അനുബന്ധം

അനുബന്ധം

ശ്രീ ജോസഫ്‌ പുലിക്കുന്നേലുമായി ഒരു അഭിമുഖം

കത്തോലിക്കസഭയില്‍ പ്രത്യേകിച്ച് സീറോ മലബാര്‍ സഭയില്‍ കലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടി കഴിഞ്ഞ 42 വര്‍ഷങ്ങളായി ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി സഭയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സഭാധികാരത്തിന്റെ സമീപനങ്ങളിലും വിശ്വാസികളുടെ ദൈവവചനാധിഷ്ഠിതമായ ജീവിതത്തിലും സാരമായ ചലനങ്ങള്‍ അദ്ദേഹത്തിന്റെ സഭാനവീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സഭാധി കാരികള്‍ സഹകരിക്കുന്നില്ലാത്ത സാഹചര്യത്തില്‍ സഭയുടെ ഘടനാപരമായ മാറ്റങ്ങള്‍ക്കായി ഇന്ത്യയില്‍ ഭരണഘടനാധിഷ്ഠിതമായ ഒരു നിയമമുണ്ടാക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്നാണ് അദ്ദേഹം ഇന്നു കരുതുന്നത്. അതിനുവേണ്ടിയുള്ള ബോധവത്ക്കരണ പരിശ്രമത്തിലാണ് അദ്ദേഹം ഇന്ന്. 2012 ജൂലൈ 20-ന് അദ്ദേഹത്തിന്റെ മുന്‍പില്‍ ഈ ഗ്രന്ഥകാരന്‍ അവതരിപ്പിച്ച ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നല്‍കിയ ഉത്തരങ്ങളുമാണ് താഴെ.

കഴിഞ്ഞ 42 വര്‍ഷത്തെ സാറിന്റെ ജീവിതം കേരള നസ്രാണി സഭയുടെ ചരിത്രവും പാരമ്പര്യങ്ങളും സാധാരണ വിശ്വാസികളെ പഠിപ്പിക്കാനും പ്രബുദ്ധരാക്കാനും പുറമേ സഭാ മേലധികാരികളുടെ ദുഷ്പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനും വേണ്ടി ചെലവഴിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. സാറിന്റെ ഈ ഭഗീരഥപ്രയത്‌നം വേണ്ടവിധത്തില്‍ ഫലം പുറപ്പെടുവിക്കുന്നുണ്ടോ?
 
ഉത്തരം : 42 വര്‍ഷമായി ഞാന്‍ സഭാനവീകരണ യജ്ഞത്തില്‍ മനസൂന്നി പ്രവര്‍ത്തിക്കുകയായിരുന്നു. സഭാസമൂഹത്തില്‍ ഇത് എന്തു മാറ്റം വരുത്തി എന്നു ചോദിച്ചാല്‍ വളരെയധികം മാറ്റങ്ങള്‍ വന്നു എന്നാണ് എനിക്കു തോന്നുന്നത്. ഒരു മതസമൂഹത്തില്‍ പെട്ടെന്ന് മാറ്റം ഉണ്ടാക്കുക എളുപ്പമല്ല. കാരണം മതസമൂഹത്തിന്റെ ഘടനയില്‍ വിശ്വാസവും പാരമ്പര്യവുമെല്ലാം സുപ്രധാനമായ ഘടകങ്ങളാണ്. ഇന്നലെവരെ വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്ത കാര്യങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ മനുഷ്യന് വിഷമമാണ്. കാരണം മുമ്പേപോകുന്ന പശുവിന്റെ പിമ്പേ പോകുന്നതാണ് എളുപ്പം. വഴിമാറി ചവിട്ടാന്‍ മനസ്സ് അനുവദിക്കുകയില്ല. ബൗദ്ധികവും ചിന്താപരവുമായ ഒരു മാറ്റം സമൂഹത്തിലാകെ സൃഷ്ടിച്ചെങ്കില്‍ മാത്രമേ സമൂഹത്തെ പുത്തന്‍ ചാലിലേക്ക് നയിക്കാനാകൂ.
 
ശ്രീനാരായണഗുരു 1888-ലാണ് അരുവിപ്പുറത്ത് യാതൊരു പ്രകടനാ ത്മക പരിപാടികളുമില്ലാതെ അര്‍ധരാത്രിയില്‍ ശിവപ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് ഹൈന്ദവ മതസമൂഹത്തില്‍ ഉണ്ടായ മാറ്റം വളരെ വലുതാ യിരുന്നു. ശ്രീനാരായണഗുരു മരിക്കുന്നത് 1928 ലാണ്. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബര്‍ 12-ാം തീയതിയായിരുന്നു. ഈ മംഗള മുഹൂര്‍ത്തം കാണാന്‍ ശ്രീനാരായണഗുരു ജീവിച്ചിരുന്നില്ല.
 
എന്തെങ്കിലും വ്യക്തിപരമായ നേട്ടത്തിനായിരുന്നില്ല ശ്രീനാരായണ ഗുരു ഹൈന്ദവമതനവീകരണത്തിനായി പ്രവര്‍ത്തിച്ചിരുന്നത്. 'തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും' നിലനിന്നിരുന്ന ഹിന്ദുമത സമൂഹ ത്തെ മാറ്റി മറിച്ചത് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍, വൈകുണ്ഠസ്വാമി മുതലായവര്‍ ഹിന്ദുമതതത്വങ്ങളെ ജനങ്ങളുടെ മുമ്പില്‍ നിരത്തിവെച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയപ്പോ ഴാണ്. സമൂഹപരിവര്‍ത്തനത്തെക്കുറിച്ച് സ്വപ്നം കാണുന്നവര്‍ അത് സാധിതപ്രായമാകുംവരെ ജീവിച്ചിരിക്കണമെന്നില്ല. മാറ്റങ്ങള്‍ സാവധാന ത്തിലാണ് ഉണ്ടാകുക.
 
സഭയിലും മാറ്റങ്ങളുടെ അനേകം അടയാളങ്ങള്‍ ഞാന്‍ കാണുന്നു. 1975-ല്‍ ഓശാന ആരംഭിക്കുമ്പോള്‍ ബൈബിള്‍ കത്തോലിക്കര്‍ക്ക് വിലക്കപ്പെട്ട ഒരു കനിയായിരുന്നു. ഓശാന ബൈബിള്‍ പ്രസിദ്ധീകരിച്ച തിനുശേഷമാണ് വിശ്വാസത്തിന്റെ ആധാരശിലയായി ബൈബിളിനെ സഭാംഗങ്ങള്‍ കാണാന്‍ തുടങ്ങിയതും വായിക്കാന്‍ തുടങ്ങിയതും. ഇപ്പോള്‍ എല്ലാ വീടുകളിലും ബൈബിളുണ്ട്. യേശുവിന്റെ പ്രബോധനം എന്ന വ്യാജേന പുരോഹിതര്‍ പറഞ്ഞതെല്ലാംതന്നെ ഭോഷ്‌കാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നു. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവ രുടെയും ദാസനാകണമെന്നുള്ള യേശുവിന്റെ കല്പന തമസ്‌കരിച്ചു കൊണ്ട് 'ഹിസ് ഹോളിനസും', 'ഹിസ് എമിനന്‍സും', 'ഹിസ് ഗ്രെയ്‌സും', 'ഹിസ് ലോര്‍ഡ്ഷിപ്പു'മെല്ലാം അധികാരം ഭരിക്കുകയാണ് എന്ന് ഇന്ന് വിശ്വാസികള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനെതിരെ അനേകരുടെ മനസ്സ് നിശ്ശബ്ദമായി പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അസ്വസ്ഥമായ ഒരു അന്തരീക്ഷമാണ് ഇന്ന് സഭയിലുള്ളത്. ആദ്യം ഞാന്‍ ഒറ്റക്കായിരു ന്നെങ്കിലും ഇന്ന് അനേകര്‍ സഭാ നവീകരണത്തിനായി രംഗത്തുണ്ട്. എന്തിന് പുരോഹിതര്‍വരെ സഭയില്‍ മാറ്റം ഉണ്ടായേ മതിയാകൂ എന്ന് പരസ്യമായി വാദിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇന്ന് അല്ലെങ്കില്‍ നാളെ യേശുവിന്റെ കല്പന അനുസരിച്ചുള്ള ഒരു സഭയായി ഇന്ത്യയിലെ സഭ പരിവര്‍ത്തനപ്പെടും എന്നതിന് എനിക്ക് സംശയമില്ല.
1918-ല്‍ രൂപം കൊടുത്ത കാനോന്‍ നിയമത്തിന്റെ അടിത്തറ വ്യാജരേഖകളാണെന്ന് ഇന്ന് വിശ്വാസികള്‍ മനസ്സിലാക്കുന്നു. ഒരു കാലത്ത് പുരോഹിതര്‍ വിശ്വാസികളുടെമേല്‍ അധികാരം ഭരിക്കുന്നതിന് ഉപയോഗിച്ച വജ്രായുധം കാനോന്‍ നിയമമായിരുന്നു. ഇന്ന് ഈ കാനോന്‍ നിയമം വെറും 'കൂനന്‍ നിയമം' ആണെന്നേ വിശ്വാസികള്‍ കരുതുന്നുള്ളൂ.
 
ഇന്നലെകളില്‍, ഒരു വിശ്വാസിയുടെ ജീവിതത്തിലെ പ്രധാന കര്‍മങ്ങള്‍ നടത്താന്‍ പുരോഹിതനെ അവകാശമുണ്ടായിരുന്നുള്ളൂ. ഇന്നലെകളില്‍ മരിച്ചടക്ക്, വിവാഹം മുതലായ സാമൂഹ്യകര്‍മങ്ങള്‍ പുരോഹിതരുടെ കല്പനപ്രകാരം മാത്രമേ നടക്കുമായിരുന്നുള്ളൂ. ഇതിനെ ധിക്കരിച്ചുകൊണ്ട് കുറവിലങ്ങാട് ശ്രീ. വി.കെ. കുര്യന്റെ മൃതദേഹം പൂര്‍ണമായ ജനപിന്തുണയോടെ ഞാന്‍ പള്ളിസിമിത്തേരി യില്‍ അടക്കിയപ്പോള്‍ പുരോഹിതര്‍ വിശ്വാസികളുടെമേല്‍ കെട്ടിവെച്ച ഒരു വലിയ കൈയാമം സ്വയം മുറിഞ്ഞുപോയി. ഇന്ന് 'കൂനന്‍ നിയമം' ചൂണ്ടിക്കാട്ടി മരണാവസരത്തില്‍ പുരോഹിതര്‍ക്ക് ആരെയും  ഭയപ്പെടു ത്താനാകില്ല.
 
വിവാഹത്തിലെ കാര്‍മികര്‍ വിവാഹിതരാകുന്ന സ്ത്രീപുരുഷന്മാ രാണ്. പക്ഷേ അച്ചന്മാര്‍ ഇതൊന്നും വിശ്വാസികളെ മനസ്സിലാക്കാന്‍ അനുവദിക്കുകയില്ല. അച്ചന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടക്കുന്ന തെന്ന തെറ്റിദ്ധാരണ വിശ്വാസികളില്‍ സൃഷ്ടിച്ചു. വിവാഹത്തിന് അച്ചന്‍ ഒരു മുഖ്യ സാക്ഷിമാത്രമാണ്. പാലായില്‍ രണ്ട് ഇടവകകളില്‍ കാനോന്‍ നിയമം അനുസരിച്ച് ഞാന്‍ മുഖ്യ സാക്ഷിയായി വിവാഹം നടത്തി. പിന്നീട് കല്യാണം മുടക്കാന്‍ അച്ചനും മെത്രാനും ധൈര്യം ഉണ്ടായില്ല. നമ്മുടെ വിശ്വാസം മെത്രാനിലും അച്ചനിലുമല്ല. മറിച്ച് യേശുവിലാണെന്ന സത്യം വിശ്വാസികള്‍ മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. സമ്പത്തും അധികാരവും സ്ഥാപനങ്ങളും കൈയടക്കിവെച്ചുകൊണ്ട് എക്കാലവും യഥേഷ്ടം വിശ്വാസികളെ ഭരിക്കാന്‍ കഴിയുമെന്നുള്ള മൂഢചിന്തയില്‍ നിന്ന് കാണെക്കാണെ പുരോഹിതര്‍ വിമോചിതരായിക്കൊണ്ടിരിക്കുന്നു. ജനങ്ങളാകട്ടെ ഇന്നലത്തെപ്പോലെ ഓച്ഛാനിച്ച് പുരോഹിത നിര്‍ദേശങ്ങള്‍ കാത്ത് തങ്ങളുടെ ജീവിതത്തെ ക്രമീകരിക്കുന്നുമില്ല. ഓച്ഛാനിച്ചുനിന്ന് പുരോഹിത കരങ്ങളില്‍നിന്ന് അവിഹിതമായി അവകാശങ്ങള്‍ നേടിയെടു ക്കുന്നവര്‍വരെ പുറത്തിറങ്ങിയാല്‍ പറയുന്നത് പുരോഹിതരുടെ ചൂഷണ ത്തെക്കുറിച്ചാണ്. ഇതിനര്‍ഥം എല്ലാ പുരോഹിതരും അത്തരക്കാരാണെ ന്നല്ല. പക്ഷേ ഇന്ന് പുരോഹിതശ്രേണിയില്‍ നന്മയുടെ മുഖമുള്ളവര്‍ വളരെ വിരളം മാത്രം.
പുരോഹിത കല്പന വിശ്വാസികള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല എന്നതിന്റെ ഉത്തമസാക്ഷ്യമാണ് ജനനനിയന്ത്രണം സംബന്ധിച്ച മെത്രാന്‍ ഭാഷ്യത്തോടുള്ള വിശ്വാസികളുടെ പ്രതികരണം. ഇന്ന് കത്തോ ലിക്ക ഭവനങ്ങളില്‍ മൂന്ന് കുട്ടികളില്‍ കൂടുതല്‍ വളരെ വിരളമാണ്. അച്ചന്മാര്‍ ജനനനിയന്ത്രണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കു മ്പോഴും വിശ്വാസികള്‍ അതുകേട്ട് ഉള്ളില്‍ ചിരിച്ച് തങ്ങള്‍ക്കിഷ്ടമുള്ളതു പോലെ കിടക്കയില്‍ പ്രവര്‍ത്തിക്കുന്നു. മെത്രാന്മാര്‍ അടുത്തയിടെ സുശക്തമായി രംഗത്തിറങ്ങി മദ്യവര്‍ജനത്തെക്കുറിച്ച് പ്രസംഗിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തു. ഇതൊന്നും ആരും കേള്‍ക്കുന്നില്ല. ഓരോ വര്‍ഷവും മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് മെത്രാന്മാരുടെ അനാവശ്യ ഇടപെടലു കളോടുള്ള പ്രതിഷേധമാണെന്ന്. അതാണ് സത്യമെന്ന് എനിക്കും തോന്നുന്നു.
 
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. ''നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപ കമായ സഹിഷ്ണതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരി വര്‍ത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധി ക്കപ്പെടാന്‍ പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപി ക്കുകയും ചെയ്യുന്നതെന്തെന്നാല്‍...'' (കേരള ചരിത്രം, എ. ശ്രീധര മേനോന്‍, പേജ് 384).
ക്ഷേത്രപ്രവേശന വിളംബരം ഒരു നിയമത്തിലൂടെയാണ് നടപ്പിലാ ക്കിയത്. ഇന്ന് ''നമ്മുടെ മതത്തിന്റെ (ക്രിസ്തുമതത്തിന്റെ) പരമാര്‍ഥ തയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെട്ട് ആയതു ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ച്'' നിയമം നിര്‍മിക്കാന്‍ ക്രൈസ്തവര്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കണം. നിയമത്തിലുടെ മാത്രമേ ഇന്ന് സഭയ്ക്കുള്ളില്‍ നടമാടുന്ന പുരോഹിതധാര്‍ഷ്ട്യം അവസാനിപ്പി ക്കാനാകൂ. ക്ഷേത്രപ്രവേശന വിളംബരം ഇല്ലായിരുന്നുവെങ്കില്‍, ഇന്ത്യന്‍ ഭരണഘടന ഇല്ലായിരുന്നുവെങ്കില്‍ ഇന്നും അടിമജനത അടിമകളായി ത്തന്നെ കഴിയുമായിരുന്നു. നമ്മുടെ നവീകരണത്തിനുവേണ്ടിയുള്ള ഈ പോരാട്ടം വിജയപ്രാപ്തിയില്‍ എത്തണമെങ്കില്‍ ഗവണ്‍മെന്റിനെ ക്കൊണ്ട് നിയമം നിര്‍മ്മിച്ചേ മതിയാകൂ. ആ നിയമനിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് വിശ്വാസികള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കു കയാണ്. നവീകരണ പ്രസ്ഥാനങ്ങള്‍ ഒട്ടും പരാജയമല്ല വിജയം തന്നെ യാണ്. കാലത്തിന്റെ തികവില്‍ മാര്‍തോമാ മാര്‍ഗവും വഴിപാടും നമ്മുടെ നിയമമായി ലഭിക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അങ്ങനെ നിയമമായി കിട്ടണമെങ്കില്‍ അതിനുവേണ്ടിയുള്ള പ്രചാരണം ആവശ്യ മാണ്. ഈ ആവശ്യം മുന്നോട്ടുവെച്ച് പല പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കു ന്നുണ്ട്. അവരെ സാമ്പത്തികമായി സഹായിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം. അരുവിത്തുറ പെരുന്നാള്‍ ഏറ്റുകഴിക്കുന്നതിന് ചെലവാ ക്കുന്ന പണമുണ്ടെങ്കില്‍ തീര്‍ച്ചയായും കേരളം മുഴുവന്‍ ഈ ആവശ്യം മുന്‍നിര്‍ത്തി പ്രചരണം നടത്താന്‍ യുവാക്കള്‍ തയ്യാറാണ്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, നവീകരണപ്രസ്ഥാനം, ക്രിസ്ത്യന്‍ ഫെഡറേ ഷന്‍ എന്നിങ്ങനെ പല സംഘടനകള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 

നമ്മുടെ പൂര്‍വികര്‍ നമ്മുടെ തനിമയാര്‍ന്ന മാര്‍തോമായുടെ മാര്‍ഗ വും വഴിപാടും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷി ക്കാന്‍ പരിശ്രമിച്ചിരുന്നു, കൊളോണിയല്‍ വേഴ്ച ഉണ്ടായിരുന്ന കാലത്തും. വിശ്വാസികള്‍ ഇന്ന് എന്തുകൊണ്ടാണ് വെറും നിഷ്‌ക്രിയരായി നിലനില്ക്കുന്നത്?
 
ഉത്തരം : ഇവിടെ ക്രൈസ്തവര്‍ ഒരു ചെറിയ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ നയിക്കാന്‍ പുരോഹിതര്‍ക്കു മാത്രമേ കഴിയൂ എന്ന് വിശ്വാസികള്‍ വിശ്വസിച്ചു. പ്രത്യേകിച്ചും സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം. അതില്‍ തെറ്റു പറയാനില്ല. ഇതിനു കാരണം, നമ്മുടെ മുന്‍കാല വൈദികര്‍ ജനങ്ങളോട് ഒത്തുനിന്ന് ജനതാത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു. സുദീര്‍ഘമായ പോരാട്ടത്തിനുശേഷം ഏതദ്ദേശീയ മെത്രാന്മാര്‍ സ്ഥാനാരോഹണം ചെയ്തപ്പോള്‍ മുതലാണ് നമ്മുടെ കെടുതി ആരംഭിക്കുന്നത്. ലൂയിസ് പഴേപറമ്പിലും മാത്യു മാക്കീലുമെല്ലാം 'ചെങ്കെട്ടന്മാരാ'യി (പ്രഫ. പി. വി. ഉലഹന്നന്‍ മാപ്ലയോടു കടപ്പാട്) സിംഹാസനാരൂഢരായപ്പോള്‍ ഈ സഭയുടെ പൂര്‍വ പാരമ്പര്യത്തെ വിസ്മരിച്ചു. 1905-ല്‍ ഇവര്‍ പ്രസിദ്ധീകരിച്ച ദെക്രെത്ത് എന്ന നിയമാവലി തികച്ചും പാശ്ചാത്യ മോഡലില്‍ ക്രോഡീകരിച്ച തായിരുന്നു. വെളുത്ത മെത്രാന്മാര്‍ ഇരുന്ന കസേരയില്‍ കറുത്ത മെത്രാന്മാര്‍ ഇരുന്നപ്പോള്‍ അവരെ നമ്മുടെ പൂര്‍വികര്‍ വിശ്വസിച്ചു. അവരാകട്ടെ പാശ്ചാത്യസഭയുടെ ദല്ലാളന്മാരായിരുന്നു. ഭക്തിയുടെ പേരില്‍, വിശ്വാസത്തിന്റെ പേരില്‍ നമ്മെ അടിമകളാക്കുന്ന അനേകം നിയമങ്ങള്‍ നിര്‍മിച്ച് നമ്മളെ വഞ്ചിക്കുകയായിരുന്നു അവര്‍. മാര്‍തോമാ യുടെ നിയമവും വഴിപാടുമെല്ലാം നിലനിര്‍ത്തുന്നതിനുവേണ്ടി പോരാടി യത് ഇവിടുത്തെ അത്മായരും വൈദികരുമായിരുന്നു. പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോറിനും ഫാ. ജോസഫ് കരിയാറ്റിക്കും റോമാ യാത്രക്കു വേണ്ട പണം ഇവിടുത്തെ സഭാഭിമാനികളായ ക്രൈസ്തവരാണ് സ്വരൂ പിച്ചു നല്‍കിയത്. എന്നാല്‍ ഇന്ന് ഓപ്പണ്‍ ടിക്കറ്റ് പോക്കറ്റിലിട്ടു കൊണ്ടാണ് നമ്മുടെ മെത്രാന്മാര്‍ സഞ്ചാരം നടത്തുന്നത്. ക്ലേശമില്ല, എവിടെയും ചെന്നാല്‍ പിരിക്കാം. ഓരോ രൂപത സ്ഥാപിക്കുമ്പോഴും ക്രിസ്തുവിന്റെ സാമ്രാജ്യമിതാ വളരുന്നു എന്ന വ്യാജബോധം സൃഷ്ടിച്ച് ഇവര്‍ പണം പിരിച്ചുകൊണ്ടിരുന്നു. നാം ഒറ്റപൈസപോലും ഈ മുതലാളിമാര്‍ക്ക് കൊടുക്കാതിരുന്നാല്‍ പ്രശ്‌നം തത്ക്കാലം ശമിക്കും. പൗരസ്ത്യരെക്കുറിച്ച് സംസാരിക്കുകയും പാശ്ചാത്യമായതെല്ലാം സ്വീകരിക്കുകയും ചെയ്യുന്ന മെത്രാന്മാര്‍ക്ക് മാര്‍തോമായുടെ മാര്‍ഗവും വഴിപാടും കേവലം അര്‍ഥശൂന്യമായ ഒരു മുദ്രാവാക്യം മാത്രമാണ്. റോമുമായി അടുത്തുനിന്ന് പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് പണം പിരിച്ച് ഇവിടെ വന്‍പള്ളികള്‍ സ്ഥാപിച്ച് രാജകീയതയുടെ നടചവിട്ടി കയറുക യാണ് നമ്മുടെ മെത്രാന്മാര്‍. അവര്‍ പാശ്ചാത്യ മെത്രാന്മാരെപോലെ കിരീടം ധരിക്കുന്നു. കിരീടത്തിന്റെ ആകൃതിയില്‍ മാത്രമേ വ്യത്യാസ മുള്ളൂ. അരയില്‍ ചുവന്ന കെട്ടുകെട്ടുന്നു. പാലിയം ധരിക്കുന്നു. റോമാ സാമ്രാജ്യത്തിന്റെ സേവകരായി ഇരിക്കുകയും മാര്‍തോമായുടെ നിയമത്തെയും വഴിപാടിനെയുംകുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന ഇവര്‍ സത്യത്തില്‍ കപടനാട്യക്കാരാണ്.
 
'ഭാനവീകരണം ഓശാനയിലൂടെ' എന്ന് ചിലര്‍ പറയുമ്പോള്‍ 'സഭാനശീകരണം ഓശാനയിലൂടെ' എന്ന് മറ്റുചിലര്‍ പറയുന്നു. അവരോടുള്ള സാറിന്റെ മറുപടി എന്ത്?
 
ഉത്തരം : സഭാനശീകരണം എന്നു പറയുമ്പോള്‍ ഇന്ന് നിലവിലിരി ക്കുന്ന അക്രൈസ്തവമായ സംവിധാനത്തെ നശിപ്പിക്കുക എന്നതാ ണെങ്കില്‍ അതു തന്നെയാണ് എന്റെ ലക്ഷ്യം. സഭയില്‍ വേരൂന്നിയിരിക്കുന്ന ഇത്തിക്കണ്ണി പറിച്ചുകളയാതെ സഭയ്ക്ക് സ്വയം വളരാന്‍ ആകില്ല. ഈ അധികാര ഇത്തിക്കണ്ണികളെ നശിപ്പിക്കലാണ് എന്റെ പ്രഥമമായ കടമ.
 
നമ്മുടെ മെത്രാന്മാര്‍ക്ക് വിശ്വാസികളോടുള്ള കടമകളെക്കാള്‍ റോമിനോടുള്ള വിധേയത്വമാണ് ഇന്ന് കൂടുതലായി കാണുന്നത്. സാറിന്റെ അഭിപ്രായത്തില്‍ അതിനുള്ള കാരണമെന്ത്?
 
ഉത്തരം : കാനോന്‍ നിയമം അനുസരിച്ച് ഒരാള്‍ മെത്രാന്‍ ആകുമ്പോള്‍ തന്നെ റോമിലെ മാര്‍പാപ്പായോട് വിധേയത്വം പ്രഖ്യാപിക്കുന്നു.            ആ വിധേയത്വത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ മെത്രാന്‍ സ്ഥാനം നഷ്ടപ്പെടും എന്നു തീര്‍ച്ച. ഒരു മെത്രാനും വിശ്വാസികളോട് വിധേയത്വം പ്രഖ്യാപിക്കാറില്ല. നാമാകട്ടെ റോമന്‍ മാര്‍പാപ്പായോട് വിധേയത്വം പ്രഖ്യാപിച്ച മെത്രാന്മാരോട് വിധേയത്വം പ്രഖ്യാപിച്ച് ജീവി ക്കുന്ന അടിമകളാണ്. രൂപതയെയും വിശ്വാസികളെയും സ്ഥാപനങ്ങ ളെയും കൊള്ളയടിക്കാന്‍ തങ്ങള്‍ക്ക് കഴിയണമെങ്കില്‍ മെത്രാന്‍ സ്ഥാനം നിലനിര്‍ത്തണം. മെത്രാന്‍സ്ഥാനം മാര്‍പാപ്പാ തന്നതാണ്. അതു മാര്‍പാപ്പായ്ക്കുതന്നെ തിരിച്ചെടുക്കാമെന്ന് മെത്രാന്മാര്‍ക്കറിയാം. കൊച്ചി മെത്രാന് സംഭവിച്ചത് തങ്ങള്‍ക്കും സംഭവിക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു. മെത്രാന്‍സ്ഥാനം വച്ചുപുലര്‍ത്താന്‍ അല്മായന്റെ ആവശ്യ മില്ല. ധാരാളം സ്വത്ത് സഭയ്ക്കുണ്ട്. പിന്നെന്തിന് വിശ്വാസികളോട് വിധേയരാകണം. അവര്‍ക്ക് വിശ്വാസികളോട് ഒരു കടമയുമില്ല.
 
നമ്മുടെ മെത്രാന്മാരെ അവരുടെ ഇപ്പോഴത്തെ രാജപാതയില്‍നിന്നു മാറ്റി ദരിദ്രന്റെ ഇടവഴിയിലേയ്ക്ക് തിരിക്കാന്‍ നമുക്കെങ്ങനെ സാധിക്കും?
 
ഉത്തരം : ചര്‍ച്ച് ആക്ട് വരുകയും മെത്രാന് ശമ്പളം നിശ്ചയിക്കുകയും അതുവഴി അവര്‍ ജനകീയരാകുകയും ചെയ്താല്‍ കുറെയല്ലാം അവരെ നമുക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം.
 
2009-ല്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുക്കള്‍ ഭരിക്കാന്‍ വേണ്ടി 'The Kerala Christian Church Properties and Institutions Trust Bill 2009' എന്ന പേരില്‍ ഒരു കരടുബില്‍ കേരള ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടല്ലോ. ഈ നിയമം പാസ്സായാല്‍ ക്രിസ്ത്യന്‍ സഭകള്‍ ക്കുള്ള പ്രയോജനം ഒന്ന് വിശദീകരിക്കാമോ?
 
ഉത്തരം : ഈ ബില്ല് വന്നാല്‍ സഭയിലെ ഇന്നത്തെ അതികേന്ദ്രീകൃ തമായ അധികാരകോട്ട തകരും. യേശു ജീവിച്ചിരുന്ന കാലത്തെ പുരോഹിതഗണത്തിന്റെ അതേ സരണിയിലാണ് നമ്മുടെ മെത്രാന്മാര്‍ ഇപ്പോള്‍ ചലിക്കുന്നത്. പുരോഹിതര്‍ ഇസ്രായേലിന്റെ മേല്‍ കെട്ടിവെച്ച കൈയാമം യേശു വെട്ടിക്കളഞ്ഞു. ചര്‍ച്ച് ആക്ട് എന്ന ഒരു നിയമം ഉണ്ടാ യാല്‍ വിശ്വാസികളോട് വിധേയരായിരിക്കാന്‍ മെത്രാന്മാരും പുരോഹി തരും തയ്യാറാകും. ഇന്ന് പുരോഹിതരാകുന്ന ഒരു നല്ല ശതമാനം ആളുകളും വൈദികവൃത്തിയെ ഒരു പ്രഫഷനായിട്ടാണ് കാണുന്നത് (ജീവിതമാര്‍ഗം). ആരാലും നിയന്ത്രിക്കാതെ കോടാനുകോടി രൂപ കൈകാര്യം ചെയ്യാന്‍ മെത്രാനും മെത്രാനോട് അടുത്തു നില്‍ക്കുന്ന പുരോഹിതര്‍ക്കും ഇന്നു കഴിയും. ഈ വ്യവസ്ഥ അവസാനിച്ചേ മതി യാകൂ. സാമ്പത്തിക ഭരണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പേരിലാകുമ്പോള്‍ വിശ്വാസികളെ സേവിക്കാതെ പുരോഹിതര്‍ക്ക് അപ്പം ഭക്ഷിക്കാന്‍ കഴിയില്ല എന്ന അവസ്ഥവരും. അപ്പോള്‍ നമ്മുടെ സഭ കൂടുതല്‍ ശക്തമാകും.
 
നമ്മുടെ സഭകള്‍ക്കു പറ്റിയ ഏറ്റവും വലിയ അപകടം ബൈബിളില്‍ യേശു നല്കിയ കല്പനകള്‍ ലംഘിച്ചു എന്നുള്ളതാണ്. അവിടുന്ന് അര്‍ഥശങ്കക്കിടയില്ലാതെ പറഞ്ഞു: ''ഭൂമിയിലെ നിക്ഷേപങ്ങള്‍ നിന ക്കായി സംഭരിച്ചുവയ്ക്കരുത്. മാമോനെയും ദൈവത്തെയും ഒരുമിച്ച് ആരാധിക്കരുത്.'' ഇന്ന് ഈ കല്പന പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് മെത്രാന്മാര്‍ സഭയെയും മാമോനെയും ആരാധിക്കുന്നത്. അതു മനസ്സിലാ ക്കണമെങ്കില്‍ മത്തായിയുടെ സുവിശേഷം 5-ാം അധ്യായവും 23-ാം അധ്യായവും പ്രാര്‍ഥനാപൂര്‍വം വായിക്കണം. യേശുവിന്റെ കാലത്ത് നിലവില്‍നിന്ന പൗരോഹിത്യാധികാരങ്ങളെ യേശു നിരാകരി ച്ചതുപോലെ നമ്മളും നിരാകരിച്ചേ മതിയാകൂ.
 
കേരളത്തില്‍ ഇന്ന് ഇരുപതിലധികം സഭാ നവീകരണ സംഘടന കളുണ്ട്. ഈ സംഘടനകള്‍ക്ക് പള്ളികളുടെ സാമ്പത്തിക ഭരണം, ആരാധനക്രമം, ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ക്രിയാത്മക മായി എന്തു ചെയ്യാന്‍ സാധിക്കും? സാറിന്റെ അനുഭവജ്ഞാനം വച്ചുകൊണ്ട് അവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്തെന്നറിഞ്ഞാല്‍ കൊള്ളാം.
 
ഉത്തരം : പ്രഥമവും പ്രധാനവുമായി സഭാനവീകരണപ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കാണാതിരിക്കുക. യേശു കാണിച്ചുതന്ന പാതയിലൂടെ മെത്രാന്മാരെയും പുരോഹിതരെയും നടത്തണമെങ്കില്‍ നാം ആ പാതയിലൂടെതന്നെ നടന്നേ മതിയാകൂ. മാറ്റങ്ങള്‍ രണ്ടു വിധത്തിലു ണ്ടാകാം. ഒന്ന് സമൂഹം മാറുമ്പോള്‍ വ്യവസ്ഥാപിത ഘടനയും മാറും. മറ്റൊന്ന് വ്യവസ്ഥാപിത ഘടന മാറുമ്പോള്‍ സമൂഹവും മാറും. കത്തോ ലിക്കസഭയെ സംബന്ധിച്ചിടത്തോളം വ്യവസ്ഥാപിത ഘടനയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത്. ഈ വ്യവസ്ഥാപിത ഘടന ക്രിസ്തു വിന്റെ പഠനങ്ങള്‍ക്ക് വിപരീതമാണെന്ന് ജനങ്ങളെ കാണിച്ചു കൊടു ക്കണം. അങ്ങനെ ഈ ഘടന മാറണം. ഘടന മാറണമെങ്കില്‍ നിയമ ങ്ങള്‍ ഉണ്ടാകണം. ആ നിയമത്തിനുവേണ്ടിയാണ് ഇനിയങ്ങോട്ട് നാം പ്രവര്‍ത്തിക്കേണ്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം ഒരു നിയമ നിര്‍മാണം 'കൊള്ളാം' എന്നു പറയുന്നുണ്ടെങ്കിലും അവരാരും മുന്നോട്ടു വന്ന് നിയമനിര്‍മാണം നടത്താന്‍ തയ്യാറാകുകയില്ല. ഇത്തരം ഒരു നിയമ ത്തിന്റെ ആവശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി വ്യാപകമായ തോതില്‍ സഭയെ 'യേശുവില്‍ നവീകരിക്കാ'നുള്ള യജ്ഞമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പുരോഹിത നേതൃത്വത്തില്‍ അനേകം നവീകരണധ്യാനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഈ ധ്യാനങ്ങ ളുടെയെല്ലാം ലക്ഷ്യം വ്യക്തിയെ നന്നാക്കലാണ്. കത്തോലിക്ക സഭയുടെ രാജകീയ ഘടനയാണ് ഇന്നു മാറേണ്ടത്. ഈ രാജകീയ ഘടന റോമന്‍ സാമ്രാജ്യത്തില്‍നിന്ന് കടമെടുത്തതാണ്. ഇക്കാര്യം എല്ലാ സഭാചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ഇങ്ങനെ ഒരു ഘടന തന്റെ സഭയ്ക്കുണ്ടാകണമെന്ന് ക്രിസ്തു ഒരിക്കലും ആഗ്രഹിച്ചതല്ല. അതുകൊണ്ട് ക്രിസ്തുവിന്റെ പാത സ്വീകരിച്ച് ഈ ഘടനക്കെതിരായി പോരാടണം. എന്റെ ചെറുപ്പകാലത്ത് തിരുവിതാംകൂറില്‍ ഉത്തരവാദിത്വ ഭരണം നടക്കുകയായിരുന്നു. ബ്രിട്ടീഷ് രാജാവിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടപൊരുതിപ്പോന്നു. അന്ന് രാജഭക്തനായ ഒരാള്‍ ചോദിച്ചു:  ''രാജാവില്ലാതെ രാജ്യമെവിടെ?'' മനുഷ്യസമൂഹത്തിന്റെ വികാസ പരിണാമങ്ങളില്‍ ഒരുകാലത്ത് രാജാവിന് അനിവാര്യമായ ഒരു സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പേരിന് ചില രാജാക്കന്മാര്‍ അവിടെയും ഇവിടെയും ഉണ്ട് എന്നതൊഴിച്ചാല്‍ രാജാക്കന്മാരില്ലാതെയാണ് 90 ശതമാനം ജനങ്ങളും ഭരിക്കപ്പെടുന്നത്. ഇത്തരം ഒരു മാറ്റം വരുമെന്ന് ആരെങ്കിലും വിചാരിച്ചോ? ക്രിസ്തുവിന്റെ സഭയില്‍ രാജകീയ മെത്രാന്മാര്‍ക്ക് സ്ഥാനമില്ല. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണമെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. എല്ലാ നവീകരണ പ്രസ്ഥാനങ്ങളും ലക്ഷ്യമിടേണ്ടത് ഈ രാജകീയഘടനയെ മാറ്റി ക്രിസ്തുകല്പിച്ചുതന്ന ഘടനയെ പുനരുദ്ധരിക്കാനാണ്. അപ്പോ. പ്രവ. 6: 1 ല്‍ ക്രൈസ്തവ സമൂഹത്തിന്റെ ഘടന എങ്ങനെയാണെന്ന് അപ്പോസ്തലന്മാര്‍ വിവരിക്കുന്നു. നമുക്ക് അങ്ങോട്ടു മാറണം.
 
ഇന്നത്തെ സ്ഥിതിയും മുന്‍പോട്ടുള്ള പോക്കും വച്ചുനോക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ ഭാവി സാറിന്റെ അഭിപ്രായത്തില്‍ എന്താ യിരിക്കും? ഒന്ന് വിശദീകരിക്കാമോ?
 
ഉത്തരം : ഇന്നത്തെ സ്ഥിതിയില്‍ സഭ മുന്നോട്ടു പോകുകയാണെങ്കില്‍ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ സഭതന്നെ ഇവിടെ ഉണ്ടാകുമോ എന്നു സംശയിക്കുന്നു. യൂറോപ്പില്‍ സംഭവിച്ചതെന്താണ്? അവിടെ പള്ളികള്‍  വില്‍ക്കുന്നു. കന്യാസ്ത്രീ മഠങ്ങള്‍ അടച്ചുപൂട്ടുന്നു. സെമിനാരികളില്‍ വിദ്യാര്‍ഥികള്‍ ഇല്ല. ഈ ഗതിയിലേക്ക് നമ്മുടെ സഭ മാറും. അതു മാറാതിരിക്കണമെങ്കില്‍ യേശുവിന്റെ പാത സ്വീകരിക്കാന്‍ സഭാധികാരത്തെ ഒരുക്കുകയാണ് നാം ചെയ്യേണ്ടത്.

No comments:

Post a Comment