അദ്ധ്യായം മൂന്ന്: യേശുപഠനങ്ങള്ക്ക് സംഭവിച്ച അപചയം

അദ്ധ്യായം മൂന്ന്: യേശുപഠനങ്ങള്ക്ക് സംഭവിച്ച അപചയം

മോശയ്ക്ക് യാഹ്‌വെ നല്‍കിയ പത്തു പ്രമാണങ്ങളുടെ ആകെത്തുക സൃഷ്ടാവായ ദൈവത്തെയും സൃഷ്ടികളായ മനുഷ്യരെയും സ്‌നേഹി ക്കുക എന്ന പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു എന്ന് അര്‍ഥശങ്ക യില്ലാതെ യേശു തന്റെ ശിഷ്യരെ പഠിപ്പിച്ചു. ക്രിസ്തുവിന്റെ ആ പഠനങ്ങളെ അടിസ്ഥാനശിലകളാക്കി രൂപംകൊണ്ട് ജെറുശലേമില്‍ ആദിമക്രിസ്തീയ കൂട്ടായ്മ സാവധാനം വളര്‍ന്നു. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ചക്രവര്‍ത്തിമാരുടെയും രാജാക്കന്മാരുടെയുമെല്ലാം സഹായത്തോടെ യൂറോപ്പിലെ ജനങ്ങളെ മുഴുവന്‍ സഭ ബലമായി ത്തന്നെ ക്രിസ്ത്യാനികളാക്കി. ക്രിസ്തുപഠനങ്ങള്‍ക്കു വിപരീതമായി സഭാശുശ്രൂഷകര്‍ അല്‌മേനികളുടെ അധികാരികളായി. മുക്കുവനായ പത്രോസിന്റെ അനന്തരാവകാശികളെന്ന് അവകാശപ്പെടുന്ന പോപ്പുമാര്‍ രാജപദവിയിലെത്തി. കൊല്ലരുത് എന്ന ദൈവപ്രമാണത്തിന് വിപരീത മായി കുരിശുയുദ്ധങ്ങളും (Holy Crusades) ഇന്‍ക്വിശിഷനും (Holy Inquisition) പരസ്പരവിദ്വേഷവും പ്രചരിപ്പിച്ചും അവിശ്വാസികളെ അവിശ്വസനീയമായ രീതിയില്‍ പീഡിപ്പിച്ചും വിശുദ്ധ വിശ്വാസത്തിനായി (Holy Faith) സഭാധികാരികള്‍ വിശുദ്ധയുദ്ധങ്ങള്‍ (Holy wars) നടത്തി. എല്ലാം വിശുദ്ധം! ഇവിടെ യേശു പഠനങ്ങളെ അവഗണിക്കുക മാത്രമല്ലാ, മറിച്ച് അതിനു വിപരീതമായ ക്രൂരകൃത്യങ്ങള്‍ ചെയ്ത് സഭ അപചയ ത്തിലേക്ക് മൂക്കുകുത്തുകയാണ് ചെയ്ത്. വരുംപേജുകളില്‍ ഈ അപചയങ്ങളുടെ പല മുഖങ്ങള്‍ കാണാന്‍ കഴിയും.

സാവൂള്‍ (പൗലോസ്)

ഇസ്രായേല്‍ വംശത്തിലെ ബന്യാമിന്‍ ഗോത്രത്തില്‍ കിലിക്യയിലെ താര്‍സോസില്‍ റോമന്‍ പൗരനായി ജനിച്ച സാവൂള്‍ ഒരു യഹൂദ ഫരിസേയനായിരുന്നു. ജെറുശലേമിലെ കീര്‍ത്തിപെട്ട നിയമജ്ഞനും സര്‍വാദരണീയനുമായ ഗമലിയേലിന്റെ കീഴില്‍ യഹൂദനിയമത്തില്‍ സാവൂള്‍ ശിക്ഷണം നേടി. ക്രിസ്തുമാര്‍ഗം സ്വീകരിച്ച യഹൂദക്രിസ്ത്യാ നികളെ പീഡിപ്പിക്കാന്‍ ഈ സാവൂള്‍ മുന്‍പന്തിയില്‍ നിന്നിരുന്നു (ഗലാ. 1: 13). പിന്നീട് ഡമാസ്‌ക്കസിലെ ക്രിസ്ത്യാനികളെ പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ജെറുശലേമില്‍നിന്നു പുറപ്പെട്ട സാവൂള്‍ അത്ഭുതകര മായി ക്രിസ്തുവില്‍ മാനസാന്തരപ്പെട്ടു (അപ്പോ. പ്രവ. 9: 1-9). കര്‍ത്താ വില്‍നിന്ന് വെളിപാടായി ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ സാവൂള്‍ പുറജാതികളുടെ ഇടയില്‍ രക്ഷയുടെ മാര്‍ഗം പ്രസംഗിച്ചു. പൗലോസ് അത് വ്യക്തമാക്കുന്നത് കാണുക: ''ഞാന്‍ നിങ്ങളോടു പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല. ആ സുവിശേഷം ഞാന്‍ സ്വീകരിച്ചത് മനുഷ്യരില്‍നിന്നല്ല; ആരും എന്നെ പഠിപ്പിച്ചതുമല്ല. യേശുക്രിസ്തു എനിക്കു നല്‍കിയ വെളിപാടിലൂടെയാണ് എനിക്ക് അത് ലഭിച്ചത്'' (ഗലാ. 1: 11-12). അപ്പോള്‍ വെളിപാടിലൂടെ ഒരു വ്യക്തിക്കു ലഭിച്ച അറിവാണ് നമ്മുടെ നിത്യരക്ഷയ്ക്കാധാരം!

യേശുവും പൗലോസും

യഥാര്‍ഥ ക്രിസ്തുപഠനങ്ങളില്‍നിന്നും വ്യത്യസ്തമായ പലതും പൗലോസിനു ലഭിച്ച വെളിപാടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. കര്‍ത്താവിന്റെ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരെ തിരുത്തി; പോരാ യേശുവിനെത്തന്നെയും തിരുത്തി മുന്നേറി. പൗലോസ് തന്റെ കാഴ്ചപ്പാടുകള്‍ ക്രിസ്തുവിന്റെതന്നെ കാഴ്ചപ്പാടായി പുറജാതി കളെ പഠിപ്പിച്ചു.

കര്‍ത്താവിന്റെ പഠനങ്ങള്‍ കര്‍ത്താവുതന്നെ എഴുതിവച്ചിട്ടില്ല. ക്രിസ്തുഅനുയായികളില്‍ ചിലര്‍ പതിറ്റാണ്ടുകള്‍ക്കുശേഷം ക്രിസ്തു വിനെപ്പറ്റി കേട്ടതിന്റെയും പഠിച്ചതിന്റെയും വെളിച്ചത്തില്‍ ലഭിച്ച അറിവു കള്‍ കൂട്ടിയിണക്കി രചിച്ച സുവിശേഷമാണ് നമുക്കിന്നുള്ളത്. പൗലോ സിന്റെ കാഴ്ചപ്പാടുകളും പഠനങ്ങളും അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ കൂടി നമുക്ക് ലഭ്യമാണ്. സുവിശേഷലിഖിതത്തെ ആധാരമാക്കി ചിന്തിക്കു മ്പോള്‍ സ്വര്‍ഗരാജ്യത്തിന്റെ അവകാശികള്‍ ആരാണെന്ന് സുവിശേഷ സൗഭാഗ്യപ്രബോധനം വഴി (മത്താ. 5: 3-10) യേശു വ്യക്തമാക്കിയിട്ടുണ്ട്. നിത്യജീവന്‍ അവകാശമാക്കാന്‍ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണശക്തിയോടും മനസ്സോടും കൂടെ സ്‌നേഹിക്കണമെന്നും കൂടാതെ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്‌നേഹിക്കണമെന്നും യേശു അര്‍ഥശങ്കയില്ലാതെ പ്രഖ്യാപിച്ചു (ലൂക്കോ 10: 25-28). ധനികനായ ഒരു യുവാവ് യേശുവിനെ സമീപിച്ച് നിത്യജീവന്‍ നേടാന്‍ അയാള്‍ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ യേശുവിന്റെ മറുപടി ഇതായിരുന്നു: കല്പനകള്‍ അനുസരിക്കുക; അതായത് കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, പിതാവിനെയും മാതാവി നെയും ബഹുമാനിക്കണം, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം. പക്ഷേ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കണം (മത്താ. 19: 16-22). മറ്റൊരവസരത്തില്‍, ശിശുക്കളെപ്പോലെ ആയാലേ സ്വര്‍ഗരാജ്യത്തിന് അവകാശികളാകൂ എന്ന് യേശു വ്യക്തമാക്കുന്നുണ്ട് (മത്താ 18: 2-4; 19:14). കൂടാതെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആരാണെന്നും അവര്‍ക്കായി ഒരുക്കിയിരിക്കുന്നിടം എപ്രകാരമുള്ളതാണെന്നും യേശു തന്റെ ആസന്നമായ മരണത്തെപ്പറ്റി പ്രവചിക്കുമ്പോള്‍ വ്യക്തമാക്കു ന്നുണ്ട് (മത്താ. 25: 34-46). ഏറ്റവും എളിയവരായ സഹോദരങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നവര്‍ക്കാണ് സ്വര്‍ഗരാജ്യം. സത്യം പ്രവര്‍ത്തിക്കുന്നവര്‍ വെളിച്ചത്തിലേക്ക് വരുന്നു. അയാളുടെ പ്രവൃത്തി കള്‍ ദൈവത്തിലാണ് ചെയ്യപ്പെടുന്നത് (യോഹ. 3: 19-21). അപ്പോള്‍ സ്വര്‍ഗരാജ്യം കരസ്ഥമാക്കണമെങ്കില്‍ ദൈവത്തില്‍ സദ്പ്രവൃത്തികള്‍ ചെയ്യണം. പാപികളോട് കരുണ കാണിക്കുന്നത്, അയല്‍ക്കാരനെ  സ്‌നേഹിക്കുന്നത്, കുഷ്ഠരോഗികളെയും സമൂഹത്തില്‍ നിന്ന് പുറംതള്ളി യവരെയും വേശ്യകളെയും സ്വവര്‍ഗരതിക്കാരെയും എയിഡ്‌സ് ബാധിച്ചവരെയും അനാഥക്കുട്ടികളെയുമെല്ലാം ശുശ്രൂഷിക്കുന്നത് ഒക്കെ സദ്പ്രവൃത്തികളാണ്.

കര്‍ത്താവിന്റെ ശുശ്രൂഷയില്‍ പാപികളും ചുങ്കക്കാരും വ്യഭിചാരികളും വേശ്യകളും കുഷ്ഠരോഗികളും അശുദ്ധരുമെല്ലാം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പൗലോസിന്റെ ശുശ്രൂഷയില്‍നിന്ന് അത്തരക്കാരെ പാപി കളായികണ്ട് അകറ്റിനിര്‍ത്തിയിരുന്നു. ദുര്‍നടപ്പുകാരെ ''നിങ്ങളുടെ ഇടയില്‍നിന്ന് ബഹിഷ്‌കരിക്കണം'' (1 കോറി. 5: 1-2) എന്നാണ് പൗലോ സിന്റെ ഉപദേശം.

യേശുവിന്റെയും പൗലോസിന്റെയും ശുശ്രൂഷകളില്‍ ധാരാളം സ്ത്രീകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പൗലോസ് സ്ത്രീകളെ എന്നും രണ്ടാം തരക്കാരായിട്ടാണ് കണ്ടിരുന്നത്. സ്ത്രീകളെ പള്ളിയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ (1 കോറി. 14: 34-36) ഭര്‍ത്താക്കന്മാര്‍ക്ക് കീഴ്‌വഴങ്ങി ജീവിച്ച് (എഫേ. 5: 22-24, കൊളോ. 3: 3-18) കുട്ടികളെ പെറ്റുവളര്‍ത്തി കുടുംബം ഭരിക്കാനാണ് (1 തിമൊ. 5: 14) പൗലോസ് സ്ത്രീകളെ ഉപദേശിച്ചത്. പൗലോസ് ജനിച്ചുവളര്‍ന്ന കാലഘട്ടത്തിലും സാഹചര്യത്തിലും സ്ത്രീകള്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം അതായിരുന്നിരിക്കാം. എന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നത്തെ മാറിയ സാമൂഹ്യസാഹചര്യങ്ങള്‍ പരിഗണിക്കാതെ സ്ഥാപിത സഭ സ്ത്രീകളെ അന്നത്തേതുപോലെ ഇന്നും കൈകാര്യം ചെയ്യുന്നത് സാമൂഹ്യനീതിക്ക് വിപരീതവും അപലപനീയവുമാണ്.

പൗലോസ് ഒരിക്കലും അടിമത്തത്തെ  നിന്ദിച്ചിട്ടില്ല. മറിച്ച് അടിമക ളോട് അവരുടെ യജമാനന്മാരെ അനുസരിക്കാന്‍ ഉപദേശിക്കുകയാണ് ചെയ്തത്. ''അടിമകളേ, ക്രിസ്തുവിനെ എന്നപോലെ ഭയത്തോടും വിറയലോടും ആത്മാര്‍ഥതയോടുംകൂടെ നിങ്ങളുടെ ലൗകികയജമാന ന്മാരെ അനുസരിക്കുക'' (എഫേ. 6: 5). കൂടാതെ യജമാനന്മാര്‍ക്ക് വിധേയരായിരുന്നുകൊണ്ട് അവരെ തൃപ്തിപ്പെടുത്താനും അടിമകളോട് നിര്‍ദേശിക്കുന്നുണ്ട് (തീത്തോ. 2: 9). നിയമത്തിനു വിരുദ്ധമായി ഒരു അടിമയായ ഒനേസിമൊസിനെ അയാളുടെ ഉടമയായ ഫിലേമോന് പൗലോസ് തിരിച്ചയച്ചുകൊടുക്കുകകൂടി ചെയ്തു (ഫിലേ. 8-20).

ക്രിസ്തീയ പഠനത്തില്‍ ഉത്ഭവപാപപിന്‍തുടര്‍ച്ച ആദ്യമായി കണ്ടുപിടിച്ചത് പൗലോസാണ്. പൗലോസ് റോമാക്കാര്‍ക്കെഴുതുന്നു: ''ഒരു മനുഷ്യനിലൂടെ ലോകത്തില്‍ പാപമുണ്ടായി; പാപത്തിലൂടെ മരണവും. അപ്രകാരം, എല്ലാ മനുഷ്യരും പാപം ചെയ്യുകയാല്‍ മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു'' (റോമ. 5: 12). ഈ പാപത്തിന്റെ നഷ്ടപരിഹാരമാണ് അഥവാ പ്രായശ്ചിത്തമാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ കുരിശിലെ മരണം (ബലി). യേശു ഈ സിദ്ധാന്ത ത്തെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്; ഒരിക്കലല്ല. രണ്ടു പ്രാവശ്യം. ''ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' (മത്താ. 9: 13; 12: 7). എങ്കിലും പൗലോസ് ക്രിസ്തുവിന്റെ കുരിശുമരണത്തെ മനുഷ്യരുടെ പാപപരി ഹാരത്തിനായുള്ള ബലിയാക്കി ഒരു ദൈവശാസ്ത്രത്തിന് അടിസ്ഥാന മിടുകയാണ് ചെയ്തത്.

യാക്കോബും (James the Just) പൗലോസും

ലൂക്കോസിന്റെ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളും എഴുതിയത് പുറജാതികളില്‍നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ച ഒരു വ്യക്തിയാണെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാല്‍ രചയിതാവിന്റെ പഴയനിയമപാണ്ഡിത്യത്തെ പരിഗണിക്കുമ്പോള്‍ പുറജാതിക്കാരനാകാന്‍ സാധ്യത ഇല്ലെന്നും അദ്ദേഹം പൗലോസിന്റെ യഹൂദപാരമ്പര്യമുള്ള ശിഷ്യരിലൊരാളായിരിക്കാനാണ് പഴുതെന്നുമാണ് ആധുനിക വിശുദ്ധഗ്രന്ഥ ചരിത്രകാരന്മാരുടെ നിഗമനം8. അവര്‍ അതിന് രണ്ടു കാരണങ്ങളാണ് കാണുന്നത്:

1. മനുഷ്യരുടെ പാപപ്പൊറുതിക്കായി യേശു കുരിശുമരണം വരിച്ചു എന്ന പൗലോസിന്റെ ക്രിസ്തുശാസ്ത്രത്തെ സ്ഥാപിക്കാന്‍ ഗ്രന്ഥകാരന്‍ പരിശ്രമിച്ചിട്ടുണ്ട് (ലൂക്കോ. 24: 46-47). അപ്പോള്‍ ലൂക്കോസ് ചരിത്രസംഭവങ്ങള്‍ അതേപടി എഴുതുകയല്ല; മറിച്ച്, പൗലോസിന്റെ ദൈവശാസ്ത്രം എഴുതുകയാണ് ചെയ്തത്.

2. അപ്പോസ്തലപ്രവര്‍ത്തനങ്ങളിലെ 9-ാം അധ്യായം മുതല്‍ അവസാന അധ്യായം വരെ പൗലോസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയേ കാണുന്നുള്ളൂ. പൗലോസിനെ പിടികൂടി റോമായ്ക്കു കൊണ്ടുപോയി. പൗലോസ് അവിടെ എത്തുന്നതോടെ അപ്പോസ്തലപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നു. പൗലോസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന പേരായിരുന്നു ആ പുസ്തകത്തിനുചിതം. മത്തായി, മര്‍ക്കോസ്, യോഹന്നാന്‍ എന്നീ മൂന്നു സുവിശേഷങ്ങള്‍ക്കു ശേഷം 90-കളിലാണ് ലൂക്കോസ് തന്റെ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചത്. 70-കളില്‍ റോമാക്കാര്‍ യഹൂദരെയും ജെറുശലേം ദേവാലയത്തെയും നശിപ്പിച്ചുകളഞ്ഞു. അങ്ങനെ ക്രിസ്തുസന്ദേശം പ്രചരിപ്പിക്കാന്‍ യഹൂദക്രിസ്ത്യാനികളിലെ മൂപ്പന്മാര്‍ ഇല്ലാതായി. ഉള്ളവര്‍ ചിതറിപ്പോയി. യഹൂദക്രിസ്ത്യാനികളുടെ തലസ്ഥാനമായ ജെറുശലേമിലെ അനിഷേധ്യനേതാവും  കര്‍ത്താവിന്റെ സ്വന്തം സഹോദരനും കര്‍ത്താവിന്റെ മരണശേഷം അനന്തര അവകാശിയും 12 ശ്ലീഹന്മാരിലൊരാളുമായ യാക്കോബ് മരിച്ച് 30 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലൂക്കോസ് തന്റെ പുസ്തകങ്ങള്‍ എഴുതുന്നത്. പൗലോസിന്റെ പഠനങ്ങളും ഒരു റോമന്‍ അജണ്ടയും ഉള്ളില്‍ കണ്ടുകൊണ്ടാണ് ലൂക്കോസിന്റെ രചനയെന്ന് വ്യക്തമാണ്.

പൗലോസിന് മാനസാന്തരം ലഭിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കേപ്പായെ കാണാന്‍ പോയ പൗലോസ് ജെറുശലേം സഭയുടെ അപ്പോഴത്തെ മൂപ്പനായിരുന്ന കര്‍ത്താവിന്റെ സഹോദരന്‍ യാക്കോബ് അപ്പോസ്തലനെയും കാണുകയുണ്ടായി (അപ്പോ. പ്രവ. 9: 26-30; ഗലാ. 1: 18-19). മാനസാന്തരം ലഭിച്ച് 12 വര്‍ഷങ്ങള്‍ക്കുശേഷം യൂദായില്‍ ജീവിച്ചിരുന്ന സഹോദരര്‍ക്ക് സഹായമെത്തിക്കാന്‍ ബെര്‍ണബാസി നോടൊപ്പം സാവൂള്‍ ജെറുശലേമിലേക്ക് രണ്ടാം യാത്ര നടത്തി (അപ്പോ. പ്രവ. 11: 27-30). സാവൂളിന്റെ ആദ്യ ജെറുശലേം യാത്ര കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്കുശേഷം, അതായത് പൗലോസിന് മാനസാന്തരം ലഭിച്ച് 17 വര്‍ഷങ്ങള്‍ക്കുശേഷം (about A. D. 48) അദ്ദേഹം ജെറുശലേമിലേക്ക് മൂന്നാം യാത്ര നടത്തി (അപ്പോ. പ്രവ. 15: 1-2; ഗലാ. 2: 1). യഹൂദക്രിസ്ത്യാനികള്‍ മോശയുടെ നിയമപ്രകാരം സ്‌നാപനത്തിനു മുമ്പ് പരിച്ഛേദനം ചെയ്തവരാണ്. പുറജാതികളില്‍നിന്നു സ്‌നാപനം സ്വീകരിക്കുന്നവരെയും യഹൂദക്രിസ്ത്യാനികളെപ്പോലെ പരിച്ഛേദനം ചെയ്യാന്‍ നിര്‍ബന്ധിക്കണമോ എന്ന കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാനുള്ള സമ്മേളനത്തില്‍ സംബന്ധിക്കാനായിരുന്നു പൗലോസ് ജെറുശലേമിലേക്ക് ഈ മൂന്നാം യാത്ര ചെയ്തത്. പരിച്ഛേദനവാദസമ്മേളനത്തില്‍ യോഗാധ്യക്ഷനായ യാക്കോബാണ് യോഗതീരുമാനം പ്രഖ്യാപിച്ചത്. ആദിമസഭയില്‍ യാക്കോബിനുണ്ടായിരുന്ന സ്ഥാനം ഇവിടെ വ്യക്തമാണ്. യാക്കോബും പത്രോസും മറ്റ് അപ്പോസ്തലന്മാരും യേശുപഠനങ്ങളെ അതിന്റെ യഥാര്‍ഥ തനിമയോടെ പഠിപ്പിച്ചുെകാണ്ടിരുന്നു. യാക്കോബും കേപ്പായും യോഹന്നാനും ജെറുശലേം സഭയുടെ നെടുംതൂണുകളായിരുന്നു എന്ന് പൗലോസ് സമ്മതിക്കുന്നുണ്ട് (ഗലാ. 2: 9). പൗലോസ് നമ്മുടെ കര്‍ത്താവിനെ നേരില്‍ കണ്ടിട്ടില്ല. എങ്കിലും കര്‍ത്താവില്‍നിന്ന് വെളിപാട് നേരിട്ട് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് തന്റെ ക്രിസ്തുശാസ്ത്രം പുറജാതികളുടെ ഇടയില്‍ പൗലോസ് പ്രസംഗിച്ചു. നെടുംതൂണുകളായ പ്രമാണിമാര്‍ പൗലോസിനാരുമല്ലെന്ന് പൗലോസ് തന്നെ പറയുന്നു (ഗലാ. 2: 7). യാക്കോബിന്റെ നേതൃത്വത്തില്‍ നസ്രായനായ ക്രിസ്തുവിന്റെ പഠനങ്ങളെ (Nazarene Christianity) പ്രചരിപ്പിച്ചപ്പോള്‍ പൗലോസ് ക്രിസ്തുപഠനങ്ങള്‍ പാപപരിഹാരത്തിനുള്ള രക്ഷയുടെ മാര്‍ഗമായി (Messianic Movement) അവതരിപ്പിച്ചു. കര്‍ത്താവിന്റെ 12 ശ്ലീഹന്മാരുടെ പഠനങ്ങള്‍ പൗലോസ് കാര്യമായി പരിഗണിച്ചിട്ടില്ല. യഥാര്‍ഥ ക്രിസ്തുപഠനങ്ങളെ പൗലോസ് അങ്ങനെ വികലമാക്കി. യേശുപഠന ങ്ങള്‍ക്കു സംഭവിച്ച ആദ്യത്തെ അപചയമാണിത്.

കര്‍ത്താവിന്റെ 12 ശ്ലീഹന്മാരുടെ ആദ്യലിഖിതങ്ങളൊന്നും കാര്യമായി നമുക്ക് ലഭിച്ചിട്ടില്ല. സഭയുടെ വളര്‍ച്ചയെപ്പറ്റി അറിയാന്‍ അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ബൈബിള്‍ ഭാഗമേ നമുക്കിന്നുള്ളൂ. പുറജാതിക്കാരെ പൗലോസ് പഠിപ്പിച്ച ക്രിസ്തീയതയാണ് അതില്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്. ലൂക്കോസിന്റെ സുവിശേഷവും അപ്പോസ്തലന്മാരുടെ പ്രവര്‍ത്തനങ്ങളും പൗലോസിന്റെ ലേഖനങ്ങളും ആധാരമാക്കിയാണ് സഭ അതിന്റെ വിശ്വാസപ്രമാണം കെട്ടിപ്പടുത്തത്. കര്‍ത്താവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സ്വര്‍ഗാരോഹണത്തിനുംശേഷം പത്രോസ് 12 ശിഷ്യന്മാരിലെ നേതാവായെന്നും  കര്‍ത്താവിന്റെ കുരിശുമരണം പാപപരിഹാരത്തിനായുള്ള ബലിയാണെന്നും (പൗലോസിന്റെ ക്രിസ്തുശാസ്ത്രം) റോമാ തലസ്ഥാനമാക്കി പത്രോസ് ഒന്നാം മാര്‍പാപ്പായായി എന്നുമാണ് സ്ഥാപിതസഭയുടെ സിദ്ധാന്തം. കര്‍ത്താവിന്റെ സഹോദരന്‍ യാക്കോബ് അപ്പോസ്തലന്‍ ആദിമസഭയുടെ-ജെറുശലേം സഭയുടെ-തലവനായിരുന്നു. ഉദാഹരണത്തിന് ജെറുശലേം സമ്മേളനത്തിന്റെ അധ്യക്ഷനും സമ്മേളനതീരുമാനം പ്രഖ്യാപിച്ചയാളും യാക്കോബായിരുന്നു. പത്രോസ് ജയില്‍വിമുക്തനായപ്പോള്‍ യാക്കോബിനെ ആ വിവരം അറിയിക്കാനാണ് ആവശ്യപ്പെട്ടത് (അപ്പോ. പ്രവ. 12: 17). പൗലോസ് ശ്ലീഹന്മാരുടെ പേരുകള്‍ ഉപയോഗിക്കുമ്പോഴും യാക്കോബിന്റെ പേരാണ് ആദ്യമായി കാണുന്നത് (ഗലാ. 2: 9). യാക്കോബിന്റെ പ്രഥമ സ്ഥാനമാണ് അത് സൂചിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് സഭയില്‍ പൗലോസിന്റെ പഠനങ്ങള്‍ പ്രധാനവും യാക്കോബിന്റെയും മറ്റപ്പോസ്തലന്മാരുടെയും പഠനങ്ങള്‍ അപ്രധാനവും ആയിപ്പോയി. ചരിത്രപുരുഷനായ യേശുവിനെയും ആദ്യനൂറ്റാണ്ടുകളിലെ സഭയെയും സംബന്ധിച്ച് ചരിത്രപരമായി പഠിക്കുന്ന പണ്ഡിതര്‍ക്ക് സഭയുടെ ഇന്നത്തെ നിലപാടിനെ സാധൂകരിക്കാനാവില്ല.

യവനസഭാപിതാക്കന്മാര്‍

പുരാതന യവനചിന്തകര്‍ വളരെ ബുദ്ധിമാന്മാരായിരുന്നു. അവര്‍ക്ക് കൗശലം നിറഞ്ഞ ദൈവങ്ങളും ഉണ്ടായിരുന്നു. ഗ്രീക്കു പുരാണകഥ കളിലും ഗ്രീക്ക് തത്ത്വശാസ്ത്രത്തിലും മറ്റു ശാസ്ത്രങ്ങളിലും അധിഷ്ഠി തമായിരുന്നു യവന ദേവീദേവന്മാര്‍. ആ ദൈവങ്ങളുടെ മരണമണി അടിക്കാന്‍  ആരംഭിച്ചപ്പോള്‍ റോമാക്കാര്‍ സീയൂസിനെ (Zeus) ജൂപ്പിറ്റര്‍ (Jupiter) ആയി പുനര്‍നാമകരണം ചെയ്‌തെങ്കിലും കാലാന്തരത്തില്‍ അവര്‍ ജൂപ്പിറ്ററിനെയും ഉപേക്ഷിച്ചു. ഈ കാലഘട്ടത്തിലാണ് കുറെ യഹൂദര്‍ പുനരുജ്ജീവനത്തിന്റെ സുവിശേഷപ്രസംഗം ആരംഭിക്കുന്നത്. അതിലെ പ്രമുഖ പ്രഭാഷകനായ പൗലോസ് യവനചിന്തകരുടെ ഭാഷയിലും ശൈലിയിലും തന്റെ ക്രിസ്തീയചിന്തകളെ വളരെ ആകര്‍ഷ കമായ രീതിയില്‍ അവതരിപ്പിച്ചു. എ. ഡി. 70-കളില്‍ റോമാക്കാര്‍ ജറുശലേം ദേവാലയം നശിപ്പിക്കുകയും യഹൂദരെ പീഡിപ്പിക്കുകയും ചെയ്തു. അക്കാരണത്താല്‍ യഹൂദപാരമ്പര്യമുള്ള ക്രിസ്തീയ മൂപ്പന്മാ രുടെ എണ്ണം ഗണ്യമായി കുറയുകയും അവരുടെ സ്വാധീനം ഇല്ലാതാവു കയും ചെയ്തു. അതോടെ ഗ്രീക്ക് സഭാപിതാക്കന്മാരുടെ സ്വാധീനം അടിക്കടി വര്‍ദ്ധിച്ചു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ക്രിസ്തീയ പ്രസ്ഥാനത്തിന് അവാന്തരവിഭാഗങ്ങള്‍ ഉണ്ടായിത്തുടങ്ങി. എന്നിരുന്നാല്‍ ത്തന്നെയും അത് ചിട്ടയും കാര്യക്ഷമതയുമുള്ള ഒരു പ്രസ്ഥാനമായി വളര്‍ന്നു. ചില അടിസ്ഥാന തത്ത്വങ്ങളില്‍ അവര്‍ക്ക് യോജിപ്പുണ്ടായി. യേശു സാധാരണക്കാരനായി സാധാരണ രീതിയില്‍ ജനിച്ചവനല്ലെന്നും ഒരു കന്യകയില്‍നിന്നു ജനിച്ചവനാണെന്നും (Virgin Birth) ദൈവത്തില്‍ മൂന്നാളുകള്‍ (Holy Trinity) ഉണ്ടെന്നും സ്ഥാപിച്ചെടുത്തു. അതോടുകൂടി കന്യകാമറിയത്തെ ദൈവത്തിന്റെ അമ്മയും (Mother of God) സ്വര്‍ഗ രാജ്ഞിയും (Queen of Heaven) യേശുവിനെ ദൈവവും (God) പിതാവായ ദൈവത്തിന്റെ പുത്രനും (Son of God) മനുഷ്യവര്‍ഗത്തിന്റെ രക്ഷകനും (The Redeemer) ആക്കി. ക്രിസ്തീയ സഭകളുടെ വിശ്വാസത്തിന്റെ മൂലക്ക ല്ലുകളാണ് ഈ സിദ്ധാന്തങ്ങള്‍. പുറജാതിക്കാരായ ഗ്രീക്ക് പിതാക്കന്മാ രാണ് ഈ സിദ്ധാന്തങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കിയത്. അന്തിയോക്യാ നഗരം കന്യകാജനനത്തിനും ത്രിത്വത്തിനും പ്രസിദ്ധമായ ഇടമാണ്. യേശുവിന്റെ കന്യകാജനനത്തിന്റെ ദൈവശാസ്ത്രം ആദ്യമായി അവതരിപ്പിച്ചത് അന്ത്യോക്കിലെ ഇഗ്നേഷ്യസ് ആയിരുന്നു. കൂടാതെ അന്ത്യോക്കിലെ തെയോഫിലസ് (180) ത്രിത്വം ആദ്യമായി ക്രിസ്റ്റിയന്‍ ഡോക്ട്രിനായി അവതരിപ്പിച്ചു കാണുന്നു. ഗ്രീക്കുകാരുടെ മാനസികാ വസ്ഥയും യഹൂദരുടെ ചിന്താഗതിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ പൗലോസിന്റെ പ്രസ്താവനയില്‍ നിന്ന് വളരെ വ്യക്തമാണ്: ''യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം തേടുന്നു''       (1 കോറി. 1: 22). കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനു ശേഷം 325-ല്‍ ചക്രവര്‍ത്തി നിക്യാ (Nicaea) എന്ന സ്ഥലത്ത് ഒരു സഭാ കൗണ്‍സില്‍ വിളിച്ചുകൂട്ടി. ആ കൗണ്‍സിലില്‍ വച്ച് സഭയുടെ വിശ്വാസ പ്രമാണം (Nicene Creed) പ്രഖ്യാപിക്കുകയുണ്ടായി. യേശു പഠിപ്പിച്ച സദ്‌വാര്‍ത്തയുടെ ചൈതന്യം സ്‌നേഹവും സത്യവും ആയിരിക്കെ യവനപിതാക്കന്മാര്‍ക്ക് യേശു ദൈവപുത്രനും മനുഷ്യകുലത്തിന്റെ രക്ഷകനുമായിപ്പോയി.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി

പുതിയ നിയമത്തിലെ സംഭവങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി യുടെ (273-336) 'മാനസാന്തരം' (312) എന്നാണ് സഭാചരിത്രകാരന്മാരുടെ പൊതു അഭിപ്രായം. യഹൂദപുതുക്രിസ്ത്യാനികളെ പീഡിപ്പിക്കാനുള്ള ഉദ്ദേശത്തോടെ ജെറുശലേമില്‍നിന്ന് ഡമാസ്‌കസിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഡമാസ്‌കസിനടുത്ത് സാവൂളിന് അത്ഭുതകരമായ ഒരു ദര്‍ശനം ഉണ്ടായി (അപ്പോ. പ്രവ. 9: 3-9). അതുപോലെ കോണ്‍സ്റ്റ ന്റൈനും ഒരു ദര്‍ശനമുണ്ടായി എന്നു പറയപ്പെടുന്നു. റോമന്‍ ചക്രവര്‍ത്തി യായ മക്‌സേന്‍സിയുസിനെ (Maxentius) യുദ്ധത്തില്‍ തോല്പിക്കാനുള്ള ഉദ്ദേശ്യത്തോടെ കോണ്‍സ്റ്റന്റൈനും പട്ടാളക്കാരും റ്റൈബര്‍ (Tiber) നദിയുടെ കരയ്ക്ക് മില്‍വിയന്‍ പാലത്തിന്റെ (Milvian Bridge) അടുത്ത് തമ്പടിച്ചു. പിറ്റെ ദിവസം യുദ്ധം നടക്കാന്‍ പോകയാണ്. യുദ്ധത്തില്‍ മക്‌സേന്‍സിയൂസിനെ തോല്‍പിച്ചാല്‍ കോണ്‍സ്റ്റന്റൈന്‍ റോമാസാമ്രാജ്യ ത്തിന്റെ ചക്രവര്‍ത്തി ആകുമായിരുന്നു. യുദ്ധത്തിന്റെ തലേ രാത്രിയി ലാണ് കോണ്‍സ്റ്റന്റൈന് ദര്‍ശനം ഉണ്ടായത്. കോണ്‍സ്റ്റന്റൈന്റെ യുദ്ധവിജയത്തിനായി പേഗന്‍ ദൈവങ്ങളോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന പ്പോള്‍ സ്വര്‍ഗീയവെളിച്ചത്തില്‍ ഒരു കുരിശടയാളം കാണുകയും അതിനു മുകളിലായി ''ഇതിനാല്‍ പിടിച്ചെടുക്കുക'' (conquer by this) എന്ന ഒരു ലിഖിതം കാണുകയും ചെയ്തു. ദൈവമായ ക്രിസ്തു ഉറക്കത്തില്‍ പ്രത്യക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ കണ്ട കുരിശടയാളത്തിന്റെ മാതൃകയിലുള്ള കുരിശുകള്‍ പിടിച്ചുകൊണ്ട് യുദ്ധം ചെയ്യാന്‍ കോണ്‍സ്റ്റന്റൈനോട് നിര്‍ദ്ദേ ശിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കോണ്‍സ്റ്റന്റൈന്‍ പാലം കടന്ന് യുദ്ധത്തില്‍ വിജയിച്ചു. അതിനുശേഷം ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ പാടില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടും സാമ്രാജ്യത്തില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുമുള്ള രാജശാസനം (Edict of Milan, 313) പ്രസിദ്ധം ചെയ്തു.

കോണ്‍സ്റ്റൈന്റെ സാമ്രാജ്യത്തില്‍ മതസ്വാതന്ത്ര്യം അനുവദിച്ചു വെങ്കിലും അദ്ദേഹം തുടര്‍ന്നും പേഗന്‍ ദൈവങ്ങളെ ആരാധിച്ചിരുന്നു. തന്റെ സാമ്രാജ്യത്തിലെ ക്രിസ്ത്യന്‍ സഭയെ ക്രമീകരിക്കുന്നതിനായി 314-ല്‍ ചക്രവര്‍ത്തി ആരിസ് (Aries) എന്ന സ്ഥലത്ത് ഒരു സിനഡ് വിളിച്ചു കൂട്ടി. എന്നിരുന്നാലും സഭാനേതാക്കന്മാരുടെ ഇടയില്‍ സഭാസിദ്ധാന്ത ങ്ങളെ സംബന്ധിച്ച് വന്‍പിച്ച തര്‍ക്കങ്ങള്‍ ആരംഭിച്ചു. ആരിയൂസ് (Arius) എന്ന അലക്‌സാന്‍ഡ്രിയാക്കാരന്‍ സഭയിലെ ഒരു മൂപ്പനും (elder)  ലീഡറും (presbyter) ആയിരുന്നു. അദ്ദേഹം ദൈവപുത്രന്റെ (Son of God) അഥവാ യേശുവിന്റെ പൂര്‍ണദൈവത്വത്തെ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സിദ്ധാന്തപ്രകാരം ത്രിത്വത്തിലെ രണ്ടാമാളായ യേശുവിന് പിതാവായ ദൈവവുമായി (God the Father) തട്ടിച്ചുനോക്കുമ്പോള്‍ കീഴ്സ്ഥാനമേയുള്ളു (Subordinate to Father). കാരണം യേശു സൃഷ്ടികര്‍മ്മത്തിലെ ആദ്യ സൃഷ്ടി ആയിരുന്നാല്‍ത്തന്നെയും യേശു ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട വനാണ്. അക്കാരണത്താല്‍ യേശുവിന് പിതാവിനെക്കാള്‍ താഴ്ന്ന സ്ഥാനമേ ത്രിത്വത്തില്‍ ഉള്ളു. ഈ സിദ്ധാന്തം (Arianism) റോമാസാമ്രാജ്യ ത്തില്‍ അതിവേഗം പടര്‍ന്നു. സഭയില്‍ കലക്കം സൃഷ്ടിക്കാനും സാമ്രാ ജ്യത്തില്‍ സമാധാനം നഷ്ടപ്പെടാനും ഇത് കാരണമായി. രാഷ്ട്രീയ തന്ത്രക്കാരനായ ചക്രവര്‍ത്തി സാമ്രാജ്യത്തില്‍ സമാധാനം സ്ഥാപിച്ചെടു ക്കാനുള്ള ഉദ്ദേശത്തോടെ നിക്യാ  (Nicaea) എന്ന സ്ഥലത്ത് 325-ല്‍ ഒരു എക്യുമെനിക്കല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി. 300-ല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് പറയപ്പെടുന്നു. ചക്രവര്‍ത്തി യായിരുന്നു സമ്മേളനാധ്യക്ഷന്‍. കൗണ്‍സില്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ ചക്രവര്‍ത്തി പ്രതിനിധികളോട് എടുത്തു പറഞ്ഞത് സിദ്ധാന്തപരമായ വിയോജിപ്പ് യുദ്ധത്തെക്കാള്‍ മോശമാണെന്നാണ്. ചക്രവര്‍ത്തിക്ക് ക്രിസ്തുമതം ദൈവത്തിങ്ക ലേക്കുള്ള മാര്‍ഗം എന്നതിനേക്കാള്‍ സാമ്രാജ്യത്തെ യോജിപ്പിക്കാനുള്ള ഒരു വഴിയായിരുന്നു. അതിനായി ചക്രവര്‍ത്തി യേശുവിനെയും യേശുവിന്റെ പഠനങ്ങളെയും വീണ്ടും ഒരു സ്‌നാപനം കൂടി നടത്തി, ചക്രവര്‍ത്തിയുടെ ഇംഗിതത്തിനുതകിയ ഒരു ക്രിസ്തീയത രൂപാന്തര പ്പെടുത്തിയെടുത്തു. യേശു എന്തിനുവേണ്ടി നിന്നുവോ അതിനു വിപരീത മായ ഒരു വിശ്വാസപ്രമാണം (Creed) കൗണ്‍സിലില്‍ വച്ച് പ്രഖ്യാപനം ചെയ്തു. കൗണ്‍സില്‍ ആരിയൂസിന്റെ സിദ്ധാന്തത്തെയും ആരിയൂസി നെയും ശപിച്ചുതള്ളി. ആരിയൂസിനെ ഉദ്യോഗഭ്രഷ്ടനാക്കി. അദ്ദേഹം പലസ്തീനായിലേക്ക് ഒളിച്ചോടി.

ചക്രവര്‍ത്തി ക്രിസ്തീയ റോമന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ തോടെ യേശുവിന്റെ പേരുപോലും പറയാന്‍ അറിയില്ലായിരുന്ന ആയിര ക്കണക്കിന് ജനങ്ങള്‍ സ്‌നാപനം സ്വീകരിക്കാന്‍ തുടങ്ങി. 'മാനസാന്തര പ്പെടുന്നവര്‍ക്ക്' വെള്ളക്കുപ്പായവും 20 സ്വര്‍ണനാണയവും ചക്രവര്‍ത്തി വാഗ്ദാനം ചെയ്തിരുന്നെന്ന് പറയപ്പെടുന്നു. അങ്ങനെ ഒരു ദുഷിച്ച പാരമ്പര്യത്തിന് ചക്രവര്‍ത്തി ആരംഭവും കുറിച്ചു. മാനസാന്തരപ്പെട്ടവര്‍ ക്രിസ്ത്യാനികള്‍ എന്ന് സ്വയം പറഞ്ഞു നടന്നു. എണ്ണത്തില്‍ സഭ വളര്‍ന്നു. പക്ഷേ സഭയുടെ പരിശുദ്ധി നഷ്ടപ്പെടാന്‍ തുടങ്ങി. സഭയുടെ ആരംഭഘട്ടത്തില്‍ ഒരു ക്രിസ്ത്യാനിയായിരിക്കുന്നത് ജീവന്‍ പോലും നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ മതമായപ്പോള്‍ ആ മതാനുയായിയാകുക ഒരു പരിഷ്‌കാരമായി മാറി.

ക്രിസ്തുമതം ചക്രവര്‍ത്തിയുടെ മതമായപ്പോള്‍ അര്‍ഥമില്ലാത്ത ചടങ്ങുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂജാക്രമങ്ങളും പുണ്യാ ളരെ വണക്കവും തിരുശേഷിപ്പുവണക്കവും മറ്റുമായി അധഃപതിച്ചു പോയി. പേഗന്‍ പ്രതിമകളെയും വിഗ്രഹങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് പത്രോസ്, മേരി മുതലായ പേരുകള്‍ അവയ്ക്ക് നല്‍കി ബഹുമാനിച്ചു. ഈസിസ് (Isis) ആരാധകര്‍ ഈസിസ് കന്യകയും ദൈവത്തിന്റെ അമ്മയു മാണെന്ന് വിശ്വസിക്കുന്നു. അതുപോലെ യേശുവിന്റെ അമ്മയായ മറിയമിനെ കന്യകയും ദൈവമാതാവും സ്വര്‍ഗരാജ്ഞിയുമാക്കി. പേഗന്‍ അമ്പലങ്ങളെ ക്രിസ്തീയ പള്ളികളാക്കി. പേഗന്‍ തിരുനാളുകള്‍ക്ക് ക്രിസ്തീയപേരുകള്‍ നല്‍കി. അങ്ങനെ പഴയ പേഗന്‍ വിശ്വാസത്തിന് പുതിയ പേരു നല്‍കി. സഭ ലോകത്തെ കീഴടക്കുന്നതിനു പകരം ലോകം സഭയെ കീഴടക്കി.

അതികഠിനമായ മതപീഡനകാലത്ത് ക്രിസ്തുവിന്റെ ദാസരായി  ശുശ്രൂഷ ചെയ്തുകൊണ്ട് ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തിയവരാണ് ക്രിസ്തുശിഷ്യര്‍. എന്നാല്‍ ക്രിസ്തുമതം സാമ്രാജ്യത്തിന്റെ മതമായ പ്പോള്‍ ക്ലേര്‍ജികളായ ശുശ്രൂഷകരുടെ അവസ്ഥ പാടേ മാറി. അവര്‍ക്ക് വലിയ സ്ഥാനമാനങ്ങളും വേഷവിധാനങ്ങളും ഖജനാവില്‍നിന്ന് ശമ്പളവും നികുതിയിളവും പട്ടാളസേവനത്തില്‍നിന്ന് ഇളവും ലഭിച്ചു. അതോടെ ക്ലേര്‍ജികളുടെ ജീവിതം ധാരാളിത്തം നിറഞ്ഞതായി മാറി. ഇപ്രകാരം വളരെയധികം പ്രയോജനം ലഭിച്ചിരുന്ന ക്ലേര്‍ജിസ്ഥാനത്തിന് അപേക്ഷ നല്‍കാന്‍ ധാരാളം പേര്‍ക്ക് ആഗ്രഹമുണ്ടാകും. അങ്ങനെ തെറ്റായ കാരണങ്ങള്‍കൊണ്ട് സഭയെ സേവിക്കാന്‍ ധാരാളം പേര്‍ ക്ലേര്‍ജികളായി. ഇന്നും ആ പാരമ്പര്യം തുടരുന്നില്ലേ?

കോണ്‍സ്റ്റന്റൈന്‍ ക്രിസ്തീയസഭയെ നികുതിയില്‍നിന്ന് ഒഴിവാക്കി. സഭയുടെ സ്വത്ത് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗി ക്കാന്‍ വേണ്ടിയായിരുന്നു ആ നികുതിയിളവ്. ജീവകാരുണ്യപ്രവര്‍ത്തന ങ്ങള്‍ക്കുവേണ്ടി സഭ വേണ്ടവിധത്തില്‍ ധനം വിനിയോഗിക്കുന്നില്ലെ ങ്കിലും ഇന്നും ലോകരാഷ്ട്രങ്ങളിലധികവും സഭയ്ക്ക് നികുതിയിളവ് നല്‍കുന്നുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്തു തുടങ്ങിയ തെറ്റായ പാരമ്പര്യംകൊണ്ട് സഭ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പണസമ്പാദന പണ്ടകശാലയായി മാറിയിരിക്കയാണ്.

യേശു ദൈവാരാധനയ്ക്കായി വലിയ പള്ളികള്‍ സ്ഥാപിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരുമൊത്ത് ഗ്രാമങ്ങള്‍ തോറും ചുറ്റിനടന്ന് യേശു ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചു. സ്വര്‍ഗസ്ഥനായ പിതാവിനോട് മൗനമായി പ്രാര്‍ഥിക്കാന്‍ യേശു ഉപദേശിച്ചു (മത്താ. 6: 6-7). യേശു പരമപ്രധാനമായ ഒരു പ്രാര്‍ഥനയും അവരെ പഠിപ്പിച്ചു (മത്താ. 6: 9-13). പൗലോസ് വേദം പ്രസംഗിച്ച് വിജാതീയരുടെ വീടുകളില്‍ സഭകള്‍ സ്ഥാപിച്ചു. പ്രിസ്‌ക/അക്വിലാസ് ദമ്പതികളുടെ വീട്ടിലെ സഭയും (റോമ. 16: 3-5; 1 കോറി. 16: 19), നംഫെയുടെ വീട്ടിലെ സഭയും (കൊളോ. 4: 15), ഫിലേമോന്റെ വീട്ടിലെ സഭയുമെല്ലാം (ഫിലേ. 1: 2) ഇതിന് ഉദാഹരണ ങ്ങളാണ്. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ റോമിലും ജറുശലേമിലും ബേത്‌ലഹേമിലും കോണ്‍സ്റ്റന്റിനോപ്പിളിലുമെല്ലാം രാജകീയ പ്രൗഢി യുള്ള അതിഗംഭീര ദേവാലയങ്ങള്‍ പണികഴിപ്പിച്ചു. കഴിഞ്ഞ 16 നൂറ്റാണ്ടു കള്‍ ആ ദുഷിച്ച പാരമ്പര്യം തുടര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ആ പള്ളികളെ ല്ലാംതന്നെ ശൂന്യമാണ്. എങ്കിലും നമ്മുടെ നാട്ടില്‍ ആ ദുഷിച്ച പാരമ്പര്യം പുനര്‍ജനിച്ചിരിക്കയാണ്.

ആറുദിവസത്തെ സൃഷ്ടികര്‍മത്തിനു ശേഷം എല്ലാ പ്രവൃത്തികളില്‍ നിന്നും വിരമിച്ച് ഏഴാം ദിവസം ദൈവം വിശ്രമിച്ചു (ഉല്‍പ. 2: 1-3). അതിന്റെ ഓര്‍മയ്ക്കായി യഹൂദര്‍ ആ ദിവസം സാബത്ത് ദിനമായി ആചരിക്കുന്നു. എന്നാല്‍ യഹൂദ പാരമ്പര്യപ്രകാരം ആഴ്ചയുടെ ഏഴാം ദിവസം സാബത്തായി ആചരിച്ചിരുന്നതിനെ കോണ്‍സ്റ്റന്റൈന്‍ തന്റെ സാമ്രാജ്യത്തില്‍ വിശ്രമദിവസമായി ആഴ്ചയുടെ ഒന്നാം ദിവസമായ സണ്‍ഡെയിലേക്ക് (Dies Solis, Sunday) 321-ലെ ഒരു പ്രഖ്യാപനം വഴി (Codex Justinianus, III. 12. 2) മാറ്റി. Sunday സൂര്യാരാധനയുടെ ദിവസം കൂടിയാണ്. സൂര്യാരാധകരായ പേഗന്‍സിനെ പ്രസാദിപ്പിക്കാനായിരി ക്കണം കോണ്‍സ്റ്റന്റൈന്‍  ഇത്തരം ഒരു പ്രഖ്യാപനം നടത്താന്‍ തീരുമാ നിച്ചത്. Sunday യഥാര്‍ഥത്തില്‍ Sonday ആയിരിക്കേണ്ടതായിരുന്നു. കാരണം ദൈവപുത്രന്‍ പുനരുത്ഥാനം ചെയ്തത് ആഴ്ചയുടെ ഒന്നാം ദിവസമായിരുന്നു (മര്‍ക്കോ. 16: 2-8; യോഹ. 20: 1-18; ലൂക്കോ. 24: 1-12). അന്ന് വൈകുന്നേരം അതായത് ആഴ്ചയുടെ ഒന്നാം ദിവസംതന്നെ  വൈകുന്നേരം തന്റെ ശിഷ്യന്മാര്‍ക്ക് കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു (യോഹ. 20: 19-23). അന്ന് തോമാ അവിടെ ഉണ്ടായിരുന്നില്ല. എട്ടു ദിവസങ്ങള്‍ക്കു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു (യോഹ. 20: 26-29). അന്ന് തോമായും അവിടെ ഉണ്ടായി രുന്നു. ഏഴ് ആഴ്ചകള്‍ക്കുശേഷം ആഴ്ചയുടെ ഒന്നാം ദിവസമായ പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിന്റെ ആവാസം ശിഷ്യരുടെ മേലുണ്ടായി (അപ്പോ. പ്രവ. 2: 1-3). കൂടാതെ ക്രിസ്ത്യാനികള്‍ക്ക് ആഴ്ചയുടെ ഒന്നാം ദിവസം ആരാധനദിവസവുമായിരുന്നു (അപ്പോ. പ്രവ. 20: 7; 1 കോറി. 16: 2).

ഉദിച്ചുയരുന്ന സൂര്യന്റെ രശ്മികള്‍ ആനവാതുക്കലേക്ക് അടിക്കാനായി റോമിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കാ കിഴക്കോട്ട് അഭിമുഖ മായിട്ടാണ് നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ പണികഴിപ്പിച്ചത്. സണ്‍ഗോഡിനോടുള്ള പ്രതിപത്തിയായിരിക്കാം അതിനു കാരണം. പോപ്പ് ലിയോ ഒന്നാമന്‍ (Pope Leo I, 440-461) ദേവാലയകവാടത്തില്‍ സൂര്യനെ ആരാധിക്കരുതെന്ന് വിശ്വാസികളെ ഉപദേശിച്ചിരുന്നു.

യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷവും (Christmas) ഉയിര്‍ത്തെഴു ന്നേല്പുതിരുനാളും (Easter) ഏതു ദിവസങ്ങളിലാണ് വര്‍ഷംതോറും ആഘോഷിക്കണ്ടതെന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി അധ്യക്ഷനായി കൂടിയ നിക്യാ കൗണ്‍സിലില്‍ വച്ചാണ് തീരുമാനിച്ചത്.

വിശുദ്ധഗ്രന്ഥത്തില്‍നിന്ന് യേശുക്രിസ്തുവിന്റെ ജന്മദിനം എന്നാണെന്ന് മനസ്സിലാക്കാന്‍ സാധിക്കയില്ല. യേശുവിനെ മറിയം പ്രസവിച്ച സമയത്ത് ആട്ടിടയന്മാര്‍ പുറംവയലുകളില്‍ വെളിമ്പ്രദേശത്ത് തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ രാത്രിയില്‍ കാത്തുകിടന്നിരുന്നു എന്ന് ലൂക്കോസിന്റെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട് (ലൂക്കോ. 2: 8). അതിന്റെ വെളിച്ചത്തില്‍ യേശു ജനിച്ചത് വസന്തകാലത്താണന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. എങ്കിലും യേശുവിന്റെ ജനനത്തീയതി കൃത്യമായി അറിയാന്‍ യാതൊരു മാര്‍ഗവുമില്ല. ഒന്നും രണ്ടും നൂറ്റാണ്ടു കളില്‍ യേശുവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നതിന് തെളിവുകളൊ ന്നുമില്ല. ആ കാലഘട്ടത്തെ ലിഖിതങ്ങളില്‍ ഒന്നിലും ആ ദിനത്തെ സംബന്ധിച്ച് പരാമര്‍ശിക്കുന്നില്ല. യേശുവിന്റെ ജന്മദിനം ഡിസംബര്‍ 25 ആയി ആദ്യം കാണപ്പെടുന്നത് റോമന്‍ പഞ്ചാംഗത്തിലാണ് (The Philocalian Calendar, Roman almanac December 25: natus Christus in Betleem of Judeae, Christ was born in Bethlehem of Judea). ഡിസംബര്‍ 25 പേഗന്‍ സോളാര്‍ തിരുനാള്‍ ദിവസമായി ആചരിച്ചിരുന്നു. ആ ദിവസം തന്നെ ക്രിസ്തുവായ ദൈവത്തിന്റെ ജന്മദിനമായി കോണ്‍സ്റ്റന്റൈന്‍ തെരഞ്ഞെടുത്തിരുന്നിരിക്കണം. കാരണം പേഗന്‍ വിശ്വാസികളെയും ക്രിസ്തീയവിശ്വാസികളെയും ഒന്നുപോലെ പ്രീതിപ്പെടുത്താന്‍ ഈ തീരുമാനം ഉതകുമായിരുന്നു. ഈസ്റ്റര്‍ സണ്‍ഡെയും എന്നായിരിക്കണ മെന്ന് കൗണ്‍സില്‍ തീരുമാനിച്ചു. ഈസ്റ്റര്‍ കൃത്യമായ ഒരു തീയതിയിലല്ല ആചരിക്കപ്പെടുന്നത്. അത് മാറി മാറി വരും. കാരണം Easter Sunday established as the first Sunday after the full moon (the Paschal Full Moon) following the northern hemisphere's vernal equinox.  Ecclesiastically, the equinox is reckoned to be March 21 and the 'Full Moon' is not necessarily the astronomically correct date. The date of Easter, therefore, varies between March 22 and April 25.

സഭയെ വിശേഷിപ്പിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ 'കാത്തലിക്' എന്ന പദം കൂടെക്കൂടെ ഉപയോഗിക്കുമായിരുന്നു. കാത്തലിക് എന്ന പദത്തിന് സാര്‍വത്രികമായ (universal) എന്ന അര്‍ഥമാണുള്ളത്. എല്ലാ ജനതയും ക്രിസ്തീയവിശ്വാസം സ്വീകരിക്കണമെന്നും അതോടെ സാമ്രാജ്യത്തില്‍ യോജിപ്പുണ്ടാകുമെന്നും ചക്രവര്‍ത്തി വിശ്വസിച്ചു. ഇന്ന് നമുക്ക് കത്തോ ലിക്കസഭയെ നന്നായറിയാം. സഭയിലെ ആചാരങ്ങളുടെയും അനുഷ്ഠാന ങ്ങളുടെയും നിയമനടപടിക്രമങ്ങളുടെയും പഠനങ്ങളുടെയുമെല്ലാം ആരംഭം കോണ്‍സ്റ്റന്റൈന്റെ കാലത്താണ്. സഭയുടെ തായ്‌വേര് ക്രിസ്തുവിനുപകരം കോണ്‍സ്റ്റന്റൈന്‍ ആയിപ്പോയി. അങ്ങനെ കത്തോ ലിക്കസഭയുടെ ആഢ്യത്തത്തിന്റെയും പാരമ്പര്യങ്ങളുടെയും ആരംഭം കുറിച്ചത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തോടെ യാണ്. അതോടെ വിശുദ്ധ പുരോഹിതജനമായ (1 പത്രോ. 2: 5) അല്മാ യരും ശുശ്രൂഷാ പുരോഹിതരായ സഭാനേതാക്കന്മാരുമായുള്ള സഹപ്രവ ര്‍ത്തനം അഥവാ പങ്കാളിത്തം നശിച്ചുതുടങ്ങി. അങ്ങനെ റോമില്‍ത്തന്നെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് സഭയുടെ ശാശ്വതമായ അപചയം ആരംഭിച്ചു.

യേശുവിന്റെ അമ്മയായ മറിയം

മറിയമിനെ സംബന്ധിച്ച താഴെക്കൊടുക്കുന്ന സിദ്ധാന്തങ്ങള്‍ കത്തോലിക്കസഭയിലെ വിശ്വാസസത്യങ്ങളില്‍പെട്ടതാണ്: യേശുവിന്റെ അമ്മയായ മറിയം ദൈവമാതാവാണ് (Mother of God, Council of Ephesus in 431) നിത്യ കന്യകയാണ് (perpetual Virginity, Council of Lateran in 649), ജന്മപാപരഹിത ഗര്‍ഭധാരണഫലമാണ് (Immaculate Conception, Pope Pius IX, Ineffabilis Deus, 1859), ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടവളാണ് (The Assumption, Pope Pius XII, Munificentissimus Deus, 1950). സ്വര്‍ഗീയപിതാവിന്റെ വലതുഭാഗത്തിരിക്കുന്ന സ്വര്‍ഗരാജ്ഞിയായ മറിയം ക്രിസ്ത്യാനികളുടെ മധ്യസ്ഥയാണ്; നിത്യസഹായമാതാവാണ്. എന്നാല്‍ വിശുദ്ധഗ്രന്ഥം മറിയമിനെ സംബന്ധിച്ച് നമ്മെ പഠിപ്പിക്കുന്നത് വേറൊന്നാണ്. മറിയവും മറ്റെല്ലാ മനുഷ്യരെയുംപോലെ പാപിനിയാണ്. അവള്‍ക്കും രക്ഷകന്റെ ആവശ്യമുണ്ട്. ''എന്റെ അരൂപി എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു'' (ലൂക്കോ. 1: 47). ഈ സ്തുതിഗീതമാണ് മറിയം എലിസബത്തിന്റെ മുമ്പില്‍ പാടിയത്. അവളുടെ പാപപരിഹാരത്തിനായി അവള്‍ യാഗമര്‍പ്പിച്ചു (ലൂക്കോ. 2: 24). യേശു മറിയമിന്റെ കടിഞ്ഞൂല്‍പുത്രനാണെന്ന് ലൂക്കോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട് (ലൂക്കോ. 2: 7). കാരണം, മറിയമിന് പിന്നീട് പല കുട്ടികള്‍ ജനിച്ചിട്ടുണ്ട്. (മത്തായി 12: 46-47; 13: 55; 27: 56; മര്‍ക്കോ. 3: 31-32; 6: 3; 15: 40; യോഹ. 2: 12; അപ്പോ. പ്രവ. 1: 14; ഗാലാ. 1: 19; 1 കോറി. 9: 5). ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയ്ക്ക് ഒരു മധ്യസ്ഥനേയുള്ളൂ. അതു മറിയമല്ല, കര്‍ത്താവാണ് (1 തിമൊ. 2: 5). വിശുദ്ധഗ്രന്ഥത്തില്‍ മറിയമിനെ അവസാനമായി നാം കാണുന്നത് അവള്‍ അപ്പോസ്തലന്മാരോടൊപ്പം പ്രാര്‍ഥിക്കുന്നവളായിട്ടാണ് (അപ്പോ. പ്രവ. 1: 14). അപ്പോസ്തലന്മാര്‍ മറിയമിനോട് പ്രാര്‍ഥിച്ചതായി കാണുന്നില്ല. ബൈബിള്‍ മറിയമിനെ മറ്റാരെയും കാള്‍ ഉന്നതപദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല.

ശുദ്ധീകരണസ്ഥലം

പാപത്തില്‍നിന്നു ശുദ്ധീകരിക്കാനായി ഒരാത്മാവ് ശുദ്ധീകരണസ്ഥലത്തു കിടന്ന് പാപപരിഹാരം ചെയ്യണമെന്നും അതിനുശേഷമേ സ്വര്‍ഗം പ്രാപിക്കുകയുള്ളൂ എന്നും കത്തോലിക്കസഭ പഠിപ്പിക്കുന്നു. ശുദ്ധീകരണത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ പുരോഹിതര്‍ക്ക് കുര്‍ബ്ബാനപ്പടി നല്‍കി ദിവ്യബലി അര്‍പ്പിക്കാമെന്നും സഭ പഠിപ്പിക്കുന്നു. പോപ്പ് ഗ്രിഗറിയുടെ കാലത്താണ് (540-604) ഈ മതനിന്ദയ്ക്ക്  ആരംഭം കുറിച്ചത്. സുവിശേഷാധിഷ്ഠിതമായ യാതൊരു ന്യായങ്ങളും ഈ ദുഷിച്ച പാരമ്പര്യത്തിന്റെ പിന്നിലില്ല. തന്നെയുമല്ല, യേശു അവിശ്വാസികളുടെ ഇത്തരം ആചാരങ്ങളെക്കുറിച്ച് മുന്നറിയിപ്പുപോലും നല്കിയിട്ടുണ്ട്. ''നിങ്ങള്‍ സ്വര്‍ഗരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയുന്നവരെ അതിന് അനുവദിക്കുന്നതുമില്ല'' (മത്താ. 23: 23-14).

പേപ്പസിയും പൗരോഹിത്യവും

പൗരോഹിത്യ വരേണ്യവര്‍ഗം ക്രിസ്തുപഠനപ്രസ്ഥാനത്തെ ശാസനാ പരമായ അനേക സിദ്ധാന്തങ്ങള്‍കൊണ്ട് ഒരു മതസാമ്രാജ്യമാക്കി യതോടെ ക്രൈസ്തവധര്‍മം അധഃപതിച്ചുപോയി.  യഥാര്‍ഥ ക്രിസ്തീയ വിശ്വാസി സഭയില്‍ പൗരാവകാശമില്ലാത്ത, അറിവില്ലാത്ത അല്മായ നായിത്തീര്‍ന്നു. അടിത്തട്ടിലാണ് സഭയില്‍ അവര്‍ക്കു സ്ഥാനം. ശുശ്രൂഷാധികാരമുള്ളവര്‍ ഭരണാധികാരികളായി. യേശുപഠനങ്ങളെ വികലമാക്കി കീഴ്‌മേല്‍ മറിച്ച് പുരോഹിതര്‍ പ്രമാണിവര്‍ഗമായി. ക്രിസ്തുമതം ക്രിസ്തുപഠനങ്ങളിലേക്ക് തിരിച്ചുവരണമെങ്കില്‍ സഭ പതിനേഴു നൂറ്റാണ്ടുകള്‍ പുറകോട്ടു പോയി ആദ്യത്തെ മൂന്നു നൂറ്റാണ്ടു കളെ ആശ്ലേഷിക്കണം. മുമ്പോട്ടു കുതിക്കാന്‍ പുറകോട്ടു നോക്കുക.  കോണ്‍സ്റ്റന്റൈന്റെ മതമായപ്പോള്‍ ക്രിസ്തുപഠനങ്ങള്‍ തെറ്റായ ഒരു പരിണാമത്തിലേക്ക് വഴിതിരിഞ്ഞതാണിതിനു കാരണം.

''എന്റെ രാജ്യം ഐഹികമല്ല'' (യോഹ. 18: 36) എന്ന് യേശു വ്യക്തമായ ഭാഷയില്‍ പീലാത്തോസിന്റെ ചോദ്യത്തിന് മറുപടി നല്കി. എങ്കിലും ഇന്നു പോപ്പ് മതപരവും രാഷ്ട്രീയവുമായ എല്ലാ അധികാര ങ്ങളോടും കൂടി വാണരുളുന്നു. പേപ്പസിയുടെ മുന്നേറ്റം സഭയുടെ അധഃപതനത്തിന്റെ ആരംഭമായിരുന്നു. 1870-ലെ അപ്രമാദിത്വവിളംബരം വഴി മാര്‍പാപ്പാ റോമന്‍ കത്തോലിക്കസഭയുടെ ആധ്യാത്മിക സ്വേച്ഛാധി കാരിയായി മാറി.

''നീ പത്രോസാകുന്നു. ഈ പാറയില്‍ എന്റെ സഭ ഞാന്‍ കെട്ടിപ്പടുക്കും'' (മത്താ. 16 : 18) എന്നു പറഞ്ഞുകൊണ്ട് പത്രോസിനെ ആദ്യത്തെ പാപ്പായായി യേശു നിയമിച്ചു എന്ന് റോമന്‍ കത്തോലിക്കസഭ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ പത്രോസുതന്നെ സാക്ഷ്യപ്പെടുത്തുന്നത് താന്‍ യേശുവിന്റെ അപ്പോസ്തലനാണെന്നാണ് (1 പത്രോ. 1 : 1-2). സഭയുടെ തലവനാണന്നോ പാപ്പായാണെന്നോ പത്രോസ് ആരോടും പറഞ്ഞിട്ടില്ല. പത്രോസ് മൂപ്പന്മാരെ ഉപദേശിക്കുന്നതുതന്നെ ഇപ്രകാരമാണ്: ''അതു നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നവരുടെ മേല്‍ അധികാരഗര്‍വോടെയല്ല, അജഗണത്തിനു മാതൃകയാകത്തക്കവണ്ണം ആയിരിക്കണം'' (1 പത്രോ. 5 : 3). പത്രോസിന്റെ റോമാവാസം ബൈബിളില്‍ നാം കാണുന്നില്ല.

റോമന്‍ ഭരണാധികാരികളുടെ കടുത്ത മതപീഡനത്തെ (65-300) നേരിട്ട ആദിമസഭ 313-ല്‍ റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്റെ കീഴിലായി. ചക്രവര്‍ത്തി സഭയുടെ തലവനായി. ക്രിസ്തുമതം റോമന്‍ സമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി. അതോടെ പുതിയനിയമപഠനങ്ങളില്‍ അധിഷ്ഠിതമായ സഭാഭരണസമ്പ്രദായത്തില്‍ നിന്നും ആരാധനശീലങ്ങളില്‍ നിന്നും സഭ സാവധാനം അകന്നുപോയി.

ബാബിലോണിലെ അജ്ഞാതദേവമതത്തിന്റെ (Pagan mystery religion) വേരുകളും റോമന്‍സഭയില്‍ ഓടാന്‍ തുടങ്ങി. സഭാമൂപ്പന്മാര്‍ മെത്രാന്മാരായി (bishops). സഭാകൂട്ടായ്മകള്‍ രൂപതകളായി (diocese). സഭാശുശ്രൂഷകര്‍ (ministers) ശുശ്രൂഷാപുരോഹിതരായി (priests). ലളിതമായിരുന്ന കര്‍ത്താവിന്റെ മേശയാചരണം പേഗന്‍ ആരാധനകളുടെ ശൈലിയിലായി. അങ്ങനെ പേഗനിസമാകുന്ന ചാറ്റമഴ നനഞ്ഞ് വളര്‍ന്നതാണ് ഇന്നു കാണുന്ന റോമന്‍ കത്തോലിക്കസഭ. റോമിലെ ഒന്നാമത്തെ പോപ്പ് മിക്കവാറും ലെയോ ഒന്നാമന്‍ (Leo I, 440-461) ആയിരിക്കാനാണ് സാധ്യത. ദൈവഹിതത്തിനെതിരായ ഈ തേര്‍വാഴ്ചയുടെ ആരംഭം ചരിത്രത്തിലെ ഇരുണ്ട യുഗങ്ങളായി (500-1500) മാറി. ബൈബിളിലധിഷ്ഠിതമായ ക്രിസ്തുമതത്തെ (ആദിമസഭ) ശവപ്പെട്ടിയിലാക്കി ആണി അടിച്ചുകയറ്റി കുഴിച്ചുമൂടി. ക്രിസ്തുമതം പോപ്പിന്റെയും മെത്രാന്മാരുടെയും പുരോഹിതരുടെയും കൈപ്പിടിയിലൊതുങ്ങിയ 'ദുര്‍ഭരണത്തിന്റെ ക്രിസ്തീയത'യായി മാറി. വേദപുസ്തകാടിസ്ഥാനത്തിലുള്ള ക്രിസ്തീയത റോമാസാമ്രാജ്യത്തില്‍ നിയമവിരുദ്ധമായി. ബൈബിളിന്‍ പ്രകാരം പേപ്പസിയോ പൗരോഹിത്യമോ സഭയില്‍ ഇല്ല.  യേശുക്രിസ്തുവാണ് നമ്മുടെ മഹാപുരോഹിതന്‍ (എബ്രാ. 3: 1; 4: 14-15; 8: 1). എല്ലാ ക്രിസ്ത്യാനികളും വിശുദ്ധ പുരോഹിതജനമാണ് (1 പത്രോ 2: 5). ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരാണ് (എബ്രാ. 10: 10-11). അതുകൊണ്ടുതന്നെ പുരോഹിതസ്ഥാനം സഭയില്‍ അനാവശ്യവും ബൈബിള്‍വിരുദ്ധവുമാണ്.

'ക്രൈസ്തവം' എന്നു വിശേഷിപ്പിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങ ളിലെ പള്ളികളെല്ലാം തന്നെ, രാജ്യത്തിന്റെ ഖജനാവില്‍ നിന്നു പണം മുടക്കി അവിടങ്ങളിലെ രാജാക്കന്മാര്‍ പ്രജകള്‍ക്ക് ദാനമായി പണിയിച്ചു കൊടുത്തവയാണ്. അവിടത്തെ പള്ളികളുടെ ഭരണകാര്യങ്ങളില്‍ വിശ്വാസിസമൂഹത്തിന് അവകാശങ്ങളൊന്നും ഇല്ലാതെ പോയതിന്റെ കാരണവും അതായിരുന്നു.

ദിവ്യബലി (The Mass)

യേശു തന്റെ അവസാനത്തെ പെസഹാ ബന്ധുമിത്രാദികളും ശിഷ്യന്മാരുമൊത്ത് ആചരിച്ചു. ആ അവസരത്തില്‍ തന്റെ ഓര്‍മയ്ക്കായി ആ മേശയാചരണം ലോകാവസാനംവരെ തുടരണമെന്ന പുതിയ ഉടമ്പടി യേശു അവര്‍ക്കു നല്കി (മത്താ. 26: 26-28; 1 കോറി 11: 23-26). കര്‍ത്താവിന്റെ ആ കല്പനപ്രകാരം മേശയാചരണം ക്രിസ്ത്യാനികള്‍ ഭവനകൂട്ടായ്മകളില്‍ പതിവായി നടത്തിക്കൊണ്ടിരുന്നു. ലളിതമായിരുന്ന ആ ആചരണം പിന്നീട് കത്തോലിക്കസഭ കര്‍ത്താവിന്റെ ബലിയാക്കി മാറ്റി. ദിവ്യബലി കര്‍ത്താവിന്റെ യാഗത്തിന്റെ (sacrifice) തുടര്‍ച്ചയാണെന്നും സഭ പഠിപ്പിക്കുന്നു. ആ യാഗം രക്തം ചിന്താതെയുള്ള യാഗമാണ്. അപ്പവും വീഞ്ഞുമാണ് അതിന്റെ ഘടകങ്ങള്‍. ക്രിസ്തു അത്തരം ഒരു ഉടമ്പടി ശിഷ്യന്മാര്‍ക്ക് ഒരിക്കലും നല്കിയിട്ടില്ല. മേലുദ്ധരിച്ച മത്തായിയുടെ സുവിശേഷവും പൗലോസിന്റെ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനവും പരിശോധിച്ചാല്‍ അത് വ്യക്തമാകും. കര്‍ത്താവിന്റെ മേശയാചരണം കര്‍ത്താവിന്റെ ഓര്‍മയ്ക്കായി (memorial) ചെയ്യണമെന്നേ പുതിയ ഉടമ്പടിയിലുള്ളൂ. അതൊരു യാഗമല്ല. അപ്പവും വീഞ്ഞും കര്‍ത്താവിന്റെ മാംസവും രക്തവുമായി രൂപാന്തരപ്പെടുന്നില്ല. കത്തോലിക്കസഭയുടെ പഠനമനുസരിച്ച് യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മാംസം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയുമാണ് വിശുദ്ധ കുര്‍ബ്ബാനയില്‍ വിശ്വാസികള്‍ ചെയ്യുന്നത് (literal eating and drinking of the literal flesh and blood of Jesus Christ). അപ്രകാരമുള്ള അനുഷ്ഠാനത്തെ സംബന്ധിച്ച ദൈവവചനം എപ്രകാരമാണെന്ന് നമുക്കു പരിശോധിക്കാം: ''ഇസ്രായേല്‍ ഗോത്രത്തില്‍പെട്ടവരോ അവരുടെ ഇടയില്‍ പ്രവസിക്കുന്നവരോ, ഏതിന്റെയെങ്കിലും രക്തം ഭക്ഷിച്ചാല്‍ ഞാന്‍ അവരില്‍ നിന്നും മുഖം തിരിക്കും. സ്വജനങ്ങളില്‍ നിന്ന് അവരെ ഞാന്‍ പുറം തള്ളും. ജഡത്തിന്റെ പ്രാണന്‍ രക്തത്തിലാണല്ലോ. നിങ്ങള്‍ക്കുവേണ്ടി ബലിപീഠത്തില്‍ പ്രായശ്ചിത്തം ചെയ്യാന്‍ അതു ഞാന്‍ നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. രക്തംകൊണ്ട് പ്രായശ്ചിത്തം ചെയ്യണം. പ്രാണന്‍ രക്തത്തിലാണല്ലോ. അതു കൊണ്ടാണു നിങ്ങളും നിങ്ങളുടെ ഇടയില്‍ പ്രവസിക്കുന്നവരും രക്തം ഭക്ഷിക്കരുതെന്ന് ഇസ്രായേല്‍ ജനങ്ങളോടു ഞാന്‍ കല്പിച്ചത്'' (ലേവി. 17: 10-12). ''അതായത് വിഗ്രഹങ്ങള്‍ക്ക് ബലിയായി അര്‍പ്പിച്ചവ, രക്തം, ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് നിങ്ങള്‍ അകന്നിരിക്കുകതന്നെ വേണം'' (അപ്പോ. പ്രവ. 15: 29). അപ്പോള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ രക്തം കുടിക്കുന്നതിനെ പരിപൂര്‍ണമായി വിലക്കിയിരിക്കുന്നു.

ദിവ്യബലി കര്‍ത്താവിന്റെ യാഗത്തിന്റെ തുടര്‍ച്ചയാണെന്നാണ് റോം പഠിപ്പിക്കുന്നത്. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ കര്‍ത്താവിന്റെ കാല്‍വരിയിലെ യാഗം പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിന്റെ ഏകബലിയാണെന്ന് കാണുന്നു. ഒരിക്കലും പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കാത്ത ബലി പുരോഹിതര്‍ നിരന്തരം അര്‍പ്പിക്കുന്നെങ്കിലും പാപങ്ങളെ നീക്കിക്കളയുന്ന ഏകബലി ക്രിസ്തുവാണ് അര്‍പ്പിച്ചത്. എബ്രായക്കാര്‍ക്കുള്ള ലേഖനത്തില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ''ആ തിരുഹിതത്താല്‍, യേശുക്രിസ്തുവിന്റെ ശരീരം എന്നെന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിക്കപ്പെട്ടതുവഴി, നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഒരിക്കലും പാപങ്ങള്‍ നീക്കിക്കളയാന്‍ കഴിയാത്ത ഒരേ ബലികള്‍തന്നെ വീണ്ടും വീണ്ടും അര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും നിത്യവും ശുശ്രൂഷ ചെയ്തു നില്ക്കുന്നു. എന്നാല്‍ ക്രിസ്തു പാപങ്ങള്‍ക്കുവേണ്ടി എന്നന്നേക്കുമുള്ള തന്റെ ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി...'' (എബ്രാ. 10: 10-12).

No comments:

Post a Comment