ദൈവദാനമായ അവിവാഹിതാവസ്ഥയില്‍ ജീവിക്കുന്നതിലൂടെ വൈദികര്‍ സഭാസേവനം ചെയ്യണമെന്ന് പ്രസ്താവിക്കുകയുണ്ടായി. ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗരതി, വൈദികബ്രഹ്മചര്യം, സ്ത്രീപൗരോഹിത്യനിഷേധം മുതലായ സഭാസിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന മാര്‍പാപ്പായ്ക്ക് കന്യാസ്ത്രീകളെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചാലും കന്യാസ്ത്രീകളുടെ വിധേയത്വമാണ് പ്രധാനം! സ്ത്രീപുരുഷന്മാരുടെ ജനനേന്ദ്രിയ സാന്മാര്‍ഗികതയുടെ കുത്തകാവകാശം ദൈവദത്തമായി തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് വത്തിക്കാനിലെ ഈ വൃദ്ധന്മാര്‍ ധരിച്ചുവശായിരിക്കുന്നതാണ് ഈ അപചയത്തിനു കാരണം.
 
ഫീനിക്‌സ് (Phoneix) രൂപതയുടെ അതിര്‍ത്തിയില്‍പ്പെട്ട ഒരു ആശുപത്രിയാണ് സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ (St. Joseph Hospital and Medical Centre). ആ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററും ആ ആശുപത്രിയിലെതന്നെ എത്തിക്‌സ് കമ്മറ്റിയിലെ ഒരു മെമ്പറുമായിരുന്നു സി. മാര്‍ഗരറ്റ് മക്‌ബ്രൈഡ് (Sr. Margaret McBride). തള്ളയുടെ മരണവും ഭ്രൂണനാശവും 100% ഉറപ്പാണെന്നുള്ള ഡോക്ടറന്മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ചാഴ്ച മാത്രമായ ഒരു ഗര്‍ഭത്തെ അവസാനിപ്പിക്കാന്‍ എത്തിക്‌സ് കമ്മറ്റിയുടെ തീരുമാനത്തോട് സി. മക്‌ബ്രൈഡും യോജിച്ചു. അതിന്റെ പേരില്‍ ഫീനിക്‌സ് ബിഷപ്പ് തോമസ് ഓംസ്റ്റഡ് (Thomas Olmsted) സി. മക്‌ബ്രൈഡിനെ സ്വയം പ്രേരിത മഹറോന്‍ ശിക്ഷയില്‍ (automatic excommunication, latae sententiae) ഉള്‍പ്പെടുത്തി. ഈ സംഭവം നടക്കുന്നത് 2010-ലാണ്. ബിഷപ്പിന്റെ തീരുമാനത്തില്‍ പൊതുജനം അതൃപ്തരായി. മാസങ്ങള്‍ക്കുശേഷം ബിഷപ്പ് സിസ്റ്ററിന്റെ പേരിലുള്ള മഹറോന്‍ശിക്ഷ പിന്‍വലിക്കേണ്ടിവന്നു. അതേസമയം എട്ടും പത്തും വയസ്സുപ്രായമുള്ള കുട്ടികളെ പുരോഹിതനോ മെത്രാനോ പീഡിപ്പിച്ചാല്‍ സഭ അയാള്‍ക്ക് സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ നല്കും. എന്തൊരു വിരോധാഭാസം! മഠങ്ങളില്‍ സ്വന്തം മക്കളോ സഹോദരിമാരോ പീഡിപ്പിക്കപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ടെന്നറിഞ്ഞാല്‍ സഭാധികാരികളോട് ന്യായീകരണം ആവശ്യപ്പെടാനും രക്തബന്ധമുള്ള മാതാപിതാക്കള്‍ക്കും സഹോദരീസഹോദരന്മാര്‍ക്കും കടപ്പാടില്ലേ? മഠത്തില്‍വിട്ടെന്നും പോയെന്നും പറഞ്ഞ് സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് ആരും ഒഴിഞ്ഞുമാറാന്‍ പാടില്ല.

മൂല്യച്യുതി സംഭവിച്ച കുടുംബങ്ങള്‍
 
ഗാര്‍ഹിക പീഡനം: കേരളം രണ്ടാംസ്ഥാനത്ത് എന്ന് ജസ്റ്റിസ് എസ്. ആര്‍. ബന്നൂര്‍മാത്ത് (Justice S. R. Bannurmath) വെളിപ്പെടുത്തുകയുണ്ടായി. മൂന്നരലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് 2009-ല്‍ കേരളത്തില്‍ നടന്നത്. 'ദൈവത്തിന്റെ സ്വന്തം നാടും' ക്രിസ്ത്യാനികള്‍ ഏറെ ഉള്ളതുമായ ഈ സംസ്ഥാനത്ത് എന്തുകൊണ്ട് ഗാര്‍ഹിക പീഡനവും ഗര്‍ഭഛിദ്രവും കൂടിവരുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ്. ധാര്‍മ്മിക മൂല്യങ്ങള്‍ പൊതുജനങ്ങളില്‍ ഊട്ടി വളര്‍ത്താന്‍ ആദ്ധ്യാത്മിക നേതാക്കള്‍ അമ്പേ പരാജയപ്പെട്ടു എന്നതിന്റെ സ്പഷ്ടമായ തെളിവാണിത്. സ്ത്രീകള്‍ രണ്ടാംതരം പൗരരും ഭര്‍ത്താവിന്റെ സ്വത്തും എന്നു ചിന്തിക്കുന്ന സഭാധികാരികള്‍ക്ക് സ്ത്രീപീഡനത്തെ ഒരു കുറ്റകൃത്യമായി കാണാന്‍ കഴിയുന്നില്ല. അള്‍ത്താരബാലന്മാരെ സെക്‌സ് അബ്യൂസ് ചെയ്തത് കുട്ടികള്‍ക്കെതിരായ ഒരു കുറ്റകൃത്യമല്ലെന്നും കുമ്പസാരിച്ചാല്‍ തീരുന്ന പാപമാണെന്നും അമേരിക്കയിലെ ചില മെത്രാന്മാര്‍ പബ്‌ളിക് പ്രോസിക്യൂട്ടറോട് വാദിച്ച സംഭവം ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നു.
 
പരമ്പര കൊലയാളിയെ (Serial killer) സഭ മഹറോന്‍ ചൊല്ലുന്നില്ല. എന്നാല്‍ ചിന്താക്കുഴപ്പം പറ്റിയ പതിപ്രായമുള്ള (teenager) ഒരു പെണ്‍കുട്ടി അവിവാഹിതയായിരുന്നപ്പോള്‍ ഗര്‍ഭിണിയായാല്‍ അവള്‍ കൊടുംപാപം ചെയ്തവളായി. കൊലയാളിയേക്കാള്‍ വലിയ പാപിനിയായി അവളെ കാണുന്നു. സമൂഹം അവള്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്നു. അവളെ എന്നന്നേയ്ക്കുമായി ക്രൂശിക്കുന്നു. വൃഭിചരിച്ചവളോട് യേശു പറഞ്ഞു: ''ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല, പൊയ്‌ക്കൊള്ളൂ. ഇനി പാപം ചെയ്യരുത്'' (യോഹ. 8:11).

ദൈവജനം
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച 'തിരുസ്സഭ' എന്ന പ്രമാണരേഖയിലെ രണ്ടാം അധ്യായത്തില്‍ ദൈവജനം എന്ന ആശയത്തെ വളരെ സമ്യക്കായി പ്രതിപാദിച്ചിട്ടുണ്ട്. ക്രിസ്തുയേശുവിലുള്ള സ്‌നാപനം വഴി (പുതിയ ഉടമ്പടി പ്രകാരം) ദൈവജനമെല്ലാം സഭയിലെ അംഗങ്ങളാകുന്നു. ദൈവജനം എന്ന നിലയില്‍ (പട്ടക്കാരോ അല്‌മേനിയെന്നോ ഉള്ള വര്‍ഗവ്യത്യാസമില്ലിവിടെ) സഭാംഗങ്ങള്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ അല്‌മേനികള്‍ക്ക് സഭയില്‍ മുഴുവനായ ഭാഗഭാഗിത്വത്തിന് സാധ്യതകള്‍ ഇന്നില്ല. പള്ളി ദൈവജനത്തിന്റേതാണ്. അതിനാല്‍ത്തന്നെ സഭയുടെ എല്ലാ തലങ്ങളിലും പുരോഹിത വരേണ്യവര്‍ഗത്തോടൊപ്പം അല്മായവര്‍ഗവും പങ്കാളികളാകേണ്ടതാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ തന്റെ ദീര്‍ഘമായ സഭാഭരണകാലത്ത് നസ്രാണികളെ പൗരസ്ത്യകാനോന്‍നിയമത്തിലൂടെ വിശുദ്ധമായ രീതിയില്‍ പിടിച്ചെടുക്കുകയാണ് ചെയ്തത്. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികള്‍ മര്‍തോമായുടെ നിയമപ്രകാരമുള്ള പള്ളിഭരണം പുനഃസ്ഥാപിച്ചു കിട്ടാനാണാഗ്രഹിക്കുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാന്മാര്‍ഗികവുമായ കാര്യങ്ങളില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ നസ്രാണി സഭയില്‍ സംഭവിച്ചില്ലെങ്കില്‍ സഭ ഭാവിയില്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.
 
സഭാശുശ്രൂഷയില്‍ അല്മായരെയും സജീവമായി പങ്കെടുപ്പിക്കണം. ക്ലേര്‍ജിവര്‍ഗത്തോട് ഒപ്പമാകാന്‍ പരിശ്രമിക്കുന്ന എതിരാളികളായി അവരെ കാണുന്നത് ശരിയല്ല. സഭയിലെ 99% വിശ്വാസികളും അല്മായരാണ്. സഭ അല്മായരെ ആശ്രയിച്ചാണിരിക്കുന്നത്.

മൂന്നാം വത്തിക്കാന്‍ കൗണ്‍സിലും സ്ത്രീകളും
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നുകൊണ്ടിരുന്ന കാലത്ത് ജര്‍മന്‍ പ്രസ് സെന്റര്‍ ഡയറക്ടര്‍ ബിഷപ്പ് കാംപെ (Germal Press Centre Director Bishop Kampe) ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. സ്ത്രീകളെ കൗണ്‍സിലിലേക്ക് ക്ഷണിക്കുമോയെന്ന് ദൈവശാസ്ത്രജ്ഞയായ യോസഫാ തെരെസാ മിന്‍ച്ച് (Josefa Theresia Minch) ബിഷപ്പ് കാംപെയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം അമ്പരപ്പും കോപവും പരിഹാസച്ചിരിയുമായിരുന്നു. അതിനുശേഷം അദ്ദേഹം സ്ത്രീകളെ മൊത്തത്തില്‍  തള്ളിക്കളഞ്ഞുകൊണ്ട് ആക്ഷേപരൂപത്തില്‍ കളിവാക്കായി പറഞ്ഞത് ''മൂന്നാം വത്തിക്കാനില്‍ സ്ത്രീകളും ഉണ്ടാകും'' എന്നാണ്. 51
 
സ്ത്രീകളോടുള്ള തെറ്റായ പെരുമാറ്റത്തെ ശാശ്വതീകരിക്കുന്നത് സഭയ്ക്ക് തെറ്റുപറ്റുകയില്ല എന്ന് സ്ഥാപിക്കാനാണ്. അത് ആധുനികപാപമാണ്, മാര്‍പാപ്പായുടെ പാപമാണ്. തെറ്റായ പൈതൃകത്തെ പൊക്കിപ്പിടിക്കുന്നത് കീഴടക്കാനാവാത്ത അറിവില്ലായ്മയാലല്ല; മറിച്ച്, അറിവില്ലാത്തവരെ മുതലെടുക്കാനാണ്. നിരപരാധിത്വത്തെ പോഷിപ്പിക്കലാണ്. സമകാലിക ഹയരാര്‍ക്കി സമകാലിക സ്ത്രീസ്വാതന്ത്ര്യവാദത്തെപ്പറ്റിയും മറ്റു പല വിമോചനപ്രസ്ഥാനങ്ങളെപ്പറ്റിയും അറിവില്ലാത്തവരാണ്. സ്ത്രീ കളെ വിവേചിച്ചു കാണുന്ന സഭാധികാരികള്‍ തങ്ങള്‍ക്ക് തെറ്റുപറ്റുകയില്ലെന്ന് സ്വയം വാദിക്കുന്നു. സഭയുടെ നന്മയ്ക്ക് എന്ന ധാര്‍ഷ്ട്യത്തില്‍ സ്ത്രീവര്‍ഗത്തെ ഒന്നടങ്കം അധാര്‍മികമായി പീഡിപ്പിക്കുന്നുതു ശരിയോ?
 
ക്രിസ്ത്യാനികളായ 50% വരുന്ന സ്ത്രീകള്‍ക്ക് ദൈവതിരുമുമ്പില്‍ പുരുഷന്മാര്‍ക്കു തുല്യമായ അന്തസ്സുണ്ടെങ്കിലും സഭയില്‍ ഏറ്റവുമധികം നഷ്ടംപറ്റിയവര്‍ സ്ത്രീകളാണ്. അതിന് കാരണങ്ങള്‍ പലതാണ്:
 
1.   കാനോന്‍നിയമത്തില്‍ പുരുഷന്മാര്‍ക്കു തുല്യമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്കില്ല.
 
2.   സ്ത്രീകള്‍ക്ക് നിയമപരമായി പൗരോഹിത്യം വിലക്കിയിരിക്കുന്നു.
 
3.   സഭയുടെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മാതൃകാപരമായ ക്രിസ്തീയജീവിതം സന്ന്യസ്തം (കന്യാസ്ത്രീകള്‍) ആണ്.
 
4.   സ്ത്രീകളെ സഭയിലെ ഔദ്യോഗികപദവികളില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
 
യുവാക്കളും സഭയും
 
35 വയസ്സിനു താഴെയുള്ള ചെറുപ്പക്കാര്‍ക്ക് നല്ല ക്രിസ്ത്യാനിയും നല്ല കത്തോലിക്കനും തമ്മിലുള്ള വ്യത്യാസം അറിയില്ല. അവര്‍ അതന്വേഷിക്കാറുമില്ല. സഭ സംഘടിതമാണെന്നും ജനാധിപത്യഭരണം സഭയിലില്ലെന്നും അവര്‍ക്കറിയാം. അവര്‍ സഭയെ വ്യക്തിപരമായി നോക്കിക്കാണുന്നു. ദൈവവും ഓരോ വ്യക്തിയുമായുള്ള സ്വകാര്യജീവിതമാണ് മതമെന്നവര്‍ വിശ്വസിക്കുന്നു. സഭ അതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നു. അവരുടെ നോട്ടത്തില്‍ ഒരു മതസമൂഹവും വ്യക്തികളുടെ ജീവിതം എങ്ങനെ നയിക്കണമെന്നതില്‍ കൈകടത്താന്‍ പാടില്ല. ഉപദേശവും മാര്‍ഗനിര്‍ദേശവുമേ പാടുള്ളൂ. ദൈവനിയമമാണ് സഭാനിയമത്തിലുപരിയെന്ന് അവര്‍ തിരിച്ചറിയുന്നു. ദൈവം സഭയിലൂടെ സംസാരിക്കുന്നുണ്ടെങ്കിലും സഭ പറയുന്നതെല്ലാം ദൈവസംസാരമാകണമെന്നില്ല. ദൈവത്തിന്റെ കരുണ, സ്‌നേഹം തുടങ്ങിയവയെ സുഗ്രാഹ്യമാക്കാന്‍ പരിശ്രമിക്കേണ്ട സഭ കര്‍ക്കശവും നിയമബദ്ധവുമായ ഭാഷയിലാണ് സംസാരിക്കുന്നത്. മരിക്കുമ്പോള്‍ ദൈവത്തോടാണ്, മെത്രാനോടോ മാര്‍പാപ്പായോടോ അല്ല, കണക്കുതീര്‍ക്കേണ്ടത് എന്ന് യുവാക്കള്‍ക്കറിയാം.
 
യൂറോപ്പിലും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലുമെല്ലാം ചെറുപ്പക്കാരായ വിശ്വാസികള്‍ പരമ്പരാഗതമായ പള്ളിപ്രാര്‍ഥനയ്ക്കു പകരം അഥവാ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനു പകരം ഇതരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. സാധാരണരീതിയിലുള്ള വസ്ത്രമണിഞ്ഞ അവര്‍ കുരിശിന്റെ മുമ്പില്‍ വട്ടമിരുന്ന് പാട്ടും വിശുദ്ധഗ്രന്ഥപാരായണവും പ്രസംഗവുമായി ദൈവവുമായുള്ള അവരുടെ ബന്ധത്തെ ഉറപ്പിക്കുന്നു. മാമൂല്‍പ്രകാരമുള്ള ഇടവകപ്പള്ളി അവര്‍ക്കില്ല. സ്‌നേഹ സമൂഹത്തെ കണ്ടെത്തലാണ് സോളമന്റെ പോര്‍ച്ചില്‍ സംഭവിക്കുന്നതെന്നാണ് ചെറുപ്പക്കാരിയായ ലോറയുടെ അഭിപ്രായം. വിശുദ്ധഗ്രന്ഥത്തില്‍ വെള്ളം ചേര്‍ത്ത് വീര്യം കുറയ്ക്കുകയല്ല; മറിച്ച്, വിശുദ്ധ ഗ്രന്ഥത്തെ ഞങ്ങള്‍ എല്ലാവരും കൂടി തിരിച്ചറിയാന്‍ പരിശ്രമിക്കുകയാണെന്നാണ് ആ ചെറുപ്പക്കാരുടെ വിലയിരുത്തല്‍. ഇത്തരം കൂട്ടായ്മകളാണ് അവരുടെ പുതിയ പള്ളികള്‍. നാലുപേര്‍ എവിടെ കൂടുന്നുവോ അതാണ് പള്ളി. സ്ഥാപിതസഭയുടെ ചിന്താഗതിക്ക് വിപരീതമാണിത്. സ്ഥാനികളുടെ അധികാരശ്രേണി ഇത്തരം കൂട്ടായ്മയിലില്ല. വിവിധങ്ങളായ കാഴ്ചപ്പാടുകള്‍ക്ക് ഇത്തരം കൂട്ടായ്മകളില്‍ സ്ഥാനമുണ്ട്. ധാരാളം ചെറുപ്പക്കാര്‍ തങ്ങളുടെ വീടുകളില്‍ ചെറിയ ചെറിയ പ്രാര്‍ഥനായോഗങ്ങളും കൂടാറുണ്ട്. അപൂര്‍ണരായ ഒരുപറ്റം വിശ്വാസികള്‍ യഥാര്‍ഥജീവിതം നയിക്കാന്‍ പരിശ്രമിക്കുന്നു. കര്‍ത്താവിന്റെ ശുശ്രൂഷയുടെ മാതൃകയില്‍ തുറന്ന ഹൃദയവുമായി അവര്‍ മറ്റുള്ളവര്‍ക്ക് (സഹജീവികള്‍ക്ക്) സേവനം ചെയ്യുന്നു. സ്ഥാപിതവും വിപുലവുമായ പള്ളികളോടുള്ള വിദ്വേഷവും പരിവര്‍ത്തനവുമാണ് ഇത്തരം കൂട്ടായ്മകള്‍. പുതിയ തലമുറയുടെ ആധ്യാത്മികസഫലത അതുവഴി അവര്‍ നേടിയെടുക്കുന്നു. പൊടിപിടിച്ച കത്തീഡ്രലുകള്‍ ചെറുപ്പക്കാര്‍ക്ക് അലര്‍ജി ഉണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് സോളമന്റെ പോര്‍ച്ചിലെ കൂട്ടായ്മ.

തിരുവിവാഹമെന്ന കൂദാശ
 
ഉത്പത്തിയില്‍ നാം ഇങ്ങനെ വായിക്കുന്നു. ''അങ്ങനെ ദൈവം സ്വന്തം പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്ഛായയില്‍ അയാളെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു; അവരോട് അരുള്‍ ചെയ്തു: 'നിങ്ങള്‍ സന്താനപുഷ്ടിയോടെ പെരുകി ഭൂമിയില്‍ നിറഞ്ഞ് ഭൂമിയെ കീഴടക്കുക'.....'' (ഉല്‍പ. 1: 27-28). യേശു ഫരിസേയരോട് പറയുന്നത് ശ്രദ്ധിക്കുക: ''ആദിയില്‍ സ്രഷ്ടാവ് മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. 'ഇക്കാരണത്താല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരണം, അവര്‍ ഇരുവരും ഒരു ശരീരമായിത്തീരണം' എന്നു കല്പിച്ചു. ഇതൊന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?'' (മത്താ. 19: 4-6). ഇതില്‍ നിന്നു മനസ്സിലാകുന്നത് ആണും പെണ്ണുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ദൈവികനിയമപ്രകാരമുള്ള കടമ വൈവാഹികജീവിതമാണെന്നാണ്. കന്യാത്വമാണ് (Virginity) ദൈവം കൂടുതല്‍ അഭിലഷണീയമായി കണ്ടിരുന്നതെങ്കില്‍ ആണും പെണ്ണും ഏകശരീരമാകണമെന്നും പുരുഷന്‍ ഭാര്യയോടു ചേരണമെന്നും ദൈവം കല്പിക്കുമായിരുന്നില്ലല്ലോ.
 
പൗരസ്ത്യസഭകളുടെ കാനോനകളില്‍ തിരുവിവാഹമെന്ന കൂദാശയുടെ ഉദ്ദേശ്യം എന്തെന്ന് താഴെ കൊടുക്കുന്നു:
 
''കാനോന 776: 81. വിവാഹ ഉടമ്പടി സൃഷ്ടികര്‍ത്താവിനാല്‍ സ്ഥാപിതവും അവിടുത്തെ നിയമങ്ങളാല്‍ നിയന്ത്രിതവുമാണ്. ഇതുവഴി പുരുഷനും സ്ത്രീയുംതമ്മില്‍ പിന്‍വലിക്കാന്‍ പാടില്ലാത്ത വ്യക്തിഗതമായ സമ്മതത്താല്‍ പരസ്പരമുള്ള സമ്പൂര്‍ണ ജീവിതക്കൂട്ടായ്മ സംസ്ഥാപിതമാകുകയും ചെയ്യുന്നു. സ്വഭാവത്താല്‍തന്നെ ഇത് ദമ്പതികളുടെ നന്മയ്ക്കും, സന്താനോത്പാദനത്തിനും, മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.''  52
വിവാഹത്തെ സംബന്ധിച്ച് പൗലോസ് അപ്പോസ്തലന്റെ പഠനം ശ്രദ്ധിക്കുക:
''എന്നാല്‍ ദുര്‍നടപ്പിലേക്കു പ്രലോഭനം ഉള്ളതുകൊണ്ട് ഓരോ പുരുഷനും സ്വന്തമായി ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തമായി ഭര്‍ത്താവും ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അങ്ങനെ തന്നെ ഭാര്യ ഭര്‍ത്താവിനോടും. ഭാര്യയ്ക്കല്ല തന്റെ ശരീരത്തിന്മേല്‍ അധികാരം, ഭര്‍ത്താവിന്നാണ്. അതുപോലെ ഭര്‍ത്താവിന്നല്ല തന്റെ ശരീരത്തിന്മേല്‍ അധികാരം, ഭാര്യക്കാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഉഭയസമ്മതപ്രകാരം പ്രാര്‍ഥനയ്ക്കായി സ്വയം സമര്‍പ്പിക്കുന്ന നിശ്ചിതകാലത്തിലല്ലാതെ ഈ അവകാശം അന്യോന്യം നിഷേധിക്കരുത്'' (1 കോറി. 7: 2-5).
 
ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികവേഴ്ച വിവാഹ ഉടമ്പടിയിലെ കടമയാണെന്ന് ഇവിടെ വ്യക്തമാണ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഉപവിപ്രവൃത്തിയല്ല വിവാഹസംഭോഗം, കടമയാണ്. മനുഷ്യന്റെ വസ്തിപ്രദേശത്തെ ഉത്കണ്ഠ (Pelvic anxiety) തീര്‍ക്കലല്ല; മറിച്ച്, സംഭോഗം വഴിയുള്ള ആനന്ദാനുഭൂതിയുടെ അനുഭവമാണത്. കാനോന്‍ നിയമത്തില്‍ വിവാഹം ''ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗികാസ്വാദനത്തിനും, സന്താനോത്പാദനത്തിനും, മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു'' എന്ന് തിരുത്തപ്പെടേണ്ടിയിരിക്കുന്നു. സഭയുടെ സെക്‌സിനോടുള്ള മനോഭാവം മാറ്റിയേ തീരൂ.

വൈദികരുടെ ഉപരിപഠനം
 
പാശ്ചാത്യസംസ്‌കാരവും ഇംഗ്ലീഷ് ഭാഷയും ഇന്ത്യന്‍ സംസ്‌കാരത്തെയും ഇന്ത്യന്‍ ഭാഷകളെയുംകാള്‍ മെച്ചമാണെന്നുള്ള ആശയം കുട്ടികളില്‍ സൃഷ്ടിക്കാന്‍ മക്കൊളെ പ്രഭു ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിച്ച് പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ഇന്ത്യന്‍ കുട്ടികള്‍ക്ക് നല്കി. മക്കോളേസ് ചില്‍ഡ്രന്‍ (Macaulay's children) എന്നാണവരെ കളിയാക്കി വിളിച്ചിരുന്നത്. ഇന്ന് സീറോ മലബാര്‍ സഭയില്‍ നടക്കുന്നതും ഇതു തന്നെ. ചെറുപ്പക്കാരായ വൈദികരെ റോമില്‍ വിട്ട് പഠിപ്പിക്കുന്നു. റോമന്‍ സഭയും റോമന്‍ സഭയുടെ സഭാഭരണരീതികളുമാണ് നമ്മുടെ സഭയെയും നമ്മുടെ സഭയുടെ ഭരണരീതികളെയുംകാള്‍ മെച്ചപ്പെട്ടതെന്ന് അവര്‍ കരുതുന്നു. ഈ വൈദികരില്‍നിന്നാണ് മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതെന്നോര്‍ക്കണം. പാശ്ചാത്യരീതിയിലുള്ള ജീവിതശൈലി സ്വീകരിച്ച 'റോമന്‍ ചില്‍ഡ്ര'നാണ് നമ്മുടെ മെത്രാന്മാര്‍. സീറോ മലബാര്‍ സഭയുടെ നട്ടെല്ലൊടിക്കാന്‍ ഈ മെത്രാന്മാരെ സഹായത്തിനു ലഭിക്കുമെന്ന് പൗരസ്ത്യസഭകളുടെ തിരുസംഘത്തിനറിയാം. സഭാനവീകരണത്തോടെ നമ്മുടെ മെത്രാന്മാരെ നസ്രാണി മെത്രാന്മാരാക്കി മാറ്റണം. പാശ്ചാത്യ മതകൊളോണിയലിസം അങ്ങനെ നമ്മുടെ സഭയില്‍ അവസാനിപ്പിക്കണം.

അല്‍മായരും ദൈവശാസ്ത്രപഠനവും
 
അമേരിക്കയില്‍ ഇന്ന് ദൈവശാസ്ത്രത്തില്‍ കൂടുതല്‍ വിദ്യാഭ്യാസം നേടിയവര്‍ ക്ലേര്‍ജികളെ അപേക്ഷിച്ച് അല്മായരാണ്. കാത്തലിക്ക് തിയളോജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ (Catholic Theological Society of America) 2010-11-ലെ പ്രസിഡന്റ് (Mary Ann Hinsdale, IHM, Department of Theology, Boston College), വൈസ് പ്രസിഡന്റ് (Susan A. Ross, Department of Theology, Loyola University, Chicago), സെക്രട്ടറി (M. Theresa Moser, RSCJ, College of Arts and Science, University of San Francisco), എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (Dolores L. Christiane, John Carrrol University, Ohio) എല്ലാം ദൈവശാസ്ത്രപണ്ഡിതകളായ സ്ത്രീകളാണ്. കൂടാതെ രണ്ട് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സും സ്ത്രീകളാണ്. മൊത്തം 12 പേരുള്ളതില്‍ ശേഷിച്ച ആറു പേര്‍ ദൈവശാസ്ത്രജ്ഞരായ പുരുഷ അല്‌മേനികളാണ്. അവിടെ ധാരാളം കത്തോലിക്ക യൂണിവേഴ്‌സിറ്റികള്‍ ഉള്ളതാണതിനു കാരണം.53 നമ്മുടെ സ്ഥിതിയോ? ദൈവശാസ്ത്രത്തിലും പള്ളിക്കാര്യങ്ങളിലും അറിവുള്ള അല്‌മേനികളെ വാര്‍ത്തെടുക്കുന്നതില്‍ നമ്മുടെ സഭ പരാജയപ്പെട്ടെന്ന് അന്തരിച്ച ശ്രേഷ്ഠ മെത്രാപ്പോലീത്താ മാര്‍ വര്‍ക്കി വിതയത്തില്‍ സമ്മതിക്കുന്നുണ്ട്.54 നമ്മുടെ സഭയിലെ നിരവധി വൈദികര്‍ വിദേശരാജ്യങ്ങളില്‍ പോയി പള്ളി സംബന്ധമായ വിവിധശാസ്ത്രങ്ങളില്‍ ഉന്നതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഈവിധ ശാസ്ത്രങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളസഭ അല്‌മേനികള്‍ക്ക് ഒരവസരം നല്‍കിയോ? ഇല്ല. ഈ സ്ഥിതി തുടരാന്‍ പാടില്ല. ഓരോ രൂപതയും ഉത്തമരായ അല്‌മേനികള്‍ക്ക് ദൈവശാസ്ത്രത്തിലും പ്രേഷിതപ്രവര്‍ത്തനത്തിലും സാന്മാര്‍ഗികശാസ്ത്രത്തിലുമെല്ലാം ഉന്നതവിദ്യാഭ്യാസം നല്‍കാനുള്ള വഴികള്‍ തുറന്നുകൊടുക്കണം.
 
അല്മായരെ ക്രമാനുഗതമായും ഘടനാപരമായും സഭ ഞെരുക്കുന്നതുകൊണ്ടാണ് അവര്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിക്കുന്നത്. സഭാശ്രേഷ്ഠന്മാര്‍ അല്‌മേനിയെ വിലകുറഞ്ഞവരും കീഴുള്ളവരുമായി കാണുന്നു. ഒരുതരം പ്രമാണിത്ത ചിന്താഗതിയാണത്. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ശുശ്രൂഷാനായകത്വമേ ഉണ്ടാകാന്‍ പാടുള്ളൂ. മറ്റു സഭാകാര്യങ്ങളില്‍ അധികാരമോ പ്രമാണിത്തമോ ഉണ്ടാകാന്‍ പാടില്ല. പുരോഹിത ന്യൂനപക്ഷത്തിനാണ് സഭയില്‍ ഇന്ന് അധികാരവും സ്വാധീനവും നായകത്വവുമെല്ലാം നല്കപ്പെട്ടിരിക്കുന്നത്. സഭയുടെ രോഗലക്ഷണങ്ങളാണിവ.

തിരുത്തപ്പെടേണ്ട സഭാശുശ്രൂഷ
 
സഭാധികാരികള്‍ക്ക് അസൗകര്യം നല്കുന്നവരെ അവര്‍ ഇഷ്ടപ്പെടുകയില്ല. സഭാശുശ്രൂഷയില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തും. സഭാധികാരികള്‍ക്ക് സ്വന്തം വിലയിരുത്തലനുസരിച്ചുള്ള പുണ്യപ്പെട്ടവരെ മാത്രം മതി. പാപികളെ വേണ്ട, സഭാനിയമത്തെ എതിര്‍ക്കുന്നവരെ വേണ്ട, സഭാനേതാക്കന്മാരെ വിമര്‍ശിക്കുന്നവരെ വേണ്ട, പള്ളിക്കു പൈസ കൊടുക്കാത്തവരെ വേണ്ട, വിവാഹിതപൗരോഹിത്യത്തെയോ സ്ത്രീപൗരോഹിത്യത്തെയോ അനുകൂലിക്കുന്നവരെ വേണ്ട, പോപ്പിന്റെ അപ്രമാദിത്വത്തെ എതിര്‍ക്കുന്നവരെ വേണ്ട, കുടുംബാസൂത്രണം നടത്തുന്നവരെ വേണ്ട, പൂരോഹിതര്‍ വിവാഹിതരായാല്‍ അവരെയും വേണ്ട, വിവാഹമോചനം നേടിയ വിശ്വാസിയെ വേണ്ട, രണ്ടാം വിവാഹം ചെയ്തവരെ വേണ്ട, സ്റ്റംസെല്‍ റിസേര്‍ച്ചിനെ അനുകൂലിക്കുന്നവരെ വേണ്ട, കമ്യൂണിസ്റ്റുകാരെ വേണ്ട. പട്ടിക ഇങ്ങനെ നീണ്ടു പോകുന്നു. എന്നാല്‍ മനുഷ്യകുലത്തെ രക്ഷിക്കാനായി വന്ന യേശു നിരുപാധികമായി എല്ലാവരെയും സ്‌നേഹിക്കുന്നു. യഹൂദപുരോഹിതരും യഹൂദസമൂഹവും അവജ്ഞയോടെ കണ്ടിരുന്ന വ്യഭിചാരിണികളും ചുങ്കക്കാരും കുഷ്ഠരോഗികളും പുറജാതിക്കാരുമെല്ലാം യേശുവിന്റെ സംഘത്തില്‍ ഉണ്ടായിരുന്നു. സഭ ഇന്നു കരുതുന്നതുപോലെ നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ് യേശു വന്നത്. യേശു തന്റെ ക്രിസ്തീയകുടുംബത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
 
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖ സുപ്രധാനമായൊരാശയം അവതരിപ്പിക്കുന്നുണ്ട്. കാലത്തിന്റെ അടയാളങ്ങള്‍ (Signs of the times) കാണണമെന്ന്. ''ആകാശത്തിന്റെ ഭാവപ്പകര്‍ച്ചകള്‍ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍ കാലത്തിന്റെ അടയാളങ്ങള്‍ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല'' (മത്താ. 16: 3) എന്ന കര്‍ത്താവിന്റെ താക്കീതിന്റെ അടിസ്ഥാനത്തിലാണ് കാലത്തിന്റെ അടയാളങ്ങളെ നോക്കിക്കാണണമെന്ന് കൗണ്‍സില്‍ പഠിപ്പിച്ചത്. കാലത്തിനനുസരിച്ച് സഭ ബുദ്ധിപൂര്‍വം പരിവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കണമെന്നാണ് കൗണ്‍സില്‍ ആഗ്രഹിച്ചത്. പക്ഷേ സഭയിലെ യാഥാസ്ഥിതികവര്‍ഗം കൗണ്‍സിലിന്റെ കാഴ്ചപ്പാടിനെ കൂട്ടാക്കാതെ, കാലത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കാന്‍ കഴിയാതെ, പഴമയിലേക്ക് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുകയാണ്. നാശോന്മുഖമായ ഒരു വഴിമാറലാണിത്. ഈ വഴിമാറല്‍ സഭയെ അധോഗതിയിലേക്കു നയിക്കും.

പുണ്യവാന്മാരും പുണ്യവതികളും
 
പുണ്യവാന്മാരും പുണ്യവതികളും വീരോചിതമായ പുണ്യപ്രവൃത്തികള്‍ ചെയ്തവരായിരിക്കണം. സാധാരണയായി ആരെ പുണ്യവാന്‍/പുണ്യവതി ആക്കുന്നു എന്നതിനെപ്പറ്റി വിശ്വാസികള്‍ വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വിശുദ്ധരായി സഭ പ്രഖ്യാപിച്ചവരില്‍ ബഹുഭൂരിപക്ഷവും യൂറോപ്പിലെ വെള്ളക്കാരും ബ്രഹ്മചാരികളും പട്ടക്കാരും സന്ന്യസ്തരുമായ പുരുഷന്മാരും ചുരുക്കം ചില വിധവകളുമായിരുന്നു. സാര്‍വത്രികസഭയിലെ അംഗങ്ങളായ ഏഷ്യക്കാരും ആഫ്രിക്കക്കാരും പാവപ്പെട്ടവരും വിവാഹിതരുമൊന്നും എന്തുകൊണ്ട് വീരോചിതപുണ്യം ചെയ്യാതെ പോയി എന്നോര്‍ത്ത് ചിലരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാവും. വിവാഹിതരായ എത്രയോ ഇണകള്‍ സന്ന്യസ്തരെ വെല്ലുന്ന ക്രിസ്തുശിഷ്യരായി പുണ്യജീവിതം നയിച്ചിട്ടുണ്ട്.
 
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ (ഒക്‌ടോബര്‍ 16, 1979-ഏപ്രില്‍ 2, 2005) തന്റെ ഭരണകാലത്ത് 483 പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളിലെ മാര്‍പാപ്പാമാര്‍ എല്ലാവരും കൂടി ഇത്രയും ആത്മാക്കളെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല. ഏതായാലും വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യത്തില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ (Guinness Book of World Records) രേഖപ്പെടുത്താന്‍ അര്‍ഹനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ. കൂടാതെ 1340 ആത്മാക്കളെ ധന്യരായും (Blessed) അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
 
വിവാദങ്ങള്‍ക്ക് കാരണക്കാരായ ചില ആത്മാക്കളെയും വിശുദ്ധരും ധന്യരുമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നുള്ളത് ആ പദവികളുടെ സ്ഥാനത്തിന് സാരമായ കളങ്കം ചാര്‍ത്തിയിട്ടുണ്ടെന്ന ഒരു ദുഃഖസത്യവും നിലവിലുണ്ട്. ഓപ്പൂസ് ദേയിയുടെ (Opus Dei) സ്ഥാപകന്‍ ഹൊസെ മരിയ എസ്‌ക്രിവയെ (Jose Maria Escriva) വിശുദ്ധപദവിയിലേക്കുയര്‍ത്തിയത് ഉദാഹരണമാണ്. 1928-ല്‍ സ്‌പെയിനില്‍ ഒരു കത്തോലിക്കപുരോഹിതനായിരുന്ന എസ്‌ക്രിവ സ്ഥാപിച്ച ഓപ്പൂസ് ദേയി സംഘടനയുടെ രഹസ്യസ്വഭാവം, സംഘടനയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന വിധം, അംഗങ്ങളെ ഭരിക്കുന്നതിലെ കാര്‍ക്കശ്യം, അംഗങ്ങളുടെ വലതുരാഷ്ട്രീയ ചായ്‌വ് (right-leaning politics) മുതലായവമൂലം പണ്ടേ വിവാദവിഷയമാണ്. ഫ്രാങ്കോയിസ്റ്റ് സ്‌പെയിനിന്റെ (Francoist Spain) ലീഡറായ ജനറല്‍ ഫ്രാങ്കോയെ പിന്നില്‍നിന്ന് സഹായിച്ച (1939-1975) ഫാസിസ്റ്റ് ഇറ്റലി, നാസി ജര്‍മനി, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളോടൊപ്പം ഓപ്പൂസ് ദേയിയുമുണ്ടായിരുന്നു. അല്മായരാണ് ഈ സംഘടനയിലെ അംഗങ്ങളിലധികവും. 87,000 അംഗങ്ങള്‍ 90 രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നു. അംഗങ്ങളെ ഭരിക്കാനായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഒരു പേഴ്‌സണല്‍ ബിഷപ്പിനെ (Personal Bishop) 1982-ല്‍ നിയമിച്ചു. ആ മെത്രാന്റെ രൂപതയ്ക്ക് അതിര്‍ത്തിവരമ്പുകളില്ല. എവിടെയൊക്കെ അംഗങ്ങളുണ്ടോ അവിടെയൊക്കെ അദ്ദേഹത്തിന് അധികാരവും ഉണ്ട്.

തിരുശേഷിപ്പു വണക്കം
 
വിശ്വാസികളെ അന്ധവിശ്വാസത്തില്‍ തളച്ചിട്ട് അടിമകളാക്കാനാണ് സഭ എന്നും പരിശ്രമിക്കുന്നത്. അവരുടെ സിദ്ധാന്തങ്ങളില്‍ കടിച്ചുതൂങ്ങിക്കിടന്നില്ലങ്കില്‍ മോക്ഷം ഇല്ല. അവരുടെ സിദ്ധാന്തങ്ങള്‍ക്ക് വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യാനും മടിക്കുകയില്ല. മതാധികാരികള്‍ ഭക്തരുടെ ബലഹീനത മനസ്സിലാക്കി സ്വന്തം കീശവീര്‍പ്പിക്കാന്‍ തത്രപ്പെടുന്നു. ക്രിസ്തുമതം ശാസ്ത്രീയജ്ഞാനത്തിന് പ്രാധാന്യം നല്‍കിയിട്ടേയില്ല. ശാസ്ത്രപുരോഗതിയിലൂടെ ഭക്തരുടെ അനുദിനജീവിതത്തെ മെച്ചപ്പെടുത്തുക അവരുടെ ലക്ഷ്യമല്ല. കര്‍മപരിപാടിയുമല്ല.
രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ശവകുടീരത്തെയും, മരിച്ച വ്യക്തിയുടെ അവശിഷ്ടങ്ങളെയും തിരുശേഷിപ്പായി വണങ്ങിത്തുടങ്ങി. പോപ്പ് ഗ്രിഗരി (590-604) ഈ ദുരാചാരത്തെ പ്രോത്സാഹിപ്പിച്ചു. സഭയില്‍ ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. പുണ്യാത്മാക്കളുടെ സല്‍പ്രവൃത്തികളെ നാം ബഹുമാനിക്കണം. നമുക്കത് അനുകരണീയമാകണം. എന്നാല്‍ ദൈവികോപാസന ദൈവത്തിനുമാത്രമുള്ളതാണ്. പുണ്യാത്മാക്കളെയും അവരുടെ തിരുശേഷിപ്പുകളെയും വണങ്ങി ദൈവത്തെ മറക്കുന്നതു ശരിയല്ല. തിരുശേഷിപ്പു വണക്കം എന്ന ദുരാചാരം മനുഷ്യവികാരത്തെ ചൂഷണം ചെയ്ത് സഭയുടെ സമ്പത്തു വര്‍ധിപ്പിക്കുന്ന വികല ദൈവശാസ്ത്രത്തില്‍ നിന്നുടലെടുത്തതാണ്. 
മോക്ഷം കിട്ടാന്‍വേണ്ടി തിരുശേഷിപ്പുകളുടെ പുറകെപോയി യഥാര്‍ഥജീവിതം ഭക്തര്‍ നശിപ്പിച്ചു കളയുന്നു. അങ്ങേലോകത്തുപോയി സുഖം ആസ്വദിക്കാന്‍ ഇങ്ങേലോകത്തിലെ സുഖം വര്‍ജിക്കണം! ഇതു പ്രസംഗിക്കുന്ന മതമേധാവികള്‍ ഈ ലോകത്തിലെ സുഖം ആവോളം ആസ്വദിക്കുകയും ചെയ്യുന്നു. ഈ ദുരാചാരത്തെ സഭ എത്രയും വേഗം നിര്‍ത്തല്‍ ചെയ്യണം.

കരുണയ്ക്ക് സ്ഥാനമില്ലാത്ത സഭ
 
അഞ്ചുവയസ്സുപ്രായമുള്ള ജെനി റിച്ചാര്‍ഡ്‌സന് (Jenny Richardson) ആദ്യകുര്‍ബ്ബാന കൈക്കൊള്ളണം. പക്ഷേ, ആ പെണ്‍കുട്ടിക്ക് സീലിയാക് (Celiac) എന്ന് വൈദ്യശാസ്ത്രത്തില്‍ അറിയപ്പെടുന്ന ഒരു അസുഖമുണ്ട്. ചെറുകുടലിന്റെ ഭിത്തികള്‍ക്ക് ഗോതമ്പിലെ ഒരു പ്രോട്ടീന്‍ അംശമായ ഗ്ലൂട്ടന്‍ (Gluten) രോഗബാധ ഉണ്ടാക്കുന്നതാണ് സീലിയാക് അസുഖം. 1995-ല്‍ അന്നത്തെ തിരുസംഘത്തലവനായ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ (Cardinal Ratzinger) ഗ്ലൂട്ടന്‍ നീക്കം ചെയ്ത മാവുകൊണ്ടുണ്ടാക്കുന്ന ഓസ്തി ദിവ്യബലിക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് വിധിച്ച് പ്രഖ്യാപനം നടത്തി (കാനന്‍ 924. 2). അതിനാല്‍ ഗ്ലൂട്ടനെ ദഹിപ്പിക്കാന്‍ ശേഷിയില്ലാത്ത ചെറുകുടലോടുകൂടിയ ജെനിക്ക് ആദ്യകുര്‍ബാന കൈക്കൊള്ളല്‍ നിഷേധിക്കപ്പെട്ടു. കാര്‍ഡിനല്‍ റാറ്റ്‌സിംഗറിന്റെ മുന്‍ഗാമി മദ്യത്തിനടിമകളായ വൈദികര്‍ക്ക് വീഞ്ഞിനുപകരം മുന്തിരിങ്ങാനീര് ദിവ്യബലിക്ക് ഉപയോഗിക്കാന്‍ അനുവാദം നല്കിയിരുന്നു. അതുപോലെയുള്ള ഒരു വിട്ടുവീഴ്ച ചെയ്യാന്‍ തുനിയാതെ, കര്‍ശനമായ അധികാരമുപയോഗിച്ച് ഒരു ഫരിസേയനെപ്പോലും നാണിപ്പിക്കുംവിധം ഒരു കത്തോലിക്കക്കുട്ടിയുടെ ജീവിതത്തിലെ പരമപ്രധാനമായ ആദ്യകുര്‍ബാന കൈക്കൊള്ളല്‍ മുടക്കിയ റാറ്റ്‌സിംഗറാണ് ഇപ്പോഴത്തെ മാര്‍പാപ്പാ. യേശു പഠിപ്പിച്ച കരുണയും ഉപവിയും എവിടെ? യഥാര്‍ഥത്തില്‍ ജെനി താമസിക്കുന്ന ബോസ്റ്റണിലെ ഇടവക വികാരിയുടെ തീരുമാനത്തിന് വിട്ടുകൊടുക്കേണ്ട കാര്യമാണിത്. ഇടവക ഇടയന്റെ തീരുമാനമാണ് ഇവിടെ ആവശ്യം. പക്ഷേ, വത്തിക്കാന്‍ ഓരോ ഇടവകയുടെയും ഓരോ വിശ്വാസിയുടെയും ഏറ്റവും നിസ്സാരങ്ങളായ കാര്യങ്ങളില്‍പോലും ഇടപെടുന്നു. അപലപനീയമായ കാര്യമാണിത്. വത്തിക്കാനോട് ദൈവജനത്തിനുള്ള വിശ്വസ്തത നഷ്ടപ്പെടുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്.55 കരുണയും സ്‌നേഹവുമാണ് ദൈവമെന്ന് ത്രേസ്യാപുണ്യവതി പറഞ്ഞു. ഗോതമ്പില്‍ ഗ്ലൂട്ടന്‍ ഉണ്ടെന്ന് അന്ന് പുണ്യവതി അറിഞ്ഞിരുന്നില്ല!

പരാജയപ്പെട്ട സഭ
 
അടിസ്ഥാനപരമായ നീതിയുടെ വിഷയത്തില്‍, സമൃദ്ധിയുടെ ഈ ലോകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ദാരിദ്ര്യവിഷയത്തില്‍, വിശ്വാസികളുടെ അമിത മദ്യപാനവിഷയത്തില്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ തീര്‍ക്കുന്ന വിഷയത്തില്‍, സാര്‍വലൗകികമായ ക്രിസ്തീയസഭയുടെ ഐക്യപ്പെടുന്ന വിഷയത്തില്‍, സ്ത്രീപീഡനം, സ്ത്രീവിമോചനം തുടങ്ങിയ വിഷയങ്ങളില്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങളെ നടപ്പിലാക്കുന്ന വിഷയത്തില്‍ ഒക്കെ സഭ പരാജയപ്പെട്ടിട്ടുണ്ട്.

മൂന്നാം ലോകത്തെ കമ്മ്യൂണിസം
 
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ കരീബിയന്‍ദ്വീപുകള്‍ (Caribbean islands) സന്ദര്‍ശിക്കുകയുണ്ടായി. അവിടുത്തെ ജനങ്ങളില്‍ 90%-ത്തില്‍ കൂടുതലും കത്തോലിക്കരാണ്. ലന്തക്കാരും പറുങ്കികളും ഫ്രഞ്ചുകാരുമെല്ലാം പണ്ടുകാലത്ത് ഈ ദ്വീപുകളെല്ലാം വെട്ടിപ്പിടിച്ച് കയ്യടക്കി സ്വദേശികളെ ബലമായി ക്രിസ്തുമതത്തില്‍ ചേര്‍ത്തതാണ്. അങ്ങനെയാണ് അവര്‍ ക്രിസ്ത്യാനികളായത്.
 
ഈ ദ്വീപുകളെല്ലാം അഗ്നിപര്‍വതങ്ങളാല്‍ (Volcanos) ഉണ്ടായിട്ടുള്ളതാണ്. അതിനാല്‍ ഗ്രനാഡ (Granada), ഡൊമിനിക്ക (Dominica), ജമെയ്ക്ക (Jamaica) തുടങ്ങിയ ദ്വീപുകളില്‍ അംബരചുംബികളായ മലകളുണ്ട്. ഞങ്ങള്‍ ദ്വീപുകളുടെ ഉള്‍പ്രദേശങ്ങളിലും മലയിടുക്കുകളിലുമെല്ലാം യാത്ര ചെയ്തു. നമ്മുടെ നാട്ടിലെ വയനാടു ചുരം പോലുള്ള റോഡുകളും അവിടങ്ങളിലുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ദേശീയപാതകള്‍ നാട്ടിയിരിക്കുന്നതുപോലെ ചുവന്ന കൊടികള്‍ ധാരാളമുണ്ട്. കൊടുംവളവുകളുള്ള ആ റോഡുകളില്‍ സുരക്ഷിതത്വം വളരെ കുറവാണ്. ഡ്രൈവര്‍ ജാഗരൂകനായിരിക്കാനാണ് ഈ ചുവന്ന കൊടികള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ വിചാരിച്ചു. സംശയനിവാരണത്തിന് ഡ്രൈവറോട് ഈ കാര്യത്തെപ്പറ്റി ഞങ്ങള്‍ തിരക്കി. സുരക്ഷിതത്വത്തിനുവേണ്ടിയുള്ള കൊടികളല്ല, കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കൊടികളാണവ എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. 90-95% കത്തോലിക്കരുള്ള ആ ദ്വീപുകളില്‍ കമ്യൂണിസ്റ്റുകാരാണധികവും. നമ്മുടെ കേരളത്തിന്റെ സ്ഥിതിയും അതല്ലേ? 1983-ല്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ (Ronald Reagan) ഗ്രനാഡ കയറിപ്പിടിച്ചത് കമ്യൂണിസ്റ്റുകാര്‍ ആ ദ്വീപില്‍ ഭരണം സ്ഥാപിക്കാതിരിക്കാനായിരുന്നു.
 
മൂന്നാം ലോകത്ത് (Third-World) കത്തോലിക്ക ഭൂരിപക്ഷമുണ്ടെങ്കിലും സിവില്‍ ഭരണത്തില്‍ എന്തുകൊണ്ട് കമ്യൂണിസം കയറിക്കൂടുന്നു? ലളിതമായ ഉത്തരം: റോമിലെ സമ്പന്നവും രാജകീയവുമായ സഭയല്ല ക്രിസ്തു ആരംഭിച്ച പാലസ്തീനായിലെ ക്രിസ്തുരാജ്യം. മാര്‍ക്‌സിന്റെ കമ്യൂണിസമാണ് ക്രിസ്തുരാജ്യപ്രജകള്‍ക്ക് അത്താണി.
 
ലെയോ 13-ാമന്‍ മാര്‍പാപ്പായുടെ റേരും നൊവാരും (Rerum Novarum, On the Condition of the Working Class, May 15, 1891) പതിനൊന്നാം പീയൂസ് മാര്‍പാപ്പായുടെ ക്വദ്രേജസിമോ ആനോ (Quadragesimo Anno, On social Reconstruction, May 15, 1931) ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ സെന്‍തെസിമൂസ് ആനോ (Centesimus Anno, On the Hundredth Anniversary, May 01, 1991) എന്നീ ചാക്രികലേഖനങ്ങള്‍ സോഷ്യലിസത്തെയും കമ്യൂണിസത്തെയും തള്ളിക്കളഞ്ഞിരിക്കുകയാണ്. അപ്പോള്‍ കാപ്പിറ്റലിസത്തെയാണ് സഭയും ആശ്ലേഷിച്ചിരിക്കുന്നത്.
 
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ഒര്‍ഡിനാസിയൊ സാച്ചെര്‍ ഡോത്താലിസ് (Ordinatio Sacerdotalis, On Ordination to the Priesthood, May 22, 1994) എന്ന അപ്പോസ്തലിക് ലെറ്റര്‍ (Apostolic Letter) വളരെ വ്യാപകമായ വിമര്‍ശനത്തെ വിളിച്ചുവരുത്താനും സഭയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസത്തെ നശിപ്പിക്കാനുമേ ഉപകരിച്ചുള്ളു.

ലിബറേഷന്‍ തിയോളജി (Liberation Theology)
 
മതങ്ങളിലെ ആധുനികചിന്താഗതിയെ (Modernism) 'മതനിന്ദകളുടെ സമന്വയം' (Synthesis of all heresis) എന്നാണ് പത്താം പീയൂസ് മാര്‍പാപ്പാ വിശേഷിപ്പിച്ചത്.
 
ഇപ്പോഴത്തെ ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പാ ലിബറേഷന്‍ തിയോളജിയുടെ ഉറച്ച വിമര്‍ശകനും എതിരാളിയുമാണ്. പല ദൈവശാസ്ത്രജ്ഞരെയും അദ്ദേഹം നിശ്ശബ്ദരാക്കി. താഴെക്കൊടുക്കുന്ന പുസ്തകങ്ങള്‍ വത്തിക്കാന് തലവേദന ഉണ്ടാക്കിയ ചുരുക്കം ചില പുസ്തകങ്ങളാണ്.
 
1.   Paul Gauthier - the Poor Jesus and the Church, 1965.
2.   Rubem Alves - Towards a Theology of Liberation, 1968.
3.   Gustavo Gutierres - The Theology of Liberation : History, Politics, Salvation 1971.
4.   Sebastian Kappen - Jesus & Freedom, 1977.
5.   Tissa Balasuriya- Mary and Human Liberation, 1997.
 
പാശ്ചാത്യ പ്രവണത
 
2007-ല്‍ 'തേര്‍ഡ് മില്ലേനിയം' (Third Millenium) എന്ന പ്രസിദ്ധീകരണത്തില്‍ ഫാദര്‍ വിമല്‍ തിരിമണ്ണ (Fr. Vimal Thirimanna) യൂറോപ്യന്‍ ആന്‍ഡ് വെസ്റ്റേണ്‍ കള്‍ച്ചര്‍ ആസ് എ കൗണ്ടര്‍സൈന്‍ റ്റു ഹുമാനിറ്റി (Contemporary European and Wastern Culture as a Countersign to Humanity) എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.56 ആ ലേഖനത്തില്‍ മനുഷ്യന്റെ അടിസ്ഥാനപരമായ ഏഴു വിഷയങ്ങളില്‍ പൗരസ്ത്യപ്രദേശങ്ങളില്‍ പാശ്ചാത്യസ്വാധീനം എങ്ങനെ വ്യാപിക്കുന്നു എന്ന് വിശകലനം ചെയ്തിരുന്നു. കിഴക്കന്‍ നാടുകളില്‍ കടന്നുകൂടുന്ന പാശ്ചാത്യ ദുഃസ്വാധീനങ്ങള്‍ തക്ക സമയത്തും രീതിയിലും നിയന്ത്രിച്ചില്ലെങ്കില്‍ ഭാവിയില്‍ ധാര്‍മിക അധഃപതനം സംഭവിക്കുമെന്ന് ലേഖകന്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്.
 
എന്റെ ചോദ്യം ഇതാണ്: പാശ്ചാത്യസഭയായ റോമന്‍സഭയില്‍നിന്ന് എന്തെല്ലാം ദുഷിച്ച കാര്യങ്ങളാണ് നമ്മുടെ സഭയില്‍ കടന്നുകൂടിയിരിക്കുന്നത്? പാശ്ചാത്യ രീതിയില്‍ നമുക്കൊരു കാനോന്‍ നിയമം; പാശ്ചാത്യ രീതിയില്‍ നമുക്കൊരു പാരീഷ്‌കൗണ്‍സില്‍; പാശ്ചാത്യരീതിയില്‍ നമ്മുടെ സഭാഭരണം; പാശ്ചാത്യരീതിയില്‍ നമ്മുടെ മെത്രാന്മാരുടെ വേഷം; പാശ്ചാത്യരീതിയില്‍ നമ്മുടെ പട്ടക്കാരുടെ ളോഹ; പാശ്ചാത്യരീതിയില്‍ നമ്മുടെ പട്ടക്കാര്‍ക്കും വിവാഹം ചെയ്യാന്‍ പാടില്ലെന്ന നിയമം -- ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍! അപ്പോള്‍ നമ്മുടെ സഭയിലേക്കു കടന്നുകൂടുന്ന ദുഷിച്ച പാശ്ചാത്യപ്രവണതകളെ തക്കസമയത്തും തക്ക രീതിയിലും നിയന്ത്രിച്ചില്ലെങ്കില്‍ നമ്മുടെ സഭയിലും ധാര്‍മിക അധഃപതനം ഉണ്ടാകില്ലേ? എന്തുകൊണ്ടാണ് നമ്മുടെ വൈദിക ദൈവശാസ്ത്രജ്ഞന്മാര്‍ ഈ വിഷയത്തെ സംബന്ധിച്ച് കാര്യമായി എഴുതാത്തത്? മെത്രാന്മാരില്‍നിന്നു പോപ്പ് തട്ടിയെടുത്ത അധികാരം പള്ളിക്കിന്ന് ദോഷകരമായി മാറിയിരിക്കുകയല്ലേ?

കാനോന്‍ നിയമം 
 
പഴയനിയമകാലത്തെ ഇസ്രായേലികള്‍ക്കുണ്ടായിരുന്ന 613 നിയമങ്ങള്‍ക്കു പകരമായി ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയത് ഒരേയൊരു നിയമം: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക. പൗരസ്ത്യസഭകളുടെ കാനോനസംഹിതയില്‍ 1546 കാനോനകളും ആയിരക്കണക്കിന് ഉപകാനോനകളുമുണ്ട്.57  അവിടംകൊണ്ടും തീര്‍ന്നില്ല: ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാ കത്തോലിക്കനും പാലിക്കേണ്ട നിയമം, പൗരസ്ത്യസഭകള്‍ക്ക് പൊതുവായുള്ള നിയമം, സ്വയാധികാര സഭകള്‍ക്കുള്ള നിയമം, രൂപതകള്‍ക്കുള്ള നിയമം ഇങ്ങനെ നീണ്ടു പോകുന്നു ഒരു നസ്രാണി കത്തോലിക്കന്‍ അനുസരിക്കേണ്ട നിയമങ്ങളുടെ പട്ടിക. അങ്ങനെ ഒരു വിശ്വാസിയെ വരിഞ്ഞുകെട്ടാനുള്ള സഭാ നിയമങ്ങള്‍ക്കു കണക്കില്ല. ക്രിസ്തു പഠിപ്പിച്ച പരസ്പര സ്‌നേഹമല്ല, പള്ളിനിയമങ്ങളാണ് സഭ ഇന്ന്! നമ്മുടെ ഭരണരീതിക്കും ശിക്ഷണക്രമത്തിനും അനുരൂപമായിട്ടുള്ള കാനോന്‍നിയമമല്ല 1991-ല്‍ റോമില്‍നിന്നു നമുക്കു ലഭിച്ചത്.

പൗരസ്ത്യകാനോന്‍നിയമസംഹിത
 
1991-ല്‍ നമ്മെ പൗരസ്ത്യസഭാവിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 'പരിശുദ്ധ കാനോനകള്‍' (Sacri Canones) 'പരിശുദ്ധ' പിതാവ് നമുക്ക് നല്കി. കാനോനകളും പരിശുദ്ധം. തന്ന പിതാവും പരിശുദ്ധം. കള്ളപ്രമാണങ്ങളില്‍ നിന്നുടലെടുത്ത ഈ കാനോനകള്‍ എങ്ങനെ പരിശുദ്ധമാകും? നസ്രാണികളായ നമുക്കെന്തിനീ പൗരസ്ത്യകാനോന്‍ നിയമം? തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായ പള്ളിനിയമങ്ങളാണ് നമക്ക് വേണ്ടത്. ഇവിടെ നമ്മെ പരിശുദ്ധമായി വഞ്ചിക്കുകയല്ലേ പരിശുദ്ധ പിതാവും ഇതിനു കൂട്ടുനിന്ന നമ്മുടെ പരിശുദ്ധ മേലധ്യക്ഷന്മാരും ചെയ്തത്?
 
സ്വന്തം സമൂഹത്തെ തിരിച്ചറിയാന്‍ ശേഷിയില്ലാത്ത ക്ലേര്‍ജികളും സഭാശ്രേഷ്ഠന്മാരും പാശ്ചാത്യസംസ്‌കാരത്തെ മികച്ച സംസ്‌കാരമായിക്കണ്ട് റോമില്‍ ഉരുവാകുന്നതിനെയെല്ലാം ആദരവോടെ സ്വീകരിച്ച് നസ്രാണിസഭയില്‍ നടപ്പിലാക്കുന്നു. പോപ്പും റോമന്‍ കാര്യാലയങ്ങളും ആവശ്യപ്പെടുന്നതെല്ലാം നസ്രാണികളുടെമേല്‍ അടിച്ചേല്പിക്കാന്‍ അവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പോപ്പാണ് തന്നെ മെത്രാന്‍സ്ഥാനത്തേക്കുയര്‍ത്തിയതെന്നുള്ള ചിന്തയാണ് സ്വന്തം രൂപതയെയും സഭയെയും പോപ്പിനും റോമന്‍ കാര്യാലയങ്ങള്‍ക്കും അടിയറവുവയ്ക്കാന്‍ ഓരോ മെത്രാനെയും നിര്‍ബന്ധിക്കുന്നത്. ഓരോ മെത്രാനും സ്വന്തമായി ചിന്തിക്കാനോ തന്റെ ഇംഗിതത്തിനനുസൃതമായി പ്രവര്‍ത്തിക്കാനോ കഴിയാതെ കാറ്റത്താടുന്ന ഞാങ്ങണപോലെ നട്ടെല്ലില്ലാതെ പെരുമാറേണ്ടിവരുന്നു.
 
റോമാസാമ്രാജ്യവ്യവസ്ഥിതിയിലെ ഔദ്യോഗികമതമെന്ന നിലയില്‍ അനേക നൂറ്റാണ്ടുകള്‍ കഴിഞ്ഞ വിദേശസഭകളിലെ കാനോന്‍നിയമസംഹിത വായ്പയെടുത്തുപയോഗിക്കുക മാര്‍തോമാക്രിസ്ത്യാനികള്‍ക്ക് ഭൂഷണമല്ല. ദൈവജനത്തില്‍നിന്നകന്ന് അധികാരികളില്‍ കേന്ദ്രീകരിച്ചു വളര്‍ന്ന ഭരണക്രമം റോമാസാമ്രാജ്യത്തിന്റേതാണ്. റോമാസാമ്രാജ്യത്തിനുള്ളില്‍ വളര്‍ന്ന പാശ്ചാത്യ/പൗരസ്ത്യസഭകള്‍ക്ക് നിയമതലത്തില്‍ പൊതുവായ പൈതൃകമാണുള്ളത്. എന്നാല്‍ മാര്‍തോമാ ക്രിസ്ത്യാനികളുടെ പൈതൃകം അതല്ല.58 സേവ്യര്‍ കൂടപ്പുഴ അച്ചന്റെ നിരീക്ഷണം എത്രയോ സത്യം. ആയിരത്തിഅറുന്നൂറു വര്‍ഷത്തോളം കാത്തുസൂക്ഷിച്ച നമ്മുടെ പള്ളിഭരണ സമ്പ്രദായത്തിന്റെ വിലതീരാത്ത പൈതൃകം റോമിന്റെ കാല്‍പാദങ്ങളില്‍ അടിയറ വയ്ക്കാന്‍ നമ്മുടെ മെത്രാന്മാര്‍ക്ക് എങ്ങനെ സാധിച്ചു എന്നത് സാധാരണ ഒരു വിശ്വാസിക്ക് മനസ്സിലാക്കാന്‍ സാധിക്കയില്ല.

പൂര്‍വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്
 
സ്വയംഭരണാധികാരത്തോടെ മുമ്പോട്ടും നീങ്ങുന്ന നമ്മുടെ സഭയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്. നമ്മുടെ സഭയ്ക്ക് നമ്മുടെ പൂര്‍വപാരമ്പര്യമായ തോമായുടെ മാര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ പറ്റിയ കാലാവസ്ഥയാണ് ഇന്നു സഭയില്‍ ഉള്ളത്. മാര്‍തോമായുടെ മാര്‍ഗത്തിലധിഷ്ഠിതമായി നസ്രാണിസഭയെ പുനരുദ്ധരിച്ചുകൊണ്ടുവരികയാണ് മെത്രാന്മാരുടെയും പുരോഹിതരുടെയും പ്രബുദ്ധരായ അല്‌മേനികളുടെയും ഇപ്പോഴത്തെ കടമ. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് പൗരസ്ത്യസഭകള്‍ക്കുള്ള കാനോന്‍നിയമപ്രകാരം നമ്മുടെ സഭയെ പാശ്ചാത്യ-ലത്തീന്‍ സഭയുമായി അനുരൂപപ്പെടുത്തിക്കഴിഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച പഴമയിലേക്കുള്ള തിരിച്ചുപോക്കെവിടെ? നമ്മുടെ മെത്രാന്മാര്‍ പഞ്ചപുച്ഛമടച്ച് റോം കല്പിക്കുന്നത് അപ്പാടെ സ്വീകരിക്കുമ്പോള്‍ ഓരോ നസ്രാണി കത്തോലിക്കനെയും അവര്‍ റോമന് അടിയറ വയ്ക്കുകയാണെന്ന് മെത്രാന്മാര്‍ മനസ്സിലാക്കണം. കൂനന്‍കുരിശുസത്യം മുതല്‍ നമ്മുടെ പൂര്‍വികര്‍ നാട്ടുമെത്രാനുവേണ്ടി നടത്തിയ സമരംകൊണ്ടെന്തു ഫലം? പാശ്ചാത്യമെത്രാന്മാര്‍ റോമിന്റെ ദല്ലാളന്മാരായി വര്‍ത്തിച്ചു. അതുപോലിപ്പോള്‍ നാട്ടുമെത്രാന്മാര്‍ റോമിന്റെ മധ്യവര്‍ത്തികളായി പെരുമാറുന്നു. അത്രമാത്രം!

വിശ്വാസികളുടെ പ്രവാഹം
 
കത്തോലിക്കസഭയില്‍ നിന്നുള്ള വിശ്വാസികളുടെ പ്രവാഹം, പ്രത്യേകിച്ച് യുറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂപ്രദേശങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വടക്കേ അമേരിക്കയില്‍നിന്നുമാത്രം 160 ലക്ഷത്തോളം കത്തോലിക്കര്‍, 50 ലക്ഷം ഹിസ്പാനിക്‌സ് ഉള്‍പ്പെടെ, ഇവന്‍ജേലിക്കല്‍ സഭയിലേക്ക് മാറിയിട്ടുണ്ട്. 16-ാം നൂറ്റാണ്ടില്‍ മധ്യയൂറോപ്പില്‍ കത്തോലിക്കര്‍ പ്രോട്ടസ്റ്റന്റുസഭയിലേക്ക് മാറിപ്പോയതിലും വേഗത്തിലാണ് ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കര്‍ ഇവന്‍ജേലിക്കല്‍ സഭയിലേക്ക് ഇന്ന് മാറിക്കൊണ്ടിരിക്കുന്നതെന്നാണ് ബ്രസീലിലെ ബിഷപ്പ് ബൊനവന്തൂര ക്ലൊപ്പന്‍ ബര്‍ഗ് (Bishop Bonaventura Kloppenburg) അഭിപ്രായപ്പെടുന്നത്.59 നമ്മുടെ സീറോ മലബാര്‍ സഭയില്‍നിന്ന് എത്രയെത്ര വിശ്വാസികളാണ് മറ്റ് ക്രിസ്തീയ കൂട്ടായ്മകളിലേക്ക് പ്രത്യേകിച്ച് പെന്തക്കോസ്ത് സഭയിലേക്ക് പ്രവഹിക്കുന്നത്?
 
സഭയുടെ ഭാവി
 
സഭ ഇന്ന് സാരമായ പ്രതിസന്ധിഘട്ടത്തിലാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ക്ക്  സഭയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 'സാധാരണ കച്ചവടം' എന്ന മട്ടില്‍ സഭ അധികനാള്‍ മുന്‍പോട്ടു പോവുകയില്ല. ലോകമെത്രാന്മാരേ, ലോകജനതയുടെ കണ്ണുകള്‍ നിങ്ങളുടെ നേരെയാണ് ഉന്നം വച്ചിരിക്കുന്നത്. നിങ്ങളുടെ എപ്പിസ്‌കോപ്പല്‍ അധികാരം നിങ്ങള്‍ ഉപയോഗിക്കുവിന്‍. കീഴാളരെ നിലയ്ക്കു നിര്‍ത്താനല്ല, നിങ്ങളുടെ മേലാളന്മാര്‍ക്ക് കടിഞ്ഞാണിടാന്‍. വിശ്വാസികളുടെ നീതിപൂര്‍വമായ പരാതികളെ ശ്രവിക്കാനും ഉപവിയിലധിഷ്ഠിതമായി പ്രതികരിക്കാനും നിങ്ങള്‍ കടപ്പെട്ടവരാണ്. പരസ്യമായിട്ടും ആത്മാര്‍ഥമായിട്ടും കാര്യങ്ങളെ നിങ്ങള്‍ വിശകലനം ചെയ്യണം. അപ്പോസ്തലികമായ ധൈര്യംകൊണ്ട് (അപ്പോ. പ്രവ. 4: 29) വിശ്വാസികള്‍ക്ക് നിങ്ങള്‍ ശരണം  നല്കുക; ഉത്തേജനം നല്കുക; സഭയ്ക്ക് ഭാവിയെ നല്കുക.

No comments:

Post a Comment