അദ്ധ്യായം നാല്: ആഗോള സഭാസംവിധാനത്തിലുണ്ടായ അപചയം

അദ്ധ്യായം നാല്: ആഗോള സഭാസംവിധാനത്തിലുണ്ടായ അപചയം

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം നല്‍കി രാജകീയമതമായി പ്രഖ്യാപിച്ചതോടെയാണ് (Edict of Milan, 313) സാമ്രാജ്യത്തിലെ ക്രിസ്തുമതാനുയായികളുടെ എണ്ണം വര്‍ധിച്ചത്. ചക്രവര്‍ത്തിയുടെ കല്പനയില്‍ ക്രിസ്തു ആരാധകരായി മാറിയത് റോമന്‍ ചക്രവര്‍ത്തിയെ ദൈവമായി ആരാധിച്ചിരുന്നവരും ഭയപ്പെട്ടിരുന്നവരുമാണ്.

റോമന്‍സാമ്രാജ്യം മൂന്നു നൂറ്റാണ്ടുകാലം എങ്ങിനെ ക്രിസ്ത്യാനികളെ വേട്ടയാടിയോ, അതേ തീവ്രതയോടെ, സംഘടിതക്രൈസ്തവമതം ക്രൈസ്തവേതര ദൈവോപാസനകളെ പിന്നീട് തൂത്തുനീക്കി. മതപീഡനം അനുഭവിച്ചവര്‍ മതപീഡകരായി! റോമന്‍ സാമ്രാജ്യത്തിന്റെ അധികാര അതിര്‍ത്തിവരമ്പുകള്‍ ക്രിസ്തുമതമേഖലയുടെയും അതിര്‍ത്തിവരമ്പുകളായത് അങ്ങനെയാണ്. റോമാ സാമ്രാജ്യവും ക്രിസ്തുമതവും ഒരുമിച്ച് ഇഴുകിച്ചേര്‍ന്ന ഒരു രാജകീയ ഭരണവ്യവസ്ഥയാണ് യൂറോപ്പിലെമ്പാടും വ്യാപിച്ചത്.

രണ്ടാം അദ്ധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ, ആദിമസഭയില്‍ മൂപ്പന്മാരെ തെരഞ്ഞെടുത്തു നിയമിക്കാനുള്ള അവകാശം വിശ്വാസികളുടെ കൂട്ടായ്മയില്‍ നിക്ഷിപ്തമായിരുന്നു. അതിന്‍പ്രകാരം, പ്രാദേശികസഭകളുടെ മൂപ്പന്മാരുടെ അംഗീകാരത്തോടെ, അതതു സഭകള്‍ മൂപ്പന്മാരെ നിയമിച്ചുപോന്നു. 4-ാം നൂറ്റാണ്ടില്‍ സഭ രാജകീയ പരിവേഷമണിഞ്ഞതോടുകൂടിയാണ് മൂപ്പന്മാരെ നിയമിക്കാനുള്ള അധികാരം ചക്രവര്‍ത്തിമാരും രാജാക്കന്മാരും വിശ്വാസികളില്‍നിന്നു തട്ടിയെടുത്തത്. യൂറോപ്പില്‍ മെത്രാന്മാര്‍ക്ക് രാജാക്കന്മാര്‍ പ്രാദേശിക ഭരണാധികാരം നല്‍കി. ഫാ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''പ്രഭുക്കന്മാര്‍ സ്വന്തം ആള്‍ക്കാരെ രൂപതകളിലും ആശ്രമങ്ങളിലും വാഴിച്ചുപോന്നു. നോര്‍മണ്ടിയിലെ (Normandy) പ്രഭു റിച്ചാര്‍ഡ് ഒന്നാമന്‍ (Richard I) തന്റെ മക്കള്‍ക്കു പങ്കുവെച്ചുകൊടുത്തത് രൂപതകളായിരുന്നു! ഫ്രാന്‍സിലും, ബര്‍ഗന്‍ഡിലും (Burgundy) രൂപതകളും മറ്റും കുടുംബവസ്തുക്കളായി മാറി; അവയുടെ ഭരണം പിന്‍തുടര്‍ച്ചാവകാശികള്‍ക്കും! തെരഞ്ഞെടുപ്പ് നടന്നിരുന്നിടത്ത് അക്രമവും കൈക്കൂലിയും സര്‍വസാധാരണമായി. ഒരു പ്രഭുവിന്റെ പതിനാറുവയസ്സുമാത്രം പ്രായമുള്ള മകന്‍ മാര്‍പാപ്പായാകുന്നു. മറ്റൊരു പ്രഭുവിന്റെ പത്തു വയസ്സുള്ള മകനുവേണ്ടി നാര്‍ബോണിലെ (Narbonne) അതിരൂപത വാങ്ങുന്നു. ഭീമമായ തുക കൊടുത്ത് അതിരൂപത വാങ്ങിയതുമൂലമുണ്ടായ കടം വീട്ടാന്‍ ഭൂമി, കൊട്ടാരം മുതലായവ വില്‍ക്കുന്നു. ഇപ്രകാരമുള്ള ദുര്‍നടപടികള്‍ സാധാരണവും ന്യായവുമായി കരുതപ്പെട്ടു. മെത്രാന്മാരെ നിയമിക്കുകയും സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്യുക രാജാവിന്റെ അവകാശമായി. മെത്രാന്മാരുടെ തെരഞ്ഞെടുപ്പ് നാമമാത്രമായി. രാജാവ് തനിക്കിഷ്ടമുള്ളവരെ മെത്രാന്‍സ്ഥാനത്തേക്കു നിര്‍േദശിക്കുകയും ഇഷ്ടമില്ലാത്തവരെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തുപോന്നു. രാജാവിന് വില്‍ക്കാനും, സ്ത്രീധനം കൊടുക്കാനും, ദാനം ചെയ്യാനുമുള്ള വസ്തുക്കളായി മാറി രൂപതകള്‍. മെത്രാനെ നിയമിക്കുന്നതിനുള്ള അവകാശങ്ങള്‍ സാമ്പത്തികലാഭത്തിനുവേണ്ടി ദുരുപയോഗിക്കപ്പെട്ടു.''9

റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ റോമന്‍ മാര്‍പാപ്പാ യുടെ മതഭരണമേഖല പാശ്ചാത്യറോമന്‍സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതായിത്തീര്‍ന്നു. പൗരസ്ത്യറോമന്‍സാമ്രാജ്യത്തിലെ മതഭരണം കോണ്‍സ്റ്റന്റിനോപ്പിള്‍, അലക്‌സാന്‍ഡ്രിയ, അന്ത്യോക്യാ, ജെറുശലേം എന്നിങ്ങനെ നാല് പാത്രിയര്‍ക്കേറ്റുകളുടെ കീഴിലായിരുന്നു. റോമാ ഉള്‍പ്പെടെയുള്ള ഈ അഞ്ചു പാത്രിയാര്‍ക്കാമാരില്‍ ഒന്നാംസ്ഥാനം പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോമിലെ പാത്രിയാര്‍ക്കീസിനും രണ്ടാംസ്ഥാനം പൗരസ്ത്യറോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസിനും നല്‍കിയതു ചക്രവര്‍ത്തിയാണ്.

റോമന്‍സാമ്രാജ്യഘടന അധികാരപരമായിരുന്നു. അധികാരപരമായ ഈ ഘടനയെ യേശു തന്റെ സഭയ്ക്കുള്ളില്‍ പൂര്‍ണമായും നിരാകരിച്ചിരുന്നു. യേശുവിന്റെ ഈ അധികാരനിരാകരണം എല്ലാ അപ്പോസ്തലന്മാരും സാക്ഷിക്കുന്നുണ്ട് (യോഹ. 13: 14-16; മത്താ. 20: 25-28; മര്‍ക്കോ. 10: 42-45; ലൂക്കോ. 22: 24-27). യേശുവിന്റെ ഈ പഠനത്തെ നിരാകരിച്ച് രാജ്യാതിര്‍ത്തികളെ ഭേദിച്ചുള്ള ഒരു രാജകീയ മതഭരണസമ്പ്രദായം 4-ാം നൂറ്റാണ്ടുമുതല്‍ സഭയില്‍ വളര്‍ത്തിയെടുത്തത് റോമന്‍സാമ്രാജ്യ ഭരണരീതിയനുസരിച്ചായിരുന്നു.

താഴെക്കൊടുത്തിരിക്കുന്ന നാലു രാഷ്ട്രീയസംഭവവികാസങ്ങളാണ് സഭയുടെ ഘടനാരീതിയെ മാറ്റിമറിച്ചത്:

1.   റോമാസാമ്രാജ്യത്ത് മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ 313-ലെ വിളംബരവും അതിനുശേഷം ക്രൈസ്തവസഭയ്ക്കു സംഭവിച്ച ഘടനാപരമായ സമൂല പരിവര്‍ത്തനവും.

2.   5-ാം നൂറ്റാണ്ടു മുതല്‍, 'ബാര്‍ബേറിയന്‍സ്' എന്നറിയപ്പെട്ടിരുന്ന ഗോത്രജനവിഭാഗത്തിന്റെ ആക്രമണങ്ങളില്‍ പാശ്ചാത്യറോമന്‍സാമ്രാജ്യത്തിന്റെ ശക്തി പൂര്‍ണമായിത്തന്നെ ക്ഷയിച്ചത് റോമന്‍ മാര്‍പാപ്പായുടെ രാഷ്ട്രീയശക്തി വര്‍ധിക്കാന്‍ കാരണമായി.

3.   യൂറോപ്പിനെ കടന്നാക്രമിച്ച ഗോത്രവര്‍ഗക്കാരെ, ഫ്രാന്‍സിലെ ചാള്‍സ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ സഹായത്തോടെ, ക്രൈസ്തവരാക്കിയതിലൂടെയും മാര്‍പാപ്പായുടെ ഭരണാധികാരത്തിന് കൂടുതല്‍ ശക്തി ലഭിച്ചു.

4.   ഫ്രാന്‍സിലെ പെപ്പിന്‍ രാജാവിന്റെ പിന്തുണയോടെ മാര്‍പാപ്പാ 8-ാം നൂറ്റാണ്ടില്‍, ഇറ്റലിയില്‍, പേപ്പല്‍ സ്റ്റേറ്റുകളുടെ അധിപനായിത്തീര്‍ന്നു.

കോണ്‍സ്റ്റന്റൈന്റെ ദാനം

'കോണ്‍സ്റ്റന്റൈന്റെ ദാനം'എന്ന ഒരു കള്ളേരഖയാണ് റോമിനെ കേന്ദ്രീകരിച്ചുളള ഹയരാര്‍ക്കിക്ക് ഭൗതികഭരണസ്രമ്പദായത്തിന്റെ രൂപം െകാടുക്കാന്‍ ഇടയാക്കിയത്.

ഫാ. കൂടപ്പുഴ എഴുതുന്നു: ''പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെയും സാര്‍വത്രികസഭയുടെയുംമേല്‍ മാര്‍പാപ്പായ്ക്ക് പരമാധികാരം നല്കിക്കൊണ്ട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി സില്‍വെസ്റ്റര്‍ ഒന്നാമന്          (314-355) നല്കിയ ഒരു വിളംബരമായി ഇതിനെ കണക്കാക്കിപ്പോന്നു. പക്ഷേ, എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പായുടെ രാഷ്ട്രാധികാരത്തിനുള്ള പിന്‍ബലമായി ആരോ കെട്ടിച്ചമച്ച ഒരു വ്യാജരേഖയാണിത്. നവോത്ഥാനകാലംവരെ ഇതിന്റെ സാധുതയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ വ്യാജരേഖയില്‍ ചക്രവര്‍ത്തിക്കുണ്ടായ ഒരു ദിവ്യദര്‍ശനത്തെക്കുറിച്ചും, ചക്രവര്‍ത്തി കുഷ്ഠരോഗത്തില്‍നിന്നും അത്ഭുതകരമായി വിമുക്തനായതിനെക്കുറിച്ചും നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്. ദര്‍ശനത്തില്‍ വി. പത്രോസും വി. പൗലോസും ചക്രവര്‍ത്തിയോട് ക്രിസ്തുമതം സ്വീകരിക്കാനും, സുഖപ്രാപ്തിക്കായി സില്‍വെസ്റ്റര്‍ മാര്‍പാപ്പായെ സന്ദര്‍ശിക്കാനും ആവശ്യപ്പെട്ടെന്നു കാണാം. ഈ രേഖയനുസരിച്ച് അന്ത്യോക്യാ, അലക്‌സാന്‍ഡ്രിയാ, ജറൂശലേം, കോണ്‍സ്റ്റന്റിനോപ്പിള്‍ എന്നീ നാലു റോമന്‍ പ്രവിശ്യകളിലും മാര്‍പാപ്പായ്ക്ക് അധികാരം നല്കിയിട്ടുണ്ടത്രേ! രാജകീയമായ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും മാര്‍പാപ്പായ്ക്കും മറ്റും സഭാധികാരികള്‍ക്കും കോണ്‍സ്റ്റന്റൈന്‍ ഈ രേഖവഴി അനുവദിച്ചിരിക്കുന്നു.'' 10

ഈ കള്ളരേഖയുടെ അടിസ്ഥാനത്തിലാണ് റോമന്‍ മാര്‍പാപ്പായ്ക്ക്  റോമാസാമ്രാജ്യത്തിലെ അന്ത്യോക്യാ, കോണ്‍സ്റ്റന്റിനോപ്പിള്‍, അലക്‌സാന്‍ഡ്രിയ, ജെറൂശലേം എന്നീ പ്രോവിന്‍സുകളിലെ പാത്രിയാര്‍ക്കാ മാരുടെമേല്‍ ദൈവികാധികാരം ഉണ്ടെന്ന് വാദിച്ചത്. ഈ കള്ളരേഖ 754-ല്‍ അന്നത്തെ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന പെപ്പിന് നല്കി ഇറ്റലിയുടെമേലുള്ള തന്റെ രാജാവകാശം സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു. അങ്ങനെ പേപ്പല്‍ സ്റ്റേറ്റ് സ്ഥാപിതമായി.

ഇതേ കാലഘട്ടത്തില്‍ പൗരസ്ത്യറോമന്‍സാമ്രാജ്യത്തിനുള്ളിലെ ക്രൈസ്തവര്‍ക്ക് മറ്റൊരു മതസാമ്രാജ്യത്തിന്റെ ഭീഷണി നേരിടേണ്ടിവന്നു. പൗരസ്ത്യറോമാസാമ്രാജ്യത്തിനുള്ളിലുള്ള ക്രൈസ്തവമതകേന്ദ്രങ്ങള്‍ അറബികളുടെ പിടിയിലായി. സാമ്രാജ്യമതം എന്ന സ്ഥാനം നഷ്ടപ്പെട്ടതൊഴിച്ചാല്‍ അറേബ്യന്‍സാമ്രാജ്യത്തിന്റെ ഈ കടന്നാക്രമണത്തില്‍ ക്രൈസ്തവര്‍ക്ക് നഷ്ടങ്ങളൊന്നുമുണ്ടായില്ല.

റോമിലെ ഭരണഭാഷയായ ലത്തീന്‍ ഈ സാമ്രാജ്യത്തിനുള്ളിലെ ഭരണഭാഷയും മതഭാഷയുമായിരുന്നു. അതിനാലാണ് പാശ്ചാത്യറോമാസാമ്രാജ്യത്തിനുള്ളിലുള്ള സഭയെ ലത്തീന്‍സഭയെന്നു വിശേഷിപ്പിച്ചു പോന്നത്. പൗരസ്ത്യസാമ്രാജ്യത്തിന്റെ പ്രാഥമികമായ സാംസ്‌കാരികപ്രചോദനം ഗ്രീക്കുഭാഷയും ചിന്തയുമായിരുന്നു. എങ്കിലും പൗരസ്ത്യ ദേശത്ത് സഭയ്ക്കുള്ളില്‍ ഭാഷാപരമായ വൈവിധ്യം നിലനിന്നിരുന്നു. അവിടെ വിവിധ ആരാധനഭാഷകളും ദൈവശാസ്ത്രപരമായ കാഴ്ചപ്പാ ടുകളും ഉണ്ടായിരുന്നു.

9-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഫ്രഞ്ചുരാജാവായ ചാര്‍ളിമെയ്ന്‍ ക്രിസ്തുമതത്തിന്റെ രാഷ്ട്രീയവക്താവായതോടുകൂടിയാണ്, ക്രിസ്തുമതം, നൈയാമികമായി യൂറോപ്പുമുഴുവന്റെയും രാജകീയ മതമായിത്തീര്‍ന്നത്. ക്രിസ്തുമതമല്ലാത്ത എല്ലാ മതങ്ങളും ഉപാസനാരീതികളും ഉന്മൂലനം ചെയ്യപ്പെട്ടു. രാഷ്ട്രീയഭരണവും മതഭരണവും അവിഭാജ്യങ്ങളായി. രാഷ്ട്രീയഭരണസൗകര്യത്തിനുവേണ്ടിയുള്ള ഭൂമിശാസ്ത്രപരമായ വിഭജനം മതഭരണാതിര്‍ത്തികളിലും രൂപംകൊണ്ടു. അങ്ങനെയാണ് രാഷ്ട്ര-മതഭരണങ്ങളുടെ യൂണിറ്റുകളായി ഡയോസിസുകള്‍ (Diocese) ഉണ്ടായത്. അതേത്തുടര്‍ന്ന് മതഭരണത്തലവന്മാര്‍ (മെത്രാന്മാര്‍) രാഷ്ട്രഭരണവ്യവസ്ഥയുടെ പ്രാദേശികഭരണകര്‍ത്താക്കളായി. സാമ്രാജ്യത്തിന്റെ കേന്ദ്രം റോമാ ആയിരുന്നതുപോലെതന്നെ ക്രൈസ്തവമതഭരണത്തിന്റെയും കേന്ദ്രം റോമാ ആയിത്തീര്‍ന്നു. സഭാതലവനായ മാര്‍പാപ്പാ പേപ്പല്‍സ്റ്റേറ്റുകളുടെ അധിപനായി. അങ്ങനെ മാര്‍പാപ്പായ്ക്ക് രാജപദവിയും (Pontifex  Maximus) അതിന്റെ ചിഹ്നങ്ങളായ സിംഹാസനവും (Sedia gestatoria) കിരീടവും (Tiara) ചെങ്കോലും (Crozier) ലഭിച്ചു.

പാശ്ചാത്യറോമാസാമ്രാജ്യം 5-ാം നൂറ്റാണ്ടില്‍ പൂര്‍ണമായിത്തന്നെ രാഷ്ട്രീയ അധികാരരംഗത്തുനിന്നു നിഷ്‌ക്രമിച്ചു. ആ സ്ഥാനത്ത് റോമാ, രാജ്യാതിര്‍ത്തികളെ ഭേദിക്കുന്ന, ക്രിസ്തുമതസാമ്രാജ്യത്തിന്റെ കേന്ദ്രമായിത്തീര്‍ന്നു. ഏകദേശം 7-ാം നൂറ്റാണ്ടു മുതല്‍ 'സുവിശേഷ പ്രഘോഷണ'ത്തിന്റെ ലക്ഷ്യം ഈ രാജകീയക്രൈസ്തവമതസമ്പ്രദായത്തിന്റെ വികസനമായിരുന്നു. മേല്‍പറഞ്ഞതുപോലെ റോമാസാമ്രാജ്യത്തിന്റെ ചുവടുപിടിച്ചാണ് യൂറോപ്പിനെ രൂപതകളായും രൂപതകളെ പാരീഷുകളുമായും (ഇടവക) വിഭജിച്ച് മതഭരണാധികാരികളുടെമേല്‍ റോമിന്റെ പിടിമുറുക്കാനുള്ള പരിശ്രമമാരംഭിച്ചത്. ആദ്യമെല്ലാം ഈ രൂപതാഭരണം 'സത്യരാജാക്കന്മാ'രുടെ രാഷ്ട്രഭരണത്തിന്റെ ഭാഗമായിരുന്നു. മതഭരണാവകാശം സംബന്ധിച്ച് 9-ാം നൂറ്റാണ്ടുമുതല്‍ 13-ാം നൂറ്റാണ്ടുവരെ രാജാക്കന്മാര്‍ മാര്‍പാപ്പാമാരുമായി നടത്തിയ അധികാരസമരത്തില്‍ അന്തിമ മായി മാര്‍പാപ്പാ വിജയിച്ചു.

പതിനൊന്നാം നൂറ്റാണ്ടായപ്പോള്‍ എല്ലാ ലൗകിക അധികാരങ്ങള്‍ക്കും ഉപരിയാണ് മാര്‍പാപ്പാസ്ഥാനം എന്ന്  ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പാ (1073-1085) പ്രഖ്യാപിച്ചു. അദ്ദേഹം പരിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഹെന്റി നാലാമനുമായുണ്ടായ (1084-1105) അധികാരവഴക്കില്‍ ജര്‍മനിയില്‍ മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അധികാരം പൂര്‍ണമായും പിടിച്ചെടുത്തു.

'ക്ലേറിച്ചിസ് ലായിക്കോസ്' (Clericis Laicos, 1296), 'ഊനാം സാങ്താം' (Unam Sanctam,1302) എന്നീ രണ്ടു പ്രഖ്യാപനങ്ങളിലൂടെ ആത്മീയാധികാരവും ഭൗതികാധികാരവും മാര്‍പാപ്പാമാരില്‍ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിച്ച് ബോനിഫസ് എട്ടാമന്‍ മാര്‍പാപ്പാ (1294-1303) യൂറോപ്പിന്റെ സമഗ്രാധിപതിയായി. മെത്രാന്മാരും മാര്‍പാപ്പാമാരും അധികാരസമാഹരണത്തിനായി രാജാക്കന്മാര്‍ക്കെതിരെപോലും മഹറോനെന്ന മഹാ ആയുധം പ്രയോഗിച്ചു. അങ്ങനെ യൂറോപ്പിലെ ക്രൈസ്തവമതത്തിന്റെ മുഖം രാജാധികാരസ്വഭാവമുള്ളതായി. ഈ അധികാരസംവിധാനം നിലനിര്‍ത്തുന്നതിന് റോമാസാമ്രാജ്യത്തിന്റെ ഘടനാപരമായ സവിശേഷതകളെ പൂര്‍ണ്ണമായും സ്വാംശീകരിച്ച് സഭാഭരണരംഗത്ത് മാര്‍പാപ്പാമാര്‍ നടപ്പിലാക്കി.

റോമന്‍ചക്രവര്‍ത്തിയുടെ അധികാരം ഭൗതികമായിരുന്നു. അവര്‍ ദൈവികപരിവേഷം എടുത്തണിഞ്ഞിരുന്നെങ്കിലും അതിനെ സാധൂകരിക്കാന്‍ പറ്റിയ ദൈവശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, മാര്‍പാപ്പാമാരുടെ ഭൗതികവും ആത്മീയവുമായ അധികാരം ക്രോഡീകൃതമായ 'ദൈവശാസ്ത്ര'ങ്ങളിലൂടെയാണ് പ്രഖ്യാപിക്കപ്പെട്ടത്. അങ്ങനെ ക്രൈസ്തവസഭയുടെ മുഖം പൂര്‍ണമായി രാജകീയവും അധികാരപരവുമായിത്തീര്‍ന്നു. ക്രിസ്തുവിന്റെയോ അപ്പോസ്തലന്മാരുടെയോ ഉദ്‌ബോധനങ്ങള്‍ ആരും പരിഗണിച്ചിരുന്നില്ല എന്നതാണ് സത്യം.

സഭാധികാരം ആഡംബരത്തിനു പിറകെ

രാഷ്ട്രീയാധികാരം ലഭിച്ചതോടെ സഭാധികാരികളുടെ ക്രിസ്തീയലാളിത്യവും അരൂപിയും ആഡംബരജീവിതത്തിനും വേഷവിധാനങ്ങള്‍ക്കും വഴിമാറിക്കൊടുത്തു. സഭാധികാരികള്‍ രാജകൊട്ടാരങ്ങളില്‍ സുഖജീവിതം ആരംഭിച്ചു. അതോടൊപ്പംതന്നെ രാജകീയമായ പ്രൗഢി അവരുടെ എല്ലാ ഇടപാടുകളിലേക്കും കടന്നുവന്നു.

മാര്‍പാപ്പായ്ക്ക് ലാറ്ററന്‍ കൊട്ടാരം സൗജന്യമായി ലഭിച്ചു. രാജകീയവേഷവിധാനങ്ങളായ കിരീടവും പുറംകുപ്പായവും ചുവന്ന ഉടുപ്പും മറ്റു രാജകീയവസ്ത്രങ്ങളും ഉപയോഗിച്ചുതുടങ്ങി. മാര്‍പാപ്പായുടെ അംശവടി രാജാവിന്റെ ചെങ്കോലിനു പകരമായി. ഇങ്ങനെ രാജാവിന്റെ എല്ലാ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും സഭാധികാരിയായ മാര്‍പാപ്പായുടെ അവകാശമാക്കി.

വൈദികര്‍ക്ക് രാജാവിന്റെ സെനറ്റിലെ അംഗങ്ങളുടെ സ്ഥാനവും അവകാശവും മുന്‍ഗണനയും ലഭിച്ചു. രാജകൊട്ടാരത്തില്‍ വിവിധ പദവികളുള്ള ജോലിക്കാര്‍ ഉണ്ടായിരിക്കുന്നതുപോലെ വൈദികര്‍ക്കും മോണ്‍സിഞ്ഞോര്‍ മുതലായ പദവികള്‍ നല്കാന്‍ തുടങ്ങി. ഇന്നും നിലനില്ക്കുന്ന ചില വൈദികപദവികള്‍ ഈ വ്യതിചലനങ്ങളുമായി ബന്ധപ്പെട്ടതാണ്. വൈദികരെ തിരിച്ചറിയാന്‍ വെള്ളവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത് അന്നാണ്. വൈദികര്‍ക്ക് രാജകീയസെനറ്റിലെ അംഗങ്ങളുടെ പദവി ലഭിച്ചതോടെ അംഗീകാരവും പദവികളും ആഗ്രഹിച്ച്, പലരും വൈദികരാകാന്‍ മുമ്പോട്ടുവന്നു.

കാനോന്‍ നിയമങ്ങള്‍

സഭയുടെ അന്ധകാരയുഗങ്ങളില്‍ റോമന്‍ പുരോഹിതരും ക്രിസ്തീയ സന്ന്യസ്തരും രാവും പകലും ഒന്നുപോലെ പണിയെടുത്താണ് കാനോന്‍ നിയമസംഹിതയ്ക്ക് രൂപം നല്‍കിയത്. പസഫിക് മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ നിറഞ്ഞ പവിഴദ്വീപുകള്‍ നൂറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെടുന്നതുപോലെ അഞ്ചു നൂറ്റാണ്ടുകള്‍കൊണ്ടാണ് കാനോന്‍ നിയമസംഹിതയും (Corpus Juris Canonici) രൂപപ്പെട്ടത്. ബൃഹത്തായ അധികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോമിലെ ഈ നിയമപുസ്തകം ആധുനികലോകത്തെ അത്ഭുതങ്ങളിലൊന്നാണ്. മാര്‍പാപ്പായുടെ പരമാധികാരത്തെ അരക്കിട്ടുറപ്പിക്കാന്‍ എല്ലാവിധത്തിലും സഹായകമാകത്തക്ക രീതിയിലാണതിന്റെ ഘടന.

1140-കളില്‍ ബൊളോഞ്ഞയിലെ (Bologna) ഒരു സന്ന്യാസിയായിരുന്ന ഗ്രേഷ്യനാണ് കള്ളപ്രമാണങ്ങള്‍ ഉദാരമായി ഉപയോഗിച്ച് കത്തോലിക്കസഭയെ പാപ്പാമതമാക്കുന്നതിനുള്ള നിയമാവലിക്ക് അടിസ്ഥാനമിട്ടത്. ഗ്രേഷ്യന്റെ നിയമാവലി (Decretum Gratiani) എന്നാണത് അറിയപ്പെട്ടത്. യൂജീനിയൂസ് മൂന്നാമന്‍ മാര്‍പാപ്പാ (Pope Eugenius III, 1145-1153) ഈ നിയമാവലി അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പാശ്ചാത്യലോകത്തെ ഏറ്റം വലിയ അധികാരിയായിത്തീരുകയും ചെയ്തു.

മൂന്നാം യൂജീനിയൂസ് മാര്‍പാപ്പയ്ക്കുശേഷം ഭരിച്ച എല്ലാ മാര്‍പാപ്പാമാരും ഈ നിയമാവലിയില്‍ പുതിയ പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം 500 വര്‍ഷത്തെ വളര്‍ച്ചയ്ക്കുശേഷം 1582-ല്‍ കാനോന്‍ നിയമസംഹിതയുടെ ഒരു പതിപ്പ് പുറത്തിറങ്ങി. അതിനുശേഷം 1918-ലാണ് തികഞ്ഞ ഒരു കാനോന്‍ നിയമപ്പുസ്തകം പുറത്തിറങ്ങുന്നത്.

1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ലത്തീന്‍സഭയ്ക്കു വേണ്ടിയുള്ള പുതുക്കിയ കാനോന്‍ നിയമസംഹിതയും 1991-ല്‍ പൗരസ്ത്യസഭകള്‍ക്കുള്ള പുതിയ കാനോന്‍ നിയമസംഹിതയും പ്രസിദ്ധം ചെയ്യുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ചില നിര്‍ദേശങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടാണ് പുതുക്കിയ കാനോന്‍നിയമം ക്രോഡീകരിച്ചത്. എന്റെ അഭിപ്രായത്തില്‍ ആധുനിക കത്തോലിക്കസഭയ്ക്കു സംഭവിച്ച ഏറ്റവും വലിയ അപചയമാണ് ഈ പുതിയ കാനോന്‍നിയമസംഹിത. റോം ഉള്ളിടത്തോളം കാലം കാനോന്‍നിയമ സംഹിത വളര്‍ന്നുകൊണ്ടേയിരിക്കും.

പണ്ടുകാലത്ത് മഹാരാജാക്കന്മാര്‍ക്ക് വിനോദവെടിക്കുവേണ്ടി വന്യമൃഗങ്ങളുള്ള വനങ്ങളെ കാത്തുസൂക്ഷിക്കുമായിരുന്നു. സഭാവന ത്തില്‍ ഒരു ബില്ല്യനില്‍ കൂടുതല്‍ മനുഷ്യ (വന്യ) മൃഗങ്ങള്‍ അധിവസി ക്കുന്നുണ്ട്. മാര്‍പാപ്പായ്ക്ക് വ്യക്തികളെ വെടിവച്ചുവീഴ്ത്താനുള്ള ആയുധമാണ് കാനോന്‍നിയമം. സ്‌നേഹത്തിന്റെ പശ അതിലൊട്ടുമില്ല. ലൗകിക അധികാരമോ ആധ്യാത്മിക അധികാരമോ അല്ലത്. പൊന്തി ഫിക്കലധികാരമാണതിലുള്ളത്. കാനോന്‍നിയമപ്രകാരം മാര്‍പാപ്പാ യ്ക്കു മുകളില്‍ ഈ ലോകത്ത് വേറൊരധികാരിയില്ല. ''ദൈവമല്ലാതെ, മാര്‍പ്പാപ്പയ്ക്കു മുകളില്‍ മറ്റൊരു അധികാരി ഇല്ലാത്തതിനാല്‍ മാര്‍പാപ്പാ യുടെ തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ കൊടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. മാര്‍പാപ്പായെ വിധിക്കാന്‍ മറ്റൊരു അധികാരിക്കും കഴിയില്ല.''11 റോമിന്റെ അഹന്ത അപാരം തന്നെ! 

സഭാകൗണ്‍സിലുകള്‍

കത്തോലിക്കസഭയില്‍ വിശ്വാസസംബന്ധമായ വ്യക്തത ഉണ്ടാക്കാന്‍ വേണ്ടിയാണ് സഭാ കൗണ്‍സിലുകള്‍ നടത്തപ്പെടാറുള്ളത്. 284-476 കാലത്ത് നിക്യാ, കോണ്‍സ്റ്റന്റിനോപ്പിള്‍, എഫേസൂസ് (Ephesus), കാല്‍സിഡോണ്‍ (Chalcedon) എന്നിങ്ങനെ നാലു സഭാ കൗണ്‍സിലുകള്‍ നടത്തപ്പെട്ടിട്ടുണ്ട്. 476 മുതല്‍ 1000 വരെയുള്ള കാലഘട്ടത്തിലും നാല് (കോണ്‍സ്റ്റന്റിനോപ്പിളില്‍ വച്ച് മൂന്നും നിക്യായില്‍വച്ച് ഒന്നും) സഭാ കൗണ്‍സിലുകള്‍ നടത്തപ്പെട്ടു. 1000 മുതല്‍ 1300 വരെയുള്ള കാലഘട്ടത്തില്‍ ആറും (നാലെണ്ണം ലാറ്ററന്‍, രണ്ടെണ്ണം ലിയോണ്‍) 1300 മുതല്‍ 1500 വരെയുള്ള കാലഘട്ടത്തില്‍ മൂന്നും (വിയന്നാ, കോണ്‍സ്റ്റന്‍സ്, ഫ്‌ളോറന്‍സ്) 1500 മുതല്‍ 1600 വരെയുള്ള കാലഘട്ടത്തില്‍ രണ്ടും (അഞ്ചാം ലാറ്ററന്‍, ട്രെന്റ്) കൗണ്‍സിലുകള്‍ നടത്തപ്പെട്ടു. പിന്നെ പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണ് സഭാ കൗണ്‍സില്‍ നടത്തപ്പെട്ടത്, ഒന്നാം വത്തിക്കാന്‍. ഇരുപതാം നൂറ്റാണ്ടില്‍ 23-ാം ജോണ്‍ മാര്‍പാപ്പായുടെ മുന്‍കയ്യാല്‍ നടത്തപ്പെട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിപ്ലവകരമായ നിരവധി പ്രഖ്യാപനങ്ങള്‍കൊണ്ട് ചരിത്രപ്രധാനമാണെങ്കിലും തുടര്‍ന്നു വന്ന മാര്‍പാപ്പാമാരുടെ നിസ്സംഗതയും യാഥാസ്ഥിതിക ചിന്താഗതികളും കാരണം പ്രവൃത്തിയില്ലാത്ത വിശ്വാസംപോലെ സഭയില്‍ നിര്‍ജീവമായ ഫലങ്ങളേ  ഉളവാക്കിയിട്ടുള്ളൂ.

വൈവാഹിതപൗരോഹിത്യത്തിനു സംഭവിച്ച അപചയം
('ലൈംഗികതയും പൗരോഹിത്യവും' എന്ന എന്റെ പുസ്തകത്തിലെ നാലാം അധ്യായത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്).12

കര്‍ത്താവിന്റെ ശിഷ്യന്മാരും ആദിമനൂറ്റാണ്ടുകളിലെ സഭാശുശ്രൂഷകരായ മേല്‍നോട്ടക്കാരും മൂപ്പന്മാരും ഡീക്കന്മാരുമെല്ലാം വിവാഹിതരായിരുന്നു. പത്രോസുതന്നെ വിവാഹിതനായിരുന്നല്ലോ. അന്നൊന്നും സഭാശുശ്രൂഷയ്ക്ക് അവിവാഹിതാവസ്ഥ ഒരു വിഷയമായിരുന്നില്ല. പിന്നീടുണ്ടായ സഭാരാഷ്ട്രീയത്തിന്റെ പരിണതഫലമായാണ് പട്ടം സ്വീകരിക്കുന്നതിനുമുമ്പ് വൈദികര്‍ മെത്രാന്റെ മുമ്പില്‍ ബ്രഹ്മചര്യപ്രതിജ്ഞ ചെയ്തിരിക്കണമെന്ന ശിക്ഷണസംബന്ധമായ നിയമം ലത്തീന്‍സഭയില്‍ നിര്‍ബന്ധമാക്കിയത്.
അവിവാഹിതപൗരോഹിത്യത്തിന്റെ പരിണാമകഥ താഴെ കുറിക്കുന്നു:
325-ലെ നിക്യാ സൂനഹദോസില്‍ വച്ച് പട്ടസ്വീകരണത്തിനു ശേഷം പുരോഹിതര്‍ വിവാഹിതരാകാന്‍ പാടില്ലെന്ന് തീരുമാനിച്ചു.

385-ല്‍ സിറിസിയൂസ് മാര്‍പാപ്പാ (Pope Siricius) മാര്‍പാപ്പായാകു ന്നതിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ചു. പുരോഹിതര്‍ അവരുടെ ഭാര്യമാരു മൊത്ത് ഉറങ്ങാന്‍ പാടില്ലെന്ന് കല്പിച്ചു.

567-ലെ റ്റൂറിലെ രണ്ടാം കൗണ്‍സിലില്‍വച്ച് (Second Council of Tours) പുരോഹിതര്‍ ഭാര്യമാരുമായി കിടന്നുറങ്ങിയാല്‍ അവരെ പള്ളിക്കു പുറത്താക്കണമെന്ന് തീരുമാനിച്ചു.

680-ല്‍ പലാജിയൂസ് മാര്‍പാപ്പാ (Pope Palagius) വിവാഹിതരായ പുരോഹിതരുടെ സ്വത്ത് ഭാര്യയുടെയോ മക്കളുടെയോ പേരിലേക്ക് പോകുന്നില്ലെങ്കില്‍ അവരെ ശല്യം ചെയ്യണ്ടെന്ന് തീരുമാനിച്ചു.
ഫ്രാന്‍സിലെ ബഹുഭൂരിപക്ഷം വൈദികരും വിവാഹിതരായിരുന്നെന്ന് 7-ാം നൂറ്റാണ്ടിലെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 

8-ാം നൂറ്റാണ്ടില്‍ ജര്‍മനിയിലെ ഏകദേശം എല്ലാ മെത്രാന്മാരും പട്ടക്കാരും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നവരാണെന്ന് വി. ബൊനി ഫസ് (St. Boniface) അന്നത്തെ മാര്‍പാപ്പായ്ക്ക് റിപ്പോര്‍ട്ടു ചെയ്തു.
1045-ല്‍  ബനഡിക്ട് 9-ാമന്‍ മാര്‍പാപ്പാ (Pope Benedict IX) വിവാഹം കഴിക്കുന്നതിനുവേണ്ടി പാപ്പാ സ്ഥാനം രാജിവച്ചു.

1054-ലെ കോണ്‍സ്റ്റന്റിനോപ്പിളിലെ പാത്രീയാര്‍ക്കീസായിരുന്ന മൈക്കള്‍ സെറുലാരിയൂസും (Michael Cerularius) റോമന്‍ പാത്രിയാര്‍ക്കീസായിരുന്ന പോപ്പ്  ലിയോ ഒമ്പതാമനും (Pope Leo IX) തമ്മില്‍ ദൈവശാസ്ത്രപരമായ പല വിവാദങ്ങള്‍ നിലനിന്നിരുന്നു. കൂടാതെ സെറുലാരീയൂസ് പാത്രിയാക്കീസ് എക്കുമെനിക്കല്‍ പാത്രിയാര്‍ക്കീസ് എന്ന സ്ഥാനനാമവും ഉപയോഗിച്ചിരുന്നു. സ്ഥാനനാമത്തെ സംബ ന്ധിച്ചും മാര്‍പാപ്പയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ആയതിനാല്‍ റോമാസഭയാണ് മറ്റ് എല്ലാ സഭകളുടെയും മാതാവും മാര്‍പാപ്പാ യാണ് മറ്റ് എല്ലാ സഭകളുടെയും തലവനുമെന്ന് സെറുലാരിയൂസ് പാത്രിയാര്‍ക്കീസ് അംഗീകരിക്കണമെന്ന് നിര്‍ദേശിച്ച് പോപ്പിന്റെ ഒരു പ്രതിനിധിസംഘത്തെ കോണ്‍സ്റ്റന്റിനോപ്പിളിന് അയച്ചു. ആ സംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ഹുംബര്‍ട്ട് (Cardinal Humbert) ആയിരുന്നു. സെറുലാരിയൂസ് പാത്രിയാര്‍ക്കീസ് പ്രതിനിധി സംഘത്തിന്റെ ആവശ്യ ത്തെ അപ്പാടെ തള്ളിക്കളഞ്ഞു. കര്‍ദിനാള്‍ ഹുംബര്‍ട്ട് പാത്രിയാര്‍ക്കീ സിനെ മഹറോന്‍ ചൊല്ലി. പാത്രിയാര്‍ക്കീസ് തിരിച്ചും മഹറോന്‍ ചൊല്ലി. അതോടെ പൗരസ്ത്യ-പാശ്ചാത്യസഭകള്‍ തമ്മിലുണ്ടായിരുന്ന വിടവ് വര്‍ധിച്ചു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഭാഷാപരമായും സിദ്ധാന്തപരമായും ദൈവശാസ്ത്രപരമായും സഭ രണ്ടായി പിളര്‍ന്നു. എങ്കിലും പൗരസ്ത്യസഭയില്‍ ആദിമസഭാസമ്പ്രദായമനുസരിച്ച് വിവാഹം ചെയ്യാന്‍ വൈദികരെ സെറുലാരിയൂസ് പാത്രിയാര്‍ക്കീസ് അനുവദിച്ചു.

1074 ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പാ (Pope Gregory VII) വൈദികര്‍ പട്ടം സ്വീകരിക്കുന്നതിനു മുമ്പ് ബ്രഹ്മചര്യപ്രതിജ്ഞ എടുക്കണമെന്ന് കല്പിച്ചു.
1095-ല്‍ പുരോഹിതരുടെ ഭാര്യമാരെ അടിമവേലയ്ക്കു വിറ്റു. കുട്ടികളെ അനാഥരാക്കി.

1123-ല്‍ ഒന്നാം ലാറ്ററന്‍ കൗണ്‍സിലില്‍വച്ച് കല്ലിസ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പാ (Pope Callistus II) ക്ലെറിക്കുകളുടെ വിവാഹം അസാധുവാ ണെന്ന് പ്രഖ്യാപിച്ചു.

1139-ല്‍ രണ്ടാം ഇന്നസെന്റ് മാര്‍പാപ്പാ (Pope Innocent II) ഒന്നാം ലാറ്ററന്‍ കൗണ്‍സിലില്‍ ക്ലേര്‍ജികളുടെ വിവാഹത്തെ അസാധുവാക്കിയ തീരുമാനം രണ്ടാം ലാറ്ററന്‍ കൗണ്‍സിലില്‍ വീണ്ടും സ്ഥിരീകരിച്ചു.

15-ാം നൂറ്റാണ്ടില്‍ ഏകദേശം 50% പട്ടക്കാരും വിവാഹിതരായിരുന്നു.
ത്രെന്തോസ് സൂനഹദോസില്‍ വച്ച് (1545-1563) ബ്രഹ്മചര്യവും കന്യകാത്വവും (Celibacy and Virginity) വൈവാഹികജീവിതത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് തീരുമാനിച്ചു.

1951-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ (Pope Pius XII) ജര്‍മനിയില്‍ വിവാഹിതനായ ലൂഥറന്‍ പാസ്റ്റര്‍ക്ക് (Lutheren Pastor) കത്തോലിക്ക പുരോഹിതപ്പട്ടം നല്‍കി കത്തോലിക്ക ക്ലേര്‍ജിയാക്കി.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് (1962-1965) വിവാഹം ബ്രഹ്മചര്യ ത്തിന് തുല്യമാണെന്ന് പ്രഖ്യാപിച്ചു.

1966 മുതല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ വൈദിക ബ്രഹ്മചര്യത്തില്‍ നിന്ന് ഒഴിവ് (dispensation) ആവശ്യപ്പെടുന്ന പുരോഹിതര്‍ക്ക് അത് നല്കാന്‍ തുടങ്ങി. പക്ഷേ, കത്തോലിക്കപുരോഹിതരായി തുടരാന്‍ അവര്‍ക്ക് അനുവാദം ഇല്ല.

1978-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വൈദിക ബ്രഹ്മചര്യ ത്തില്‍നിന്നുള്ള ഒഴിവാക്കല്‍ മരവിപ്പിച്ചു.

1980 മുതല്‍ അമേരിക്കയിലും 1994 മുതല്‍ കാനഡയിലും ഇംഗ്ലണ്ടിലും വിവാഹിതരായ ആംഗ്ലിക്കന്‍/എപ്പിസ്‌കോപ്പല്‍ പാസ്റ്റേഴ്‌സിന് കത്തോലിക്ക പുരോഹിതപട്ടം നല്കി കത്തോലിക്ക ക്ലേര്‍ജികളാക്കാന്‍ ആരംഭിച്ചു.

എപ്പിസ്‌കോപ്പല്‍ സഭയിലെ വിവാഹിതരും കുട്ടികളുമുള്ള പുരോഹിതരായ അപ്പനും മകനും (Fr. Chuck Hough IV and Fr. Chuck Hough III of Texas, U. S. A.) ജൂണ്‍ 30, 2012-ല്‍ ഒരേ സമയത്ത് ഒരേപള്ളിയില്‍വച്ച്   (St. Elizabeth Ann Seton Catholic Church in Keller, Texas) പുരോഹിതപട്ടം സ്വീകരിച്ച് കത്തോലിക്ക വൈദികരായി. വടക്കെ അമേരിക്കയിലെ കത്തോലിക്കസഭയിലെ ആദ്യത്തെ ചരിത്രസംഭവമാണിത്.

1139-ല്‍ രണ്ടാം ലാറ്ററന്‍ കൗണ്‍സിലില്‍വച്ച് ക്ലേര്‍ജികള്‍ വിവാഹിതരാകാന്‍ പാടില്ലായെന്ന് തീരുമാനിച്ചെങ്കിലും പുരോഹിതരും മാര്‍പാപ്പാമാരും ആ തീരുമാനത്തെ ലംഘിച്ചുകൊണ്ട് വിവാഹം ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ പൗരസ്ത്യ/പാശ്ചാത്യ കത്തോലിക്കസഭയില്‍ വിവാഹിതരായ ധാരാളം ക്ലേര്‍ജികള്‍ ഇന്നു സേവനം ചെയ്യുന്നുണ്ട്. അതുപോലെ സ്ത്രീകള്‍ക്കും പുരോഹിതരാകാനുള്ള തുല്യ അവകാശമുണ്ട്. ബ്രഹ്മചര്യം ഒരു ദൈവദാനമാണ്. ആ ദൈവദാനത്തെ ബഹുമാനപുരസരം കൈകാര്യം ചെയ്യണമെങ്കില്‍ ഓരോ വ്യക്തിക്കും ആ അവസ്ഥ തെരഞ്ഞെടുക്കാനുള്ള അവകാശം സ്വതന്ത്രമായിരിക്കണം. അത് ഒരിക്കലും സഭാശുശ്രൂഷകരാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെമേല്‍ നിര്‍ബന്ധിച്ചേല്പിക്കാന്‍ സഭയ്ക്ക് അധികാരം ഇല്ല. വിശുദ്ധഗ്രന്ഥാടിസ്ഥാനത്തില്‍ പുരോഹിതപദവിപോലും ഇല്ല എന്ന സത്യം നാം ഒരിക്കലും മറക്കാന്‍ പാടില്ല.

No comments:

Post a Comment